Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ക്രിസ്ത്യൻ മാനേജ്‌മെന്റുകളോട് സർക്കാരിന് തൻകുഞ്ഞ് മനോഭാവമെന്ന് സമസ്ത; പിന്തുണ നൽകി മുസ്ലിംലീഗും; മുസ്ലിം മാനേജ്‌മെന്റുകളുടെ ലക്ഷ്യം സമ്പന്നരെ മാത്രം ഡോക്ടർമാരാക്കുകയെന്ന് വിമർശിച്ച് ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ എം വീരാൻ കുട്ടി

ക്രിസ്ത്യൻ മാനേജ്‌മെന്റുകളോട് സർക്കാരിന് തൻകുഞ്ഞ് മനോഭാവമെന്ന് സമസ്ത; പിന്തുണ നൽകി മുസ്ലിംലീഗും; മുസ്ലിം മാനേജ്‌മെന്റുകളുടെ ലക്ഷ്യം സമ്പന്നരെ മാത്രം ഡോക്ടർമാരാക്കുകയെന്ന് വിമർശിച്ച് ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ എം വീരാൻ കുട്ടി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സ്വാശ്രയ മെഡിക്കൽ മാനെജുമെന്റുകളുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാരിനെതിരേ നിലപാട് സ്വീകരിച്ച് സമസ്തയും മുസ്ലിംലീഗും രംഗത്തെത്തി. ക്രിസ്ത്യൻ മാനേജ്‌മെന്റുകളോട് സർക്കാർ തൻകുഞ്ഞ് മനോഭാവം പുലർത്തുമ്പോൾ തന്നെ മുസ്ലിം മാനേജ്‌മെന്റുകളോട് ചിറ്റമ്മ നയമാണ് പുലർത്തുന്നതെന്ന വിമർശനവുമായാണ് സമസ്തയും ലീഗും രംഗത്തെത്തിയത്. അതിനിടെ മുസ്ലിം മനേജ്‌മെന്റുകളെ വിമർശിച്ച് ന്യൂനപക്ഷ കമ്മീഷൻ ചെയയർമാൻ എം വീരാൻകുട്ടിയും രംഗത്തെത്തിയതോടെ ഇത് സംബന്ധിച്ച വിവാദം കൊഴുക്കുകയാണ്.

സമൂഹത്തിലെ ന്യൂനപക്ഷാവകാശം മേൽക്കോയ്മ നേടാനോ, ഏതെങ്കിലും അധികാരം ഉറപ്പാക്കാനോ അല്ല, മറിച്ച് സാമൂഹ്യസമത്വം ഉറപ്പാക്കാനുള്ളതാണെന്ന ഹൈ്‌ക്കോടതി പരാമർശത്തിനു പിന്നാലെ മുസ്ലിം മാനേജ്‌മെന്റുകളെ രൂക്ഷഭാഷയിൽ വിമർശിച്ച് ന്യൂനപക്ഷ ചെയർമാൻ. സംസ്ഥാനത്തെ മുസ്ലിം മാനേജ്‌മെന്റുകൾ നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾ ന്യൂനപക്ഷത്തിന്റെ ഉന്നമനം ലക്ഷ്യമാക്കുന്നതിലുപരി വിദ്യാഭ്യാസ കച്ചവടമാണ് ചെയ്യുന്നതെന്ന് കടുത്ത വിമർശനമാണ് ന്യൂനപക്ഷ ചെയർമാൻ എം.വീരാൻ കുട്ടി ഉന്നയിച്ചിരിക്കുന്നത്. ന്യൂനപക്ഷങ്ങളുടെ പേരിൽ സമ്പന്നർക്ക് വേണ്ടി നിലനികൊള്ളുന്ന തരത്തിലാണ് മാനേജ്‌മെന്റുകൾ നിലകൊള്ളുന്നത്. സമൂഹത്തിൽ സമ്പന്നർക്ക് മാത്രം ഡോക്ടറായാൽ പോരാ പാവപ്പെട്ടവർക്കും ഡോക്ടറാകുന്നതിനുള്ള അവകാശമുണ്ടെന്നും ചെയർമാൻ പറഞ്ഞു.

ന്യൂനപക്ഷപദവിയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിലെ മാനേജ്‌മെന്റുകളുടെ അനിയന്ത്രിത സ്വാതന്ത്ര്യത്തെ ഹൈക്കോടതിയും കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ന്യൂനപക്ഷപദവി നൽകുന്നത് തന്നെ താഴെക്കിടയിലുള്ളവരുടെ വിദ്യാഭ്യാസപരമായ ഉന്നമനം ലക്ഷ്യമാക്കിയാണ്. എന്നാൽ ഈ അവകാശം ഭൂരിപക്ഷ വിഭാഗങ്ങളെക്കാൾ ആനുകൂല്യങ്ങൾ കൈവരിക്കാനോ മേൽക്കോയ്മ നേടാനോ ഉള്ളതല്ലെന്നും ഹൈക്കോടതി സിംഗിൾ ബഞ്ച് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലൊണ് ന്യൂനപക്ഷ ചെയർമൻ തന്നെ മാനേജ്‌മെന്റുകൾക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. എന്നാൽ മാനേജ്‌മെന്റുകൾക്കെതിരെയുള്ള ചെയർമാന്റെ പ്രസ്താവനയ്‌ക്കെതിരെ കടുത്ത പ്രതിഷേധമാണ് മുസ്ലിം സംഘടനകൾ ഉയർത്തുന്നത്.

ന്യൂനപക്ഷങ്ങളുടെ വിദ്യഭ്യാസ അവകാശം സംരക്ഷിക്കുന്നതിനാണ് ഇത്തരം മാനേജ്‌മെന്റുകൾ മുൻതൂക്കം നൽകേണ്ടത്. എന്നാൽ അതിൽ നിന്ന് മാറി സമൂഹത്തിലെ സമ്പന്ന വിഭാഗത്തിന്റെ ഉന്നമനമാണ് ഇവർ ലക്ഷ്യമിടുന്നത്. കോഴിക്കോട് മുസ്ലിം സഘടനകളുടെ യോഗത്തിലാണ് തന്റെ പ്രതിഷേധം നേരിട്ട് തന്നെ വ്യക്തമാക്കിയത്. സ്വാശ്രയ പ്രവേശന വിഷയത്തിൽ ന്യൂനപക്ഷപദവി ദുരുപയോഗം സംബന്ധിച്ച് തന്റെ എതിർപ്പ് നേരിട്ട് അറിയിക്കാനാണ് ന്യൂനപക്ഷ ചെയർമാൻ യോഗം വിളിച്ചത്. സ്വാശ്രമ പ്രവേശന വിഷയത്തിൽ മാനേജ്‌മെന്റുകളുടെ നിലപാടിനെതിരെ നേരത്തെ തന്നെ ന്യൂനപക്ഷ കമ്മീഷന്റെ ഭിന്നത അറിയിച്ചിരുന്നു. എന്നാൽ കമ്മീഷൻ എതിർപ്പിന് പരിഗണന നൽകാതെ തോന്നിയ രീതിയിൽ പ്രവേശനം നടത്തുന്ന സാഹചര്യത്തിലാണ് മാനേജ്‌മെന്റുകളുടെ യോഗം വിളിച്ച് കൂട്ടി അഭിപ്രായ ഭിന്നത അറിയിച്ചത്.

സമ്പന്നരരെ മാത്രം പഠിപ്പാച്ചാൽ പോര, പാവപ്പെട്ടവർക്കും അവസരം നൽകണം. പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള തലവരി പണവും കോഴയും നിർത്തണമെന്നും യോഗത്തിൽ ചെയർമാൻ തുറന്നടിച്ചു. കച്ചവടത്തിനായാണ് മുസ്‌ലിം മാനേജ്‌മെന്റുകൾ വിദ്യാഭ്യാസ് സ്ഥാപനങ്ങൾ നടത്തുന്നത്. സമ്പന്നർക്ക് വേണ്ടിയാണ് ഇക്കൂട്ടർ നിലകൊള്ളുന്നതെന്നും പാവങ്ങൾക്കും ഡോക്ടർമാരാകേണ്ടേയെന്നും ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ വ്യക്തമാക്കി.

എന്നാൽ ന്യൂനപക്ഷ കമ്മീഷൻ യോഗത്തിൽ സർക്കാരിനെതിരെയാണ് എംഇഎസ് തിരിഞ്ഞത്. ക്രിസ്ത്യൻ മാനേജ്‌മെന്റുകളുടെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളോട് സർക്കാർ അനുഭാവം കാട്ടുന്നുവെന്നും സർക്കാരിന്റെ ഈ ഉദാരസമീപനം തുറന്നുകാട്ടണമെന്നും എംഇഎസ് യോഗത്തിൽ വ്യക്തമാക്കി. മുസ്ലിം മാനേജ്‌മെന്റുകൾക്കെതിരെ മാത്രമുള്ള വിമർശനം അംഗീകരിക്കാനാവില്ലെന്ന്‌സംഘടനകൾ വ്യക്തമാക്കി. ന്യൂനപക്ഷ കമ്മീഷൻ വിവേചനം കാട്ടരുതെന്നും പ്രവേശനവും ഫീസ് ഘടനയും ഏകീകരിക്കണമെന്നും മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദ് യോഗത്തിൽ ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങൾക്ക് എതിരായ നീക്കത്തിന് കമ്മീഷൻ ഒത്താശ ചെയ്തു കൊടുക്കുകയാണെന്നും മുസ്‌ലിം സംഘടനകൾ ആരോപിച്ചു.


അതേസമയം സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിലെ എഡിറ്റോറിയലിലാണ് സംഘടന വിഷയത്തത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ന്യൂനപക്ഷ പദവി ഉപയോഗിച്ച് നേടിയെടുത്ത സ്വാശ്രയ മെഡിക്കൽ കോളെജുകളോട് സർക്കാർ രണ്ടു സമീപനമാണ് സ്വീകരിക്കുന്നതെന്നും ജനാധിപത്യ മതേതര സർക്കാരിന് ചേർന്ന നടപടിയല്ല ഇതെന്നും എഡിറ്റോറിയൽ പറയുന്നു.

സർക്കാരുമായുള്ള കരാർ ലംഘിച്ചെന്ന പേരിലാണ് എം.ഇ.എസ് മെഡിക്കൽ കോളജിലെ സീറ്റുകൾ റദ്ദാക്കിയതെങ്കിൽ സർക്കാർ കരാർ ലംഘിച്ചു ലക്ഷങ്ങൾ കോഴവാങ്ങുന്ന ക്രിസ്ത്യൻ മാനേജ്‌മെന്റിന് ഇതു ബാധകമല്ലേ? ആരോടും വിദ്വേഷമില്ലാതെ, ആരോടും പ്രീണനമില്ലാതെ ഭരിക്കുമെന്നു സത്യപ്രതിജ്ഞ ചൊല്ലിയത് വെറും വീൺ വാക്കായിരുന്നോ? അടുത്ത മൂന്നു വർഷത്തേക്ക് സ്വന്തം ഇഷ്ടപ്രകാരം ഫീസ് വർധിപ്പിക്കാൻ ക്രിസ്ത്യൻ മാനേജ്‌മെന്റുകൾക്ക് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകിയ അനുമതി ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ്? അനുമതിപ്രകാരം ഈ മാനേജ്‌മെന്റുകൾക്ക് വരുന്ന മൂന്നു വർഷങ്ങളിൽ തുടക്കത്തിൽ നാലു ലക്ഷവും പിന്നീടുള്ള ഓരോ വർഷങ്ങളിൽ തുക വർധിപ്പിച്ചും വാങ്ങാവുന്നതുമാണ്. എന്നാൽ കഴിഞ്ഞ 13 വർഷമായി എം.ഇ.എസ് മെഡിക്കൽ കോളജ് 50 ശതമാനം സീറ്റിൽ സർക്കാർ നിശ്ചയിച്ച ഫീസാണ് ഈടാക്കുന്നത്. 25,000 മുതൽ ഒരു ലക്ഷം വരെ ഫീസ് നിശ്ചയിച്ച് എം.ഇ.എസ്, സർക്കാരുമായി നേരത്തെ കരാറിൽ ഏർപ്പെട്ടതുമാണ്.

എന്നാൽ ക്രിസ്ത്യൻ മാനേജ്‌മെന്റുകൾക്കാവട്ടെ 4.85 ലക്ഷം ഫീസിൽ മുഴുവൻ സീറ്റിലും പ്രവേശനം നടത്താൻ അനുമതി നൽകിയിരിക്കുന്നു. ഇതിനു പുറമെ ജെയിംസ് കമ്മിറ്റി നിർദ്ദേശിച്ച ഫീസും വാങ്ങാൻ അനുമതി നൽകിയിട്ടുണ്ട്. മതേതര, ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ മതേതര, ജനാധിപത്യ കക്ഷി ഭരിക്കുന്ന കൊച്ചു സംസ്ഥാനത്താണ് ഇതൊക്കെ നടക്കുന്നത്.

തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ്, തൃശൂർ അമല മെഡിക്കൽ കോളജ്, തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ്, പുഷ്പഗിരി കോളജ് ഓഫ് ഡെന്റൽ സയൻസ് എന്നിവയ്ക്കാണ് മനസ്സറിഞ്ഞ് മുഖ്യമന്ത്രി ആനുകൂല്യങ്ങൾ വാരിക്കോരിക്കൊടുത്തിരിക്കുന്നത്. ഈ സ്ഥാപനങ്ങളുടെ മാനേജ്‌മെന്റുകളുമായി സർക്കാരുണ്ടാക്കിയ കരാർ പ്രകാരം ഏതു സീറ്റിൽ പ്രവേശനം ലഭിച്ചാലും വിദ്യാർത്ഥികൾ ഈ വർഷം നാലു ലക്ഷം നൽകണം. എന്നാൽ ന്യൂനപക്ഷ പദവിയുള്ള ആറു ക്രിസ്ത്യനിതര കോളജുകൾക്ക് സർക്കാരിന്റെ ഈ കരുണാകടാക്ഷം ഇല്ലതാനും. അവരെ ഈ കരാറിലും ഉൾപ്പെടുത്തിയിട്ടില്ല.

എം.ഇ.എസ് മെഡിക്കൽ കോളജ് സർക്കാരിനു സീറ്റ് വിട്ടുകൊടുക്കുന്നില്ലെന്നും ക്രിസ്ത്യൻ മാനേജ്‌മെന്റുകൾ നൽകുന്നുമുണ്ടെന്നുമുള്ള വ്യാജപ്രചാരണം സർക്കാർ തലത്തിൽതന്നെ നടത്തുകയാണ്. ന്യൂനപക്ഷ കമ്മിഷനും ചില മാദ്ധ്യമങ്ങളും കണ്ണടച്ച് ഇതപ്പാടെ വിഴുങ്ങുകയും ചെയ്തിരിക്കുന്നു. മാത്രവുമല്ല, 'തൂലിക വാളാക്കി' ഒരു പത്രം എം.ഇ.എസ് മെഡിക്കൽ കോളജിനെതിരേ പടവെട്ടാനും ഇറങ്ങിയിട്ടുണ്ട്. സാമൂഹികനീതി നടപ്പിലാക്കാൻ ക്രിസ്ത്യൻ മാനേജ്‌മെന്റുകൾക്കു ബാധ്യതയില്ലേ? മറ്റു പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങളുടെ ശിരസ്സിൽ മാത്രം ചുമക്കേണ്ടതാണോ ഈ സാമൂഹിക ബാധ്യത? എന്നിങ്ങനെ തുടരുന്ന എഡിറ്റോറിയൽ ഉമ്മൻ ചാണ്ടി കേരളീയരുടെ മുഴുവൻ മുഖ്യമന്ത്രിയാണ്, ഒരു വിഭാഗത്തിന്റേതു മാത്രമല്ലെന്നോർക്കണം. ഒരു തുറന്ന സമരത്തിന് ഇടനൽകാതെ സ്വാശ്രയ മെഡിക്കൽ കോളജ് പ്രവേശന പ്രശ്‌നങ്ങൾ പരിഹരിക്കാൻ അദ്ദേഹത്തിനു ബാധ്യതയുണ്ടെന്നും പറഞ്ഞാണ് അവസാനിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP