Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദുരിതബാധിതരുടെ രക്ഷയ്ക്കായി തുറന്നിട്ട് മലബാറിലെ മുസ്ലിംപള്ളികളും, മദ്രസകളും; വിവിധ പ്രദേശങ്ങളിൽ നിന്ന് ശുചീകരണ പ്രവർത്തനങ്ങൾക്കെത്തുന്നവർക്ക് ഭക്ഷണവും, താമസ സൗകര്യവുമൊരുക്കാനും, ചെറുസംഘങ്ങളാക്കി പറഞ്ഞയക്കാനും പള്ളിക്കമ്മിറ്റി ഭാരവാഹകൾ; മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യാൻ തുറന്നുകൊടുത്ത പോത്തുകല്ലിലെ ജുമാമസ്ജിദിന് പുറമെ ഞെട്ടിക്കുളം ബദരിയ്യ പള്ളിയും എല്ലാം നഷ്ടപ്പെട്ടവർക്ക് ആശ്വാസവും അഭയകേന്ദ്രവുമാകുന്നു; ദുരന്തമേഖലയിൽ പ്രാർത്ഥനാ വചനങ്ങളുമായി സമസ്തയുടെ നേതാക്കളും

ദുരിതബാധിതരുടെ രക്ഷയ്ക്കായി തുറന്നിട്ട് മലബാറിലെ മുസ്ലിംപള്ളികളും, മദ്രസകളും; വിവിധ പ്രദേശങ്ങളിൽ നിന്ന് ശുചീകരണ പ്രവർത്തനങ്ങൾക്കെത്തുന്നവർക്ക് ഭക്ഷണവും, താമസ സൗകര്യവുമൊരുക്കാനും, ചെറുസംഘങ്ങളാക്കി പറഞ്ഞയക്കാനും പള്ളിക്കമ്മിറ്റി ഭാരവാഹകൾ; മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യാൻ തുറന്നുകൊടുത്ത പോത്തുകല്ലിലെ ജുമാമസ്ജിദിന് പുറമെ ഞെട്ടിക്കുളം ബദരിയ്യ പള്ളിയും എല്ലാം നഷ്ടപ്പെട്ടവർക്ക് ആശ്വാസവും അഭയകേന്ദ്രവുമാകുന്നു; ദുരന്തമേഖലയിൽ പ്രാർത്ഥനാ വചനങ്ങളുമായി സമസ്തയുടെ നേതാക്കളും

ജംഷാദ് മലപ്പുറം

മലപ്പുറം: ദുരിതബാധിതരുടെ രക്ഷാദൗത്യത്തിനായി തുറന്നിട്ട് മലബാറിലെ മുസ്ലിംപള്ളികളും, മദ്രസകളും. വിവിധ പ്രദേശങ്ങളിൽ നിന്ന് ശുചീകരണ പ്രവർത്തനങ്ങൾക്കെത്തുന്നവർക്ക് ഭക്ഷണവും, താമസ സൗകര്യവുമൊരുക്കാനും, ചെറുസംഘങ്ങളാക്കി പറഞ്ഞയക്കാനും പള്ളിക്കമ്മിറ്റി ഭാരവാഹകളും രംഗത്ത്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യാൻ തുറന്നുകൊടുത്ത പോത്തുകല്ലിലെ ജുമാമസ്ജിദിന് പുറമെ എടക്കര ഞെട്ടിക്കുളം ബദരിയ്യ പള്ളിയും എല്ലാം നഷ്ടപ്പെട്ടവർക്ക് ആശ്വാസവും അഭയകേന്ദ്രമാകുന്നു, ദുരന്തമേഖലയിൽ പ്രാർത്ഥനാ വചനങ്ങളുമായി സമസ്തയുടെ നേതക്കളും രംഗത്ത്. ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലും എല്ലാം നഷ്ടപ്പെട്ടവർക്ക് ആശ്വാസവും അഭയകേന്ദ്രമാകാനും കഴിഞ്ഞ ചാരിതാർത്ഥ്യത്തിലാണ് ഞെട്ടിക്കുളം ബദരിയ്യ മസ്ജിദ്.

ഭാരവാഹികളെല്ലാം തന്നെ ദുരന്തം നടന്ന സമയങ്ങൾക്കകം പള്ളി കേന്ദ്രീകരിച്ചുള്ള ആശ്വാസ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. വിവിധ പ്രദേശങ്ങളിൽ നിന്ന് ശുചീകരണ പ്രവർത്തനങ്ങൾക്കായി എത്തുന്ന പ്രവർത്തകരെ ചെറുസംഘങ്ങളാക്കി ഒറ്റപ്പെട്ടതും കൂടുതൽ ശുചീകരണമാവശ്യമുള്ള സ്ഥലങ്ങളിലേക്ക് പറഞ്ഞയക്കാനും ഇതിലൂടെ സാധിച്ചു. ശുചീകരണോപകരണങ്ങളുടെ കാര്യക്ഷമമായ വിതരണവും ഉപയോഗവും സാധ്യമാക്കി.വിദുര സ്ഥലങ്ങളിൽ നിന്നും വരുന്ന സന്നദ്ധ പ്രവർത്തകർക്കാവശ്യമായ കുടിവെള്ളത്തിനും പുറമെ ഭക്ഷണ വിതരണ കേന്ദ്രം കൂടിയാണി മസ്ജിദും അനുബന്ധമായി നടക്കുന്ന മദ്രസഹാളും. രക്ഷാദൗത്യത്തിനായി എത്തിയ ദേശിയ ദുരന്തനിവാരണ സേനാംഗങ്ങൾക്ക് ശയനോപകരണങ്ങൾ നൽകിയതും ബദരിയ്യയിൽ നിന്നാണ്. പള്ളി ഇമാം അലവിക്കുട്ടി സഖാഫി പൊട്ടിക്കല്ല്, മറ്റ് ഭാരവാഹികളും പ്രസ്ഥാന നേതാക്കളുമായ ഉബൈദുല്ല സഖാഫി ചുങ്കത്തറ, അലി സഖാഫി പോത്ത്കല്ല്, ശരിഫ് സഅദി, ഖാസിം ലത്വീഫി 'ഇബ്രാഹിം സഖാഫി, ഹാരിസ് സഖാഫി, ഇണ്ണിതങ്ങൾ, ഹാരിസ് ഉപ്പട, വീരാൻ കുട്ടി കുനിപ്പാല, അബ്ദുൽ കരിം എന്നിവരാണ് ഇതിന് നേതൃത്വം നൽകുന്നത്.

അതേ സമയം ഉരുൾപ്പൊട്ടലും മലവെള്ളപ്പാച്ചിലിലുമായി ഒരു നാട് തന്നെ ഇല്ലാതായ ദുരന്തഭൂമിയിൽ ആശ്വാസവാക്കുകളും പ്രാർത്ഥന വചനങ്ങളുമായി സമസ്ത നേതാക്കളെത്തി. നിലമ്പൂർ പോത്ത് കല്ലിലെ കവളപ്പാറ ജുമാ മസ്ജിദ് മഹല്ലിലാണ് 'ഏറ്റവും കൂടുതൽ മരണത്തിനട യാക്കിയ ഉരുൾപൊട്ടലുണ്ടായത്. ഇപ്പോഴും മീറ്ററുകൾ ആഴത്തിൽ മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് മൃതദേഹങ്ങൾക്കായി തിരച്ചിൽ നടത്തുന്നതിനിടയിൽ ഏഴ ്മൃതദേഹങ്ങളാണ് കിട്ടിയത്. പള്ളിയിൽ ഒരുമിച്ച് കൂടിയ മഹല്ല് നിവാസികളും പ്രവർത്തകരും നിറകണ്ണുകളുമായാണ് നേതാക്കളുടെ സമാശ്വാസവാക്കുകൾ ശ്രവിച്ചത്. തുടർന്ന് ഭൂദാനം, ശാന്തിഗ്രാം,പനങ്കയം ,അമ്പുട്ടാം പെട്ടി, വെളുമ്പിയാം പാടം, കുനിപ്പാല തുടങ്ങിയ ദുരന്ത സ്ഥലങ്ങളും നേതാക്കൾ സന്ദർശനം നടത്തി. തകർന്നടിഞ്ഞ മദ്രസകളും മണ്ണും കല്ലും ചളിയും നിറഞ്ഞ് കിടക്കുന്ന വീടുകളും മദ്രസ,ആരാധനാലയമുൾപ്പെടെയുള്ള സ്ഥലങ്ങൾ ശുചീകരിക്കുന്ന എറണാകുളം ജില്ലയിൽ നിന്നുള്ള പ്രവർത്തകരേയും നേതാക്കളെയും സന്ദർശിച്ച് പ്രാർത്ഥന നടത്തി. ജീവിത മാർഗ്ഗങ്ങൾ വീണ്ടെടുക്കുന്നതിനും തകർന്നതും കേടുപാടുകൾ സംഭവിച്ചതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവ പ്രവർത്തനക്ഷമമാക്കാൻ പ്രസ്ഥാനം കൂടെയുണ്ടാകുമെന്നും നേതാക്കൾ മഹല്ല് നിവാസികൾക്ക് ഉറപ്പ് നൽകി.

പരീക്ഷണങ്ങളിൽ അടിപതറാതെ പരസ്പര സൗഹാർദവും മൈത്രിയുംനിലനിലർത്തി ഈ ദുരന്തത്തെ അതിജീവിക്കാനുള്ള ആത്മവിശ്വാസം പകർന്നാണ് പണ്ഡിത നേതൃത്വം മടങ്ങിയത്. അതേ സമയം കവളപ്പാറ ദുരന്തമുഖത്തു നിന്നുള്ള മൃതശരീരങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യാൻ പോത്തുകല്ലിലെ ജുമാമസ്ജിദ് തുറന്നുകൊടുത്ത പള്ളിക്കമ്മിറ്റി ഭാരവാഹികളെ അഭിനന്ദിച്ച് നിരവധിപേർ രംഗത്തുവന്നു. പോസ്റ്റ്മോർട്ടം സൗകര്യമുള്ള നിലമ്പൂർ താലൂക്ക് ആശുപത്രി ദുരന്തസ്ഥലത്ത് നിന്നും 45കിലോമീറ്റർ ദൂരത്താണെന്നുള്ളത് പോസ്റ്റ്മോർട്ടം നടപടികൾ വൈകുന്നതിന് കാരണമായതിനെ തുടർന്നാണ് പള്ളിയുടെ ഒരു ഭാഗം വിട്ടുകൊടുത്തത്. ഇവിടുന്നുലഭിക്കുന്ന മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജിൽ കൊണ്ടുപോയി പോസ്റ്റ്‌മോർട്ടം ചെയ്യാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് സ്ത്രീകൾ നമസ്‌കരിക്കാൻ ഉപയോഗിക്കുന്ന ഹാളും അതിനോട് ചേർന്ന കൈകാലുകൾ കഴുകാനുള്ള ഇടവും പോസ്റ്റ്മോർട്ട നടപടികൾ നടത്താനായി വിട്ടുനൽകിയത്. ഇതിനായിമദ്രസയിൽ നിന്നുള്ള ബെഞ്ചും ഡെസ്‌കുകളും മൃതദേഹം കഴുകാൻ ഉപയോഗിക്കുന്ന ടേബിളുമെല്ലാം സൗകര്യങ്ങൾക്കുവേണ്ടി പള്ളിയിലുള്ളവർ വിട്ടുനൽകി. അഞ്ച് പോസ്റ്റുമോർട്ടം ടേബിളുകളാണ് മദ്രസയുടെ ഡെസ്‌കുകൾ ചേർത്തുവച്ച് നിലവിൽ തയ്യാറാക്കിയിരിക്കുന്നത്. പോസ്റ്റുമോർട്ടം മുറിയിൽ വച്ച് നടത്തുന്നത് പോലെയല്ലെങ്കിലും നിലവിലെ സാഹചര്യത്തിൽ ഏറ്റവും പര്യാപ്തമായ സ്ഥലം തന്നെയാണ് പള്ളിയിൽ ലഭ്യമായതെന്ന് ഡോക്ടർമാർ പറഞ്ഞു.

ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് നിന്നും ലഭിക്കുന്ന അഴുകിത്തുടങ്ങിയ മൃതദേഹങ്ങൾ 45 കിലോമീറ്റർ ദൂരം കൊണ്ടുപോവുന്നത് ഏറെ ശ്രമകരമായ കാര്യമായിരുന്നു. പോത്തുകല്ല് പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്നു ഏറ്റവും അടുത്ത ആശുപത്രി എങ്കിലും സൗകര്യം തീരെ കുറവായതിനാൽ അവിടെയും പോസ്റ്റ്മോർട്ടം നടത്താൻ ബുദ്ധിമുട്ടായിരുന്നു. സമീപത്തെ സ്‌കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നതിനാൽ ഇവിടേയും പോസ്റ്റ്മോർട്ടം നടത്താൻ കഴിഞ്ഞില്ല. തുടർന്നാണ് സംഭവസ്ഥലത്ത് നിന്നും പത്തു മിനിറ്റ് മാത്രം ദൂരത്തുള്ള പോത്തുകല്ല് മുജാഹിദ് പള്ളി ഭാരവാഹികളെ അധികൃതർ സമീപിച്ചത്. പൂർണസമ്മതം നൽകുന്നതിനൊപ്പം തുടർനടപടികൾക്ക് ആവശ്യമായ സൗകര്യവും ഭാരവാഹികൾ ചെയ്തുനൽകി. വെള്ളിയാഴ്‌ച്ച ദിവസങ്ങളിൽ സ്ത്രീകൾ ജുമുഅ നമസ്‌കരിക്കുന്ന പ്രത്യേക ഹാളാണ് പോസ്റ്റ്മോർട്ടത്തിനുള്ള മുറിയായി സജ്ജീകരിച്ചത്. ഇവിടെവെച്ച് ചൊവ്വാഴ്ച മാത്രം നാലുമൃതദേഹങ്ങളാണ് പോസ്റ്റ്മോർട്ടം ചെയ്തത്. മലപ്പുറം ജില്ലാഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരമാണ് പള്ളിയിൽ പോസ്റ്റ്മോർട്ടം ചെയ്തതെന്ന് പോസ്റ്റ്മോർട്ടത്തിന് നേതൃത്വം നൽകുന്ന മഞ്ചേരി മെഡിക്കൽ കോളജിലെ ഡോക്ടർ പറഞ്ഞു. നാലുദിവസം കൊണ്ട് ഏഴിലധികം മൃതദേഹങ്ങളാണ് ഇവിടെ പോസ്റ്റ്മോർട്ടം ചെയ്തത്. ആളെ തിരിച്ചറിയാനാവാത്ത വിധം അഴുകിയ നിലയിലുള്ള മൃതദേഹം ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിയാനാണ് ശ്രമിക്കുന്നതെന്ന് മെഡിക്കൽ സംഘത്തിലെ പ്രതിനിധി പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP