Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മംഗൾയാനെതിരെ ചന്ദ്രയാൻ! വ്യക്തിവിരോധം അതിരു കടന്നപ്പോൾ മംഗൾയാനെ ചെറുതാക്കി ജി മാധവൻ നായർ; നാസയുടെ വെബ്‌സൈറ്റിലുള്ള വിവരങ്ങളിൽ കൂടുതലൊന്നും ലഭിക്കില്ലെന്നും മുൻ ഐഎസ്ആർഒ ചെയർമാൻ

മംഗൾയാനെതിരെ ചന്ദ്രയാൻ! വ്യക്തിവിരോധം അതിരു കടന്നപ്പോൾ മംഗൾയാനെ ചെറുതാക്കി ജി മാധവൻ നായർ; നാസയുടെ വെബ്‌സൈറ്റിലുള്ള വിവരങ്ങളിൽ കൂടുതലൊന്നും ലഭിക്കില്ലെന്നും മുൻ ഐഎസ്ആർഒ ചെയർമാൻ

ബംഗളൂരു: മംഗൾയാനിന് വിജയത്തിലേക്ക് ഇനി അഞ്ചുനാളും അഞ്ച് കടമ്പകളും മാത്രം. അതിനിടയിൽ ഒരാനാവശ്യ ചർച്ച സജീവമാകുന്നു. ഇതൊന്നും മംഗൾയാൻ അറിയില്ലെന്നതു മാത്രമാണ് ആശ്വാസം.  ഐഎസ്ആർഒ ചെയർമാൻ രാധാകൃഷ്ണനുമായുള്ള വ്യക്തി വിദ്വേഷം മുൻ ഐഎസ്ആർഒ ചെയർമാന്റെ സമനില തെറ്റിക്കുന്നുവോ ? മംഗൾയാൻ വിജയത്തിലേക്ക്  അടുക്കുമ്പോൾ അതിനെ ചെറുതാക്കി കാണിച്ച് മാധവൻ നായർ രംഗത്ത്. മാതൃഭൂമി ചാനലിനും ചില വാർത്ത ഏജൻസികൾക്കും നൽകിയ അഭിമുഖത്തിലാണ് മാധവൻനായർ മംഗൾയാനെ വിമർശിക്കുന്നത്.

ചന്ദ്രനാണോ ചൊവ്വയാണോ വലുത്. ചൊവ്വയെന്നാണ് ഇന്ത്യാക്കാരുടെ ഇപ്പോഴത്തെ അഭിപ്രായം. അതുകൊണ്ടു തന്നെയാണ് മംഗൾയാനിന്റെ വിജയത്തിനായി പ്രാർത്ഥനയുമായി ഒരു രാഷ്ട്രം കാത്തിരിക്കുന്നത്. അഞ്ചു നാളും അഞ്ചു കടമ്പകളും കടന്നാൽ മംഗൾയാൻ ലക്ഷ്യത്തിലെത്തും. ഇതിനായുള്ള അവസാനവട്ട കാത്തിരിപ്പിലാണ് ഐഎസ്ആർഒ. ചരിത്രമുഹൂർത്തത്തിന് സാക്ഷിയാകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗലുരുവിലെ ഐഎസ്ആർഒ ആസ്ഥാനത്ത് എത്തും. പക്ഷേ ഇതൊക്കെ സമയം കളയലാണെന്നാണ് ഐഎസ്ആർഒയുടെ മുൻ ചെയർമാനും മലയാളിയുമായ ഡോക്ടർ ജി.മാധവൻ നായരുടെ വിമർശനം.

ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിന് നേതൃത്വം നൽകിയ വ്യക്തിയാണ് മാധവൻ നായർ. എസ് ബാൻഡ് സ്‌പെക്ട്രം സ്വകാര്യകമ്പനിക്ക് നൽകുന്നതിനുള്ള വിവാദ കരാറുമായി ബന്ധപ്പെട്ട് മാധവൻ നായരടക്കം നാല് ഉന്നത ശാസ്ത്രജ്ഞർക്കെതിരെ കേന്ദ്ര സർക്കാർ നടപടിയെടുത്തു. മാധവൻനായരെയും മറ്റ് മൂന്നു പേരെയും നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകാവുന്നതുമായ എല്ലാ സർക്കാർ നിയമനങ്ങളിൽ നിന്നും വിലക്കുകയും ചെയ്തു. ഇതിന് പിന്നിലെ ഗൂഢാലോചനക്കാരൻ ഐഎസ്ആർഒയുടെ ഇപ്പോഴത്തെ ചെയർമാനും മലയാളിയുമായ കെ. രാധാകൃഷ്ണനാണെന്നാണ് മാധവൻ നായരുടെ നിലപാട്. അതുകൊണ്ട് തന്നെ ഐഎസ്ആർഒയുടെ എല്ലാ വർത്തമാനകാല പ്രവർത്തനങ്ങളേയും മാധവൻ നായർ എതിർക്കും.

ചന്ദ്രയാനുമായി താരതമ്യം ചെയ്താൽ മംഗൾയാൻ ഒന്നുമല്ലെന്നാണ് മാധവൻ നായരുടെ കണ്ടെത്തൽ. ഒരു ഉപഗ്രഹ വിക്ഷേപണം മാത്രമാണിത്. നാസയുടെ വെബ്‌സൈറ്റിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾക്ക് അപ്പുറം ഒന്നും ഇന്ത്യയ്ക്ക് ലഭിക്കില്ല. ഉപഗ്രഹ വിക്ഷേപണത്തിലും ദീർഘവീക്ഷണമില്ല. മംഗൾയാൻ പദ്ധതിയുടെ പേരിൽ ഐഎസ്ആർഒ ജനങ്ങളെ വഞ്ചിക്കുകയാണ്. ചൊവ്വയിൽ ജീവനുണ്ടോയെന്ന് അറിയാൻ ദൗത്യത്തിലൂടെ കഴിയുമെന്ന വാദം തെറ്റാണ്. ചൊവ്വയിൽ ജീവനില്ലെന്നു നാസ കണ്ടെത്തിയിട്ടുള്ളതാണ്. പി.എസ്.എൽ.വി പരീക്ഷണങ്ങൾക്കപ്പുറം ജിഎസ്എൽവിയുടെ നേട്ടങ്ങളാണ് ഇന്ത്യയ്ക്ക് ഗുണകരമെന്നും മാധവൻ നായർ പറയുന്നു.

ചന്ദ്രയാനും ജിഎസ്എൽവി തന്നെ ഉപയോഗിക്കണം. എങ്കിൽ കുറച്ചു കൂടി നേട്ടം രാജ്യത്തിനുണ്ടായേനേ. കൂടുതൽ ഉപകരണങ്ങളും അയയ്ക്കാമായിരുന്നു. അനാവശ്യ തിടുക്കം കാട്ടിയ ശാസ്ത്രജ്ഞരാണ് ഈ തെറ്റുകൾക്ക് ഉത്തരവാദികളെന്നും മാധവൻ നായർ വിമർശിക്കുന്നു. ചൊവ്വയിൽ ഉപഗ്രമെത്തിക്കുക എന്നതിൽ മാത്രമായി മംഗൾയാന്റെ നേട്ടങ്ങൾ ചുരുങ്ങി. ഭാവിയിലേക്ക് പുതുതായൊന്നും ഇന്ത്യക്ക് ലഭിക്കില്ല. ചന്ദ്രയാന്റെ വിഭവങ്ങൾ പലതും മംഗൾയാനുവേണ്ടി വഴിമാറ്റിയതും വീഴ്ചയാണെന്നും മാധവൻനായർ കുറ്റപ്പെടുത്തുന്നു.

എന്നാൽ ഈ വിമർശങ്ങളെല്ലാം രാധാകൃഷ്ണനെന്ന ഐഎസ്ആർഒയുടെ ചെയർമാനെ മാത്രം ലക്ഷ്യമിട്ട് തന്നെയാണെന്നാണ് ഭൂരിഭാഗം ശാസ്ത്രജ്ഞരും വിലയിരുത്തുന്നത്. ചൊവ്വയിലേക്കുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമാണ് ഇത്. ചൊവ്വയിലേക്ക് ഉപഗ്രഹത്തെ അയയ്ക്കാനുള്ള ആദ്യ ശ്രമത്തിൽ തന്നെ വിജയിക്കാൻ ആർക്കുമായിട്ടില്ല. അതിനാൽ ബഹിരാകാശ സാങ്കേതികതയിലെ ഇന്ത്യൻ മുന്നേറ്റം ലോകത്തെ അറിയിക്കാനുള്ള സുവർണ്ണാവസരത്തിന് തൊട്ടടുത്താണ് ഇസ്രോയെന്നാണ് (ഐ.എസ്.ആർ.ഒ) പൊതുവേയുള്ള അഭിപ്രായം. ഈ കീർത്തി തന്നെയാണ് മംഗൾയാൻ ഇന്ത്യയ്ക്ക് നൽകാൻ പോകുന്നതും.

ചൊവ്വാ ദൈത്യം പാഴ്‌ച്ചെലവാണെന്ന് പറയുന്നത് ശാസ്ത്രീയ നേട്ടം സംബന്ധിച്ച അവബോധം ഇല്ലാത്തതുകൊണ്ടാണെന്ന് ഐഎസ്ആർഒ ചെയർമാൻ കെ. രാധാകൃഷ്ണൻ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ മംഗൾയാൻ ദൗത്യത്തെ വിമർശിക്കുന്നത് അറിവില്ലാത്തവരാണ്. ഇവർക്ക് ശാസ്ത്രപുരോഗതി അറിയില്ല. മംഗൾയാനായി ചെലവായത് ബജറ്റിലെ 0 .3 ശതമാനം മാത്രമാണ്. ഇന്ത്യയിലെ ആളോഹരിവിഹിതം കണക്കിലെടുത്താൽ ഒരാൾക്ക് ചെലവ് നാലുരൂപ മാത്രമേ വരൂ. ബഹിരാകാശ ഗവേഷണ രംഗത്ത് മുന്നേറാൻ ഇത്തരം പരീക്ഷണങ്ങൾ അനിവാര്യമാണ്, ചൊവ്വാ ഭ്രമണ പഥപര്യവേഷണം രാജ്യത്തിന് ഏറെ ഗുണം ഭാവിയിൽ ഉണ്ടാക്കുമെന്നും രാധാകൃഷ്ണൻ പറയുന്നു.

ചാന്ദ്രയാൻ ദൗത്യമുൾപ്പെടെ ഇരുപത്തിയഞ്ചോളം ബഹിരാകാശ ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കിയതിന്റെ തലയെടുപ്പോടെയാണ് 2009 നവംബറിൽ ജി. മാധവൻ നായർ ആറു വർഷത്തെ സേവനത്തിനുശേഷം ഐ.എസ്.ആർ.ഒ ചെയർമാൻ സ്ഥാനത്തുനിന്ന് വിരമിച്ചത്. ഐഎസ്ആർഒയുടെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ഒന്നായി അദ്ദേഹത്തിന്റെ കാലയളവ് വിശേഷിപ്പിക്കപ്പെട്ടു. ചന്ദ്രോപരിതലത്തിൽ സ്വന്തം ഉപകരണം ഇറക്കി പര്യവേക്ഷണം നടത്തുന്ന അത്യപൂർവം രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടംനേടി. പത്മഭൂഷൺ നൽകി രാജ്യം ആദരിക്കുകയും ചെയ്തു. ഇത്തരത്തിലൊരാൾ രാജ്യമൊരു സുവർണ്ണ നിമഷത്തിനായി കാത്തിരിക്കുമ്പോൾ വിവാദങ്ങളുയർത്തുന്നത് ശരിയാണോ എന്നതാണ് ചോദ്യം. ഇന്ത്യയ്ക്ക് ചന്ദ്രയാൻ ദൗത്യം നൽകിയ സൽപ്പേരിന് കൂടുതൽ മാറ്റു നൽകാനേ മംഗൾയാനും ഉപകരിക്കൂ എന്ന് ഉറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP