Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഞങ്ങളുടെ ദുരനുഭവം സമാനതകളില്ലാത്തതാണ്; ഇപ്പോൾ കൊല്ലപ്പെട്ടവർ അതിലേറെ ദുരിതം അനുഭവിച്ചിരിക്കും; ഞാനുൾപ്പെടെ 46 നഴ്സുമാർക്ക് അത് ജീവിതത്തിലേക്കുള്ള ടേക്ക് ഓഫായിരുന്നത്; ദുരനുഭവങ്ങളിൽനിന്ന് അന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്; ദുരന്തത്തിന്റെ ഓർമ്മകൾ പങ്ക് വെച്ച് മെറീന ജോസ്

'ഞങ്ങളുടെ ദുരനുഭവം സമാനതകളില്ലാത്തതാണ്; ഇപ്പോൾ കൊല്ലപ്പെട്ടവർ അതിലേറെ ദുരിതം അനുഭവിച്ചിരിക്കും; ഞാനുൾപ്പെടെ 46 നഴ്സുമാർക്ക് അത് ജീവിതത്തിലേക്കുള്ള ടേക്ക് ഓഫായിരുന്നത്; ദുരനുഭവങ്ങളിൽനിന്ന് അന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്; ദുരന്തത്തിന്റെ ഓർമ്മകൾ പങ്ക് വെച്ച് മെറീന ജോസ്

തിരുവനന്തപുരം: 'ഞങ്ങളുടെ ദുരനുഭവം സമാനതകളില്ലാത്തതാണ്. ഇപ്പോൾ കൊല്ലപ്പെട്ടവർ അതിലേറെ ദുരിതം അനുഭവിച്ചിരിക്കും. അന്ന് രക്ഷപ്പെട്ടവർ, ഇപ്പോഴത്തെ ദുരന്തമറിഞ്ഞ് വിവിധ സ്ഥലങ്ങളിൽനിന്ന് വിളിച്ചു. എല്ലാവരും കരഞ്ഞുകൊണ്ടാണ് സംസാരിച്ചത്. ഞങ്ങൾക്കും ഇതേ ദുരന്തം ഉണ്ടാകുമായിരുന്നല്ലോയെന്ന് ഓർക്കുമ്പോൾ നടുക്കം മാറുന്നില്ല... ഇറാഖിൽ നിർമ്മാണ തൊഴിലാളികൾ കൊല്ലപ്പെട്ട വാർത്ത അറിഞ്ഞപ്പോൾ ഞെട്ടിയിരിക്കുകയാണ് മെറീന ജോസ്.

ഇറാഖിലെ തിക്രിത്തിൽ നേഴ്‌സുമാരെ തടവിൽ വെച്ച അതേ സമയത്തായിരുന്നു നിർമ്മാണ തൊഴിലാളികളേയും തടങ്കലിൽ ആക്കി കൊലപ്പെടുത്തിയത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും നയതന്ത്ര ഉദ്യോഗസ്ഥരുടെയും വ്യവസായികളുടെയും മറ്റും സമയോചിത ഇടപെടലുകൾക്കൊടുവിലാണ് അന്ന് 46 നഴ്സുമാർ രക്ഷപ്പെട്ടത്. കേന്ദ്രമന്ത്രി സുഷമാ സ്വരാജ്, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരുടെ ഇടപെടലുകൾ നന്ദിയോടെ ഓർക്കുമെന്ന് മെറീന പറഞ്ഞു.

അന്നത്തെ ഓർമ്മകൾ ഭീകരമായിരുന്നു. ഭീകരർ സദാസമയവും തോക്ക് ചൂണ്ടി അടുത്തുണ്ടായിരുന്നു. വെറുതെ ഞങ്ങളെ ഇറക്കി വിടുമെന്ന് വിശ്വസിക്കുന്നില്ല. എത്ര തുക തന്നാൽ വിടാം എന്ന് ഭീകരരുടെ ചർച്ചകളിൽ കേട്ടിട്ടുണ്ട്. ഭീകരർക്ക് മോചനദ്രവ്യം നൽകിയെന്നത് ആക്ഷേപമല്ല, അങ്ങനെ തന്നെയായിരിക്കാം. ഭാഗ്യംകൊണ്ട് എല്ലാം ഒത്തുവന്നു.

ആശുപത്രിയിൽനിന്നിറങ്ങി ബസിലേക്ക് കയറാൻ ഒരുദിവസം ഭീകരർ ആവശ്യപ്പെട്ടു. എല്ലാവരും മടിച്ചുനിന്നപ്പോൾ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ വിളിച്ച് മെറീന പറഞ്ഞു, ''ഇനി നിന്നാൽ ഒരാൾ പോലും രക്ഷപ്പെടില്ല''. കേന്ദ്ര മന്ത്രി സുഷമാ സ്വരാജുമായി കൂടിക്കാഴ്ചയിലായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടി യെസ് പറഞ്ഞപ്പോഴാണ് 45 സഹപ്രവർത്തകരുമായി മെറീന ഭീകരരുടെ ബസിൽ കയറിയത്. മെറീനയും കൂട്ടരും ബസിൽ കയറിയതിന് പിന്നാലെ ഭീകരർ ആശുപത്രി ബോംബിട്ട് തകർത്തു.

ഒരുപകലും രാത്രിയും മുഴുവനും നിറുത്താതെ യാത്ര. അടച്ചുമൂടിക്കെട്ടിയ ബസിനുള്ളിൽ കൊടുംചൂട്. മനസലിവുതോന്നിയ ഭീകരർ രണ്ടുവട്ടം കുടിവെള്ളവും ലഘുഭക്ഷണവും വാങ്ങിത്തന്നു. കൊല്ലാൻ കൊണ്ടുപോവുകയാണെന്നാണ് തോന്നിയത്. ജീവനെക്കുറിച്ച് ഒരു പ്രതീക്ഷയുമുണ്ടായിരുന്നില്ല. പുറത്തേക്ക് ഒളിഞ്ഞുനോക്കുമ്പോൾ എങ്ങും തകർന്ന കെട്ടിടങ്ങളും മലനിരകളും മാത്രം. ആ യാത്രയിൽ ദൈവം ഞങ്ങൾക്ക് തുണയായി.

അമ്മ മരിച്ചുപോയെന്നാണ് എന്റെ രണ്ടുമക്കളും കരുതിയത്. ഖത്തറിലായിരുന്ന ഭർത്താവും നാട്ടിലെ മാതാപിതാക്കളുമെല്ലാം കൂട്ടപ്രാർത്ഥനയിലായി. മൊസൂളിലെ കോട്ടപോലുള്ള കേന്ദ്രത്തിലേക്കാണ് ഭീകരർ ഞങ്ങളെ കൊണ്ടുപോയത്. ഒരു രാത്രി മൊസൂളിലെ താവളത്തിൽ കഴിഞ്ഞു. ആ രാത്രിയിലാണ് കേന്ദ്രസർക്കാരിന്റെ നിർണായകമായ ഇടപെടലുകളുണ്ടായത്. പിറ്റേന്ന് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് ഞങ്ങളെ കൈമാറി. എർബിൽ വിമാനത്താവളത്തിൽ നിന്ന് നെടുമ്പാശേരിക്കുള്ള വിമാനത്തിൽ കയറിയശേഷമാണ് എല്ലാവർക്കും ശ്വാസംവീണത്''

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP