Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സിപിഎം നേതാക്കൾക്കും എതിരെ ഉയർന്ന ആരോപണങ്ങളിൽ വസ്തുതാപരമായ ചർച്ച നടത്താതെ മാധ്യമങ്ങളെ അസഭ്യം പറയുന്നു; കോടിയേരി ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്നു: മുല്ലപ്പള്ളി

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സിപിഎം നേതാക്കൾക്കും എതിരെ ഉയർന്ന ആരോപണങ്ങളിൽ വസ്തുതാപരമായ ചർച്ച നടത്താതെ മാധ്യമങ്ങളെ അസഭ്യം പറയുന്നു; കോടിയേരി ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്നു: മുല്ലപ്പള്ളി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സിപിഎം നേതാക്കൾക്കും എതിരെ ഉയർന്ന ആരോപണങ്ങളിൽ വസ്തുതാപരമായ ചർച്ച നടത്താതെ മാധ്യമങ്ങളെ അസഭ്യം പറയുന്ന സംസ്ഥാന സെക്രട്ടറി ഇരുട്ടുകൊണ്ട് ഓട്ടയടക്കാനാണ് ശ്രമിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

തങ്ങളുടെ ഇംഗിതത്തിന് വഴങ്ങാത്ത മാധ്യമങ്ങളെ ഭീഷണിപ്പെടുത്തിയും അധിക്ഷേപിച്ചും ഒപ്പം നിർത്താനാണ് സിപിഎം ശ്രമം.സിപിഎമ്മിന്റെ ജീർണ്ണത തുറന്നുകാട്ടിയാൽ മാധ്യമങ്ങളെ കോർപ്പറേറ്റായി ചിത്രീകരിക്കുന്നു.വികസനനേട്ടം ഒന്നും അവകാശപ്പെടാനില്ലാത്ത സർക്കാരാണ് ഇപ്പോൾ കേരളത്തിലുള്ളതെന്നും മുല്ലപ്പള്ളി പറഞ്ഞു.

അക്രമ രാഷ്ട്രീയത്തിന്റെ അപ്പോസ്തലന്മാരാണ് സിപിഎമ്മുകാർ. കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതക കേസിലെ പ്രതി ഇന്നത്തെ മുഖ്യമന്ത്രിയും കാരണക്കാരൻ പാർട്ടി സെക്രട്ടറിയുമാണ്. അതേ പാർട്ടി സെക്രട്ടറിയാണ് സമാധാനത്തിന്റെ ഗിരിപ്രഭാഷണം നടത്തുന്നത്. അക്രമത്തെ ഉപാസിക്കുന്നവരാണ് സിപിഎം നേതാക്കൾ.ബോംബ് നിർമ്മാണം അവർ കുടിൽ വ്യവസായമായി തുടരുന്നു. ഇത് ഉപേക്ഷിക്കാൻ സിപിഎം തയ്യാറല്ല.

തൃശ്ശൂരിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതക കാരണം രാഷ്ട്രീയമാണെന്ന പരാമർശം മുഖ്യമന്ത്രിയുടെ പൊലീസ് തയ്യാറാക്കിയ എഫ്.ഐ.ആറിൽ പോലുമില്ല.കായംകുളത്തേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് അസന്നിഗ്ധമായി പറഞ്ഞത് മന്ത്രി ജി.സുധാകരനാണ്.വെഞ്ഞാറമൂട് ഇരട്ടക്കൊല രണ്ടു ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നാണ്. സിബിഐ അന്വേഷണം നടത്തിയാൽ അത് വ്യക്തമാകും.യാത്ഥാർഥ്യങ്ങൾ ഇതായിരിക്കെ നട്ടാൽ കുരുക്കാത്ത നുണപ്രചരിപ്പിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയെന്നും മുല്ലപ്പള്ളി പറഞ്ഞു.

കൊലയാളികൾക്ക് സംരക്ഷണവും പ്രോത്സാഹനവും നൽകുന്നത് സിപിഎം ശൈലിയാണ്.ഷുഹൈബ്,പെരിയ ഇരട്ടക്കൊല,ടിപി ചന്ദ്രശേഖരൻ തുടങ്ങിയ കൊലക്കേസുകളിൽ നാം അത് കണ്ടതാണ്. വേട്ടക്കാരോട് ഒപ്പം നിന്ന പാരമ്പര്യമാണ് സിപിഎമ്മിന്റേത്.രക്തസാക്ഷികളെ സൃഷ്ടിക്കുകയും അവരുടെ പേരിൽ കോടികളുടെ ഫണ്ട് പിരിക്കുന്നതിനുമാണ് സിപിഎമ്മിന് എന്നും താൽപ്പര്യം.

സിപിഎം കൊന്നുതള്ളിയതിൽ ഭൂരിപക്ഷവും ന്യൂനപക്ഷ-ദളിത് വിഭാഗത്തിൽ നിന്നും ഉള്ളവരെയാണ്. ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മുപ്പതിൽപ്പരം രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നു. രാഷ്ട്രീയ കൊലപാതകങ്ങളെ എന്നും അപലപിച്ചിട്ടുള്ള പ്രസ്ഥാനം കോൺഗ്രസാണ്. അക്രമം ഭീരുവിന്റെ ആയുധമാണ്.ആരോപണങ്ങളെ ശുദ്ധവർഗീയത കൊണ്ട് മറക്കാമെന്ന കുടിലതന്ത്രമാണ് പാർട്ടി സെക്രട്ടറി തുടരെത്തുടരെ നടത്തുന്നത്. വർഗീയ പ്രസ്ഥാനങ്ങളുമായി എന്നും സമരസപ്പെട്ട് പ്രവർത്തിച്ച പ്രസ്ഥാനം സിപിഎമ്മാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP