Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇ.ഐ.എ നിലപാടിൽ കേരളത്തിന്റേത് കുറ്റകരമായ അനാസ്ഥ; വിജ്ഞാപനത്തിലെ വ്യവസ്ഥകൾക്കെതിരെ സിപിഎം കേന്ദ്ര നേതൃത്വം നിലപാടെടുത്തെങ്കിലും സംസ്ഥാന നേതൃത്വം ആശങ്ക പോലും രേഖപ്പെടുത്തിയില്ലെന്നും മുല്ലപ്പള്ളി

ഇ.ഐ.എ നിലപാടിൽ കേരളത്തിന്റേത് കുറ്റകരമായ അനാസ്ഥ; വിജ്ഞാപനത്തിലെ വ്യവസ്ഥകൾക്കെതിരെ സിപിഎം കേന്ദ്ര നേതൃത്വം നിലപാടെടുത്തെങ്കിലും സംസ്ഥാന നേതൃത്വം ആശങ്ക പോലും രേഖപ്പെടുത്തിയില്ലെന്നും മുല്ലപ്പള്ളി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പരിസ്ഥിതി ആഘാത വിലയിരുത്തൽ കരട് വിജ്ഞാപനത്തിന് മേൽ കേരളത്തിന്റെ ശക്തമായ നിലപാട് അറിയിക്കുന്നതിൽ സംസ്ഥാന സർക്കാർ കാട്ടിയത് കുറ്റകരമായ അനാസ്ഥയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

പരിസ്ഥിതിയെ പൂർണ്ണമായും തച്ചുടയ്ക്കുന്ന കേന്ദ്രസർക്കാരിന്റെ നീക്കത്തിനെതിരെ ക്രിയാത്മക നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുന്നതിന് പകരം ഉദാസീനവും നിഷേധാത്മകവുമായ സമീപനമാണ് കേരളം സ്വീകരിച്ചത്. ഇ.ഐ.എ വിജ്ഞാപനത്തിലെ വ്യവസ്ഥകൾക്കെതിരെ സിപിഎം കേന്ദ്ര നേതൃത്വം നിലപാടെടുത്തെങ്കിലും സംസ്ഥാന നേതൃത്വം ഇതിനെതിരെ ആശങ്കപോലും രേഖപ്പെടുത്തിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

പരിസ്ഥിതിയെ തകർത്ത പാർട്ടിയാണ് സിപിഎം. അവരുടെ വാക്കും പ്രവർത്തിയും തമ്മിൽ ഒരു ബന്ധവുമില്ല.പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രിയും ഇരുവരുടേയും തട്ടകവുമായ തലശ്ശേരിയിലെ കണ്ടൽക്കാടുകൾ വെട്ടിനിരത്തിയും തണ്ണീത്തടങ്ങൾ നികത്തിയും കോൺക്രീറ്റ് കാടുകൾ പണിതുമാണ് പ്രകൃതി സ്നേഹം പ്രകടിപ്പിച്ചത്.

പ്രകൃതിയെ ചൂഷണം ചെയ്ത പറശ്ശിനിക്കടവിലെ അമ്മ്യൂസ്മെന്റ് പാർക്ക് നിർമ്മാണം വ്യവസായ മന്ത്രിയുടെ നേതൃത്വത്തിലാണെങ്കിൽ പരിസ്ഥിതിലോല പ്രദേശമായ കക്കാടംപൊയിലെ അമ്മ്യൂസ്മെന്റ് പാർക്കിന്റെ ഉടമസ്ഥൻ ഇടത് എംഎ‍ൽഎയാണ്.പ്രകൃതിയെ വിറ്റ് കാശുണ്ടാക്കുക മാത്രമാണ് സിപിഎം നേതാക്കളുടെ ലക്ഷ്യം.

അതിരൂക്ഷമായ പ്രകൃതിക്ഷോഭം വരുത്തിവെച്ച കെടുതികളിൽ നിന്നും ഒരു പാഠവും ഉൾക്കൊള്ളാതെ പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുന്ന നിലപാടാണ് കഴിഞ്ഞ നാലുവർഷവും കേരള സർക്കാർ സ്വീകരിച്ചത്.മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി ക്വാറികൾക്ക് അനുമതി നൽകി പിണറായി സർക്കാർ ക്വാറിമാഫിയോടുള്ള വിധേയത്വം പ്രകടിപ്പിച്ചു. തോട്ടപ്പള്ളിയിലെ കരിമണൽക്കടത്ത് മുഖ്യമന്ത്രിയുടേയും വ്യവസായമന്ത്രിയുടേയും അറിവോടെയും സമ്മതത്തോടെയുമാണ് നടന്നത്. ജൈവവൈവിധ്യങ്ങളെ തകർക്കുന്ന അതിരപ്പള്ളി പദ്ധതിക്ക് അനുമതി നൽകി.പമ്പാ-ത്രിവേണിയിലെ ശതകോടികളുടെ മണൽ എല്ലാ പാരിസ്ഥിതിക നിയമങ്ങളും ലംഘിച്ചുകൊണ്ട് കണ്ണൂർ ലോബിക്ക് കൈമാറാനും നീക്കം നടത്തി.

സംസ്ഥാന സർക്കാർ ക്വാറി മാഫിയയുടെ തടവറയിലാണ്. ക്വാറിമാഫിയയ്ക്ക് പൂർണ്ണമായും കീഴടങ്ങിയതുകൊണ്ടാണ് നഗ്നമായ നിയമലംഘനങ്ങളിലൂടെ സർക്കാർ അവരെ വഴിവിട്ട് സഹായിക്കുന്നത്. സംസ്ഥാനത്ത് 5924 ക്വാറികളാണ് പ്രവർത്തിക്കുന്നതെങ്കിലും മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അനുമതി നൽകിയിരിക്കുന്നത് 750 ക്വാറികൾക്ക് മാത്രമാണ്.ദുരന്തമേഖലകളായ ഇടുക്കി,വയനാട്,പാലക്കാട്,കോഴിക്കോട്,മലപ്പുറം എന്നീ ജില്ലകളിൽ 1104 ക്വാറികളാണ് പ്രവർത്തിക്കുന്നത്. ഇത്തരം അനിയന്ത്രിതവും അനധികൃതവുമായ ഖനനത്തിന്റെ ആഘാതം ഉരുൾപ്പൊട്ടലിനും മണ്ണിടിച്ചിലിനും കാരണമാണ്.

സംരക്ഷിത വനമേഖലയോട് ചേർന്ന് 10 കിലോമീറ്റർ ദൂരത്തിൽ ക്വാറി, ക്രഷർ തുടങ്ങിയവയ്ക്ക് പ്രാബല്യത്തിൽ ഉണ്ടായിരുന്ന നിരോധനം ഒരു കിലോമീറ്ററായി കുറയ്ക്കാനുള്ള തീരുമാനം അങ്ങേയറ്റം പരിസ്ഥിതി വിരുദ്ധമാണ്.

വന്യജീവി സങ്കേതങ്ങളുടേയും വനങ്ങളുടേയും നിശ്ചിതകിലോമീറ്റർ ചുറ്റളവിൽ ക്വാറി പ്രവർത്തനം കേന്ദ്ര വനംപരിസ്ഥി മന്ത്രാലയം കർശനമായി നിയന്ത്രിച്ചിട്ടുള്ള സമയത്തും പറമ്പിക്കുളം കടുവസങ്കേതത്തിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ക്വാറികൾ തുറക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകി.

കവളപ്പാറയിലേയും പുത്തുമലയിലേയും മൂന്നാർ പെട്ടിമുടിയിലേയും കരളലിയിപ്പിക്കുന്ന ദുരന്തം തുടർക്കഥയാകുമ്പോഴാണ് പരിസ്ഥിതി ദ്രോഹ നിലപാട് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്.

ഇടതു സർക്കാർ അധികാരത്തിലെത്തിയത് മുതൽ പരിസ്ഥിതിയെ നശിപ്പിക്കുന്ന നടപടികളാണ് സ്വീകരിക്കുന്നത്. പരിസ്ഥിതിയെക്കുറിച്ച് ധവളപത്രം വരെ ഇറക്കിയ പിണറായി സർക്കാർ അതിൽ ക്വാറികളെക്കുറിച്ച് ഒരക്ഷരം പറഞ്ഞില്ല. വനം,റോഡ്, തോട്, നദികൾ, വീടുകൾ തുടങ്ങിയവയിൽ നിന്ന് ക്വാറി 100 മീറ്റർ അകലമെങ്കിലും പാലിക്കണമെന്ന നിബന്ധന എടുത്തുമാറ്റി അതുവെറും 50 മീറ്ററാക്കി.ക്വാറിക്കു നൽകുന്ന അനുമതിയുടെ കാലാവധി മൂന്നു വർഷത്തിൽ നിന്ന് അഞ്ചു വർഷമാക്കി.ഭൂപതിവ് ചട്ടങ്ങൾ ദേദഗതി ചെയ്ത് പട്ടയഭൂമിയിൽ പോലും വ്യാപകമായ ഖനനത്തിനു വഴിയൊരുക്കി.കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തി നെൽവയലുകളും തണ്ണീർത്തടങ്ങളും നികത്താൻ അവസരമൊരുക്കിയെന്നും മുല്ലപ്പള്ളി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP