Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോഴിക്കോട് ജില്ലയിലെ മലകളിൽ കണ്ണുവെച്ച് മാഫിയകൾ: നരിപ്പറ്റയിൽ എടോനി മലയിൽ വൻ ഖനനത്തിന് അനുമതി: ജല സമൃദ്ധമായ വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രമായ മലയെ സംരക്ഷിക്കാൻ നാട്ടുകാർ രംഗത്ത്; ഇടിച്ചു നിരത്തി വലിയ കെട്ടിടങ്ങൾ നിർമ്മിക്കുന്ന പാലോറ മല ഉരുൾ പൊട്ടൽ ഭീഷണിയിൽ: കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു പ്രദേശത്ത് വിദഗ്ധ സംഘം പരിശോധന നടത്തി

കോഴിക്കോട് ജില്ലയിലെ മലകളിൽ കണ്ണുവെച്ച് മാഫിയകൾ: നരിപ്പറ്റയിൽ എടോനി മലയിൽ വൻ ഖനനത്തിന് അനുമതി: ജല സമൃദ്ധമായ വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രമായ മലയെ സംരക്ഷിക്കാൻ നാട്ടുകാർ രംഗത്ത്; ഇടിച്ചു നിരത്തി വലിയ കെട്ടിടങ്ങൾ നിർമ്മിക്കുന്ന പാലോറ മല ഉരുൾ പൊട്ടൽ ഭീഷണിയിൽ: കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു പ്രദേശത്ത് വിദഗ്ധ സംഘം പരിശോധന നടത്തി

കെ വി നിരഞ്ജൻ

കോഴിക്കോട്: ചെങ്ങോടുമലയെ സംരക്ഷിക്കാൻ നാട്ടുകാർ പോരാട്ടം നടത്തുമ്പോൾ ജില്ലയിലെ മറ്റ് മലകൾക്ക് നേരെയും കണ്ണുവെച്ച് മാഫിയകൾ. സംസ്ഥാനത്ത് ഉരുൾപൊട്ടലിൽ വൻ നാശനഷ്ടങ്ങളുണ്ടായ സാഹചര്യത്തിൽ ഖനന നീക്കങ്ങൾക്കെതിരെ ശക്തമായ പോരാട്ടത്തിനൊരുങ്ങുകയാണ് നാട്ടുകാർ. നരിപ്പറ്റ പഞ്ചായത്തിലെ എടോനി മലയെയും കിഴക്കോത്ത്, മടവൂർ പഞ്ചായത്തുകളിൽ പെട്ട പാലോറ മലയെയും ലക്ഷ്യമിട്ടാണ് മാഫിയകളുടെ വരവ്.

നരിപ്പറ്റ പഞ്ചായത്തിലെ കരിങ്കൽ ക്വാറി പ്രവർത്തിച്ചിരുന്ന കുന്നിൽ വിള്ളൽ രൂപപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു മലയിൽ കൂടി വൻകിട കരിങ്കൽ ഖനനത്തിന് അനുമതി നൽകിയിരിക്കുന്നത്. വിള്ളലുണ്ടായ തരിപ്പക്കുന്നിന് അടുത്തുള്ള എടോനി മലയിൽ വൻ ഖനനത്തിന് ഗ്രാമപഞ്ചായത്ത് ഭരണ സമിതി ഐക്യകണ്ഠേനയാണ് അനുമതി നൽകിയത്. ഇവിടെ ഖനനം നടത്തിയാൽ വലിയ പരിസ്ഥിതി ദുരന്തങ്ങൾക്ക് കാരണമാകുമെന്ന് ഇവിടം സന്ദർശിച്ച വിദഗ്ധരുൾപ്പെട്ട ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘം റിപ്പോർട്ട് നൽകിയിരുന്നു. ജലസമ്പന്നതയാൽ അനുഗ്രഹീതമായതും വന്യജീവികളുടെ ആവാസ കേന്ദ്രവുമായ മലയെ തകർത്തെറിയാനാണ് ഭരണ സമിതി ഒറ്റക്കെട്ടായി അനുമതി നൽകിയിരിക്കുന്നത്.

നേരത്തെ തന്നെ എമറാൾഡ് റോക്ക് പ്രോഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് ഇവിടെ ഖനനം നടത്തുന്നതിന് എൻ ഒ സി നൽകിയിരുന്നു. എന്നാൽ നാട്ടുകാർ ശക്തമായ പോരാട്ടം ആരംഭിച്ചതോടെ പഞ്ചായത്ത് ഈ അനുമതി റദ്ദാക്കി. ഇതോടെ കമ്പനി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പഞ്ചായത്ത് നേരത്തെ നൽകിയ എൻ ഒ സിയുടെ പിൻബലത്തിൽ ഹൈക്കോടതി കമ്പനിക്ക് അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചു. ഇതോടെ ആഗ്രഹിച്ച കാര്യം സാധ്യമായതിന്റെ സന്തോഷത്തോടെ ഭരണസമിതി ഖനനത്തിന് ലൈസൻസും നൽകി. 2020 ജൂലൈ വരെ ദൈർഘ്യമുള്ളതാണ് ലൈസൻസ്.

പെരിയ റിസർവ്വ് വനമേഖലയോട് ചേർന്ന് സമുദ്ര നിരപ്പിൽ നിന്ന് ഏറെ ഉയരത്തിൽ ചെങ്കുത്തായി നിലകൊള്ളുന്നതാണ് ഈ മല. കടുത്ത വേനലിലും വറ്റാത്ത നിരവധി നീരൊഴുക്കുകൾ ഇവിടെയുണ്ട്. ആനയും പുലിയും ഉൾപ്പെടെയുള്ള മൃഗങ്ങളുടെ ആവാസ കേന്ദ്രം കൂടിയുമാണ് ഇവിടം. മലയെ തകർക്കാൻ അനുവദിക്കില്ലെന്നാവശ്യപ്പെട്ട് നാട്ടുകാർ ഒറ്റക്കെട്ടായി രംഗത്ത് വരികയാണ്. ഇതേ സമയം തന്നെയാണ് ജില്ലയിലെ തന്നെ മറ്റൊരു മലയും തകർക്കപ്പെടുന്നത്. താമരശ്ശേരിക്കടുത്ത് കിഴക്കോത്ത്, മടവൂർ പഞ്ചായത്തുകളുകളിൽപ്പെട്ട പാലോറ മലയാണ് നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. പാലോറ മലയുടെ മുകൾ ഭാഗം ഇടിച്ചു നിരപ്പാക്കി വൻ കെട്ടിടങ്ങളാണ് നിർമ്മിക്കുന്നത്. ഇതിനെതിരെ പ്രദേശവാസികൾ കുറേ നാളുകളായി സമരത്തിലാണ്. ജനങ്ങളുടെ എതിർപ്പിനെ അവഗണിച്ച് കിഴക്കോത്ത് പഞ്ചായത്ത് ഭരണസമിതി സ്വകാര്യ വ്യക്തിക്ക് പാലോറ മലയിൽ നിർമ്മാണ പ്രവൃത്തികൾക്ക് അനുമതി നൽകിയതിനെതിരെ വ്യാപക പ്രതിഷേധമാണ് ഇവിടെ നിലനിൽക്കുന്നത്.

ഈ മലയിൽ ഇപ്പോൾ ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നാതിയ നാട്ടുകാർ പറയുന്നു. എഴുപത് കുടുംബങ്ങളെയാണ് മലയിൽ നിന്ന് മാറ്റിപ്പാർപ്പിച്ചത്. നേരത്തെ മലയുടെ താഴ്‌വാരങ്ങളിൽ താമസിക്കുന്ന അൻപത് കുടുംബങ്ങളെയും മാറ്റിപ്പാർപ്പിച്ചിരുന്നു. പാലോറ മലയിലെ മഠത്തുകുഴി ഭാഗത്തു നിന്നും മണ്ണും ചെളിയും ഒലിച്ചിറങ്ങിയത് പ്രദേശവാസികളെ ഭയപ്പെടുത്തുന്നുണ്ട്. ഇത് സോയിൽ പൈപ്പിങ് പ്രതിഭാസമാണെന്ന് സംശയിക്കപ്പെടുന്ന സാഹചര്യത്തിൽ കലക്ടറുടെ നിർദ്ദേശ പ്രകാരം വിദഗ്ധ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കെട്ടിട നിർമ്മാണം നടക്കുന്ന പാലോറ മലയുടെ മുകളിലും വെള്ളത്തോടൊപ്പം മണ്ണും ചെളിയും കൂടി കലർന്ന് ഒലിച്ചിറങ്ങുന്ന മീത്തും പൊയിൽ പ്രദേശവുമാണ് സംഘം പരിശോധന നടത്തിയത്. മണ്ണും ചെളിയും ശേഖരിച്ച് സ്ഥലം ഉരുൾപൊട്ടലിന് സാധ്യതയുണ്ടോ എന്ന് പരിശോധിച്ച ശേഷമേ പറയാൻ കഴിയുകയുള്ളു എന്ന് ഉദ്യോഗസ്ഥ സംഘം പറഞ്ഞു. സോയിൽ കൺസർവേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥരും സി ഡബ്ല്യു ആർ ഡി എമ്മിലെ ഉദ്യോഗസ്ഥരുമാണ് സംഘത്തിലുണ്ടായിരുന്നത്.മലയുടെ താഴ്‌വാരങ്ങളിൽ താമസിക്കുന്നവർ ആശങ്കയിലാണെന്നും ജനങ്ങളുടെ ആശങ്കയ്ക്ക് പരിഹാരമുണ്ടാക്കണമെന്നും ആവശ്യം ശക്തമായിട്ടുണ്ട്. എന്നാൽ കോടതിയിലുള്ള വിഷയമായതിനാൽ ഇടപെടാൻ പറ്റാത്ത അവസ്ഥയാണുള്ളതെന്നാണ് സ്ഥലം എം എൽ എയുടെ മറുപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP