Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദിവാസി യുവതി ഷെഡിനുള്ളിൽ മാസം തികയാതെ പ്രസവിച്ചത് അർദ്ധരാത്രിയിൽ; സഹായത്തിനായി ഭർത്താവ് പോലും ഒപ്പമില്ലാതെ ജീവൻ അപകടത്തിലായപ്പോൾ രക്ഷകരായത് റാന്നി പെരുനാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ മൊബൈൽ മെഡിക്കൽ യൂണിറ്റ്; ഉൾവനങ്ങളിൽ ആരുമറിയാതെ ഒടുങ്ങിയേക്കുമായിരുന്ന ജീവനുകൾക്ക് താങ്ങും തണലുമാകുന്ന ആതുരസേവകരുടെ പ്രവർത്തനം മാതൃകാപരം

ആദിവാസി യുവതി ഷെഡിനുള്ളിൽ മാസം തികയാതെ പ്രസവിച്ചത് അർദ്ധരാത്രിയിൽ; സഹായത്തിനായി ഭർത്താവ് പോലും ഒപ്പമില്ലാതെ ജീവൻ അപകടത്തിലായപ്പോൾ രക്ഷകരായത് റാന്നി പെരുനാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ മൊബൈൽ മെഡിക്കൽ യൂണിറ്റ്; ഉൾവനങ്ങളിൽ ആരുമറിയാതെ ഒടുങ്ങിയേക്കുമായിരുന്ന ജീവനുകൾക്ക് താങ്ങും തണലുമാകുന്ന ആതുരസേവകരുടെ പ്രവർത്തനം മാതൃകാപരം

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ആദിവാസി മേഖലയിൽ ആരോഗ്യ പ്രവർത്തനം നടത്തുന്ന റാന്നി പെരുനാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ മൊബൈൽ മെഡിക്കൽ യൂണിറ്റിന്റെ ആത്മാർത്ഥമായ പ്രവർത്തനത്തിന്റെ ഫലമായി ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവന്നത് ആദിവാസി യുവതിയേയും അവളുടെ നവജാത ശിശുവിനെയും. ആദിവാസി മലമ്പണ്ടാരം വിഭാഗത്തിൽ പെട്ട രജനിയെയും കുഞ്ഞിനെയുമാണ് സമയോചിതമായ ഇടപെടലിലൂടെ മെഡിക്കൽ സംഘം രക്ഷിച്ചത്. ആരോരുമില്ലാതെ ഷെഡിൽ മാസം തികയുംമുമ്പ് പ്രസവിച്ച യുവതിയെ കണ്ടെത്തി വിദഗ്ധ ചികിത്സ നൽകുകയായിരുന്നു.

കഴിഞ്ഞ ദിവസം അർദ്ധരാത്രിയിലാണ് മൂഴിയാർ സായ്‌പ്പും കുഴിയിലെ ഷെഡിനുള്ളിൽ ആദിവാസി യുവതി രജനി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. ഈ സമയത്ത് ഭർത്താവ് ചന്ദ്രൻ സ്ഥലത്തുണ്ടായിരുന്നില്ല. ആദിവാസി മലമ്പണ്ടാരം വിഭാഗത്തിൽപ്പെട്ട ഇവർ സ്ഥിരമായി ഒരു സ്ഥലത്തു തന്നെ താമസ്സിക്കാറില്ല. നേരത്തേ ഇവർ നിലയ്ക്കലായിരുന്നു താമസം. ചന്ദ്രന്റെ ജോലി സംബന്ധമായ ആവശ്യങ്ങൾക്കായാണ് അവർ മൂഴിയാർ സായ്‌പ്പും കുഴിയിലേയ്ക്ക് താമസ്സം മാറ്റിയത്. പെരുനാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ മൊബൈൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ സ്‌കാനിങ്, രക്ത പരിശോധനകളടക്കമുള്ള വൈദ്യ പരിശോധനയും, പരിചരണവും രജനിക്ക് നൽകിയിരുന്നു. ജൂൺ 9 നാണ് രജനിയുടെ പ്രസവ തിയതി കണക്കു കൂട്ടിയിരുന്നത്. എന്നാൽ ഒരുമാസം മുമ്പ് രജനി പ്രസവിക്കുകയായിരുന്നു.

പിറ്റേന്ന് പുലർച്ചെ തന്നെ വിവരമറിഞ്ഞ മെഡിക്കൽ ഓഫീസർ ഡോ. ലിഖിൻ എസ്‌പിയുടെ നിർദ്ദേശ പ്രകാരം ഡോ. ആശാ ലക്ഷ്മി, എൽ.എച്ച്.ഐ ഇൻ ചാർജ്ജ് സൂസമ്മ സാമുവൽ, ജെ.പി.എച്ച്.എൻ ബിജിമോൾ, എം.എം.യു ഡ്രൈവർ മനോജ് എന്നിവരടങ്ങുന്ന ടീം സംഭവസ്ഥലത്തേക്ക് കുതിച്ചു. പ്രാഥമിക ചികിത്സ കൊടുത്തതിന് ശേഷം അമ്മയേയും കുഞ്ഞിനേയും പെരുനാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. രക്തസമ്മർദ്ദത്തിലുള്ള വ്യതിയാനം കണ്ടതിനെ തുടർന്ന് മെഡിക്കൽ ഓഫീസറുടെ നിർദ്ദേശ പ്രകാരം പത്തനംതിട്ട ജനറൽ ഹോസ്പ്പിറ്റലിലെത്തിക്കുകയും മെച്ചപ്പെട്ട ചികിത്സ നൽകുകയുമായിരുന്നു. ഇപ്പോൾ അമ്മയും കുഞ്ഞും സുഖം പ്രാപിച്ചു വരുന്നു.

ആദിവാസി മേഖലയിലുള്ള ആരോഗ്യ പ്രവർത്തനത്തിൽ അക്ഷീണം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന റാന്നി പെരുനാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ടീമിന്റെ പ്രവർത്തനം അത്യന്തം അഭിമാനകരവും, കുറ്റമറ്റതുമാണ്. പ്രളയകാലത്ത് ഉൾക്കാട്ടിൽ പ്രസവിച്ചു കിടന്ന സ്ത്രീയെയും കുട്ടിയെയും രക്ഷപെടുത്തിയ മെഡിക്കൽ ടീമിന്റെ പ്രവർത്തനം അന്ന് വാർത്തയായിരുന്നു.

യാതൊരുവിധ ഗർഭകാല പരിശോധനകളും നടത്താതെ ഉൾവനത്തിൽ കഴിഞ്ഞു വരികയായിരുന്നു ഗർഭിണിയായ പൊന്നമ്മയും, ഭർത്താവ് രാജേന്ദ്രനും. ശബരിമല ദേശിയ പാതയോരത്ത് ചാലക്കയം എന്ന സ്ഥലത്ത് നിന്നും 3 കിലോമീറ്റർ ഉൾവനത്തിലായിരുന്നു ഇവരുടെ താമസം. ഈ ഏര്യയിൽ പ്രവർത്തിക്കുന്ന ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സായ ബിജിമോളുടെ അറിയിപ്പിനെ തുടർന്ന് മെഡിക്കൽ ഓഫീസർ ഡോ: എസ്‌പി ലിഖിനും സംഘവും പ്ലാപ്പള്ളി ഫോറസ്റ്റ് റെയ്ഞ്ചോ ഫീസർ ജയനും, സീനിയർ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഉണ്ണികൃഷ്ണൻ എന്നിവരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഫോറസ്റ്റ് ജീവനക്കാരുടെ സഹായത്തോട് കൂടി അവരെ കണ്ടെത്താനും ആദ്യഘട്ട പരിശോധന റാന്നി താലൂക്ക് ഹോസ്പ്പിറ്റലിൽ വച്ച് നടത്താനും സാധിച്ചിരുന്നു.

ഹീമോഗ്ലോബിന്റെ അളവ് ഗണ്യമായി കുറവ് കണ്ടതിതെ തുടർന്ന് പൊന്നമ്മയെ മെഡിക്കൽ കോളജിലേയ്ക്ക് റഫർ ചെയ്തു പ്രസവം ഓഗസ്റ്റ് മാസം പകുതിയോടു കൂടി ഉണ്ടാവുമെന്നും അതുകൊണ്ട് അവിടെ തന്നെ അഡ്‌മിറ്റ് ചെയ്യണമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചു. പക്ഷേ ചില വ്യക്തിപരമായ കാരണങ്ങൾ ഉള്ളതിനാൽ 10 ദിവസത്തിനുള്ളിൽ തിരികെയെത്താം എന്ന് എഴുതി വച്ച് അവർ ഉൾ കാട്ടിലേക്ക് മറയുകയായിരുന്നു. മെഡിക്കൽ ടീം അവരെ ഹോസ്പിറ്റലിൽ എത്തിക്കാൻ ഓഗസ്റ്റ് 14-ന് ചാലക്കയത്തെത്തിയെങ്കിലും കനത്ത മഴയെ തുടർന്ന് അവർക്ക് പൊന്നമ്മയെ കണ്ടെത്താനായില്ല.

പ്രളയത്തിനും പേമാരിക്കും ശേഷം നടത്തിയ തെരച്ചിലിലാണ് ഉൾക്കാട്ടിൽ പ്രസവിച്ചു കിടക്കുന്ന പൊന്നമ്മയെ കണ്ടെത്തിയത്. വൃത്തിഹീനമായ അന്തരീക്ഷത്തിൽ പുഴുക്കളും ഉറുമ്പുകളും നിറഞ്ഞ ചെളിക്കുണ്ടിനരികിൽ അത്യാസന്ന നിലയിലായിരുന്നു മെഡിക്കൽ ടീം അവരെ അട്ടത്തോട്ടിലെത്തിച്ചു പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം പിന്നീട് വിദഗ്ധ ചികിത്സക്കായ് റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP