Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒടുവിൽ തമിഴ്‌നാടിന്റെ നാഥനും തോന്നി ഈ പോക്ക് അപകടത്തിലേക്കു തന്നെ; സുരക്ഷ ഉറപ്പുവരുത്താൻ ആവശ്യപ്പെട്ട് മേൽനോട്ട സമിതിയുടെ കത്ത്; ഷട്ടർ തുറക്കുന്നത് എന്നെന്നറിയാതെ താഴ്‌വര

ഒടുവിൽ തമിഴ്‌നാടിന്റെ നാഥനും തോന്നി ഈ പോക്ക് അപകടത്തിലേക്കു തന്നെ; സുരക്ഷ ഉറപ്പുവരുത്താൻ ആവശ്യപ്പെട്ട് മേൽനോട്ട സമിതിയുടെ കത്ത്; ഷട്ടർ തുറക്കുന്നത് എന്നെന്നറിയാതെ താഴ്‌വര

കുമിളി: മുല്ലപ്പെരിയാർ പ്രശ്‌നത്തിൽ കേരളത്തിന്റെ ആശങ്ക പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുല്ലപ്പെരിയാർ മേൽനോട്ട സമിതി അധ്യക്ഷൻ എൽ.എ.വി. നാഥൻ തമിഴ്‌നാട് പ്രതിനിധി എം. സായ്കുമാറിനു കത്ത് നൽകിയെങ്കിലും ഇതുവരെയും ഫലം കണ്ടില്ല. ജലനിരപ്പ് 142 അടിയായി ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് തമിഴ്‌നാടിന്റെ പ്രവർത്തനം. വെള്ളം കൊണ്ടു പോകുന്നത് കൂട്ടാനോ ഷട്ടറുകൾ ഉയർത്താനോ തമിഴ്‌നാട് തയ്യാറല്ല. അതുകൊണ്ട് തന്നെ അണക്കെട്ടിലെ ജലനിരപ്പ് 141.6 അടിയായി ഉയർന്നു. നാളെയോടെ ജലനിരപ്പ് 142 അടിയായി ഉയരുമെന്നാണ് കരുതുന്നത്.

തമിഴ്‌നാട് ഉദ്ദേശിക്കുന്നതുപോലെ ജലനിരപ്പ് 142 അടിയാക്കി നിലനിർത്തിയാൽ കവിഞ്ഞൊഴുകാൻ സാധ്യതയുണ്ട്. അണക്കെട്ടിൽനിന്നു തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞത് ശ്രദ്ധയിൽപ്പെട്ടതായും നാഥൻ കത്തിൽ പറയുന്നു. ഇതുപോലും മുഖവിലയ്ക്ക് എടുക്കാതെയാണ് ജലനിരപ്പ് ഉയർത്താനുള്ള തമിഴ്‌നാടിന്റെ നീക്കം. അതിനിടെ മുല്ലപ്പെരിയാർ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ഇന്നലെ വൈകുന്നേരത്തോടെ മഴ ശക്തമായി. ഇതോടെ അണക്കെട്ടിലേക്കുള്ള് നീരൊഴുക്കും വർധിച്ചു. ഈ സാഹചര്യത്തിൽ ഇന്നു രാവിലെ കേരള ഉദ്യോഗസ്ഥരെത്തി ഷട്ടറുകൾ ഉയർത്തണമെന്നു തമിഴ്‌നാടിനോട് ആവശ്യപ്പെട്ടേക്കും. ഇതിനിടെ ബേബിഡാമിൽ ചോർച്ച കൂടിയത് കേരളത്തിന്റെ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.

ഇന്നലെ മുല്ലപ്പെരിയാർ അണക്കെട്ടിൽ സന്ദർശനം നടത്തിയ ഉപസമിതി അംഗങ്ങൾ സ്പിൽവേ ഷട്ടറുകൾ ഉയർത്തി പരിശോധന നടത്തി. 13 ഷട്ടറുകളും ഓരോന്നായാണു മൂന്നിഞ്ചോളം ഉയർത്തി പരിശോധിച്ചത്. ആദ്യ ഒരിഞ്ച് കൈകൊണ്ടു കറക്കിയും രണ്ടിഞ്ച് വൈദ്യുതി ഉപയോഗിച്ചുമാണ് ഉയർത്തിയത്. ബേബി ഡാമിന്റെ ചോർച്ച ഗുരുതരമാണെന്ന് സമിതിയും വിലയിരുത്തി. ഈ സാഹചര്യത്തിലാണ് കത്ത് നൽകിയത്. എന്നാൽ കേരളത്തിന്റെ ആശങ്കകൾ മുഴുവൻ നാഥന്റെ കത്തിൽ പ്രതിഫലിച്ചിട്ടുമില്ല.

ജില്ലാ കളക്ടർ അജിത്ത് പാട്ടീലിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഇന്നലെ ബേബി ഡാമിന്റെയും പ്രധാന ഡാമിന്റെയും ചോർച്ച കണ്ട് വിലയിരുത്തി. ഡാം തുറക്കുന്നതിന് ആറ് മണിക്കൂറെങ്കിലും മുമ്പ് അറിയിച്ചെങ്കിൽ മാത്രമേ ആളുകളെ ഒഴിപ്പിക്കുന്നതുൾപ്പെടെ അടിയന്തര നടപടി സ്വീകരിക്കാനാകൂ എന്ന് ജില്ലാ കളക്ടർ പറഞ്ഞു. തേക്കടിയിൽ വെള്ളം ഉയരുന്നത് പെരിയാർ കടുവാസങ്കേതത്തിലെ വന്യജീവികളെ എങ്ങനെ ബാധിക്കുന്നുവെന്നതിനെ കുറിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർ ഡെപ്യൂട്ടി ഡയറക്ടർ സഞ്ജയൻ കുമാറിനോട് ആവശ്യപ്പെട്ടു.

അതിനിടെ മുല്ലപ്പെരിയാർ അണക്കെട്ട് പ്രശ്‌നം നേരത്തെ തന്നെ അവസാനിപ്പിച്ചതാണെന്നു തമിഴ്‌നാട് മുഖ്യമന്ത്രി പനീർസെൽവം. ജലനിരപ്പ് 142 അടിവരെ നിലനിർത്താമെന്നു സുപ്രീംകോടതി വ്യക്തമാക്കിയതാണെന്ന് അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാർ പ്രശ്‌നത്തിൽ നിയമസഭാ പ്രമേയം ആവശ്യമില്ലെന്നു പനീർശെൽവം വ്യക്തമാക്കി. സുപ്രീം കോടതി വിധി നടപ്പാക്കാൻ കേരളത്തിനും ബാധ്യതയുണ്ട്. നിയമസഭ വിളിക്കണമെന്നു ഡിഎംകെ അധ്യക്ഷൻ എം.കരുണാനിധി ആവശ്യപ്പെട്ടിരുന്നു.

ബേബി ഡാമിന്റെ അടിഭാഗത്ത് വെള്ളം ശക്തമായി പുറത്തേക്ക് ഒഴുകുന്നുണ്ട്്. അണക്കെട്ടിന്റെ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ജില്ലാ കളക്ടർ അജിത് പാട്ടീലിന്റെ നേതൃത്വത്തിൽ റവന്യു -ഇറിഗേഷൻ ഉദ്യോഗസ്ഥർ എത്തി. സർക്കാർ നിർദ്ദേശമനുസരിച്ച് ഓസ്‌ട്രേലിയൻ സന്ദർശനം ഉപേക്ഷിച്ച് ജില്ലാ കളക്ടർ തിങ്കളാഴ്ചയാണു തിരിച്ചെത്തിയത്. മുല്ലപ്പെരിയാറിൽ ബേബി ഡാം, പ്രധാന ഡാം, സ്പിൽവേ എന്നിവിടങ്ങളിൽ കളക്ടറും സംഘവും സ ന്ദർശനം നടത്തി.

അതിനിടെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ സിഐഎസ്.എഫിനെ ഏൽപ്പിക്കണമെന്ന ആവശ്യവുമായി വീണ്ടും തമിഴ്‌നാട് രംഗത്ത്. കഴിഞ്ഞദിവസം ഇ.എസ്. ബിജിമോൾ എംഎ‍ൽഎയുടെ ഡാം സന്ദർശനവുമായി ബന്ധപ്പെട്ട് സുരക്ഷാവീഴ്ചയുണ്ടായെന്ന് ആരോപിച്ചാണ് ഈ നീക്കവുമായി തമിഴ്‌നാട് വീണ്ടും രംഗത്ത് എത്തിയിരിക്കുന്നത്. മേൽനോട്ടസമിതിയിലും ഇക്കാര്യം ഉന്നയിക്കാനാണ് അവരുടെ നീക്കം. എന്നാൽ നമ്മുടെ ആഭ്യന്തരസുരക്ഷയിൽ കേന്ദ്ര ഏജൻസിയെ ഇടപെടുവിക്കില്ലെന്ന ശക്തമായ നിലപാടിലാണ് കേരളം. സുപ്രീംകോടതിയിൽ കേസ് നടക്കുമ്പോൾ തമിഴ്‌നാട് ഈ വാദം ഉന്നയിച്ചെങ്കിലും അത് തള്ളിക്കളഞ്ഞതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP