Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മൈക്രോ ഫിനാൻസ് തട്ടിപ്പ്: വെള്ളാപ്പള്ളിക്കെതിരെ വി എസ് കോടതിയിലേക്ക്; വിജിലൻസ് കോടതിയിൽ ഹർജി നൽകാൻ വി എസ് നേരിട്ടെത്തും; ആരോപണങ്ങൽ വി എസ് തെളിയിക്കട്ടെ, ഹർജിയെ ഭയമില്ലെന്ന് വെള്ളാപ്പള്ളി

മൈക്രോ ഫിനാൻസ് തട്ടിപ്പ്: വെള്ളാപ്പള്ളിക്കെതിരെ വി എസ് കോടതിയിലേക്ക്; വിജിലൻസ് കോടതിയിൽ ഹർജി നൽകാൻ വി എസ് നേരിട്ടെത്തും; ആരോപണങ്ങൽ വി എസ് തെളിയിക്കട്ടെ, ഹർജിയെ ഭയമില്ലെന്ന് വെള്ളാപ്പള്ളി

തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ നിയമയുദ്ധത്തിന് ഒരുങ്ങുന്നു. മൈക്രോ ഫിനാൻസ് തട്ടിപ്പിലാണ് വിഎസിന്റെ നിയമപോരാട്ടം തുടങ്ങുന്നത്. മൈക്രോഫിനാൻസുമായി ബന്ധപ്പെട്ട പരാതിയിന്മേൽ തിരുവനന്തപുരം വിജിലൻസ് കോടതിയെ സമീപിക്കാനാണ് വി എസ് ഒരുങ്ങുന്നത്. വി എസ് നേരിട്ടെത്തി ഇന്ന് ഹർജി നൽകും. 11 മണിയോടെ വിജിലൻസ് കോടിയിൽ വി എസ് എത്തും.

വെള്ളാപ്പള്ളിയുടെ സമത്വം മുന്നേറ്റ യാത്ര നാളെ സമാപിക്കാൻ ഇരിക്കേയാണ് വിഎസിന്റെ ഭാഗത്തു നിന്നും ഈ നീക്കം ഉണ്ടായത്. സമത്വ മുന്നേറ്റ യാത്രയ്ക്കുശേഷം യോഗം നേതൃത്വം നൽകുന്ന പുതിയ രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുന്നത്. വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ മോഹത്തെ ചെറുക്കാൻ വിഎസിനെ മുന്നിൽ നിർത്തിയാണ് പാർട്ടി പോരടിക്കുന്നത്.

അതേസമയം മൈക്രോഫിനാൻസ് പദ്ധതിയുമായി ബന്ധപ്പെട്ട് വി എസ്. അച്യുതാനന്ദൻ വിജിലൻസ് കോടതിയിൽ നൽകുന്ന ഹർജിയെ ഭയക്കുന്നില്ലെന്ന് വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ വി എസ്. തെളിയിക്കട്ടെ. കാണുന്ന പച്ചയെല്ലാം കടിക്കുന്ന പശുവിനെപ്പോലെയാണ് വി എസ്. ഒരു പച്ച കടിച്ചാൽ അടുത്തതിലേയ്ക്ക് പോകും വെള്ളാപ്പള്ളി പറഞ്ഞു.

ഇടതു, വലതു മുന്നണികൾ ഏർപ്പെടുത്തിയ വിലക്ക് സമത്വ മുന്നേറ്റ യാത്രയുടെ ശോഭ വർധിപ്പിച്ചിരിക്കുകയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഇനി എന്നെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ ഈ ശോഭ ഇരട്ടിയാകും. കോൺഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരുമില്ലാത്ത മാർച്ചാണ് ഇപ്പോൾ നടക്കുന്നത്. ഇരുവരും അവരുടെ ഭാരവാഹികൾക്ക് മാർച്ചിൽ പങ്കെടുക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ഇന്നലെ വരെ ഞാൻ വർഗീയവാദിയാണെന്ന് ആരും പറഞ്ഞിരുന്നില്ല. സമത്വ മുന്നേറ്റ യാത്ര തുടങ്ങിയപ്പോൾ എല്ലാവർക്കും ഞാൻ വർഗീയവാദിയായി. എന്നാൽ, സമത്വ മുന്നേറ്റയാത്രയെ വരവേൽക്കാൻ പല സ്ഥലങ്ങളിലും കൃസ്ത്യാനികളും മുസ്ലിങ്ങളുമുണ്ടായിരുന്നുവെള്ളാപ്പള്ളി പറഞ്ഞു.

എസ്.എൻ.ഡി.പി യോഗത്തിന്റെ പുതിയ പാർട്ടിയുടെ രൂപവത്കരണം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത യോഗത്തിലേയ്ക്ക് ബിജെപി. നേതാക്കളെ ക്ഷണിച്ചിട്ടില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഇതു സംബന്ധിച്ച് ബിജെപി. നേതാക്കളുമായി ഒരു കൂടിക്കാഴ്ചയും നടത്തിയിട്ടില്ല. യാത്രയുടെ സമാപനത്തോടെ പുതിയ പാർട്ടിയുടെ പ്രഖ്യാപനമുണ്ടാകും. അതിന്റെ രൂപരേഖ ശനിയാഴ്ച കാലത്ത് ചേരുന്ന യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനത്തിലെത്തുംവെള്ളാപ്പള്ളി പറഞ്ഞു

പാവപ്പെട്ടവർക്ക് കുറഞ്ഞ പലിശനിരക്കിൽ വായ്പ ലഭ്യമാക്കുന്ന എസ്എൻഡിപി യോഗത്തിന്റെ അഭിമാനപദ്ധതിയായ മൈക്രോഫിനാൻസിനെ കുറിച്ച് വ്യാപകമായി പരാതിയാണ് ഉയരുന്നത്. പദ്ധതി അനുസരിച്ച് വായ്പയെടുത്ത് വഞ്ചിതരായെന്ന പരാതിയുമായി നിരവധി പേർ രംഗത്തുവന്നിട്ടുണ്ട്. കൂടിയ പലിശ ഈടാക്കുന്നതും യോഗം ഭാരവാഹികൾ വായ്പാതുക കൃത്യമായി തിരിച്ചടയ്ക്കാത്തത്മൂലം വായ്പയെടുത്തവർ ജപ്തിഭീഷണിയിലായെന്നുമായിരുന്നു പ്രധാന പരാതികൾ.

മൈക്രോഫിനാൻസ് പദ്ധതിയുമായി ബന്ധപ്പെട്ട് എസ്എൻഡിപി യൂണിയൻ പത്തനംതിട്ട യൂണിയൻ പ്രസിഡന്റും കെപ്‌കോ ചെയർമാനുമായാ കെ പത്മകുമാറിനെ പ്രതിയാക്കി കഴിഞ്ഞ മാസം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ത്രീകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ എസ്എൻഡിപി യോഗം തൃശൂർ മണ്ണൂത്തി യൂണിയൻ കൺവീനർ പവിത്രൻ അടക്കം നാലു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ എസ്എൻഡിപി യോഗം ബിജെപിയുമായി സഖ്യമുണ്ടാക്കിയതു മുതൽ പദ്ധതിയുടെ പേരിൽ രൂക്ഷമായ വിമർശമാണ് വി എസ്. വെള്ളാപ്പള്ളിക്കെതിരെ നടക്കുന്നത്. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ വിജിലൻസ് കോടതിയിൽ ഹർജി നൽകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP