Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മനുഷ്യന് മൂന്നാം കണ്ണ് ഇല്ല; മിഡ് ബ്രെയിൻ ആക്ടിവേഷൻ എന്നത് മാജിക് ഉപകരണങ്ങളുപയോഗിച്ചുള്ള തട്ടിപ്പ് തന്നെ; മുതുകാടിന് പിന്നാലെ തട്ടിപ്പുകാരെ തുറന്നുകാട്ടി മജീഷ്യൻ മലയത്തും

മനുഷ്യന് മൂന്നാം കണ്ണ് ഇല്ല; മിഡ് ബ്രെയിൻ ആക്ടിവേഷൻ എന്നത് മാജിക് ഉപകരണങ്ങളുപയോഗിച്ചുള്ള തട്ടിപ്പ് തന്നെ; മുതുകാടിന് പിന്നാലെ തട്ടിപ്പുകാരെ തുറന്നുകാട്ടി മജീഷ്യൻ മലയത്തും

നിലമ്പൂർ: മനുഷ്യന് മൂന്നാം കണ്ണ് എന്ന സവിശേഷ അവയവമുണ്ടെന്നും അവ സ്വായത്തമാക്കാനുള്ള വിദ്യ അഭ്യസിപ്പിക്കാമെന്നും വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങൾ തട്ടിപ്പ് കേന്ദ്രങ്ങൾ തന്നെ. ഇത്തരം അവകാശ വാദങ്ങൾ തട്ടിപ്പാണെന്നും മാജിക്കിന്റെ കൈയടക്കത്തിൽ വഞ്ചിതരാകരുതെന്നും അഭ്യർത്ഥിച്ചതോടെ തുടങ്ങിയതാണ് വിവാദങ്ങൾ. മുതുകാട് പറഞ്ഞത് ശരിയാണെന്ന് മജീഷ്യൻൻ ആർ കെ മലയത്തും തെളിയിക്കുകയാണ്. അങ്ങനെ കണ്ണുകെട്ടി പുസ്തകങ്ങളും മറ്റും വായിക്കുകയും നിറങ്ങൾ തിരിച്ചറിയുകയും ചെയ്യാമെന്ന സ്ഥാപനത്തിന്റെ അവകാശവാദം പൊളിഞ്ഞു. ഇതേത്തുടർന്ന്, തലച്ചോറിനെ ഉത്തേജിപ്പിച്ച് ഇത്തരം കഴിവുകൾ നേടാമെന്നു പറഞ്ഞിരുന്ന സ്ഥാപനം കോഴ്‌സ് പിൻവലിച്ചു.

ആർ.കെ. മലയത്തിന്റെ വീട്ടിൽ നടത്തിയ പരീക്ഷണപ്രകടനത്തിലാണ് ആഭ ഇന്റർനാഷണൽ അക്കാദമിയുടെ വാദം പൊളിഞ്ഞത്. കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന ആഭ അക്കാദമിയുടെ സാരഥി കെ.എസ്. കിഷോർലാൽ കഴിഞ്ഞദിവസം മാന്ത്രികൻ ആർ.കെ. മലയത്തിനെ വിളിച്ച് തങ്ങൾ മിഡ് ബ്രെയിൻ ആക്ടിവേഷൻ എന്ന കോഴ്‌സ് നടത്തുന്നുണ്ടെന്നും ഇത് പരിശീലിക്കുന്നവർക്ക് കണ്ണുകെട്ടി പുസ്തകങ്ങൾ വായിക്കാൻ കഴിയുമെന്നും നിറങ്ങൾ തിരിച്ചറിയാൻ കഴിയുമെന്നും അത് തെളിയിക്കാനുള്ള വേദിയൊരുക്കാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ചാണ് കിഷോർലാലും സംഘവും മലയത്തിന്റെ നിലമ്പൂരിലുള്ള വീട്ടിലെത്തിയത്. ഒരു വർഷത്തെ കോഴ്‌സാണ് ഇത്. സംഭവത്തിന്റെ ശാസ്ത്രീയത തെളിയിക്കാൻ മൂന്നുമാസം കോഴ്‌സ് പരിശീലിച്ച കണ്ണൂരുകാരിയായ വിദ്യാർത്ഥിനിയെയും മാതാപിതാക്കളോടൊപ്പം കൂടെ കൊണ്ടുവന്നിരുന്നു.

എല്ലാത്തിനും ഒടുവിൽ അതീന്ദ്രീയജ്ഞാനം നേടാം എന്ന പേരി നടക്കുന്നത് തട്ടിപ്പാണെന്ന് ആർ.കെ മലയത്ത് തെളിയിക്കുകയായിരുന്നു. കോഴ്‌സ് കണ്ണുകെട്ടിയും വായിക്കാമെന്നും നിറങ്ങൾ മനസിലാക്കാമെന്നും മൂന്നാം കണ്ണുകൊണ്ടാണ് കുട്ടികൾ ഇത് ചെയ്യുന്നതെന്നും വിശ്വസിപ്പിച്ചാണ് എറണാകുളം കേന്ദ്രമാക്കിയുള്ള ആഭ ഇന്റർനാഷണൽ അക്കാദമി മിഡ് ബ്രെയിൻ സ്റ്റിമുലേഷൻ കോഴ്‌സ് നടത്തിയിരുന്നത്. സംവാദത്തിന് തയ്യാറായതോടെ മലയത്തിന്റെ വസതിയിൽ മാദ്ധ്യമപ്രവർത്തകർ, വിവിധ മേഖലയിലുള്ളവർ, ഡോക്ടർമാർ എന്നിവരുടെ മുന്നിൽ സംഘം പ്രകടനം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതോടെ മിഡ് ബ്രെയിൻ സ്റ്റിമുലേഷൻ ശാസ്ത്രീയമായി ബോധ്യപ്പെടുത്താൻ തങ്ങൾക്ക് സാധിച്ചിട്ടില്ലെന്നും, ശാസ്ത്രീയമായി തെളിയിക്കുന്നത് വരെ കോഴ്‌സ് നിർത്തിവെക്കുന്നതായും സംഘാടകർ രേഖാമൂലം എഴുതി ന കുകയായിരുന്നു.

ആർ.കെ മലയത്ത്, മന:ശാസ്ത്രജ്ഞൻ ഡോ. ജോൺസൺ ഐരൂർ, ഡോ. കെ.പി. വിശ്വനാഥൻ, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജ്, നിർമല മലയത്ത് എന്നിവരുൾപെട്ട പ്രചാരണ വേദിയുമായാണ് കൊച്ചി ആഭ ഇന്റർനാഷനൽ അക്കാദമി സംവാദത്തിലേർപ്പെട്ടത്. സ്ഥാപനത്തിന്റെ ചീഫ് മെന്റർ കെ.എസ്. കിഷോർലാലിന്റെ നേതൃത്വത്തിലാണ് കുട്ടികൾ കണ്ണുകെട്ടി പുസ്തകം വായിച്ച് നിറങ്ങളും പറഞ്ഞത്. പത്തു വയസുകാരി ആര്യാനന്ദ കണ്ണുകൾ കെട്ടി കാർഡുകളിലെ അക്ഷരങ്ങൾ നിഷ്പ്രായസം വായിച്ചു. കളറുകളും മറ്റും കൃത്യമായി തന്നെ പറഞ്ഞു. എന്നാൽ ആർ.കെ മലയത്ത് നൽകിയത് വായിക്കാൻ കുട്ടിക്ക് കഴിഞ്ഞില്ല. കണ്ണുകൾ കെട്ടുന്നുണ്ടെങ്കിലും തുണികൾക്കിടയിലൂടെയും അടിയിലൂടെയും കാണുന്നുണ്ടെന്നായിരുന്നു മലയത്തിന്റെ വാദം.

ക്ഷണിക്കപ്പെട്ട സദസ്സിനുമുന്നിൽ കുട്ടിക്ക് നൽകിയ കാർഡുകളുടെ നിറങ്ങൾ പൂർണമായും തിരിച്ചറിയാൻ കഴിഞ്ഞില്ല. തുടർന്ന്, മലയത്ത് തന്റെ തൂവാലകൊണ്ട് കുട്ടിയുടെ കണ്ണുകെട്ടി വായിക്കാൻ നൽകിയതും വിജയിച്ചില്ല. നിറങ്ങൾ കാണിച്ചതും മലയത്തിന്റെ കണ്ണട കാണിച്ചതും തെറ്റായാണ് കുട്ടി പറഞ്ഞത്. കൈവെള്ളയിൽ താഴെ പിടിച്ചാണ് കുട്ടി വായിക്കുന്നതെന്നും കെട്ടിനു താഴെകൂടി കാണാനാകുമെന്നും ജോൺസൺ ഐരൂർ പറഞ്ഞു. പിന്നീട് ഡോ. കെ.ആർ. വാസുദേവൻ കുട്ടിയുടെ കണ്ണുകൾ അദ്ദേഹംകൊണ്ടുവന്ന കറുത്ത തുണി ഉപയോഗിച്ച് കെട്ടി വായിക്കാൻനടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടു. കാഴ്ചയും മിഡ് ബ്രെയിനുമായി ഒരു ബന്ധവുമില്ലെന്ന് ഡോ. വാസുദേവൻ വിശദീകരിച്ചു. ഇതൊരു തട്ടിപ്പാണെന്ന് എം. സ്വരാജും വ്യക്തമാക്കി.

ഈ വെല്ലുവിളി ഏറ്റെടുത്ത് കൂടുതൽ ശാസ്ത്രീയത കൈവരിച്ച് വീണ്ടുംവരുമെന്ന് അക്കാദമിക്കാർ പറഞ്ഞു. എന്നാൽ, ജനങ്ങളെ ബോധ്യപ്പെടുത്താനാകുന്നതുവരെ ഈ കോഴ്‌സ് തങ്ങളുടെ സിലബസ്സിൽനിന്ന് നീക്കംചെയ്യുന്നതായി രേഖാമൂലം എഴുതിവാങ്ങിക്കുകയും ചെയ്തു. മനുഷ്യന് മൂന്നാം കണ്ണ് എന്ന സവിശേഷ അവയവമുണ്ടെന്നും അവ സ്വായത്തമാക്കാനുള്ള വിദ്യ അഭ്യസിപ്പിക്കാമെന്നും വാഗ്ദാനം ചെയ്ത് സംസ്ഥാനത്തുടനീളം ഒട്ടേറെ വ്യാജ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായും മജീഷ്യൻ മുതുകാടാണ് പൊതു സമൂഹത്തിൽ വിശദീകരിച്ചത്.

ചെറിയ കുട്ടികൾക്ക് ഇത്തരം വിദ്യ സ്വായത്തമാക്കാൻ സാധിക്കുമെന്നാണ് തട്ടിപ്പുകാരുടെ വാഗ്ദാനം. ഇതിലൂടെ പഠനം എളുപ്പമാക്കാമെന്നും ഏകാഗ്രത വർദ്ധിപ്പിക്കാമെന്നും വ്യാജ സ്ഥാപനങ്ങൾ പ്രലോഭിക്കുകയാണ്. തലച്ചോറിനെ ഉദ്ദീപിപ്പിച്ചാൽ മൂന്നാം കണ്ണിലൂടെ കാഴ്ച സാധ്യമാക്കാമെന്നാണ് ഇത്തരക്കാരുടെ അവകാശവാദം. 25,000 രൂപവരെ ഈടാക്കിയാണ് തട്ടിപ്പുകാർ രക്ഷിതാക്കളെ ചൂഷണം ചെയ്യുന്നത്. നമുക്കുള്ള കണ്ണുകളിലൂടെയല്ലാതെ കാഴ്ചകൾ കാണാനാകില്ല. കണ്ണു കെട്ടിക്കഴിഞ്ഞാൽ ഈ കാഴ്ചകൾ നമുക്ക് അന്യമാകും. വേറൊരു ശരീര ഭാഗത്തിനും കാഴ്ചകാണാനുള്ള കഴിവില്ലെന്നും മുതുകാട് പറഞ്ഞു.

മജീഷ്യന്മാർ ഉപയോഗിക്കുന്ന മാസ്‌ക് ആണ് തട്ടിപ്പുകാർ ഉപയോഗിക്കുന്നത്. ഇക്കാര്യം വെളിപ്പെടുത്താതെ കുട്ടികളെ തെറ്റിദ്ധരിപ്പിക്കുകയാണ് വ്യാജന്മാർ ചെയ്യുന്നതെന്ന് മുതുകാട് വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP