Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിന് തിരിച്ചടി; സംസ്ഥാനത്തിന്റെ എതിർപ്പു മറികടന്നു തമിഴ്‌നാട് നൽകിയ റൂൾ കർവ് കേന്ദ്ര ജല കമ്മിഷൻ അംഗീകരിച്ചു; അണക്കെട്ടിൽ 142 അടിയിൽ 2 തവണ വെള്ളം സംഭരിക്കാം

കേരളത്തിന് തിരിച്ചടി; സംസ്ഥാനത്തിന്റെ എതിർപ്പു മറികടന്നു തമിഴ്‌നാട് നൽകിയ റൂൾ കർവ് കേന്ദ്ര ജല കമ്മിഷൻ അംഗീകരിച്ചു; അണക്കെട്ടിൽ 142 അടിയിൽ 2 തവണ വെള്ളം സംഭരിക്കാം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : കേരളത്തിന്റെ എതിർപ്പു മറികടന്നു തമിഴ്‌നാട് നൽകിയ റൂൾ കർവ് കേന്ദ്ര ജല കമ്മിഷൻ അംഗീകരിച്ചു. ഇതനുസരിച്ചു വർഷത്തിൽ 2 തവണ പരമാവധി ജലനിരപ്പ് ആയ 142 അടിയിൽ വെള്ളം സംഭരിക്കാൻ തമിഴ്‌നാടിന് അനുമതിയുണ്ടാകും. പ്രളയം നിയന്ത്രിക്കാൻ ഡാമുകളിൽ ഓരോ 10 ദിവസവും നിലനിർത്താൻ കഴിയുന്ന ജലനിരപ്പാണു റൂൾ കർവ്. ഈ പരിധി കവിഞ്ഞാൽ ഡാം തുറക്കേണ്ടി വരും. ജൂൺ 10നു 136 അടിയിൽ തുടങ്ങി നവംബർ 30നു 142 അടിയിലുമാണു റൂൾ കർവ് നിശ്ചയിച്ചിരിക്കുന്നത്.

അതേസമയം, മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ ഉറപ്പുവരുത്തണമെന്ന സുപ്രീം കോടതിയിലെ കേസിൽ തമിഴ്‌നാട് നൽകിയ മറുപടികളിൽ നിറയെ വൈരുധ്യങ്ങളാണുള്ളത്. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ജല കമ്മിഷൻ തയാറാക്കിയ റിപ്പോർട്ടിലാണു തമിഴ്‌നാടിന്റെ മറുപടികൾ ഉള്ളത്. ഡാമിലെ ഉപകരണങ്ങൾ പലതും മാറ്റി സ്ഥാപിക്കാൻ കഴിയില്ല, പ്രവർത്തന രഹിതമെന്നു നേരത്തെ കണ്ടെത്തിയവയ്ക്കു നിലവിൽ കുഴപ്പമില്ല തുടങ്ങിയ വാദങ്ങളും തമിഴ്‌നാട് ഉന്നയിക്കുന്നു.

ഡാമിനുണ്ടായ വ്യതിയാനം സംബന്ധിച്ചു മനസ്സിലാക്കാൻ കഴിഞ്ഞ 10 വർഷത്തെ ഡേറ്റ കേരളത്തിനും ജല കമ്മിഷനും ലഭ്യമാക്കാൻ ഫെബ്രുവരിയിൽ മേൽനോട്ട സമിതി തമിഴ്‌നാടിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഡേറ്റ നൽകിയില്ലെന്ന് ജലകമ്മിഷന്റെ റിപ്പോർട്ടിലുണ്ട്. മിറ്ററോളജിക്കൽ ഡേറ്റ ലഭ്യമാക്കാനുള്ള നിർദേശവും തമിഴ്‌നാട് പാലിച്ചില്ല.ഡാമിലെ പരിശോധന സാധ്യമായ ഉപകരണങ്ങൾക്കൊന്നും കേടുപാടുള്ളതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണു മറ്റൊരു പരാമർശം. എന്നാൽ, ഉപകരണങ്ങൾ പ്രവർത്തന സജ്ജമാണെന്നു വ്യക്തമായി പറയാനും തയാറായിട്ടില്ല.

കമ്മിഷന്റെ ഇൻസ്ട്രുമെന്റേഷൻ ഡയറക്ടർ 2015ൽ നൽകിയ റിപ്പോർട്ടിൽ ഡാമിലെ 70% ഉപകരണങ്ങളും പ്രവർത്തന രഹിതമാണെന്ന് കേരളം ചൂണ്ടിക്കാട്ടിയിരുന്നു. ഡാമിന്റെ ഘടനയിലെ വെല്ലുവിളികളും പ്രതിസന്ധികളും മനസ്സിലാക്കാൻ തമിഴ്‌നാട് ആധുനിക ഉപകരണ സംവിധാനം ഒരുക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിന്, പ്രധാന ഉപകരണങ്ങൾ അവിടെയുണ്ടെന്ന മറുപടിയാണു റിപ്പോർട്ടിലുള്ളത്.

മുല്ലപ്പെരിയാർ സുരക്ഷയ്ക്കു വേണ്ടിയുള്ള മേൽനോട്ട സമിതി നിലനിൽക്കെ, ഉപസമിതികൾ രൂപീകരിച്ചത് ചോദ്യം ചെയ്തു കോതമംഗലം സ്വദേശി ഡോ. ജോ ജോസഫ് നൽകിയ ഹർജിയിലാണ് റൂൾ കർവ്, ഷട്ടർ പ്രവർത്തന മാർഗരേഖ, ഡാമിൽ സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കൽ എന്നിവ വേണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. കേസ് 25ന് വീണ്ടും പരിഗണിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP