Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സംശയം തോന്നിയപ്പോൾ വളഞ്ഞിട്ട് പിടിച്ചു; ചോദിക്കാൻ വന്നവരോട് കള്ളനെന്ന് പറഞ്ഞു; പ്രഭാകരനെ കൊന്നത് ചെർപ്പുളശ്ശേരിയിലെ സദാചാര പൊലീസ്; മരണം മർദനത്തെ തുടർന്നുള്ള ഹൃദയാഘാതത്താലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

സംശയം തോന്നിയപ്പോൾ വളഞ്ഞിട്ട് പിടിച്ചു; ചോദിക്കാൻ വന്നവരോട് കള്ളനെന്ന് പറഞ്ഞു; പ്രഭാകരനെ കൊന്നത് ചെർപ്പുളശ്ശേരിയിലെ സദാചാര പൊലീസ്; മരണം മർദനത്തെ തുടർന്നുള്ള ഹൃദയാഘാതത്താലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

പാലക്കാട്: സദാചാര ഗുണ്ടാ ആക്രമണത്തിൽ മധ്യവയസ്‌കൻ കൊല്ലപ്പെട്ടു. മുളയങ്കാവ് സ്വദേശി പ്രഭാകരൻ(55) ആണ് കൊല്ലപ്പെട്ടത്. പാലക്കാട് ചെർപ്പുളശ്ശേരി കുലക്കല്ലൂരിലാണ് സംഭവം.

മർദനത്തെത്തുടർന്നുള്ള ഹൃദയാഘാതം കാരണമാണ് പ്രഭാരൻ മരിച്ചതെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിൽ വടി കൊണ്ട് അടിയേറ്റതിന്റെ നിരവധി പാടുകളുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമായി. കണ്ടാലറിയാവുന്ന മുപ്പതുപേർക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.

സമീപവാസിയായ ഒരു സ്ത്രീയ്‌ക്കൊപ്പം കണ്ടു എന്ന് ആക്ഷേപിച്ച് 15 അംഗ സംഘം പ്രഭാകരനെ പിടികൂടി ആക്രമിച്ചതായാണ് പൊലീസ് പറയുന്നത്. ഇയാളെ പിടികൂടി വലിച്ചിഴച്ച് സ്ത്രീയുടെ വീടിനടുത്തുകൊണ്ടുപോയി. അവിടെ വച്ചും മർദ്ദിച്ചു. എന്നാൽ, മാരകമായ മർദ്ദനത്തിന്റെ പാടുകളൊന്നും ഇദ്ദേഹത്തിന്റെ മൃതദേഹത്തിൽ കണ്ടില്ലെന്നാണ് പൊലീസ് പറഞ്ഞത്. ആന്തരിക ക്ഷതമേറ്റിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണ്. ഫോറൻസിക് പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യം അറിയാനാവൂ.

പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് സദാചാര ഗുണ്ടാ ആക്രമണമാണ് കൊലയ്ക്ക് പിന്നിലെന്ന വിവരം ലഭിച്ചത്. എന്നാൽ പ്രതികളെ പിടികൂടിയാൽ മാത്രമേ കൃത്യമായ വിവരം ലഭിക്കൂ. മരിച്ച പ്രഭാകരന് മറ്റ് സ്വഭാവദൂഷ്യമൊന്നുമില്ലാത്തതാണ് ഇതിന് കാരണം. ചെർപ്പുളശ്ശേരി സി ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. അക്രമം നടത്തിയ സംഘത്തിലുണ്ടെന്ന് സംശയിക്കപ്പെടുത്ത ചിലരുടെ വീടുകളിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും അവരെ കണ്ടെത്താനായില്ല. മുൻപും ഈ പ്രദേശത്ത് സദാചാര ഗുണ്ടാ ആക്രമണങ്ങൾ നടന്നിട്ടുണ്ടെന്നാണ് നാട്ടുകാരിൽനിന്ന് പൊലീസിന് ലഭിച്ച വിവരം.

ഈ മേഖലയിൽ അപരിചർ ആരുവന്നാലും അവരെ യുവാക്കളുടെ സംഘം കൈകാര്യം ചെയ്യുമായിരുന്നുവെന്നാണ് വിവരം. എന്നാൽ പ്രഭാകരൻ നാട്ടുകാരനാണ്. കൊലനടന്ന് ഒരു കിലോമീറ്റർ ചുറ്റളവിലാണ് താമസം. അതു തന്നെയാണ് കൊലയുടെ കാരണത്തിൽ പൊലീസിന് സംശയം. ഞായറാഴ്ച രാത്രി ഒമ്പതിനാണ് അക്രമം നടന്നത് എന്നാണ് വിവരം ലഭിച്ചിട്ടുള്ളത്. ചോദ്യം ചെയ്യലും അടികൊടക്കലും ഒന്നിച്ചു നടന്നുവെന്നാണ് സൂചന. അവശനായി വീണ പ്രഭാകരനെ ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടിട്ടു.

ഇതിനടുത്ത വീട്ടിലെ സ്ത്രീയാണ് പൊലീസിന് വ്യക്തമായ മൊഴി നൽകിയത്. രാത്രിയിൽ ആരെയോ അടിക്കുന്ന ശബ്ദം കേട്ട് പുറത്തേക്ക് നോക്കിയപ്പോൾ പ്രഭാകരനെ യുവാക്കൾ കൈകാര്യം ചെയ്യുന്നതാണ് കണ്ടത്. എന്താണെന്ന് തിരക്കിയപ്പോൾ ഇയാൾ കള്ളനാണെന്നും ഞങ്ങൾ കൈകാര്യം ചെയ്തുകൊള്ളാമെന്നും അവർ പറഞ്ഞു. പിന്നീട് ഒരു മണിക്കൂർ കഴിഞ്ഞാണ് പ്രഭാകരന്റെ മൃതദേഹം ഈ സ്്ത്രീ കണ്ടത്. ഉടൻ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിൽ പ്രഭാകരൻ മരിച്ചതായി തിരിച്ചറിഞ്ഞു.

മൊഴി നൽകിയ സ്ത്രീയിൽ നിന്ന് ലഭിച്ച സൂചനകളനുസരിച്ചാണ് യുവാക്കളുടെ വീടുകളിൽ റെയ്ഡ് നടന്നത്. പ്രഭാകരൻ മരിച്ചത് തിരിച്ചറിഞ്ഞതോടെ ഇവർ ഒളിവിൽ പോയി. ക്വൊട്ടേഷൻ സംഘത്തിലുള്ളവർ ഒന്നും ഈ സംഘത്തിലുണ്ടായിരുന്നില്ല. പ്രദേശ വാസികൾ മാത്രമേ ഉള്ളൂവെന്നാണ് സ്ത്രീയുടെ മൊഴി. കൂലിപ്പണി ചെയ്ത് ജീവിക്കുന്ന വ്യക്തിയാണ് പ്രഭാകരൻ. ഇയാൾക്ക് എതിരെ നാട്ടുകാർക്കും ഒന്നും പറയാനില്ല. എന്നിട്ടും കൊല ചെയ്തത് എന്തിനാണ് എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

പാലക്കാട്ടു നടന്ന സദാചാര കൊലപാതകത്തിലെ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP