Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മന്ത്രിവാഹനത്തിന്റെ ചീറിപ്പാച്ചിലിൽ പൊലിഞ്ഞത് ബൈക്ക് യാത്രക്കാരനായ കോളേജ് അദ്ധ്യാപകന്റെ ജീവൻ; ഔദ്യോഗിക അടയാളങ്ങൾ പതിപ്പിച്ച സ്വകാര്യ വാഹനത്തിലെ മന്ത്രി മുനീറിന്റെ യാത്ര വിവാദത്തിൽ; മന്ത്രിമാരുടെ പരക്കംപാച്ചിലിൽ നാലുകൊല്ലത്തിനിടെ മരിച്ചത് എട്ട് പേർ

മന്ത്രിവാഹനത്തിന്റെ ചീറിപ്പാച്ചിലിൽ പൊലിഞ്ഞത് ബൈക്ക് യാത്രക്കാരനായ കോളേജ് അദ്ധ്യാപകന്റെ ജീവൻ; ഔദ്യോഗിക അടയാളങ്ങൾ പതിപ്പിച്ച സ്വകാര്യ വാഹനത്തിലെ മന്ത്രി മുനീറിന്റെ യാത്ര വിവാദത്തിൽ; മന്ത്രിമാരുടെ പരക്കംപാച്ചിലിൽ നാലുകൊല്ലത്തിനിടെ മരിച്ചത് എട്ട് പേർ

കായംകുളം: മന്ത്രിവാഹനത്തിന്റെ മരണപാച്ചിലിൽ ഒരു ജീവൻകൂടി പൊലിഞ്ഞു. സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി എം കെ മുനീറിന്റെ വാഹനം ഇടിച്ചാണ് ഇന്നലെ ഒരാൾ മരണപ്പെട്ടത്. ബൈക്ക് യാത്രക്കാരനായ ചങ്ങനാശേരി എൻ.എസ്.എസ് കോളേജ് അദ്ധ്യാപകൻ കായംകുളം ഗോവിന്ദമുട്ടം മൂത്തേഴത്ത് ആർ.ശശികുമാർ (50) ആണ് മരിച്ചത്.

കായംകുളത്തു വച്ചായിരുന്നു സംഭവം. അതിനിടെ, മന്ത്രി സഞ്ചരിച്ചത് ഔദ്യോഗിക അടയാളങ്ങൾ പതിപ്പിച്ച സ്വകാര്യ വാഹനത്തിലായിരുന്നു എന്ന് കണ്ടെത്തി. ചട്ടങ്ങൾ ലംഘിച്ചുള്ള മന്ത്രിയുടെ പാച്ചിൽ ഇതിനോടകം വിവാദമായിട്ടുണ്ട്. ബീക്കൺ ലൈറ്റും മന്ത്രിയുടെ നമ്പർ പ്ലേറ്റുമൊക്കെ ഘടിപ്പിച്ചാണ് മന്ത്രി സ്വകാര്യ വാഹനത്തിൽ യാത്ര ചെയ്തത്.

പ്രവാസി വ്യവസായിയുടെ ആഡംബര കാറാണ് മന്ത്രി ഔദ്യോഗികാവശ്യത്തിനായി ഉപയോഗിച്ചത്. അപകടത്തിനുശേഷം കാറിൽ നിന്ന് ഔദ്യോഗിക ബോർഡും ബീക്കൺ ലൈറ്റും മാറ്റുകയും ചെയ്തു.

സ്വകാര്യ വാഹനം ഔദ്യോഗികമാക്കി സഞ്ചരിക്കുന്നതിൽ നിയമതടസമില്ലെങ്കിലും ഇതിനായി നിരവധി ചട്ടങ്ങൾ പാലിക്കേണ്ടതുണ്ട്. എന്നാൽ ഇതൊന്നും പാലിക്കാതെയാണ് മന്ത്രി സ്വകാര്യ വാഹനം ഔദ്യോഗിക വാഹനമാക്കി ഉപയോഗിച്ചതും അപകടത്തിൽപെട്ടതും. അതിനിടെ, അത്യാവശ്യ കാര്യത്തിന് കോഴിക്കോട്ടേക്കു പോകുന്നതിനിടെ കാർ കേടായതിനാലാണ് സുഹൃത്തിന്റെ കാർ കൊണ്ടുപോയതെന്ന വിശദീകരണമാണ് മന്ത്രിയുടെ ഓഫീസ് അറിയിച്ചത്.

ഇന്നലെ രാത്രി പതിനൊന്നോടെ ദേശീയപാതയിൽ കായംകുളം കമലാലയം ജംഗ്ഷനിലായിരുന്നു അപകടം. ചങ്ങനാശേരിയിൽ നിന്ന് ട്രെയിനിൽ കായംകുളം റെയിൽവേ സ്‌റ്റേഷനിലെത്തിയ ശശികുമാർ ഒരു ബന്ധുവീട്ടിൽ പോയശേഷം ഗോവിന്ദമുട്ടത്തെ തന്റെ വീട്ടിലേക്ക് പോകാനായി കൈനറ്റിക് ഹോണ്ട സ്‌കൂട്ടറിൽ റോഡ് മുറിച്ചു കടക്കുമ്പോൾ മന്ത്രിയുടെ വാഹനം ഇടിക്കുകയായിരുന്നു. പരിക്കേറ്റ ശശികുമാറിനെ മന്ത്രിയും പൊലീസും ചേർന്ന് സമീപത്തെ കായംകുളം ഗവ.ആശുപത്രിയിലെത്തിച്ചു. തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ ശശികുമാർ ഇന്ന് പുലർച്ചെ രണ്ടോടെ മരിച്ചു. ഭാര്യ: ആശ.എസ്‌പിള്ള (അദ്ധ്യാപിക, മുതുകുളം ഹൈസ്‌കൂൾ ).മക്കൾ: ഗോകുൽ,ഗാർഗി.

അപകടത്തെ തുടർന്ന് തടിച്ചു കൂടിയ നാട്ടുകാർ മന്ത്രിയെ തടയാൻ ശ്രമിച്ചത് സംഘർഷാവസ്ഥയ്ക്ക് ഇടയാക്കി. തുടർന്ന് കൂടുതൽ പൊലീസെത്തി മന്ത്രിയെ കായംകുളം ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. കുറച്ചു സമയത്തിനുശേഷം മന്ത്രി മറ്റൊരു വാഹനത്തിൽ യാത്ര തുടർന്നു. സാധാരണക്കാർക്കും മന്ത്രിമാർക്കും രണ്ടു തരത്തിലുള്ള റോഡ് നിയമങ്ങൾ ആണെന്ന ആക്ഷേപം ശക്തമാകുന്നതിനിടെയാണ് ഇന്നലെ മന്ത്രിവാഹനം ഇടിച്ച് യാത്രക്കാരൻ മരിച്ചത്.

സാധാരണക്കാർ 40 km/hr ൽ ഓടിക്കുമ്പോൾ, മന്ത്രിമാരുടെ വാഹനങ്ങൾ ചീറിപ്പായുന്നത് 110 km/hr നും മുകളിലാണ്. എങ്കിലും ഇവർ ശിക്ഷിക്കപ്പെടാത്ത സാഹചര്യം ഉണ്ട്.. മന്ത്രിയുടെ വാഹനമോ, അകമ്പടി വാഹനമോ ഇടിച്ചു മരണപ്പെടുകയോ ഗുരുതരമായി പരിക്കേൽപ്പിക്കപ്പെടുകയോ ചെയ്യപ്പെട്ട എത്രയേറെ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും അതിലൊന്നും ആരും ശിക്ഷിക്കപ്പെട്ടതായി കേട്ടിട്ടില്ല.

ഈ അടുത്ത കാലത്ത്, മന്ത്രി വാഹനങ്ങളും അകമ്പടി വാഹനങ്ങളും വരുത്തി വച്ച വിനകളുടെ വാർത്തകൾ താഴെ

1. 2011 നവംബർ: മന്ത്രി കെ സി ജോസഫിന്റെ കാറിടിച്ച് 2 കാൽനട യാത്രക്കാർ മരിച്ചു.
2. 2012 മെയ് : മന്ത്രി അനൂപ് ജേക്കബിന്റെ കാറിടിച്ച് 72 വയസ്സുള്ള ഒരു വയോധികൻ മരിച്ചു.

3 .കോട്ടയം: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അകമ്പടി വാഹനമിടിച്ച് ബൈക്ക് യാത്രികന് പരുക്കേറ്റു. രാവിലെപുതുപ്പള്ളി തലപ്പാടിയിലാണ് അപകടമുണ്ടായത്. പാമ്പാടിയിലെ ഒരു മരണ വീട്ടിലേക്ക് പോകുകയായിരുന്നു മുഖ്യമന്ത്രി.

4 .വളാഞ്ചേരി: വ്യവസായ മന്ത്രി പി കെ കുഞ്ഞാലികുട്ടിക്ക് അകമ്പടി പോയ പൊലീസ് വാഹനം ഇടിച്ച് യുവാവ് മരിച്ചു .

5 .അങ്കമാലി: മന്ത്രി കെ.സി ജോസഫിന്റെ വാഹനമിടിച്ച് 2 കാൽനട യാത്രക്കാർ മരിച്ചു.

6 .കരുനാഗപ്പള്ളി: മന്ത്രി ജയലക്ഷ്മിയുടെ അകമ്പടി വാഹനമിടിച്ച് രണ്ടുപേർക്ക് പരിക്ക്.

7 .കൊട്ടാരക്കര: ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന് അകമ്പടി പോവുകയായിരുന്ന പൊലീസ് ജീപ്പ് ഇടിച്ച് കാൽനടയാത്രികൻ മരിച്ചു.

8 .ചടയമംഗലം:ജലവിഭവമന്ത്രി പി.ജെ.ജോസഫിന്റെ അകമ്പടിവാഹനമാണ് ഇടിച്ചത്.

9 .പരപ്പനങ്ങാടി: വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബിന്റെ വാഹനം തട്ടി ബൈക്ക് യാത്രക്കാരനു പരുക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP