Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദുരന്തബാധിതർക്കുള്ള സഹായം അനർഹർ കൈപറ്റുന്നില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റുമാർ ഉറപ്പുവരുത്തണം; പത്ത് മുതൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിഭവസമാഹരണം; കോഴിക്കോട് ജില്ലയിലാകെ ഏഴ് പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കും; തദ്ദേശസ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി മന്ത്രി ടി.പി രാമകൃഷണൻ

ദുരന്തബാധിതർക്കുള്ള സഹായം അനർഹർ കൈപറ്റുന്നില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റുമാർ ഉറപ്പുവരുത്തണം; പത്ത് മുതൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിഭവസമാഹരണം; കോഴിക്കോട് ജില്ലയിലാകെ ഏഴ് പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കും; തദ്ദേശസ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി മന്ത്രി ടി.പി രാമകൃഷണൻ

ജാസിം മൊയ്ദീൻ

കോഴിക്കോട്: പ്രളയദുരന്തത്തിൽപെട്ടവർക്കുള്ള സഹായം അനർഹർ കൈപറ്റുന്നില്ലെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുള്ളവർ ഉറപ്പുവരുത്തണമെന്ന് സംസ്ഥാന തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികളുടെ പ്രത്യേക യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനർഹർ സഹായം കൈപറ്റുന്നില്ലെന്ന് പഞ്ചായത്ത് മേലധികാരികൾ ഉറപ്പുവരുത്തണം.

സൗഹൃദത്തിന്റെയും രാഷ്ട്രീയ ബന്ധത്തിന്റെയും പേരിൽ പലയിടങ്ങളിലും അനർഹർ സഹായം ലഭിക്കേണ്ട ആളുകളുടെ ലിസ്റ്റിൽ കയറിപ്പറ്റിയിട്ടുണ്ട്. അതേ സമയം അർഹരായ ഒരാൾക്ക് പോലും സഹായം ലഭിക്കാത്ത അവസ്ഥയുണ്ടാകരുത്. ഇത് പൂർണമായും ഉറപ്പുവരുത്തേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുള്ളവരാണ്. സർക്കാറും മറ്റു സന്നദ്ധ സംഘടനകളും വ്യക്തികളും നൽകുന്ന സഹായങ്ങൾ അർഹർതപ്പെട്ടവർക്ക് മാത്രമാണ് ലഭിക്കുന്നതെന്ന് ഉറപ്പുവരുത്തണം.

മറ്റു പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് പ്രളയബാധിതർക്കുള്ള സഹായം നൽകാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ല. ഉദ്യോഗസ്ഥർ സഹായം നൽകേണ്ട ആളുകളുടെ ലിസ്റ്റ് തയ്യാറാക്കുമ്പോൾ രാഷ്ട്രീയക്കാർ അതിൽ ഇടപെടലുകൾ നടത്തരുത്. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പ്രദേശികമായി ദുരന്തം സംഭവിച്ച ഓരോ സ്ഥലങ്ങളും സന്ദർശിച്ചാണ് കണക്കെടുപ്പുകൾ നടത്തുന്നത്. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സംയുക്തമായാണ് സഹായം ആവശ്യമുള്ളവരെ കണ്ടത്തേണ്ടത്.

അതിനാൽ തന്നെ ഇവർ രണ്ടുകൂട്ടരും ഒരേ അഭിപ്രായത്തിലെത്തണം. ക്യാമ്പുകളിലൊക്കെ ആവശ്യത്തിലധികം സാധനങ്ങൾ ലഭിച്ചിട്ടുണ്ട്. ക്യാമ്പ് അവസാനിക്കുന്ന ഘട്ടത്തിൽ ഇവയെല്ലാം കിറ്റുകളിലാക്കി ക്യാമ്പുകളിൽ കഴിഞ്ഞവർക്കും മറ്റ് ദുരിതബാധിതർക്കും നൽകിയിട്ടുണ്ട്. കോഴിക്കോട് നിന്ന് തെക്കൻ ജില്ലകളിലേക്ക് ജില്ലാഭരണകൂടം നേരിട്ട് മാത്രം ആദ്യ ദിവസങ്ങളിൽ 30 ലോറികളിൽ സഹായങ്ങൾ അയച്ചിട്ടുണ്ട്. ഇതര സംഘടനകളും കൂട്ടായ്മകളും ഇതിലേറെ അയച്ചിട്ടുണ്ട്. ഇനിയും ആവശ്യമെങ്കിൽ എത്തിക്കാൻ തയ്യാറാണ്.

പുനരധിവാസത്തിന്റെ കാര്യവും പ്രത്യേകം ശ്രദ്ധിക്കണം. ഇപ്പോൾ നിലവിൽ കുറെയേറെ ആളുകൾ വീടുകൾ വൃത്തിയാക്കി വീടുകളിലേക്ക് മടങ്ങിയിട്ടുണ്ട്. വീടുകൾ തകർന്നവർക്ക് താത്കാലിക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. കണ്ണപ്പൻകുണ്ടിൽ ഓരോ കുടുംബത്തിനും ഓരോ വാടക വീടുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഇത് അവിടുത്തെ നാട്ടുകാർ തന്നെ മുൻകൈയെടുത്ത് ചെയ്തതാണ്. ഫണ്ടും നാട്ടുകാരാണ് കണ്ടെത്തിയത്. സർക്കാറിന് പക്ഷെ അത്തരത്തിൽ ഓരോ കുടുംബത്തിനും ഓരോ താത്കാലിക വീട് കണ്ടെത്താൻ സാധിക്കില്ല. പകരം ഒന്നിലേറെ കുടുംബങ്ങളെ ഒരുമിച്ച് താമസിപ്പിക്കുന്ന രീതിയിലാണ് സർക്കാർ വിഭാവനം ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിന് വലിയ രീതിയിലുള്ള പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഈ മാസം പത്താം തിയ്യതി മുതൽ കോഴിക്കോട് ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളെ കേന്ദ്രങ്ങളാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിഭവ സമാഹരണം നടത്തുന്നതിന് വേണ്ടി ഏഴ് പ്രത്യേക സിറ്റിംഗുകൾ സംഘടിപ്പിക്കും. ചില മണ്ഡലങ്ങൾ സംയോജിപ്പിച്ചായിരിക്കും സിറ്റിംഗുകൾ സംഘടിപ്പിക്കുക. മന്ത്രിമാർ, എംഎ‍ൽഎമാർ, ഉദ്യോഗസ്ഥർ എന്നിവർക്ക് പുറമെ പ്രദേശത്തെ തദ്ദേശ സ്വയംഭരണ പ്രതിനിധകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ കഴിയുന്നവരെ ഈ പിരപാടിയിലേക്ക് എത്തിക്കണം. പത്താം തിയ്യതി രാവിലെ പത്തിന്് ബേപ്പൂർ നിയോജക മണ്ഡലത്തിലെ സിറ്റിങ് ഫറോക്ക് എംഎ‍ൽഎ ഓഫീസിൽ നടക്കും. തുടർന്ന് കോഴിക്കോട് നോർത്ത്, സൗത്ത്, എലത്തൂർ മണ്ഡലത്തിലെ ചില ഭാഗങ്ങളിലുള്ളവർക്കുള്ള സിറ്റിങ് കോഴിക്കോട് കളക്റ്റ്രേറ്റിൽ നടക്കും. ഇത്തരത്തിൽ ഏഴ് സിറ്റിംഗുകളാണ് കോഴിക്കോട് ജില്ലയിൽ നടക്കുക. മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു.

ജില്ലയിൽ നിന്നുള്ള മറ്റൊരു മന്ത്രി എ.കെ ശശീന്ദ്രൻ പനി കാരണം യോഗത്തിൽ പങ്കെടുത്തില്ല. പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീർ, എം.എൽമാരായ പി.ടി.എ റഹീം, പുരുഷൻ കടലുണ്ടി, വി.കെ.സി മമ്മദ്കോയ, കെ.ദാസൻ, ഇ.കെ.വിജയൻ, പാറക്കൽ അബ്ദുള്ള, ജില്ലാ കളക്ടർ യുവി ജോസ്, കോർപറേഷൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് സമാഹരണത്തിനായി സംസ്ഥാന ലോട്ടറി വകുപ്പ് പുറത്തിറിക്കിയ പ്രത്യേക ലോട്ടറി ടിക്കറ്റിന്റെ ജില്ലാതല വിൽപനയും മന്ത്രി നടത്തി. മന്ത്രി വാങ്ങിയ ടിക്കറ്റ് ചടങ്ങിൽ വെച്ച് തന്നെ ജില്ലാകളക്ടർക്ക് കൈമാറി. ടിക്കറ്റിന് സമ്മാനം ലഭിക്കുകയാണെങ്കിൽ അത് ദുരിതാശ്വാസ നിധിയിലേക്കുള്ളതാണെന്ന് മന്ത്രി ഉറപ്പുനൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP