Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലപ്പുറത്ത് ഇനി അവശേഷിക്കുന്നത് രണ്ട് കൊവിഡ് രോഗികൾ മാത്രം; ജില്ലയിൽ ഇന്ന് മൂന്ന് പേർ കൂടി രോഗമുക്തരായി; പുതിയ കേസുകളുമില്ല; നാല് മാസം പ്രായമായ കുഞ്ഞിന്റെ മരണം വേദനിപ്പിക്കുമ്പോഴും ജില്ലയിൽ അതിജീവനത്തിന്റെ ആശ്വാസവും

മലപ്പുറത്ത് ഇനി അവശേഷിക്കുന്നത് രണ്ട് കൊവിഡ് രോഗികൾ മാത്രം; ജില്ലയിൽ ഇന്ന് മൂന്ന് പേർ കൂടി രോഗമുക്തരായി; പുതിയ കേസുകളുമില്ല; നാല് മാസം പ്രായമായ കുഞ്ഞിന്റെ മരണം വേദനിപ്പിക്കുമ്പോഴും ജില്ലയിൽ അതിജീവനത്തിന്റെ ആശ്വാസവും

ജാസിം മൊയ്ദീൻ

മലപ്പുറം; മലപ്പുറം ജില്ലയിൽ ഇനി കൊവിഡ് 19 ബാധിച്ച് ചികിത്സയിലുള്ളത് രണ്ട് പേർമാത്രം. ഇതുവരെ കൊവിഡ് സ്ഥിതീകരിച്ച 17 പേർ രോഗമുക്തരായപ്പോൾ ഒരു രോഗി ഇന്ന് മരണപ്പെട്ടു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മഞ്ചേരി പയ്യനാട് സ്വദേശികളുടെ നാല് മാസം പ്രായമായ കുട്ടിയാണ് മരിച്ചത്. നേരത്തെ രോഗമുക്തി നേടിയതിന് ശേഷം പാണ്ടിക്കാട് കീഴാറ്റൂർ സ്വദേശിയും ഹൃദയ സംബന്ധിയായ അസുഖം കാരണം മരണപ്പെട്ടിരുന്നു. ഈ രണ്ട് മരണങ്ങളുടെ സങ്കടം നിലനിൽക്കുമ്പോൾ ജില്ല അതിജീവനത്തിന്റെ പാതയിലാണെന്ന ശ്വാസത്തിലാണ് ആരോഗ്യപ്രവർത്തകരും ജില്ലാഭരണകൂടവും.

ജില്ലയിൽ ഇന്ന് ആർക്കും രോഗ ബാധ സ്ഥിരീകരിച്ചിട്ടില്ല. അതേ സമയം കോവിഡ് 19 ബാധിച്ച് വിദഗ്ധ ചികിത്സയ്ക്കു ശേഷം മൂന്ന് പേർ കൂടി മലപ്പുറം ജില്ലയിൽ രോഗ വിമുക്തരായി. മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ കേന്ദ്രത്തിൽ നിന്ന് ഇവരെ സ്റ്റെപ് ഡൗൺ ഐ.സി.യുവിലേയ്ക്ക് മാറ്റി. ഇതോടെ രോഗമുക്തരായി ആശുപത്രിയിൽ പ്രത്യേക നിരീക്ഷണത്തിൽ തുടരുന്നവർ നാലായി. രണ്ട് പേർ മാത്രമാണ് കോവിഡ് ബാധിതരായി നിലവിൽ ഐസൊലേഷൻ കേന്ദ്രത്തിൽ ചികിത്സയിൽ തുടരുന്നത്.

തിരൂർ തെക്കൻ പുല്ലൂർ സ്വദേശിയായ 39 കാരൻ, നിലമ്പൂർ ചുങ്കത്തറ സ്വദേശി 30 കാരൻ, വേങ്ങര കണ്ണമംഗലം സ്വദേശി 45 വയസ്സുള്ള വീട്ടമ്മ എന്നിവരാണ് കൊവിഡ് വിമുക്തരായതായി ഇന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്. വേങ്ങര കൂരിയാട് സ്വദേശിയായ 63 കാരനും രോഗം ഭേദമായി മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ സ്റ്റെപ് ഡൗൺ ഐ.സി.യുവിൽ തുടരുന്നുണ്ട്. കൂടുതൽ നിരീക്ഷണങ്ങൾക്കു ശേഷം ആരോഗ്യ സ്ഥിതി പൂർണ്ണമായും തൃപ്തികരമാവുന്ന മുറയ്ക്ക് ഇവർ നാല് പേരും വീടുകളിലേയ്ക്കു മടങ്ങും.

നിലവിൽ രണ്ട് പേർ മാത്രമാണ് ഇനി കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗ ബാധിതരായി ഐസൊലേഷനിൽ തുടരുന്നത്. ഇവർക്ക് വിദഗ്ധ ചികിത്സ തുടരുകയാണ്. ഇതുവരെ 17 പേർ കോവിഡ് ബാധിച്ച് വിദഗ്ധ ചികിത്സയ്ക്കു ശേഷം രോഗ വിമുക്തരായി. ഇതിൽ ഒരാൾ രോഗ വിമുക്തനായ ശേഷം ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. 12 പേർ ഇതിനകം ആശുപത്രിയിൽ നിന്ന് വീടുകളിലേയ്ക്ക് മടങ്ങിയിട്ടുണ്ട്. കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ ഇന്ന് മുതൽ 253 പേർക്കുകൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2,677 ആയി. 94 പേരാണ് വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ 92 പേരും തിരൂർ ജില്ലാ ആശുപത്രിയിൽ രണ്ട് പേരുമാണ് ഐസൊലേഷനിലുള്ളത്. 41 പേരെ വീടുകളിലെ പ്രത്യേക നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി. ഇപ്പോൾ 2,502 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. 81 പേർ കോവിഡ് കെയർ സെന്ററുകളിലും സ്വയം നിരീക്ഷണത്തിൽ കഴിയുന്നു.ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്ന 65 പേർക്ക് കൂടി കോവിഡ് ബാധയില്ലെന്ന് വിദഗ്ധ പരിശോധനകൾക്ക് ശേഷം ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ജില്ലയിൽ ഇതുവരെ 1,702 പേർക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 81 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP