Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202029Thursday

മലപ്പുറത്ത് ഇന്ന് ഒരു കോവിഡ് മരണം; രോഗബാധിതർ ഇന്ന് ആദ്യമായി 700 കടന്നു; രോഗംപടരുന്നത് നേരിട്ടുള്ള സമ്പർക്കത്തിലൂടെ മാത്രം; ആരോഗ്യ ജാഗ്രത പാലിക്കുന്നതിൽ അലംഭാവം; ഇളവുകൾ ദുരുപയോഗിക്കരുതെന്ന് ആരോഗ്യവകുപ്പിന്റെ കർശന നിർദ്ദേശം

മലപ്പുറത്ത് ഇന്ന് ഒരു കോവിഡ് മരണം; രോഗബാധിതർ ഇന്ന് ആദ്യമായി 700 കടന്നു; രോഗംപടരുന്നത് നേരിട്ടുള്ള സമ്പർക്കത്തിലൂടെ മാത്രം; ആരോഗ്യ ജാഗ്രത പാലിക്കുന്നതിൽ അലംഭാവം; ഇളവുകൾ ദുരുപയോഗിക്കരുതെന്ന് ആരോഗ്യവകുപ്പിന്റെ കർശന നിർദ്ദേശം

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറത്ത് ഇന്ന് ഒരു കോവിഡ് മരണം. : കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വേങ്ങര അച്ചനമ്പലം സ്വദേശിനിയായ 71കാരിയാണ് ഇന്ന് മരിച്ചത്. അച്ചനമ്പലം പരേതനായ പുള്ളാട്ട് രായിൻ ന്റെ ഭാര്യ ഫാത്തിമ കൊട്ടേക്കാട്ടിൽ(71)ആണ് മരിച്ചത്. കോ വിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിരിയിൽ ചികിത്സയിലിരിക്കെയാണ് മരണം. മക്കൾ : മുഹമ്മദ് (അൽ കുറുമ, സൗദി )ഖദീജ, ബുഷ്റ. മരുമക്കൾ : മരക്കാർ ചെമ്പൻ ( തോട്ടശ്ശേരിയറ), സി. പി. അഹമ്മദ് ( കച്ചേരിപ്പടി), സുനീറ. അതേ സമയം ജില്ലയിൽ ആദ്യമായി രോഗബാധിതർ ഇന്ന് 700 കടന്നു. രോഗംപടരുന്നത് നേരിട്ടുള്ള സമ്പർക്കത്തിലൂടെ മാത്രം. ഇളവുകൾ ദുരുപയോഗിക്കരുതെന്ന് ആരോഗ്യവകുപ്പിന്റെ കർശന നിർദ്ദേശം. സർക്കാർ നിർദേശ പ്രകാരം ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ഇതര വകുപ്പുകളുമായി ചേർന്ന് നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുമ്പോഴും ആരോഗ്യ ജാഗ്രത പാലിക്കുന്നതിലെ അലംഭാവമാണ് രോഗബാധിതർ വൻതോതിൽ വർധിക്കാൻ കാരണമായിരിക്കുന്നത്. ആശങ്കാജനകമായ സ്ഥിതിയാണ് നിലവിൽ ജില്ലയിലുള്ളത്. രോഗപ്രതിരോധത്തിനായുള്ള നിർദേശങ്ങൾ പാലിക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചകളും അനുവദിക്കില്ലെന്നും നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടികൾ കർശനമാക്കിട്ടുണ്ടെന്നും ജില്ലാ കലക്ടർ പറഞ്ഞു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ സമ്പർക്കത്തിലൂടെ വൈറസ് ബാധിതരാണ് കൂടുതലും. 707 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധ. ഉറവിടമറിയാതെ 34 പേർക്കും ഒമ്പത് ആരോഗ്യ പ്രവർത്തകർക്കും കോവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധിതരായവരിൽ അഞ്ച് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും എട്ട് പേർ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്. അതേസമയം 513 പേർ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇതുവരെ 13,587 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയിൽ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

30,356 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 3,712 പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിൽ 454 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ 2,014 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവർ വീടുകളിലും കോവിഡ് കെയർ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ 1,53,231 സാമ്പിളുകളാണ് ജില്ലയിൽ നിന്ന് പരിശോധനക്കയച്ചത്. ഇതിൽ 4,414 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങൾ ലഭിക്കാനുണ്ട്.

ആരോഗ്യ ജാഗ്രത കർശനമായി പാലിക്കണം

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കമുണ്ടായിട്ടുള്ളവർ വീടുകളിൽ പ്രത്യേക മുറികളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. വീടുകളിൽ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവർക്ക് സർക്കാർ ഒരുക്കിയ കോവിഡ് കെയർ സെന്ററുകൾ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാൽ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകരുത്. ജില്ലാതല കൺട്രോൾ സെല്ലിൽ വിളിച്ച് ലഭിക്കുന്ന നിർദേശങ്ങൾ പൂർണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ആവർത്തിച്ച് അഭ്യർത്ഥിച്ചു. ജില്ലാതല കൺട്രോൾ സെൽ നമ്പറുകൾ: 0483 2737858, 2737857, 2733251, 2733252, 2733253.

ജില്ലയിലിപ്പോൾ കോവിഡ് പടരുന്നത് സമ്പർക്കത്തിലൂടെ മാത്രമാണെന്നും ഇതിനാൽ
ഇളവുകൾ ദുരുപയോഗിക്കരുതെന്നും മലപ്പുറം ഡി.എം.ഒയുടെ മുന്നറിയിപ്പ്. കോവിഡ് 19 ബാധിതരുടെ എണ്ണം അനുദിനം വർധിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ ജാഗ്രതാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആവർത്തിച്ച് അഭ്യർത്ഥിച്ച് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.സക്കീന രംഗത്തുവന്നത്.

ജില്ലയിൽ ആദ്യമായാണ് രോഗബാധിതരുടെ എണ്ണം 700 പിന്നിടുന്നത്. വ്യാഴം രോഗബാധ സ്ഥിരീകരിച്ച 763 പേരിൽ ആരോഗ്യ പ്രവർത്തകരുൾപ്പെടെ 750 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായതെന്നത് ആശങ്കാജനകമാണ്. ഇതര രാജ്യങ്ങൾ, സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നെത്തുന്നവർ രോഗബാധിതരാകുന്ന സ്ഥിതി ജില്ലയിൽ കുറഞ്ഞു വരികയാണ്. സമ്പർക്കത്തിലൂടെയുള്ള രോഗബാധിതരാകുന്നവരാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ കൂടുതലായി വർധിച്ചിരിക്കുന്നത്. ഈ ഘട്ടത്തിൽ ആരോഗ്യ ജാഗ്രത കർശനമായി പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുന്നതിനിടെ നിയന്ത്രണങ്ങളിൽ നൽകുന്ന ഇളവുകൾ യാതൊരു കാരണവശാലും ദുരുപയോഗം ചെയ്യാൻ പാടില്ല. വൈറസ് ബാധയ്ക്കുള്ള സാഹചര്യം സജീവമായിരിക്കെ സ്വയമുള്ള പ്രതിരോധമാണ് ഓരോരുത്തരും ഉറപ്പാക്കേണ്ടത്. അത്യാവശ്യങ്ങൾക്ക് മാത്രമാണ് വീടുകളിൽ നിന്ന് പുറത്തിറങ്ങേണ്ടത്. പുറത്തിറങ്ങുന്നവർ കൃത്യമായ സാമൂഹ്യ അകലവും ശരിയായ രീതിയിലുള്ള മാസ്‌കിന്റെ ഉപയോഗവും ഉറപ്പാക്കണം. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ചോ, സാനിറ്റൈസർ ഉപയോഗിച്ചോ ശാസ്ത്രീയമായ രീതിയിൽ ഇടക്കിടെ വൃത്തിയാക്കണം. വീട്ടിൽ തിരിച്ചെത്തിയ ശേഷം ശാരീരിക ശുചിത്വം ഉറപ്പാക്കി മാത്രമെ കുടുംബാംഗങ്ങളുമായി ഇടപഴകാവൂ.

മുതിർന്ന പൗരന്മാർ, കുട്ടികൾ, ഗർഭിണികൾ, മാറാരോഗികൾ എന്നിവർ വൈറസ് ബാധിതരാകുകയാണെങ്കിൽ ആരോഗ്യസ്ഥിതി ഗുരുതരമാകാനുള്ള സാധ്യതയാണ് നിലവിലുള്ളത്. ഇത് വീട്ടിലുള്ള മറ്റുള്ളവരും തിരിച്ചറിഞ്ഞ് പരമാവധി ജാഗ്രത പുലർത്തണം. ഈ വിഭാഗത്തിലുള്ളവരുമായി പുറത്തുനിന്നുള്ളവരാരും നേരിട്ട് സമ്പർക്കം പുലർത്തരുത്. വീടുകളിൽ നിരീക്ഷണത്തിലുള്ളവർ യാതൊരു കാരണവശാലും പൊതുസമ്പർക്കത്തിലേർപ്പെടാതെ റൂം ക്വാറന്റീൻ നിർദേശങ്ങൾ പൂർണ്ണമായും പാലിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാൽ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കൺട്രോൾ സെൽ, ആരോഗ്യ പ്രവർത്തകർ എന്നിവരുമായി ഫോണിൽ ബന്ധപ്പെടണം. ലഭിക്കുന്ന നിർദേശങ്ങൾ പൂർണ്ണമായി പാലിക്കുകയും വേണം. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ അവശ്യം വേണ്ടവർ മാത്രമാണ് പങ്കെടുക്കേണ്ടത്. ഇക്കാര്യത്തിൽ വീഴ്ച പാടില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധനകളിൽ
സർക്കാർ അംഗീകൃത നിരക്ക് ഈടാക്കണം

കോവിഡ് പരിശോധനകൾ നടത്തുന്ന എല്ലാ സ്വകാര്യ ലാബുകളിലും സർക്കാർ അംഗീകരിച്ച ഏകീകൃത നിരക്ക് മാത്രമേ ഈടാക്കാൻ പാടുള്ളൂവെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ സക്കീന അറിയിച്ചു. ആർ.ടി.പി.സി.ആർ (ഓപ്പൺ) 2750 രൂപ, ജീൻ എക്‌സ്‌പെർട്ട് ടെസ്റ്റിങ്ങ് (സി.ബി.നാറ്റ്) 3000 രൂപ, ട്രൂ നാറ്റ് (സ്റ്റെപ്പ് 1) 1500, ട്രൂ നാറ്റ് (സ്റ്റെപ്പ് 2) സ്റ്റെപ്പ് 1 പോസിറ്റീവാകുകയാണെങ്കിൽ മാത്രം) 1500, ആന്റിജൻ 625 രൂപ എന്നിങ്ങനെയാണ് സ്വകാര്യ ലാബുകളിൽ സർക്കാർ അംഗീകരിച്ച നിരക്കുകൾ.

അംഗീകൃത സ്വകാര്യ ലാബുകൾ

കോവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ വിവിധ സർക്കാർ അംഗീകൃത സ്വകാര്യ ലാബുകളിൽ കോവിഡ് പരിശോധനയ്ക്കുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ആർ.ടി.പി.സി.ആർ (ഓപൺ) പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളജിലും ജീൻ എക്‌സ്‌പെർട്ട് ടെസ്റ്റിങ് (സി.ബി.നാറ്റ്) തലക്കടത്തൂർ അൽ-സലാമ ഡയഗ്‌നോസ്റ്റിക്ക് സെന്ററിലും, ട്രൂ നാറ്റ് പരിശോധന പെരിന്തൽമണ്ണ ഇ.എം.എസ് ഹോസ്പിറ്റൽ, കോട്ടക്കൽ അൽമാസ് ഹോസ്പിറ്റൽ, തിരൂരങ്ങാടി ജനത ഡയഗ്‌നോസ്റ്റിക്ക്, തിരൂർ നീതി ലാബ് എന്നീ സർക്കാർ അംഗീകൃത ലാബുകളിൽ എന്നിവിടങ്ങളിൽ നടത്തി വരുന്നു. ജില്ലയിൽ 19 സർക്കാർ അംഗീകൃത സ്വകാര്യ ലാബുകളിലാണ് ആൻഡ്റിജൻ പരിശോധന നടത്തിവരുന്നത്. പെരിന്തൽമണ്ണ കിംസ്-അൽഷിഫ, എടപ്പാൾ ഹോസ്പിറ്റൽസ്, വാഴക്കാട് ഇഖ്‌റ കമ്മ്യൂണിറ്റി ഹോസ്പിറ്റൽ, മഞ്ചേരി ഇബ്‌നു സീന മെഡിക്കൽ സെന്റ്റർ, കോട്ടക്കൽ ആസ്റ്റർമിംസ,് എടപ്പാൾ ശുകപുരം ഹോസ്പിറ്റൽ, വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റൽ, വളാഞ്ചേരി നിസാർ ഹോസ്പിറ്റൽ, മഞ്ചേരി കൊരമ്പയിൽ ഹോസ്പിറ്റൽ, തിരൂർ അൽ-സലാമ ഡയഗ്‌നോസ്റ്റിക്ക് സെന്റർ, മണിമൂളി എസ്.എച്.ഹോസ്പിറ്റൽ, കോട്ടക്കൽ അൽമാസ് ഹോസ്പിറ്റൽ, വളാഞ്ചേരി അൽബാ സ്‌പെഷ്യാലിറ്റി ലാബ്, തിരൂർ നീതി ലാബ്, പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റൽ, വണ്ടൂർ നിംസ് ഹോസ്പിറ്റൽ, എടപ്പാൾ ശ്രീവത്സം ഹോസ്പിറ്റൽ, തിരൂരങ്ങാടി എം.കെ.എച് ഹോസ്പിറ്റൽ, മഞ്ചേരി മാനു മെമോറിയൽ ഹോസ്പിറ്റൽ എന്നീ ലാബുകളിൽ ആന്റിജൻ പരിശോധനകൾ നടത്തുന്നുണ്ട്.

സർക്കാർ സ്വാബ് ശേഖരണ കേന്ദ്രങ്ങൾ

ജില്ലയിൽ കോവിഡ് പരിശോധനക്ക് ആവശ്യമായ സ്വാബ് ശേഖരിക്കുന്നതിനായി സർക്കാർമേഖലയിൽ 23 ഓളം ആരോഗ്യ കേന്ദ്രങ്ങളിൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മഞ്ചേരി മെഡിക്കൽ കോളജ്, താലൂക്ക് ആശുപത്രികളായ തിരൂരങ്ങാടി, കൊണ്ടോട്ടി, അരീക്കോട്, മലപ്പുറം, ജില്ലാ ആശുപത്രികളായ തിരൂർ, പെരിന്തൽമണ്ണ, നിലമ്പൂർ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളായ നെടുവ, താനൂർ, വെട്ടം, മറാഞ്ചേരി, എടപ്പാൾ, വേങ്ങര, ഓമാനൂർ, എടവണ്ണ, മങ്കട, മേലാറ്റൂർ, വണ്ടൂർ, കോട്ടക്കൽ ഫാമിലിഹെൽത്ത് സെന്റർ, പബ്ലിക് ഹെൽത്ത് സെന്ററുകളായ വളാഞ്ചേരി, ചുങ്കത്തറ, പൊന്നാനി ടി.ബി.സെന്റർ എന്നിവിടങ്ങളിലാണ് ജില്ലയിൽ സർക്കാർ മേഖലയിൽ കോവിഡ് പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്.
കോവിഡ് നിർണയത്തിനായി പ്രധാനമായും ആർടിപിസിആർ പരിശോധനയും ആന്റിജൻ പരിശോധനയുമാണ് നടത്തിവരുന്നത്. കോവിഡ് വൈറസിന്റെ ജനിതക സാന്നിധ്യം മൂക്കിൽ നിന്നോ തൊണ്ടയിൽ നിന്ന് ശേഖരിക്കുന്ന സ്രവത്തിൽ കണ്ടെത്തുന്ന പരിശോധനയാണ് ആർടിപിസിആർ പരിശോധന. രോഗലക്ഷണങ്ങളുള്ളവർക്കും രോഗിയുമായി ഹൈ റിസ്‌ക് സമ്പർക്കം വന്ന ലക്ഷണമില്ലാത്തവരിലുമാണ് ഈ പരിശോധന നടത്തുന്നത്. ഹൈ റിസ്‌ക് സമ്പർക്കം വന്നവർ രോഗിയുമായി അവസാന സമ്പർക്കം വന്നതിൽ നിന്ന് അഞ്ചു ദിവസമെങ്കിലും കഴിഞ്ഞാണ് പരിശോധന നടത്തേണ്ടത്. സ്രവങ്ങളിൽ വൈറസിന്റെ പ്രതലപ്രോട്ടീനുകളുടെ സാന്നിധ്യം കണ്ടെത്തുന്ന പരിശോധനയാണ് ആന്റിജൻ പരിശോധന. പ്രധാനമായും രോഗലക്ഷണമുള്ളവരിലാണ് ചെയ്യുന്നത്. ഇതിൽ നെഗറ്റിവ് ഫലം ലഭിച്ചാലും പി.സി.ആർ പരിശോധനയ്ക്ക് കൂടി വിധേയമാകണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP