Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിവാദങ്ങൾക്കു നടുവിൽ ആർ ശങ്കർ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു; ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളിൽ വിട്ടുവീഴ്ച വരുത്താതെ പ്രവർത്തിച്ച നേതാവാണ് ആർ ശങ്കറെന്നു മോദി; കേരളത്തിന്റെ വികസന കാര്യത്തിൽ ഉപേക്ഷയില്ലെന്നും പ്രധാനമന്ത്രി; വെള്ളാപ്പള്ളി നിരവധി കാര്യങ്ങൾ ചോദിച്ചിട്ടും ഒന്നും പ്രഖ്യാപിക്കാതെ മോദിയുടെ മടക്കം; എതിർപ്പിനിടെ ശിവഗിരിക്കുന്നിലും മോദിയെത്തി

വിവാദങ്ങൾക്കു നടുവിൽ ആർ ശങ്കർ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു; ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളിൽ വിട്ടുവീഴ്ച വരുത്താതെ പ്രവർത്തിച്ച നേതാവാണ് ആർ ശങ്കറെന്നു മോദി; കേരളത്തിന്റെ വികസന കാര്യത്തിൽ ഉപേക്ഷയില്ലെന്നും പ്രധാനമന്ത്രി; വെള്ളാപ്പള്ളി നിരവധി കാര്യങ്ങൾ ചോദിച്ചിട്ടും ഒന്നും പ്രഖ്യാപിക്കാതെ മോദിയുടെ മടക്കം; എതിർപ്പിനിടെ ശിവഗിരിക്കുന്നിലും മോദിയെത്തി

കൊച്ചി: വിവാദങ്ങൾക്കു നടുവിൽ ആർ ശങ്കർ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളിൽ വിട്ടുവീഴ്ച വരുത്താതെ പ്രവർത്തിച്ച നേതാവാണ് ആർ ശങ്കറെന്നു മോദി പറഞ്ഞു. ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്ന നേതാവാണ് അദ്ദേഹമെന്നും മോദി പറഞ്ഞു. അധ്യക്ഷ പ്രസംഗത്തിനിടെ ശബരി റെയിൽപ്പാത ഉൾപ്പെടെ നിരവധി കാര്യങ്ങൾ ചോദിച്ചിട്ടും ഒന്നും പ്രഖ്യാപിക്കാതെ മോദി കൊല്ലത്തു നിന്നു മടങ്ങുകയും ചെയ്തു.

പിന്നോക്ക വിഭാഗത്തിൽ ജനിച്ചുവളർന്ന ആളെന്ന നിലയിൽ അവരുടെ പ്രശ്‌നങ്ങൾ എന്തൊക്കെയാണെന്നു മനസിലാക്കിയ വ്യക്തിയാണു ഞാനെന്നു കൊല്ലത്തെ വേദിയിൽ മോദി പറഞ്ഞു. അത്തരം ബുദ്ധിമുട്ടുകൾ ആരും പഠിപ്പിക്കേണ്ടതില്ല. ആർ ശങ്കറും മന്നത്തു പത്മനാഭനും ചേർന്നു ഹിന്ദു മഹാമണ്ഡലം രൂപീകരിച്ചു. അത് ഉദ്ഘാടനം ചെയ്യാൻ ശ്യാമപ്രസാദ് മുഖർജിയെ ക്ഷണിച്ചു. ശ്യാമപ്രസാദിന്റെ ജനസംഘത്തിന്റെ ഇന്നത്തെ രൂപമാണു ബിജെപി.

ആർ.ശങ്കർ ഇന്നും ജനമനസ്സുകളിൽ ജീവിച്ചിരിക്കുന്നു. രണ്ട് വർഷം മാത്രമാണ് ശങ്കർ മുഖ്യമന്ത്രിയായിരുന്നത്. എന്നിട്ടും വർഷങ്ങൾക്കിപ്പുറവും അദ്ദേഹം ഓർമ്മിക്കപ്പെടുന്നു. മഹത്തായ ഈ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ശ്രീനാരായണ ഗുരു ആഗ്രഹിച്ചിരുന്ന രീതിയിൽ കേരളത്തെ എത്തിക്കാൻ ജീവിതാവസാനം വരെ പ്രവർത്തിക്കുകയും ഗുരു നൽകിയ സന്ദേശങ്ങൾക്ക് അനുസരിച്ച് സഞ്ചരിച്ച വ്യക്തിയാണ് ആർ.ശങ്കറെന്നും മോദി വ്യക്തമാക്കി.

ശബരി റെയിൽ പാതയിൽ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ ഉണ്ടാകണമെന്നും മൈക്രോ ഫിനാൻസ് പദ്ധതി വിപുലീകരിക്കാൻ കേന്ദ്ര സഹായം അനുവദിക്കണമെന്നും ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അടങ്ങിയ നിവേദനം വെള്ളാപ്പള്ളി നടേശൻ പ്രധാനമന്ത്രിക്ക് നൽകി. എന്നാൽ, പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ വെള്ളാപ്പള്ളി നടേശൻ മുന്നോട്ടുവച്ച പ്രാധാന്യമേറിയ വിഷയങ്ങളിൽ പ്രഖ്യാപനം നടത്തുന്നതിന് തനിക്ക് തടസ്സമുണ്ടെന്ന് പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി.

പാർലമെന്റ് നടക്കുന്നതിനാൽ പുതിയ പ്രഖ്യാപനങ്ങൾ ഇല്ല. കേരളത്തിൽ വികസനത്തിന് ഒരുപേക്ഷയും വിചാരിക്കില്ലെന്നും മോദി പറഞ്ഞു. അതേസമയം, ചടങ്ങിന് മുഖ്യമന്ത്രിയെ ക്ഷണിക്കാത്ത കാര്യത്തെക്കുറിച്ച് പ്രധാനമന്ത്രി മൗനം പാലിച്ചു.

എസ്എൻഡിപി യോഗം വെള്ളാപ്പള്ളി നടേശൻ അധ്യക്ഷനായി. തുഷാർ വെള്ളാപ്പള്ളി സ്വാഗതം പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരൻ പരിഭാഷപ്പെടുത്തി. എസ്എൻ കോളേജ് അങ്കണത്തിലാണ് ആർ ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്തത്. പ്രതിമ അനാച്ഛാദന ചടങ്ങ് ബിജെപി ആർഎസ്എസ് മേളയാക്കുന്നതിൽ പ്രതിഷേധിച്ച് ജനപ്രതിനിധികൾ ചടങ്ങിൽ നിന്ന് വിട്ടുനിന്നു.

ആർ ശങ്കറിന്റെ കുടുംബവും ചടങ്ങിൽ സഹകരിച്ചില്ല. പി കെ ഗുരുദാസൻ എംഎൽഎ, എൻ കെ പ്രേമചന്ദ്രൻ എംപി എന്നിവർ പങ്കെടുത്തില്ല. യുഡിഎഫും ചടങ്ങ് ബഹിഷ്‌ക്കരിച്ചു. പരിപാടി ഔദ്യോഗികമായി അറിയിക്കാത്തതിനാൽ കൊല്ലം മേയർ അഡ്വ. വി രാജേന്ദ്രബാബുവും ചടങ്ങിനെത്തിയില്ല.

കൊല്ലത്തെ ചടങ്ങിനുശേഷം ഹെലികോപ്ടറിൽ വർക്കലയിൽ ശ്രീനാരായണ ഗുരുദേവന്റെ സമാധിസ്ഥലമായ ശിവഗിരി പ്രധാനമന്ത്രി സന്ദർശിച്ചു. വർക്കല ക്ലിഫിലെ ഹെലിപാഡിൽ ഹെലികോപ്ടർ ഇറങ്ങിയാണു നരേന്ദ്ര മോദി ശിവഗിരിയിലെത്തിയത്.

മഹാസമാധി മന്ദിരത്തിൽ ഷാളും ബൊക്കയും നൽകി ശിവഗിരി മഠം പ്രധാനമന്ത്രിയെ വരവേറ്റു. പ്രാർത്ഥനയ്ക്കും പൂജയ്ക്കും പുഷ്പാർച്ചനയ്ക്കും ശേഷം സമാധിമന്ദിരം പ്രദക്ഷിണം വച്ച പ്രധാനമന്ത്രി ശാരദാമഠത്തിനുമുന്നിൽ ഇലഞ്ഞി മരം നട്ടു. തുടർന്നു ജനങ്ങളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി തിരുവനന്തപുരത്തേക്കു തിരിച്ചു.

ക്ഷണിച്ചിട്ടല്ല സ്വന്തം നിലയ്ക്കാണ് മോദി വരുന്നതെന്ന നിലപാട് ശിവഗിരി മഠം ആവർത്തിച്ചു വ്യക്തമാക്കിയതിനിടെയാണു മോദിയുടെ ശിവഗിരി സന്ദർശനം. ശിവഗിരിയിലെ സന്ദർശനത്തിനു ശേഷം തിരുവനന്തപുരത്തേക്കു തിരിച്ച പ്രധാനമന്ത്രി തുടർന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായും മന്ത്രിമാരുമായും ഹ്രസ്വ കൂടിക്കാഴ്ച നടത്തി. തുടർന്നു പ്രത്യേക സൈനിക വിമാനത്തിൽ അദ്ദേഹം ഡൽഹിക്കു മടങ്ങി.

അതിനിടെ, അനാച്ഛാദനച്ചടങ്ങിനു സമാന്തരമായി തിരുവനന്തപുരത്ത് ആർ ശങ്കർ പ്രതിമയ്ക്കു മുന്നിൽ കോൺഗ്രസ് പ്രാർത്ഥനായോഗം നടത്തി. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ക്ഷണിച്ചശേഷം വിലക്ക് ഏർപ്പെടുത്തിയ നടപടിയെ തുടർന്നാണു കോൺഗ്രസ് തിരുവനന്തപുരത്ത് പ്രാർത്ഥനാസംഗമം നടത്തിയത്. ഉമ്മൻ ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് വി എം സുധീരൻ എന്നിവർ സംഗമത്തിൽ പങ്കെടുത്തു.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലത്തും പ്രതിഷേധം ഉയർത്തി. മോദിയുടെ പരിപാടി നടക്കുന്ന വേദിയിൽ പ്രതിഷേധം നടത്താൻ എത്തിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

രാജ്യത്തെ സൈനിക തലവന്മാരെ കൊച്ചിയിൽ പുറങ്കടലിലെ പടക്കപ്പലിൽ സന്ദർശിച്ചശേഷമാണ് മോദി കൊല്ലത്തെത്തിയത്. മഹാമണ്ഡലരൂപീകരണത്തിന് ആർ. ശങ്കറും മന്നത്ത് പത്മനാഭനും വേദിയാക്കിയ അതേ നഗരത്തിലാണ് കേരള രാഷ്ട്രീയചരിത്രം തന്നെ മാറ്റിക്കുറിക്കാൻ പോകുന്ന അനാച്ഛാദനച്ചടങ്ങ്. കൊല്ലം ശ്രീനാരായണകോളേജ് മൈതാനത്ത് ദേശീയപാതയ്ക്ക് അഭിമുഖമായാണ് ഇരുപത്തേഴടി ഉയരത്തിൽ നിർമ്മിച്ച രാജകീയമണ്ഡപത്തിൽ പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. 1450 കിലോ തൂക്കമുള്ളതാണ് വെങ്കലപ്രതിമ.

നാവികസേനയുടെ കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിലാണ് ഇന്നു രാവിലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം നടന്നത്. യോഗത്തിന് മുന്നോടിയായി നാവിക വിമാനത്താവളത്തിൽ മൂന്നു സേനകളും ചേർന്ന് നൽകുന്ന ഗാർഡ് ഓഫ് ഓണർ പ്രധാനമന്ത്രി പരിശോധിച്ചു. ഡൽഹിയിൽ നടത്തുന്ന വാർഷിക സൈനിക യോഗം ആദ്യമായാണ് പുറങ്കടലിൽ പടക്കപ്പലിൽ ക്രമീകരിക്കുന്നത്.

യോഗത്തിൽ കേന്ദ്ര പ്രതിരോധമന്ത്രി മനോഹർ പരീക്കറും പങ്കെടുത്തു. യോഗത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചി തീരപ്രദേശം മുഴുവൻ ശക്തമായ സുരക്ഷയിലാണ്. ഐഎൻഎസ് കൊച്ചിയും ഐഎൻഎസ് തരംഗിണിയും അടക്കമുള്ള അത്യാധുനിക നാവികകപ്പലുകൾ വിക്രമാദിത്യയ്ക്ക് സുരക്ഷയൊരുക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP