Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മൂലമറ്റം വൈദ്യുത നിലയത്തിലെ പൊട്ടിത്തെറി: അഞ്ച് കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി കെഎസ്ഇബി; പൊട്ടിത്തെറിയുടെ കാരണത്തെക്കുറിച്ച് അറിയാൻ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ നേതൃത്വത്തിൽ പരിശോധന

മൂലമറ്റം വൈദ്യുത നിലയത്തിലെ പൊട്ടിത്തെറി: അഞ്ച് കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി കെഎസ്ഇബി; പൊട്ടിത്തെറിയുടെ കാരണത്തെക്കുറിച്ച് അറിയാൻ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ നേതൃത്വത്തിൽ പരിശോധന

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: മൂലമറ്റം വൈദ്യുത നിലയത്തിലെ പൊട്ടിത്തെറിയിൽ അഞ്ച് കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക വിലയിരുത്തൽ. രണ്ടാം നമ്പർ ജനറേറ്ററിന്റെ എക്സിറ്റർ പൊട്ടിത്തെറിച്ചതിനെത്തുടർന്നു തിങ്കളാഴ്ച രാത്രിയാണ് നിർത്തിവച്ചത്. മൂലമറ്റം വൈദ്യുത നിലയത്തിന്റെ പ്രവർത്തനം ഇന്നലെ ഉച്ചയോടെ പുനരാരംഭിക്കുകയും ചെയ്തിരുന്നു.

പൊട്ടിത്തെറിയുടെ കാരണത്തെക്കുറിച്ച് അറിയാൻ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ജി.വിനോദിന്റെ നേതൃത്വത്തിൽ വിദഗ്ധസംഘം പരിശോധനയ്‌ക്കെത്തി. വൈദ്യുത നിലയത്തിലെ രണ്ടാം നമ്പർ ജനറേറ്ററിനോടനുബന്ധിച്ചുള്ള എക്സിറ്ററിലാണു തിങ്കളാഴ്ച രാത്രി 9.15നു പൊട്ടിത്തെറി ഉണ്ടായത്. പരിശോധന പൂർത്തിയാക്കിയാൽ മാത്രമേ നഷ്ടത്തിന്റെ വ്യാപ്തി കൃത്യമായി മനസ്സിലാക്കാൻ കഴിയുകയുള്ളൂ എന്നു കെഎസ്ഇബി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

പൊട്ടിത്തെറിയിൽ നിലയത്തിനുള്ളിലുണ്ടായ ജീവനക്കാരെയെല്ലാം പുറത്തെത്തിച്ചിരുന്നു. പകൽ ഒട്ടേറെ ഉദ്യോഗസ്ഥർ ജോലിചെയ്യുന്ന സ്ഥലത്താണു രാത്രി പൊട്ടിത്തെറി ഉണ്ടായത്. പുക ശ്വസിച്ചു ശ്വാസതടസ്സം ഉണ്ടായതിനാൽ അസി. എൻജിനീയർ സമ്പത്ത്, കരാർ ജീവനക്കാരനായ എബിൻ രാമചന്ദ്രൻ എന്നിവരെ തിങ്കളാഴ്ച രാത്രി മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അതേസമയം, ചില സാങ്കേതിക തകരാറുകൾ കാരണം മൂലമറ്റം പവർ ഹൗസിലെ വൈദ്യുതി ഉൽപ്പാദനം നിർത്തിവച്ചിരിക്കുകയാണെന്നും വൈദ്യുതി ലഭ്യതയിൽ ഏകദേശം 500 മെഗാവാട്ടിന്റെ കുറവ് അനുഭവപ്പെടുന്നുണ്ടെന്നും കെഎസ്ഇബി നേരത്തെ അറിയിച്ചിരുന്നു.

മന്ത്രി എം.എം.മണി ഇന്നലെ വൈദ്യുത നിലയത്തിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. എത്രയും വേഗം നിലയം പ്രവർത്തനക്ഷമമാക്കാൻ മന്ത്രി നിർദ്ദേശം നൽകിയിരുന്നു. 45 വർഷം പഴക്കമുള്ള യന്ത്രഭാഗങ്ങളാണു വൈദ്യുത നിലയത്തിലുള്ളത്. ഇതിൽ ചിലതു നവീകരണത്തിന്റെ ഭാഗമായി മാറ്റി സ്ഥാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രി വൈദ്യുത നിലയത്തിന്റെ പ്രവർത്തനം നിലച്ചതോടെ സംസ്ഥാനത്തു നേരിയ വൈദ്യുതി തടസ്സം മാത്രമാണ് ഉണ്ടായതെന്നും മറിച്ചുള്ള പ്രചാരണം ശരിയല്ലെന്നും കെഎസ്ഇബി അറിയിച്ചു. രാത്രി പീക്ടൈം കഴിഞ്ഞാണ് അപകടമെന്നതിനാൽ വലിയ വൈദ്യുതി തടസ്സം ഉണ്ടായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

130 മെഗാവാട്ട് ശേഷിയുള്ള 6 ജനറേറ്ററുകളാണു മൂലമറ്റത്തുള്ളത്. ഇതിൽ ഒന്നാം നമ്പർ ജനറേറ്ററിൽ വാൽവ് മാറ്റിവയ്ക്കുന്ന ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്. മറ്റു നാലു ജനറേറ്ററുകളും പ്രവർത്തനക്ഷമമാണ്. ചീഫ് എൻജിനീയർ സിജി ജോസ്, ഡപ്യൂട്ടി ചീഫ് എൻജിനീയർ വിമൽ, എക്സിക്യൂട്ടീവ് എൻജിനീയർ ഷാജി കെ.മാത്യു, അനിൽകുമാർ, മനോജ് ഗോപാൽ എന്നിവരും നിലയത്തിൽ പരിശോധന നടത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP