Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മണിച്ചന്റെ സഹോദരന് സുഖവാസം അനുവദിച്ച വാർഡനെ ചീമേനിയിലേക്ക് മാറ്റിയപ്പോൾ സഹോദരനും ജയിൽ മാറ്റം; ജയിലിൽ കഴിയവേ ഫോൺ ഉപയോഗിച്ചതിന് പിടികൂടിയ തടവ് പുള്ളിക്ക് ഏതു ജയിലിൽ ചെന്നാലും പരമസുഖം

മണിച്ചന്റെ സഹോദരന് സുഖവാസം അനുവദിച്ച വാർഡനെ ചീമേനിയിലേക്ക് മാറ്റിയപ്പോൾ സഹോദരനും ജയിൽ മാറ്റം; ജയിലിൽ കഴിയവേ ഫോൺ ഉപയോഗിച്ചതിന് പിടികൂടിയ തടവ് പുള്ളിക്ക് ഏതു ജയിലിൽ ചെന്നാലും പരമസുഖം

കൊച്ചി : കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിൽ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന മുഖ്യപ്രതി മണിച്ചന്റെ സഹോദരൻ കൂടിയായ വിനോദിന് മറ്റൊരു പ്രതിക്ക് ഇഷ്ട ജയിലിലേക്ക് മാറ്റം. കൂട്ടുപ്രതികളും സഹോദരങ്ങളുമായ മണിച്ചനെയും മണികണ്ഠനെയും ചീമേനിയിലേക്കു മാറ്റുന്നതിനു മുന്നോടിയായിരുന്നു വിനോദിന്റെ ജയിൽ മാറ്റമെന്നാണു വിവരം. ഇവർക്കു തിരുവനന്തപുരത്തെ ജയിലുകളിൽ വഴിവിട്ടു സഹായം ചെയ്തിരുന്ന ഉദ്യോഗസ്ഥനെ പുതിയ സർക്കാർ ചീമേനിയിലേക്കു സ്ഥലം മാറ്റിയതിനു പിന്നാലെയാണു ചീമേനിയിലേക്കു മാറ്റത്തിനായി ഇവരും ശ്രമം നടത്തുന്നത്.

തടവുകാർ സാധാരണ വീടിനു സമീപത്തേക്കാണു മാറ്റം ചോദിക്കുന്നതെന്നിരിക്കെയാണ്, സംസ്ഥാനത്തിന്റെ തെക്കേ അറ്റത്തു വീടുള്ള പ്രതി വടക്കേ അറ്റത്തെ ജയിലിലേക്കു മാറ്റം ചോദിക്കുക അസാധാരണമാണ്. ഇതാണ് വിനോദ് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം നെട്ടുകാൽത്തേരിയിലെ തുറന്ന ജയിൽ വാസത്തിനിടെ മൊബൈൽ ഫോൺ ഉപയോഗത്തിനു പിടിക്കപ്പെട്ട ഇയാളുടെ അപേക്ഷ പരിഗണിച്ചു കാസർകോട്ടെ ചീമേനി തുറന്ന ജയിലിലേക്കാണു മാറ്റിയത്. എന്നാൽ, ദേഹപരിശോധനയിൽ വീണ്ടും മൊബൈൽ ഫോൺ പിടിച്ചതിനെത്തുടർന്നു ഡിഐജിയുടെ നിർദേശ പ്രകാരം ഇയാളെ കണ്ണൂർ സെൻട്രൽ ജയിലിലേക്കു മാറ്റി. പിടിച്ചെടുത്ത ഫോൺ പരിശോധിച്ചപ്പോൾ ജയിൽ വകുപ്പിലെ ചില ഉദ്യോഗസ്ഥരെ വിളിച്ചതിന്റെ തെളിവു ലഭിച്ചു.

നല്ല സ്വഭാവക്കാരും ജയിൽ വാസത്തിനിടെ നടപടി നേരിടാത്തവരുമായ ജീവപര്യന്തം തടവുകാരെയാണു കൂടുതൽ സ്വാതന്ത്ര്യമുള്ള തുറന്ന ജയിലിലേക്കു മാറ്റാറുള്ളത്. ഇങ്ങനെ മാറ്റം കിട്ടാനായി മണിച്ചനും സഹോദരങ്ങളും ആദ്യം ജയിൽവകുപ്പിനെ സമീപിച്ചത് 2007 ലാണ്. അന്നത്തെ ഡിജിപി എതിർത്തതിനാൽ മണിച്ചനു മാത്രം ജയിൽ മാറ്റം ലഭിച്ചില്ല. മറ്റു രണ്ടുപേരും നെട്ടുകാൽത്തേരിയിലെത്തി. എന്നാൽ, ഈ ഡിജിപി വിരമിച്ച ശേഷം, 2009 ൽ മണിച്ചൻ തുറന്ന ജയിലിലേക്കു മാറ്റം സംഘടിപ്പിച്ചു. ഇതിനിടെയാണ് തുറന്ന ജയിലിൽ വച്ച് വിനോദിന്റെ കയ്യിൽനിന്നു മൊബൈൽ ഫോൺ പിടികൂടിയത്.

തുടർന്ന് ഇയാളെ സെൻട്രൽ ജയിലിലേക്കു തിരിച്ചയച്ചു. എന്നാൽ, നിയമം കാറ്റിൽ പറത്തി 2013ൽ വിനോദിനെ വീണ്ടും നെട്ടുകാൽത്തേരിക്കു മാറ്റുകയായിരുന്നു. ഇപ്പോൾ വിനോദിന് അനുകൂലമായി ഉത്തരവിറക്കിയ ഐജിയും നെട്ടുകാൽത്തേരി സൂപ്രണ്ടും പൂജപ്പുര സൂപ്രണ്ടും ചേർന്നായിരുന്നു തീരുമാനമെടുത്തത്. അന്നു സഹായിച്ച സൂപ്രണ്ടിനെ പുതിയ സർക്കാർ രണ്ടാഴ്ച മുൻപു ചീമേനി തുറന്ന ജയിലിലേക്കു മാറ്റി. തൊട്ടുപിന്നാലെയാണു ചീമേനിക്കു മാറ്റം ആവശ്യപ്പെട്ടു വിനോദ് അപേക്ഷ നൽകിയത്. അപേക്ഷ അനുവദിക്കുകയും ചെയ്തു.

ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ പൂജപ്പുരയിലും നെട്ടുകാൽത്തേരിയിലും ജോലി ചെയ്യുമ്പോൾ കുപ്രസിദ്ധ കേസുകളിലെ വിഐപി പ്രതികൾക്കു പ്രത്യേക പരിഗണന നൽകിയെന്ന വിവാദമുയർന്നിരുന്നു. സാമ്പത്തിക ശേഷിയുള്ള തടവുകാർക്കു പൂജപ്പുരയിൽ പ്രത്യേക സൗകര്യമുള്ള ബ്ലോക്ക് തന്നെ ഒരുക്കിയെന്നും ആരോപണമുയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP