Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാതൃഭൂമി സാഹിത്യ പുരസ്‌കാരം സച്ചിദാനന്ദന്; അവാർഡ് മൂന്നു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്നത്; ഭാഷയേയും ഭാവുകത്വത്തേയും നിരന്തരം നവീകരിച്ച കവിയെന്ന് പുരസ്‌ക്കാര സമിതി

മാതൃഭൂമി സാഹിത്യ പുരസ്‌കാരം സച്ചിദാനന്ദന്; അവാർഡ് മൂന്നു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്നത്; ഭാഷയേയും ഭാവുകത്വത്തേയും നിരന്തരം നവീകരിച്ച കവിയെന്ന് പുരസ്‌ക്കാര സമിതി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: 2020-ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാരം മലയാളകവിതയെ ലോകാന്തരങ്ങളിലെത്തിച്ച കവി സച്ചിദാനന്ദന്. മൂന്നു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവുമടങ്ങുന്നതാണ് പുരസ്‌കാരം. കഥാകൃത്ത് സക്കറിയ ചെയർമാനും നോവലിസ്റ്റ് സാറാ ജോസഫ്, കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം എന്നിവർ അംഗങ്ങളുമായ സമിതിയാണ് ഈ വർഷത്തെ പുരസ്‌കാരത്തിന് സച്ചിദാനന്ദനെ തിരഞ്ഞെടുത്തതെന്ന് മാതൃഭൂമി മാനേജിങ്ങ് ഡയറക്ടർ എം വിശ്രേയാംസ് കുമാർ, ചെയർമാനും മാനേജിങ്ങ് എഡിറ്ററുമായ പി.വി.ചന്ദ്രൻ എന്നിവർ അറിയിച്ചു.

ദീർഘമായ തന്റെ എഴുത്തുജീവിതത്തിലൂടെ മലയാള ഭാഷയേയും ഭാവുകത്വത്തേയും നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്ന കവിയാണ് സച്ചിദാനന്ദൻ എന്ന് പുരസ്‌കാര നിർണ്ണയസമിതി വിലയിരുത്തി.കെ. സച്ചിദാനന്ദൻ എന്ന സച്ചിദാനന്ദൻ 1946-ൽ തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ പുല്ലൂറ്റിലാണ് ജനിച്ചത്. കുട്ടിക്കാലത്തേ കവിതയെഴുത്താരംഭിച്ച അദ്ദേഹം ക്രൈസ്റ്റ് കോളേജിൽ ഇംഗ്ലീഷ് അദ്ധ്യാപകൻ, ഇന്ത്യൻ ലിറ്ററേച്ചറിന്റെ എഡിറ്റർ, കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറി, 'ഇഗ്നോ'വിൽ പരിഭാഷാവകുപ്പ് പ്രൊഫസറും ഡയറക്ടറും എന്നിങ്ങനെ നിരവധി പദവികൾ വഹിച്ചു. സച്ചിദാനന്ദന്റെ കവിതകൾ 1965-2015, തഥാഗതം, നില്ക്കുന്ന മനുഷ്യൻ, സമുദ്രങ്ങളെക്കുറിച്ചു മാത്രമല്ല, പക്ഷികൾ എന്റെ പിറകേ വരുന്നു, ദുഃഖം എന്ന വീട് എന്നിവ പ്രധാന കാവ്യഗ്രന്ഥങ്ങളാണ്. പടിഞ്ഞാറൻ കവിതകൾ, മൂന്നാംലോക കവിത, ഇന്ത്യൻ കവിത, പലലോക കവിത, ഉറങ്ങുന്നവർക്കുള്ള കത്തുകൾ (സ്വീഡിഷ് കവിത), കെട്ടിയിട്ട കോലാട് (കമലാദാസ്) എന്നീ സമാഹാരങ്ങളിൽ സച്ചിദാനന്ദന്റെ മുഴുവൻ കാവ്യപരിഭാഷകളും അടങ്ങിയിരിക്കുന്നു.

അറബി, ഫ്രഞ്ച്, ഇംഗ്ലീഷ്, ഇറ്റാലിയൻ, ഐറിഷ്, ചൈനീസ്, ജാപ്പനീസ്, ജർമൻ, ഹിന്ദി, ബംഗാളി ഉൾപ്പെടെയുള്ള ഭാഷകൽലേയ്ക്ക് സച്ചിദാനന്ദന്റെ കവിതകൾ പരിഭാഷപ്പെടുത്തിട്ടുണ്ട്. മലയാള കവിതാപഠനങ്ങൾ ഉൾപ്പെടെ 23 ലേഖനസമാഹാരങ്ങൾ എഴുതിയിട്ടുണ്ട്. 'അനന്തരം' എന്ന ആദ്യ കഥാസമാഹാരം മാതൃഭൂമി ബുക്‌സ് പുറത്തിറക്കി. അഞ്ച് തവണ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്, ഗംഗാധർ മെഹർ ദേശീയപുരസ്‌കാരം, കുസുമാഗ്രജ് ദേശീയപുരസ്‌കാരം, എൻ.ടി.ആർ. ദേശീയപുരസ്‌കാരം, എഴുത്തച്ഛൻ പുരസ്‌കാരം, ആശാൻ പുരസ്‌കാരം, ഉള്ളൂർ പുരസ്‌കാരം, ആദ്യ പി. കുഞ്ഞിരാമൻ നായർ പുരസ്‌കാരം, ആദ്യ കടമ്മനിട്ട അവാർഡ് തുടങ്ങിയവയും സച്ചിദാനന്ദനെത്തേടിയെത്തിയിട്ടുണ്ട്. ഇറ്റലിയിൽനിന്ന് 'നൈറ്റ്ഹുഡ് ഓഫ് ദി ഓർഡർ ഓഫ് മെറിറ്റ്', പോളണ്ടിൽനിന്ന് ഇന്ത്യാ-പോളണ്ട്് ഫ്രൻഡ്ഷിപ്പ് മെഡൽ, കേരള സാഹിത്യ അക്കാദമി ഫെല്ലോ എന്നിവയും നേടിയിട്ടുണ്ട്. ഭാര്യ: തുളസീദേവി (ബിന്ദു). മക്കൾ: സരിത, സബിത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP