Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചെങ്കല്ലിൽ തീർത്ത 64 തൂണുകൾ; പച്ചക്കറി വള്ളികൾക്ക് പടന്നു കയറാൻ വല പന്തൽ; ചുട്ടുപ്പൊള്ളുന്ന വെയിലിലും പാറപ്പുറത്തെ പച്ച പുതപ്പിച്ച് കുടുംബശ്രീ; മുളിയാറിലെ പാറപ്പുറത്ത് വിളയുന്നു പാവലും പടവലവും

ചെങ്കല്ലിൽ തീർത്ത 64 തൂണുകൾ; പച്ചക്കറി വള്ളികൾക്ക് പടന്നു കയറാൻ വല പന്തൽ; ചുട്ടുപ്പൊള്ളുന്ന വെയിലിലും പാറപ്പുറത്തെ പച്ച പുതപ്പിച്ച് കുടുംബശ്രീ; മുളിയാറിലെ പാറപ്പുറത്ത് വിളയുന്നു പാവലും പടവലവും

സ്വന്തം ലേഖകൻ

കാസർകോട്: ചെങ്കല്ലിൽ തീർത്ത 64 തൂണുകൾ, പച്ചക്കറി വള്ളികൾക്ക് പടന്നു കയറാൻ വല പന്തൽ. ചുട്ടുപ്പൊള്ളുന്ന വെയിലിലും പാറപ്പുറത്തെ പച്ച പുതപ്പിച്ച് കുടുംബശ്രീ. മുളിയാർ പഞ്ചായത്തിലെ സി.ഡി.എസ് ചെയർപേഴ്സൺ ഖയറുന്നീസയുടെ മൂലടുക്കത്തെ വീടിനു സമീപത്തുള്ള രണ്ടേക്കറോളം സ്ഥലത്താണ് കുടുംബശ്രീ ജില്ലാ മിഷന്റെ സഹായത്തോടെ പച്ചക്കറി കൃഷിയൊരുക്കിയത്. ജനുവരി മാസത്തിൽ കൃഷി ആരംഭിച്ചു.

ചെങ്കല്ലുകൾ വാങ്ങി തൂണു നിർമ്മിച്ചു. തൂണ് നിർമ്മിക്കാനായി 6 കല്ലുകളും തറയൊരുക്കുന്നതിനായി 12 കല്ലുകളുമാണ് ഉപയോഗിച്ചത്. ചെങ്കല്ല് ഉപയോഗിച്ച് നിർമ്മിച്ച തൂണായതിനാൽ തന്നെ ദീർഘകാലം ഈട് നിൽക്കും എന്നതാണ് പ്രത്യേകത. വീണ്ടും കൃഷി ചെയ്യുമ്പോൾ കൃഷിക്കായി ഇവ തന്നെ ഉപയോഗിക്കാൻ സാധിക്കും. മേൽമണ്ണ് നിറച്ച് ചാണകം, കോഴി കാഷ്ഠം, കുമ്മായം തുടങ്ങിയവ അടിവളത്തിനായി ഉപയോഗിച്ചു. വിത്ത് പാകിയും തൈകൾ നട്ടുമാണ് കൃഷിയൊരുക്കിയത്.

പാവലും പടവലവും നരമ്പനും കൂടാതെ ഗ്രോബാഗിലും മഴ മറ നിർമ്മിച്ചും മത്തൻ, പച്ചമുളക് തുടങ്ങിയ മറ്റു പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. ദൂരെ നിന്നും കൃഷിതോട്ടം കണ്ടാൽ പാറപ്പുറത്താണ് ഇവയുള്ളതെന്നു ആരും വിശ്വസിക്കില്ല. ജൈവ രീതിയിലുള്ള കീടനാശിനി, ജൈവ വളം എന്നിവയാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. കൃഷിക്കാവശ്യമായ വെള്ളം വീട്ടിലെ കുഴൽ കിണറിൽ നിന്നും അയലത്തെ വീട്ടിലെ കിണറ്റിൽ നിന്നും പൈപ്പ് വഴിയാണ് എത്തിക്കുന്നത്.

പരിപാലനത്തിനും മറ്റ് ജോലികൾക്കുമായി ഖയറുന്നീസയുടെ ഭർത്താവും മക്കളും സഹായത്തിനെത്തും. ജെ.എൽ.ജി ഗ്രൂപ്പായ ബിസ്മില്ല ജെ.എൽ.ജിയുടെ സഹകരണത്തിലും ഇവിടെ പച്ചക്കറികൾ കൃഷി ചെയ്യുന്നുണ്ട്. കൂടാതെ മുളിയാർ കുടുബശ്രീ സി.ഡി.എസ് നേതൃത്വത്തിൽ ജില്ലയിൽ ആദ്യമായി മധുര തുളസി കൃഷി ചെയ്തതും ഇവിടെയാണ്.

പരീക്ഷണാടിസ്ഥാനത്തിലാണ് ഇത്തരമൊരു കൃഷി അവലംബിച്ചതെങ്കിലും പച്ചക്കറി കൃഷി വിജയകരമായാൽ പാറപ്പുറമായ മറ്റും സ്ഥലങ്ങളിലും ഈ രീതി വ്യാപിപ്പിക്കുമെന്ന് കുടുംബശ്രീ ജില്ലാ മിഷൻ എ.ഡി.എം.സി സി.എച്ച്.ഇക്‌ബാൽ അറിയിച്ചു. നരമ്പനും പാവലും പടവലവും ഇതിനകം തന്നെ പിടിച്ചു തുടങ്ങി. നൂറ് മേനി വിളവ് ലഭിക്കും എന്നു തന്നെയാണ് പ്രതീക്ഷയെന്ന് ഖയറുന്നീസ പറയുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP