Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിശ്വാസികളായ ഹിന്ദു സ്ത്രീകൾ ശബരിമലയിൽ പോകാറില്ലെന്ന് മണിയാശാൻ; യുവതികൾ ദർശനത്തിനെത്തിയാൽ നിലപാടെടുക്കുക സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ; നിലപാടിൽ ഉറച്ചു നിൽക്കുമ്പോഴും വിശ്വാസികളെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകാൻ ശ്രമിച്ച് സിപിഎം നേതാക്കൾ

വിശ്വാസികളായ ഹിന്ദു സ്ത്രീകൾ ശബരിമലയിൽ പോകാറില്ലെന്ന് മണിയാശാൻ; യുവതികൾ ദർശനത്തിനെത്തിയാൽ നിലപാടെടുക്കുക സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ; നിലപാടിൽ ഉറച്ചു നിൽക്കുമ്പോഴും വിശ്വാസികളെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകാൻ ശ്രമിച്ച് സിപിഎം നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: ശബരിമല യുവതീപ്രവേശനം സംബന്ധിച്ച വിഷയത്തിൽ അന്തിമ വിധി പറയുന്നതിനായി ഏഴംഗ ബെഞ്ചിന് കേസ് വിട്ടതോടെ ശബരിമല വിവാദത്തിൽ നിന്നും തലയൂരാൻ സിപിഎം ശ്രമം. മുൻ നിലപാടിൽ ഉറച്ചു നിൽക്കുന്നു എന്ന് സിപിഎം ജനറൽ സെക്രട്ടറി ഉൾപ്പെടെ പറയുമ്പോഴും യുവതികളെ ശബരിമലയിൽ കയറ്റും എന്നോ കയറാൻ വരുന്ന യുവതികൾക്ക് സംരക്ഷണം നൽകും എന്നോ പറയാൻ സിപിഎം നേതാക്കൾ തയ്യാറായിരുന്നില്ല. കഴിഞ്ഞ തവണ ഭരണഘടനാ ബെഞ്ച് യുവതീപ്രവേശം അനുവദിച്ച് വിധി പുറപ്പെടുവിച്ചതിന് പിന്നാലെ സിപിഎമ്മും സംസ്ഥാന സർക്കാരും എടുത്ത കർശന നിലപാടുകൾ ഇത്തവണ സ്വീകരിച്ചില്ല എന്നതും ശ്രദ്ധേയമായി. സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു എന്ന് പറയുമ്പോഴും യുവതീപ്രവേശം സംബന്ധിച്ച കൃത്യമായ നിലപാട് വ്യക്തമാക്കാൻ സിപിഎം ഇക്കുറി തയ്യാറല്ല. വിശ്വാസികളെ കൂടി വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകാനാണ് സർക്കാർ ശ്രമിക്കുന്നത്.

വിശ്വാസികളായ ഹിന്ദു സ്ത്രീകൾ സാധാരണ ശബരിമലയിൽ പോകാറില്ല എന്നായിരുന്നു മന്ത്രി എംഎം മണിയുടെ പ്രതികരണം. അല്ലാത്തവർ ദർശനത്തിന് വന്നാലും വിധിയുടെ അടിസ്ഥാനത്തിൽ സർക്കാർ നിലപാട് എടുക്കുമെന്നും കോൺഗ്രസും ബിജെപിയും വിശ്വാസം വച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് എന്നും അദ്ദേഹം പ്രതികരിച്ചു. മുല്ലപ്പള്ളിയും ഉമ്മൻ ചാണ്ടിയും ബഡായി പറയുകയാണ്. നിയമനിർമ്മാണം നടത്തുകയാണെന്ന് പറഞ്ഞു പ്രധാനമന്ത്രിയും ബിജെപിയും നാടകം കളിക്കുന്നു എന്നും എം.എം. മണി പറഞ്ഞു.

സുപ്രീംകോടതി വിധിയിൽ ബാഹ്യസ്വാധീനം ഉണ്ടോയെന്ന് പരിശോധിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോടതിവിധി എന്തായാലും നടപ്പാക്കുമെന്ന നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുരുഷന്മാരെ പോലെ സ്ത്രീകൾക്കും എല്ലായിടത്തും തുല്യത വേണമെന്നാണ് പാർട്ടി നിലപാടെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ളയും വ്യക്തമാക്കി. ആരാധനാ സ്വാതന്ത്ര്യത്തിനും ഇത് ബാധകമാണ്. ശബരില വിഷയത്തിൽ ഏഴംഗ ബെഞ്ചിന്റെ വിധി എന്താണെന്നറിയാൻ കാത്തിരിക്കാൻ മാത്രമെ കഴിയുവെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.

അതേസമയം സുപ്രീംകോടതി വിധിയിൽ രാഷ്ട്രീയമുതലെടുപ്പ് വേണ്ടെന്ന് ദേവസ്വം മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ വ്യക്തമാക്കി. യുവതീപ്രവേശം അനുവദിക്കുമോ എന്ന ചോദ്യങ്ങൾ വേണ്ടെന്നും മന്ത്രി കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞു. ശബരിമല യുവതി പ്രവേശന വിഷയത്തിലെ സുപ്രീം കോടതി വിധി രാഷ്ട്രീയ ലാഭത്തിനായി ആരും ഉപയോഗിക്കരുതെന്ന് എൽഡിഎഫ് കൺവീണർ എ.വിജയരാഘവൻ ആശ്യപ്പെട്ടു. കോടതി വിധിയെ തർക്ക വിഷയമാക്കരുത്. കോൺഗ്രസിന്റെ ഓരോ നേതാക്കൾക്കും ഓരോ നിലപാടാണ്. വിശ്വാസികൾക്ക് സമാധാനപരമായി സന്നിധാനത്ത് ദർശനം നടത്താനുള്ള അവസരമൊരുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. മലചവിട്ടാൻ യുവതികൾ എത്തിയാൽ അത് അപ്പോൾ നോക്കാമെന്നും വിജയരാഘവൻ കണ്ണൂരിൽ പറത്തു.

ശബരിമല യുവതീപ്രവേശനത്തിൽ സുപ്രീംകോടതി വിധി എന്തു തന്നെ ആയാലും അത് സർക്കാർ നടപ്പിലാക്കുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. പുനപരിശോധന ഹർജി സംബന്ധിച്ച് സുപ്രീംകോടതിയിൽ നിന്ന് ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്. അത് വന്ന ശേഷം കൂടുതൽ പ്രതികരണങ്ങളാകാമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കോടതി വിധി വന്നാൽ അത് അതേ പടി അംഗീകരിക്കും. പുനപരിശോധനാ വിധികളിൽ തീർപ്പാണോ അതോ ലിംഗ സമത്വം അടക്കം വിശാലമായ കാര്യങ്ങളാണോ ഏഴംഗ ബെഞ്ച് പരിഗണിക്കുക എന്നതിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്. നിലവിലെ വിധിക്ക് സ്റ്റേ ഇല്ലെന്നാണ് മനസിലാക്കുന്നത്. മണ്ഡലകാലം വരാനിരിക്കെ ഇക്കാര്യങ്ങളിലെല്ലാം കൂടുതൽ വ്യക്തത വരുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനായി നിയമ വിദഗ്ധരുടെ സഹായം തേടും

പ്രതിഷേധങ്ങളും പ്രകോപനങ്ങളും എല്ലാം അതിന്റെ വഴിക്ക് നടക്കും. വിധിയുടെ കാര്യത്തിൽ ഒരു തിടുക്കവും ഇല്ല. പുനപരിശോധന ഹർജി പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ രണ്ട് പേർ പുനപരിശോധനക്കെതിരെ ശക്തമായ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. അവരിൽ ഒരാളുകൂടി കൂടിയിരുന്നെങ്കിൽ എന്ന് പറഞ്ഞ് ചിരിച്ച് നിർത്തിയാണ് പിണറായി വിജയൻ വാർത്താ സമ്മേളനം അവസാനിപ്പിച്ചത്. വിധിയിൽ വ്യക്തത വന്നതിന് ശേഷം മാധ്യമങ്ങളെ കാണാമെന്നും പിണറായി വ്യക്തമാക്കി. അതേസമയം സുപ്രീംകോടതി വിധിയിൽ വ്യക്തത വരും വരെ യുവതികളെ പ്രവേശിപ്പിക്കേണ്ടെന്നാണ് സർക്കാർ ധാരണയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ശബരിമലയിലേക്ക് യുവതികൾ വന്നാൽ പുതിയ സാഹചര്യം അനുസരിച്ച് തീരുമാനം എടുക്കുമെന്നും യുവതികൾക്ക് സംരക്ഷണം നൽകില്ലെന്നും നിയമമന്ത്രി എ കെ ബാലൻ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP