Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സിപിഎമ്മും ബിജെപിയും സ്വർണ്ണക്കടത്ത് കേസ് നീട്ടിക്കൊണ്ടുപോകുന്നു; ഉന്നതങ്ങളിലെ അഴിമതി പുറത്തുകൊണ്ടുവരാൻ സിബിഐ അന്വേഷണം പ്രഖ്യാപിക്കണം; മുല്ലപ്പള്ളി രാമചന്ദ്രൻ

തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സിപിഎമ്മും ബിജെപിയും സ്വർണ്ണക്കടത്ത് കേസ് നീട്ടിക്കൊണ്ടുപോകുന്നു; ഉന്നതങ്ങളിലെ അഴിമതി പുറത്തുകൊണ്ടുവരാൻ സിബിഐ അന്വേഷണം പ്രഖ്യാപിക്കണം; മുല്ലപ്പള്ളി രാമചന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സിപിഎമ്മും ബിജെപിയും സ്വർണ്ണക്കടത്ത് കേസ് നീട്ടിക്കൊണ്ടുപോകുന്നുവെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രിയുടെ മുൻ ഐ.ടി സെക്രട്ടറി ശിവശങ്കറിനെ മണിക്കുറുകളോളം ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യാതെ വിട്ടയക്കുകയും ചെയ്തത് ഈ നാടകത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. 'മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരായി തെളിവുകൾ പുറത്ത് വന്നാലും കേന്ദ്ര അന്വേഷണ ഏജൻസികൾ അവയൊന്നും മുഖവിലയ്ക്ക് എടുക്കാൻ തയ്യാറാകുന്നില്ല. കേസിലെ പ്രതികളുമായി ബന്ധമുള്ള മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അറസ്റ്റ് വൈകുന്തോറും തെളിവുകൾ നശിപ്പിക്കപ്പെടാനുള്ള സാധ്യതയും കൂടുതലാണ്.'-മുല്ലപ്പള്ളി പറഞ്ഞു.

കർശന നിയന്ത്രണമുള്ള സംസ്ഥാന അതിർത്തികൾ കടന്ന് പ്രതികൾക്ക് സിപിഐ.എം ഭരിക്കുന്ന കേരളത്തിൽ നിന്നും ബിജെപി ഭരിക്കുന്ന കർണ്ണാടകത്തിലേക്ക് നിർഭയമായി സഞ്ചരിക്കാനുള്ള സൗകര്യം ഒരുക്കിയവർക്കെതിരെ അന്വേഷണം നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഉന്നതങ്ങളിലെ അഴിമതി പുറത്തുകൊണ്ടുവരാൻ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചെവിക്കൊള്ളാൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുല്ലപ്പള്ളി രാമചന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

സ്വർണ്ണക്കള്ളക്കടത്ത് കേസ് അനന്തമായി നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമങ്ങളാണ് അണിയറയിൽ നടക്കുന്നത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരായി തെളിവുകൾ പുറത്ത് വന്നാലും കേന്ദ്ര അന്വേഷണ ഏജൻസികൾ അവയൊന്നും മുഖവിലയ്ക്ക് എടുക്കാൻ തയ്യാറാകുന്നില്ല. കേസിലെ പ്രതികളുമായി ബന്ധമുള്ള മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അറസ്റ്റ് വൈകുന്തോറും തെളിവുകൾ നശിപ്പിക്കപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. ഉന്നത ബന്ധങ്ങളും സംസ്ഥാനത്ത് വളരെ സ്വാധീനവുമുള്ള ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപിയും സിപിഎമ്മും ഒത്തുകളിച്ച് സ്വർണ്ണക്കള്ളക്കടത്ത് കേസ് അട്ടിമറിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

മണിക്കുറുകളോളം ശിവശങ്കറിനെ ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യാതെ വിട്ടയക്കുകയും ചെയ്തത് ഈ നാടകത്തിന്റെ ഭാഗമാണ്. ആഴത്തിലുള്ള സൗഹൃദം മുതലെടുത്ത് പ്രതികൾ തന്നെ ചതിക്കുകയായിരുന്നെന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ വാദം തൊണ്ടതൊടാതെ വിഴുങ്ങാനാവില്ല.

കള്ളക്കടത്ത് സംഘത്തിലെ സുപ്രധാന കണ്ണികൾക്ക് സ്വർണ്ണക്കടത്ത് ഗൂഢാലോചന നടത്താനുള്ള താമസസൗകര്യം തയ്യാറാക്കിയത് മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിയാണെന്ന വെളിപ്പെടുത്തൽ ഒരു തെളിവായിട്ട് പോലും കാണാൻ എൻ.ഐ.എ തയ്യാറാകുന്നില്ല. കർശന നിയന്ത്രണമുള്ള സംസ്ഥാന അതിർത്തികൾ കടന്ന് പ്രതികൾക്ക് സിപിഎം ഭരിക്കുന്ന കേരളത്തിൽ നിന്നും ബിജെപി ഭരിക്കുന്ന കർണ്ണാടകത്തിലേക്ക് നിർഭയമായി സഞ്ചരിക്കാനുള്ള സൗകര്യം ഒരുക്കിയ ശക്തി കേന്ദ്രത്തിലേക്കും അന്വേഷണം നീങ്ങുന്നില്ല. ഇതിനിടെ സ്വർണ്ണക്കള്ളക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തെ സ്ഥലം മാറ്റാനുള്ള നീക്കവും നടന്നു. ഉന്നതങ്ങളിലെ അഴിമതി പുറത്തുകൊണ്ടുവരാൻ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചെവിക്കൊള്ളാൻ തയ്യാറാകുന്നില്ല. ഇരുസർക്കാരുകൾക്കും സിബിഐ അന്വേഷണത്തോട് താൽപ്പര്യമില്ലാത്ത മട്ടാണ്.


രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ ഗുരുതരമായ കുറ്റകൃത്യം നടന്നിട്ടും ശക്തമായ നടപടി സ്വീകരിക്കാൻ തുടക്കം മുതൽ മുഖ്യമന്ത്രി തയ്യാറല്ല. അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കുള്ള കത്തിൽ മുഖ്യമന്ത്രിയുടെ നടപടികൾ ഒതുങ്ങി. വ്യാജരേഖ ചമയ്ക്കൽ ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളിൽ സംസ്ഥാന പൊലീസിന് കേസെടുക്കാമായിരിന്നിട്ടും ഒന്നും ചെയ്തില്ല. അല്ലെങ്കിൽ അതിന് ഉത്തരവാദപ്പെട്ടവർ പൊലീസിന് നിർദ്ദേശം നൽകിയില്ലെന്നതാണ് യാഥാർത്ഥ്യം. ഇതെല്ലാം മുഖ്യമന്ത്രി കയ്യാളുന്ന ആഭ്യന്തരവകുപ്പിന്റെയും കേരള പൊലീസിന്റെയും ആത്മാർത്ഥത ഇല്ലായ്മയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP