Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാവം യുഡിഎഫ് മന്ത്രിമാർ താമസിച്ചിരുന്നത് നനഞ്ഞൊലിച്ച വീടുകളിൽ..! മോടി പിടിപ്പിക്കേണ്ടെന്ന് വച്ചിരുന്നെങ്കിലും ചോർച്ച അടയ്ക്കാതെ എങ്ങനെ താമസിക്കുമെന്ന് പുതിയ മന്ത്രിമാർ: പിണറായി സർക്കാറിന്റെ ആദ്യ പ്രഖ്യാപനം പാഴ്‌വാക്കാകുന്നത് ഇങ്ങനെ

പാവം യുഡിഎഫ് മന്ത്രിമാർ താമസിച്ചിരുന്നത് നനഞ്ഞൊലിച്ച വീടുകളിൽ..! മോടി പിടിപ്പിക്കേണ്ടെന്ന് വച്ചിരുന്നെങ്കിലും ചോർച്ച അടയ്ക്കാതെ എങ്ങനെ താമസിക്കുമെന്ന് പുതിയ മന്ത്രിമാർ: പിണറായി സർക്കാറിന്റെ ആദ്യ പ്രഖ്യാപനം പാഴ്‌വാക്കാകുന്നത് ഇങ്ങനെ

തിരുവനന്തപുരം: പിണറായി സർക്കാർ അധികാരത്തിലേറിയ ഉടൻ തന്നെ നടത്തിയ പ്രഖ്യാപനം മന്ത്രിമന്ദിരങ്ങൾ മോടി കൂട്ടാൻ വേണ്ടി അനാവശ്യമായി പണം മുടക്കരുത് എന്നതായിരുന്നു. ഇക്കാര്യം പിണറായി വിജയൻ തന്നെ മന്ത്രിമാർക്ക് നിർദ്ദേശം നൽകിയപ്പോൾ അത് ഏറെ കൈയടികൾ നേടുന്നതുമായി. ഒഴിവാക്കാൻപറ്റാത്ത ശുചീകരണപ്രവർത്തനങ്ങൾമാത്രമേ നടത്താവൂ എന്നായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം.

മന്ത്രിസഭ' മാറുമ്പോൾ പുതിയ മന്ത്രിമാർക്ക് അനുവദിക്കപ്പെട്ട വസതികൾ മോടി പിടിപ്പിക്കുന്നതിന്റെ മറവിൽ വലിയ ധൂർത്താണ് നടത്തുക. കൂടാതെ അത്യാവശ്യജോലി എന്നപേരിൽ ടെൻഡർപോലും വിളിക്കാതെ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങളിൽ വൻ അഴിമതിയും പതിവാണ്. ഇതെല്ലാം കണക്കിലെടുത്താണ് എൽഡിഎഫ് ഈ തീരുമാനം കൈക്കൊണ്ടത്. എന്നാൽ, സർക്കാറിന്റെ ആദ്യ പ്രഖ്യാപനം തന്നെ പാഴ്‌വാക്കുകളാകുമെന്നാണ് വ്യക്തമാകുന്നത്. മന്ത്രിമന്ദിരങ്ങൾ വാസയോഗ്യമല്ലെന്ന് മന്ത്രിമാർ പരാതിപ്പെട്ടതിനെ തുടർന്നാണ് ഇപ്പോൾ സർക്കാർ തീരുമാനം മാറ്റിയിരിക്കുന്നത്. ഇതോടെ ഇതിന്റെ പേരിൽ നടക്കുന്ന അനാവശ്യ ധൂർത്തിന് അന്ത്യമില്ലെന്ന് ബോധ്യമായി.

യുഡിഎഫ് മന്ത്രിമാർ വിട്ടൊഴിഞ്ഞ മന്ദിരങ്ങൾ ഇപ്പോൾ ചോർന്നൊലിക്കുന്നു എന്നാണ് മന്ത്രിമാരുടെ പരാതി. പലവസതികളിലും ഈ പ്രശ്‌നമുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് വസതികളുടെ അറ്റുകുറ്റപ്പണികൾ നടത്തണമെന്ന് ആവശ്യം അംഗീകരിച്ചത്. കഴിഞ്ഞ സർക്കാറിനെ മിക്ക മന്ത്രിമാരും വീടൊഴിഞ്ഞപ്പോൾ പല സാമഗ്രികളും ഉപയോഗശൂന്യമാക്കിയ നിലയിലായിരുന്നു. സോഫകൾ കുത്തിക്കീറിയ നിലയിൽപോലും കാണപ്പെട്ടു. ചില സാധനങ്ങൾ മോഷണം പോകുകയും ഉണ്ടായി.

പല വീടുകളിലും കയറിക്കിടക്കാൻ പോലും പറ്റാത്ത അവസ്ഥയാണെന്നും മന്ത്രിമാർ ചൂണ്ടിക്കാട്ടിയതോടെയാണ് അത്യാവശ്യം അറ്റകുറ്റപ്പണി നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ അനുമതി നൽകിയത്. മന്ത്രിമന്ദിരങ്ങൾ പരിശോധിച്ചപ്പോഴാണ് അറ്റകുറ്റപ്പണി നടത്താതെ അതിൽ താമസിക്കാൻ നിവൃത്തിയില്ലെന്നു മന്ത്രിമാർക്കു ബോധ്യമായത്. ഈ സാഹചര്യത്തിൽ മരാമത്ത് വകുപ്പിനെ അറ്റകുറ്റപ്പണി ഏൽപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. സർക്കാർ മന്ദിരങ്ങളെല്ലാം മൂന്നു വർഷത്തിൽ ഒരിക്കൽ അറ്റകുറ്റപ്പണി നടത്തണമെന്നും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ സർക്കാറിന്റെ അവസാന കാലത്ത് മന്ത്രിമന്ദിരങ്ങൾ മോടി പടിപ്പിക്കാൻ കോടികൾ ചിലവഴിച്ചത് വിവാദത്തിലായിരുന്നു. മന്ത്രിമന്ദിരങ്ങളും പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയും മോടി കൂട്ടാൻ ചെലവഴിച്ചത് മൂന്നു കോടിയിൽപരം രൂപയായിരുന്നു. 2015 ജൂലൈ വരെയാണ് 3.13 കോടി രൂപ ചെലവഴിച്ചത്. ബംഗ്ലാവുകളുടെ പരമ്പരാഗത വാസ്തുശൈലി പോലും തകർത്തായിരുന്നു മോടികൂട്ടൽ. തറയോടുകൾ പൊളിച്ച് കല്ലുകൾ പാകാനും പട്ടിക്കൂട് മുതൽ വിളക്കുകാലുകൾ വരെ മാറ്റാനുമാണ് തുക ചെലവിട്ടത്. അന്ന് ഔദ്യോഗിക വസതി മോടികൂട്ടാൻ ഏറ്റവുമധികം തുക ചെലവഴിച്ചത് വി എസ് അച്യുതാനന്ദനാണ് 50.37 ലക്ഷം രൂപ.

കന്റോൺമെന്റ് ഹൗസിനു ചായംപൂശാനും എ.സികളും ഫർണിച്ചറും കർട്ടനുകളും മാറ്റാനുമാണ് ഈ തുക ചെലവിട്ടത്. എം.കെ മുനീറാണ് മോടി പിടിപ്പിക്കലിൽ രണ്ടാമൻ. ഔദ്യോഗിക വസതിയായ എസെൻഡീനിലെ അടുക്കള ആധുനികവത്കരിക്കാനും ഫർണിച്ചറും എ.സിയും കർട്ടനും മാറ്റാനുമായി ചെലവിട്ടത് 49.84 ലക്ഷം രൂപയാണ്. ഉമ്മൻ ചാണ്ടി താമസിച്ച ക്ലിഫ് ഹൗസിൽ 17.17 ലക്ഷം രൂപയുടെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല താമസിച്ച അശോക ബംഗ്ലാവിൽ 19.83 ലക്ഷം രൂപയുടെയും വ്യവസായ മന്ത്രിയായിരുന്ന കുഞ്ഞാലികുട്ടി താമസിച്ച ലിൻഡ്ഹേഴ്സ്റ്റ് ബംഗ്ലാവിൽ 21.16 ലക്ഷം രൂപയുടെയും അറ്റകുറ്റപ്പണി നടത്തി.

കെ.എം. മാണി താമസിച്ച പ്രശാന്ത് ബംഗ്ലാവിൽ മൂന്നു വർഷത്തിനിടെ 22.39 ലക്ഷം രൂപയുടെ മോടി പിടിപ്പിക്കലാണ് നടത്തിയത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ താമസിച്ച അജന്ത ബംഗ്ലാവ് 8.37 ലക്ഷം, കെ.സി. ജോസഫിന്റെ കവടിയാർ ഹൗസ് 6.28 ലക്ഷം, കെ.പി. മോഹനന്റെ സാനഡു 18.26 ലക്ഷം, ഷിബു ബേബി ജോൺ താമസിക്കുന്ന ഉഷസ ്5.65 ലക്ഷം, അനൂപ് ജേക്കബ് താമസിക്കുന്ന നെസ്റ്റ് 21.55 ലക്ഷം, മഞ്ഞളാംകുഴി അലിയുടെ റോസ്18.39 ലക്ഷം, പി.കെ. ജയലക്ഷ്മി താമസിക്കുന്ന നിള 3 ലക്ഷം, സി.എൻ. ബാലൃഷ്ണന്റെ പൗർണമി 16.21 ലക്ഷം, ആര്യാടൻ മുഹമ്മദ് വസിക്കുന്ന മന്മോഹൻ ബംഗ്ലാവ്7.05 ലക്ഷം, പി.ജെ. ജോസഫിന്റെ പെരിയാർ ഹൗസ്12.26 ലക്ഷം, അടൂർ പ്രകാശ് താമസിക്കുന്ന പമ്പ 5.62 ലക്ഷം, കെ. ബാബു താമസിക്കുന്ന കാവേരി3.18ലക്ഷം. എ.പി. അനിൽകുമാറിന്റെ ഗംഗ3.80 ലക്ഷം, പി.കെ. അബ്ദുറബ്ബിന്റെ ഗ്രേസ് 3.55ലക്ഷം എന്നിങ്ങനെയാണ് മറ്റു മന്ത്രിമന്ദിരങ്ങളിൽ ചെലവഴിച്ച തുക.

തുക ചെലവഴിക്കുന്നതു സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് മെയിന്റനൻസ് വിഭാഗം പലപ്പോഴും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും മറികടക്കാൻ അന്നത്തെ മന്ത്രിമാർ നേരിട്ട് ഇടപെടുകയായിരുന്നു എന്നും ആരോപണമുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP