Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യാനിരിക്കുന്നതേയുള്ളൂ; അതിന് മുൻപ് കാനഡക്കാർ എങ്ങനെ ഇതറിഞ്ഞു; അവരുമായി എങ്ങനെ കച്ചവടമുറപ്പിച്ചു? മുഖ്യമന്ത്രിയുമായുള്ള പഴയ ബന്ധമല്ലേ ഇതിന്റെ പിന്നിൽ? ഇത്തരം ഇടപാടിൽ കമ്മീഷനില്ലേ? ഇവിടെ എത്ര ആർക്കൊക്കെ കിട്ടി? കമ്മീഷൻ നൽകുന്നതിൽ കുപ്രസിദ്ധരാണ് ലാവലിനെന്നും കളിയാക്കൽ; മസാല ബോണ്ടിൽ വിടാതെ പിടിച്ച് രമേശ് ചെന്നിത്തല

ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യാനിരിക്കുന്നതേയുള്ളൂ; അതിന് മുൻപ് കാനഡക്കാർ എങ്ങനെ ഇതറിഞ്ഞു; അവരുമായി എങ്ങനെ കച്ചവടമുറപ്പിച്ചു? മുഖ്യമന്ത്രിയുമായുള്ള പഴയ ബന്ധമല്ലേ ഇതിന്റെ പിന്നിൽ? ഇത്തരം ഇടപാടിൽ കമ്മീഷനില്ലേ? ഇവിടെ എത്ര ആർക്കൊക്കെ കിട്ടി? കമ്മീഷൻ നൽകുന്നതിൽ കുപ്രസിദ്ധരാണ് ലാവലിനെന്നും കളിയാക്കൽ; മസാല ബോണ്ടിൽ വിടാതെ പിടിച്ച് രമേശ് ചെന്നിത്തല

കണ്ണൂർ: മസാല ബോണ്ടിൽ ലാവലിൻ ഇടപാട് ബന്ധം ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും രംഗത്ത്. മസാല ബോണ്ട് കാനഡക്കാർ മാത്രം എങ്ങനെ വാങ്ങിയെന്നും ചെന്നിത്തല ചോദിച്ചു. ബോണ്ട് ലിസ്റ്റ് ചെയ്യുന്നതിന് മുമ്പ് കാനഡയിലെ ലാവലിൻ സഖ്യ കമ്പനി ബോണ്ട് കച്ചവടമാക്കിയത് മുഖ്യമന്ത്രിയുമായുള്ള പഴയ ബന്ധം വഴിയാണെന്നും ചെന്നിത്തല ആരോപിച്ചു. മസാല ബോണ്ടിൽ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം. മസാല ബോണ്ട് ലോകത്ത് ആർക്കും വാങ്ങാമെന്നിരിക്കെ കാനഡ കമ്പനി മാത്രം ഇത് എങ്ങനെ അറിഞ്ഞു ? ലാവലിൻ സഖ്യ കമ്പനിയിൽ നിന്ന് എത്ര കമ്മീഷൻ കിട്ടി എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. നടന്നത് വളഞ്ഞ വഴിക്കുള്ള ഇടപാടെന്നും ചെന്നിത്തല ആരോപിച്ചു. കാബിനറ്റിനെയോ നിയമസഭയെയോ ഇടപാട് അറിയിച്ചിട്ടില്ല. മറുപടി പറയേണ്ടത് കരാർ ഉദ്യോഗസ്ഥർ അല്ല. ലാവലിൻ കമ്പനിയെ സഹായിക്കാൻ ഉള്ള നടപടിയാണ് ഇപ്പോൾ നടക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

കിഫ്ബിയുടെ മസാലാ ബോണ്ട് സംബന്ധിച്ച മുഴുവൻ വിവരങ്ങളും സർക്കാർ പുറത്തു വിടണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം. ബോണ്ടിന്റെ കാലാവധി എത്ര വർഷമാണ്? 2024 മുതൽ 25 വർഷത്തെ തിരച്ചടവാണെന്നാണ് നേരത്തെ സർക്കാർ തന്നിരുന്ന ധാരണ. പക്ഷേ ലണ്ടൻ സ്റ്റോക്ക് എക്സേഞ്ചിന്റെ വെബ്സൈറ്റിൽ കാണുന്നത് കിഫ്ബിയുടെ ബോണ്ട് 5 വർഷക്കാലവധിക്കുള്ളതെന്നാണ്. ഏതാണ് ശരിയെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെടുന്നു. 5 വർഷക്കാലാവധി ആണെങ്കിൽ അത് സംസ്ഥാനത്തിന് വരുത്തി വയ്ക്കുന്ന ബാദ്ധ്യത നേരത്തെ കരുതിയതിലും വളരെ കൂടുതലായിരിക്കും. അഞ്ചാമത്തെ വർഷം പണം തിരിച്ചു നൽകണമെന്നാണെങ്കിൽ കിഫ്ബി ഈ പണം ഉപയോഗിച്ച് നടത്തുന്ന പദ്ധതികളുടെ പണി തുടങ്ങുന്നതിനോ പൂർത്തിയാകുന്നതിനോ മുൻപ് പണം തിരിച്ചു നൽകേണ്ടി വരും. അപ്പോൾ പ്രയോജനം എന്താണ്?-ഇതും ചെന്നിത്തല പ്രധാനമായും ചർച്ചയാക്കുന്നു.

5 വർഷത്തേക്കാണെങ്കിൽ 1045 കോടി രൂപ പലിശ ഇനത്തിൽ മാത്രം നൽകേണ്ടി വരും. മുതലായ 2150 കോടി ഉൾപ്പടെ 3195 കോടി രൂപ നൽകണം. 25 വർഷമാണെങ്കിൽ പലിശ മാത്രം 5213 കോടി രൂപ നൽകണം. മൊത്തം പലിശയും ചേർന്ന് 7373 കോടി രൂപ നൽകണം. ഓരോ വർഷവും പലിശ 209 കോടി രൂപയാണ്. അഞ്ചു വർഷമാണെങ്കിൽ വലിയ നഷ്ടമാണ് ഉണ്ടാവുക. 25 വർഷമാവുമ്പോൾ താരതമ്യേന ചെറിയ തുക ദീർഘകാലം നൽകേണ്ടി വരും. പക്ഷേ അഞ്ചു വർഷമാണെങ്കിൽ പദ്ധതികൾ പൂർത്തിയാവുകയുമില്ല ,വൻ തുക ഒന്നിച്ചു നൽകേണ്ടി വരും. എല്ലാം രഹസ്യമാക്കി വയ്ക്കാതെ സർക്കാർ ഇനിയെങ്കിലും സത്യം പുറത്തു പറയണം. ഇത് സംബന്ധിച്ച എല്ലാ ഫയലുകളും പ്രതിപക്ഷത്തിന് ലഭ്യമാക്കണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം.

ഓരോ ലിറ്റർ ഇന്ധനവും വാങ്ങുമ്പോൾ കേരളീയർ 1 രൂപ കിഫ്ബിക്ക് നൽകുകയാണ്. ഈ പൊതു മുതലാണ് കൊള്ള പലിശയ്ക്കുള്ള മസാല ബോണ്ട് വാങ്ങി ധൂർത്തടിക്കുന്നത്. 9.372% പലിശയാണ് ബോണ്ടിന്. പലിശ കുറവാണെന്നാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. പക്ഷേ കിഫ്ബിയുടെ റേറ്റിങ് കുറവായതിനാൽ കൂടുതൽ പലിശ കൊടുക്കണ്ടി വന്നു എന്ന് കിഫ്ബി സിഇഒയും പറയുന്നു. മുഖ്യമന്ത്രി പലിശ കുറവെന്ന് പറഞ്ഞ് ജനത്തെ പറ്റിക്കുകയാണെന്നും ചെന്നിത്തല പറയുന്നു.

തോമസ് ഐസക്കിന്റെ ഫേസ് ബുക്ക് പോസ്റ്റിനും ചെന്നിത്തല മറുപടി നൽകുന്നുണ്ട്. ധനമന്ത്രി തോമസ് ഐസക്കിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വിചിത്രവും അപഹാസ്യവുമാണെന്ന് ചെന്നിത്തല പറയുന്നു. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്ന നിലയിലേക്ക് തോമസ് സൈക്കിനെപ്പോലുള്ള ഒരാൾ തരം താഴുന്നത് കാണുമ്പോൾ സഹതപിക്കാനേ കഴിയുന്നുള്ളൂവെന്നും വിശദീകരിക്കുന്നു. ഐസക്ക് കണ്ണടച്ച് പിടിച്ചതുകൊണ്ട് മാത്രം ലോകം ഇരുട്ടിലാവില്ല. ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ ഐസക്കിന് ധൈര്യമുണ്ടോ എന്നാണ് ചെന്നത്തലയുടെ ചോദ്യം. തിരുവനന്തപുരത്ത് ചർച്ചയ്ക്ക വന്ന കനേഡിയൻ സംഘത്തിലെ എല്ലാവരും ആരൊക്കെയാണെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെടുന്നു. സി.ഡി.പി.ക്യൂ കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് നിക്ഷേപം നടത്തുമ്പോൾ ചെന്നിത്തലയ്ക്ക് എന്താണ് പ്രശ്നം എന്നാണ് ഐസക്ക് ചോദിക്കുന്നത്. പ്രശ്നമുണ്ട്. ഇത് കേരളത്തെ കടക്കെണിയിലാക്കുന്നത് തന്നെ കാരണം. 9.732 % എന്ന കൊള്ളപ്പലിശയാണ് . അത് ഈ നാടിന്റെ പണമാണ്. സിപിഎമ്മിന്റെ പണമല്ലെന്ന് ചെന്നിത്തല പറയുന്നു.

കേരളത്തെ ഇത്രയും വലിയ കടക്കെണിയിൽ വീഴ്‌ത്താൻ പിണറായിക്കും ഐസക്കിനും ആരാണ് അധികാരം നൽകിയത്. കേരളത്തിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമാണ് ഈ ഇടപാട്. കൈക്കൂലി നൽകുന്നതിൽ മിടുക്കന്മാരണ് ലാവ്ലിൻ കമ്പനിക്കാർ. അവർ പോയ എല്ലായിടത്തും അത് ചെയ്തിട്ടുണ്ട്. ഇവിടെ എത്ര കമ്മീഷൻ കിട്ടി എന്ന് തുറന്നു പറയാനുള്ള ചങ്കൂറ്റം പിണറായിയും ഐസക്കും കാണിക്കണം. പഴയ ലാവ്ലിൻ ഇടപാടിലെ കേസ് സുപ്രീം കോടതിയിലാണ്. ആ കേസിലെ പ്രതികളാണ് ലാവലിനും അതിലെ ഉദ്യോഗസ്ഥരും. അവരുമായി വളഞ്ഞ വഴിയിൽ വീണ്ടും ഇടപാട് നടത്തുന്നത് ദേശ വിരുദ്ധമാണെന്നും ചെന്നിത്തല പറയുന്നു.

കിഫ്ബിയിൽ സിഇഒ കെ എം എബ്രഹാമിനേയും ചെന്നിത്തല വിമർശിക്കുന്നു. 2018 ഫെബ്രുവരിയിൽ 3 വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് കെ.എം.എബ്രഹാമിനെ കിഫ്ബിയുടെ സിഇഒ ആയി നിയമിക്കുന്നത്. മാസശമ്പളം 2.75 ലക്ഷം രൂപ. 10 % വർഷം വർദ്ധിക്കും.ഇങ്ങനെ കരാർ അടിസ്ഥാനത്തിൽ നിയമിച്ച ഒരു ഉദ്യോഗസ്ഥനാണോ സംസ്ഥാനത്തെ കടപ്പെടുത്തിയ മസാലാ ബോണ്ടിന്റെ പലിശ നിർണ്ണയിച്ചത്. ഇതിന് അദ്ദേഹത്തെ അധികാരപ്പെടുത്തിയിട്ടുണ്ടോ? ഒരു കരാർ ജീവനക്കാരനാണോ പ്രതിപക്ഷ നേതാവിന് മറുപടി പറയേണ്ടതെന്നും ചെന്നത്തല ചോദിക്കുന്നു.

മസാലാ ബോണ്ടിൽ ചെന്നിത്തലയുടെ സർക്കാരിനോടുള്ള ചോദ്യങ്ങൾ ചുവടെ

  • മസാല ബോണ്ട് ലോകമെങ്ങുമുള്ള നിക്ഷേപകർക്ക് വാങ്ങാമെന്നിരിക്കെ കാനഡക്കാർ മാത്രം എങ്ങനെ വാങ്ങി? അതും മുഖ്യമന്ത്രിയുടെ കൂട്ടു പ്രതികളായ ലാവ്ലിന്റെ സഖ്യകമ്പനി.
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ കിഫ്ബി മസാല ബോണ്ട ലിസ്റ്റ് ചെയ്യാനിരിക്കുന്നതേയുള്ളൂ. അതിന് മുൻപ് കാനഡക്കാർ എങ്ങനെ ഇതറിഞ്ഞു. അവരുമായി എങ്ങനെ കച്ചവടമുറപ്പിച്ചു? മുഖ്യമന്ത്രിയുമായുള്ള പഴയ ബന്ധമല്ലേ ഇതിന്റെ പിന്നിൽ?
  • ഇത്തരം ഇടപാടിൽ കമ്മീഷനില്ലേ? ഇവിടെ എത്ര ആർക്കൊക്കെ കിട്ടി? കമ്മീഷൻ നൽകുന്നതിൽ കുപ്രസിദ്ധരാണ് ലാവലിൻ.
  • പഴയ ലാവ്ലിൻ കേസിൽ ലാവലിൻ കമ്പനി ഉദ്യോഗസ്ഥർ പിടികിട്ടാ പുള്ളികളാണ്. ആ നിലയ്ക്ക അവരുമായി വളഞ്ഞ വഴിക്ക് വീണ്ടും ഇടപാട് നടത്തുന്നത് നാടിന്റെ താത്പര്യം കാത്തു സൂക്ഷിക്കാൻ ബാദ്ധ്യതയുള്ള ഭരണാധികാരികൾക്ക് ചേർന്ന കാര്യമാണോ? ഇത് നിയമപരമാണോ? നാടിനെ വഞ്ചിക്കുന്നതിന് തുല്യമല്ലേ ഇത്?
  • ഇത്ര വലിയ കടക്കെണിയിലേക്ക് കേരളത്തെ തള്ളിയിടുന്ന ഇത്തരം ഇടപാട് നടത്തുന്നതിന് മുൻപ് ഇടതു മുന്നണിയിൽ ചർച്ച നടത്തിയോ? കുറഞ്ഞ പക്ഷം മന്ത്രിസഭയിലെങ്കിലും ചർച്ച നടത്തിയോ? ഘടക കക്ഷികളുടെ അഭിപ്രായം എന്താണ്? സിപിഐ നിലപാട് എന്താണ്?
  • കിഫ്ബിയാണ് ബോണ്ട് ഇറക്കുന്നതെങ്കിലും കടത്തിന്റെ ഭാരം വന്നു ചേരുന്നത് സംസ്ഥാനത്തിനും ഏറ്റവും ഒടുവിൽ ജനങ്ങൾക്കുമല്ലേ? ആ നിലയ്ക്ക് പൊതുവായ ചർച്ചയോ അംഗീകാരമോ വേണ്ടതല്ലേ? ആരെങ്കിലും രണ്ടോ മൂന്നോ പേർ തീരുമാനിക്കേണ്ട കാര്യമാണോ ഇത്?
  • 9.732 എന്ന ഉയർന്ന പലിശ നിശ്ചയിച്ചത് ആരാണ്? അതിന് മുൻപ് എന്തു പഠനമാണ് നടത്തിയത്?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP