Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202126Monday

മാവോയിസ്റ്റ് വേൽമുരുകനെ കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലെന്ന് സഹോദരൻ; മൃതദേ​ഹം പൂർണമായും കാണിക്കാൻ പൊലീസ് തയ്യാറായില്ലെന്നും അഡ്വ.മുരുകൻ; അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ബന്ധുക്കൾ

മാവോയിസ്റ്റ് വേൽമുരുകനെ കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലെന്ന് സഹോദരൻ; മൃതദേ​ഹം പൂർണമായും കാണിക്കാൻ പൊലീസ് തയ്യാറായില്ലെന്നും അഡ്വ.മുരുകൻ; അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ബന്ധുക്കൾ

മറുനാടൻ ഡെസ്‌ക്‌

കല്പറ്റ: വയനാട്ടിൽ മാവോയിസ്റ്റ് വേൽമുരുകനെ കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലെന്ന് വേൽമുരുകന്റെ സഹോദരൻ. മൃതദേ​ഹം പൂർണമായും കാണിക്കാൻ പൊലീസ് തയ്യാറായില്ലെന്നും കൊല്ലപ്പെട്ട വേൽമുരുകന്റെ സഹോദരനായ അഡ്വ.മുരുകൻ ആരോപിച്ചു. വേൽമുരുകന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയതായിരുന്നു അഡ്വ. മുരുകൻ. വളരെ അടുത്തുനിന്ന് വെടിയുതിർത്തതിന്റെ പാടുകൾ ശരീരത്തിലുണ്ടെന്നും അ​ദ്ദേഹം പറഞ്ഞു.

വേൽമുരുകന്റെ മൃതദേഹം പോസ്റ്റ് മോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സഹോദരൻ മുരുകനും അമ്മ കണ്ണമ്മാളും ഗ്രോ വാസു അടക്കമുള്ള മനുഷ്യാവകാശ പ്രവർത്തകരും ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. നാളെ തമിഴ് നാട്ടിലെത്തിക്കും. മൃതദേഹത്തിൽ ഒന്നിലധികം വെടിയേറ്റ മുറിവുകളുണ്ടെന്നും അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കുമെന്നും ബന്ധുക്കൾ അറിയിച്ചു.

അതേസമയം വയനാട്ടിലെ ഏറ്റുമുട്ടൽ വ്യാജമോ ഏകപക്ഷീയമോ അല്ലെന്നാണ് ജില്ലാ പൊലീസ് മേധാവി എസ് പി ജി പൂങ്കുഴലിയുടെ വാദം. മാവോയിസ്റ്റുകൾ ഇങ്ങോട്ട് ആദ്യം വെടിയുതിർത്തപ്പോൾ പ്രത്യാക്രമണം നടത്തി എന്നാണ് പൊലീസ് പറയുന്നത്. അതേസമയം അടുത്ത കാലത്തുണ്ടായ മുൻ ഏറ്റുമുട്ടൽ കൊലകളിലെ പോലെ സംഭവസ്ഥലത്തേയ്ക്ക് മണിക്കൂറുകളോളം മാധ്യമപ്രവർത്തകരെ കടത്തിവിടാത്തത് ദുരൂഹത ഉയർത്തിയിട്ടുണ്ട്. ഇതിനിടെ കേസിന്റെ അന്വേഷണച്ചുമതല ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഡി വൈ എസ് പി ബെന്നിക്കാണ് അന്വേഷണ ചുമതല.

കേരളത്തിൽ 2016 മുതൽ ഇതുവരെ തണ്ടർബോൾട്ട് വെടിവച്ചുകൊന്ന എട്ടാമത്തെ മാവോയിസ്റ്റ് പ്രവർത്തകനാണ് വേൽമുരുകൻ. 2016 മുതൽ നടന്ന നാല് ഏറ്റുമുട്ടൽ കൊലകളും വ്യാജമാണെന്ന ആരോപണമുയർന്നിരുന്നു. പാലക്കാട് ജില്ലയിലെ അട്ടപ്പാടിക്ക് സമീപം മഞ്ചക്കണ്ടിയിൽ നടന്ന ഏറ്റുമുട്ടൽ കൊല അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

അതേസമയം, ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഏറ്റുമുട്ടലിനിടയായ സാഹചര്യത്തിന്റെ യഥാർത്ഥ വസ്തുത പൊതു സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. പ്രദേശവാസികളും , കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളും മനുഷ്യാവകാശ പ്രവർത്തകരും ഏറ്റുമുട്ടൽ വ്യാജമാണെന്നും ഏകപക്ഷീയമായ പൊലീസ് നടപടിയാണ് ഉണ്ടായതെന്നുമുള്ള സംശയം രേഖപ്പെടുത്തിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ നിക്ഷ്പക്ഷമായ അന്വേഷണം അനിവാര്യമായി വന്നിരിക്കുകയാണ്. സർക്കാർ അന്വേഷണം നടത്തി വസ്തുതകൾ വെളിച്ചത്തുകൊണ്ടുവരണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ആർ.സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും ആവശ്യപ്പെട്ടു.

തമിഴ്‌നാട് സ്വദേശി വേൽമുരുകനാണ് ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. മാവോയിസ്റ്റുകൾ ആക്രമിച്ചപ്പോൾ സ്വയം രക്ഷയ്ക്കായി നടത്തിയ വെടിവെയ്‌പ്പിലാണ് വേൽമുരുകൻ കൊല്ലപ്പെട്ടത് എന്നാണ് പൊലീസ് വാദം. പ്രദേശത്ത് തിരച്ചിൽ നടത്തുകയായിരുന്ന മാനന്തവാടി എസ്‌ഐ ബിജു ആന്റണിക്കും തണ്ടർബോൾട്ട് സംഘത്തിനും നേരെ മാവോയിസ്റ്റ് സംഘം വെടിയുതിർക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മഞ്ചക്കണ്ടി ഏറ്റുമുട്ടൽ കൊലയുടെ വാർഷിക ദിനത്തിൽ ആക്രമണം നടത്താൻ മാവോയിസ്റ്റുകൾ പദ്ധതിയിട്ടിരുന്നുവെന്നും പൊലീസ് പറയുന്നു.

ഏറ്റുമുട്ടൽ വ്യാജമാണെന്ന് ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് പൊലീസിന് എതിരെ എഐവൈഎഫ് രംഗത്തുവന്നിരിക്കുന്നത്. മാവോയിസ്റ്റ് കൊലപാതങ്ങൾക്ക് എതിരെ പൊലീസിനെ വിമർശിച്ച് സിപിഐയും എഐവൈഎഫും രംഗത്തുവന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP