Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇൻഡിഗോ രാഷ്ട്രീയം കളിച്ചപ്പോൾ മദനി വിമാനത്താവളത്തിൽ കാത്തിരുന്നത് എട്ട് മണിക്കൂർ; രണ്ടാം വിമാനത്തിൽ അയച്ചതു കൊച്ചിയിലെ ഇൻഡിഗോ ഓഫീസ് പിഡിപി പ്രവർത്തകർ വളഞ്ഞപ്പോൾ; ആറു വർഷത്തിന് ശേഷം കുടുംബത്തോടൊപ്പം റമദാൻ ആഘോഷിക്കുന്ന ആഹ്ലാദത്തിൽ അൻവാർശ്ശേരി

ഇൻഡിഗോ രാഷ്ട്രീയം കളിച്ചപ്പോൾ മദനി വിമാനത്താവളത്തിൽ കാത്തിരുന്നത് എട്ട് മണിക്കൂർ; രണ്ടാം വിമാനത്തിൽ അയച്ചതു കൊച്ചിയിലെ ഇൻഡിഗോ ഓഫീസ് പിഡിപി പ്രവർത്തകർ വളഞ്ഞപ്പോൾ; ആറു വർഷത്തിന് ശേഷം കുടുംബത്തോടൊപ്പം റമദാൻ ആഘോഷിക്കുന്ന ആഹ്ലാദത്തിൽ അൻവാർശ്ശേരി

ബംഗളൂരു: പിഡിപി ചെയർമാൻ അബ്ദുൽ നാസർ മദനി കേരളത്തിലെത്തി. ഇത്തവണ പെരുന്നാൾ കുടുംബാഗങ്ങളോടൊപ്പം അൻവാർശ്ശേരിയിൽ മദനി ആഘോഷിക്കും. കോടതി നിയന്ത്രണങ്ങൾ ഉള്ളതിനാൽ മാദ്ധ്യമങ്ങളോട് വിവാദ വിഷയങ്ങളിൽ മദനി പ്രതികരിക്കില്ല. എട്ട് ദിവസത്തേക്ക് നാട്ടിൽ പോകാനുള്ള സുപ്രീംകോടതിയുടെ അനുമതിയുമായാണ് മദനി കേരളത്തിലെത്തിയത്. ഇൻഡിഗോ എർവേയ്‌സിന്റെ രാഷ്ട്രീയം കളികൾകാരണം മദനിയുടെ വരവ് വിവാദവുമായി.

ബംഗളൂരുവിൽ നിന്നുള്ള ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ പിഡിപി പ്രവർത്തകർചേർന്ന് സ്വീകരിച്ചു. മുദ്രാവാക്യങ്ങളോടെയാണ് പ്രവർത്തകർ അദ്ദേഹത്തെ വരവേറ്റത്. എസിപി ശാന്തകുമാർ, ഭാര്യ സൂഫിയ, പിഡിപി സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ്, സഹായികളായ ഷാനവാസ്, കുഞ്ഞുമോൻ എന്നിവരും മദനിക്കൊപ്പമുണ്ട്. തന്റെ യാത്ര വൈകിപ്പിച്ചതിനു പിന്നിൽ ആസൂത്രിതനീക്കമുണ്ടെന്നു സംശയിക്കുന്നതായി മഅദനി മാദ്ധ്യമപ്രവർത്തകരോടായി പറ!ഞ്ഞു. ആറു വർഷത്തിനുശേഷം നാട്ടിൽ പെരുനാൾ ആഘോഷിക്കാൻ കഴിഞ്ഞതിൽ സന്തോഷം. നീതി ഉറപ്പാക്കാൻ സഹായിച്ച എല്ലാവരോടും നന്ദിയും കടപ്പാടുമുണ്ട്. വിലക്കുള്ളതിനാൽ കേസിനെക്കുറിച്ച് സംസാരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മതിയായ സുരക്ഷാ അനുമതി ഇല്ലെന്നതിന്റെ പേരിൽ എട്ടു മണിക്കൂറിലധികം ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ കാത്തിരുന്നശേഷം വൈകിട്ട് 7.15നു തിരിച്ച ഇൻഡിഗോ വിമാനത്തിലാണു മദനി കൊച്ചിയിലേക്കു പുറപ്പെട്ടത്.

നേരത്തെ, നിയമ തടസമുണ്ടെന്ന വിമാനക്കമ്പനിയുടെ നിലപാടിനെ തുടർന്ന് മദനിയുടെ യാത്ര തടസ്സപ്പെട്ടിരുന്നു. ബംഗളൂരുവിൽ നിന്ന് ഉച്ചയ്ക്ക് 12.55ന് പുറപ്പെടുന്ന ഇൻഡിഗോ വിമാനത്തിലാണ് മദനി യാത്രചെയ്യേണ്ടിയിരുന്നത്. യാത്രയ്ക്ക് സിവിൽ വ്യോമയാനവകുപ്പിന്റെ അനുമതി വേണമെന്നും നിയമതടസ്സമുണ്ടെന്നുമുള്ള വിമാനക്കമ്പനിയുടെ നിലപാടിനെത്തുടർന്ന് യാത്ര തടസ്സപ്പെട്ടു. പൊലീസ് കാവലുള്ളതാണ് വിമാനക്കമ്പനി തടസ്സമായി ചൂണ്ടിക്കാണിച്ചത്. വിമാനത്താവളത്തിലെത്തി ബോർഡിങ് പാസ് വരെ ലഭിച്ച മദനിക്ക് ഇതേത്തുടർന്ന് വിമാനത്തിൽ കയറാൻ അനുമതി ലഭിച്ചില്ല. തുടർന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ വിമാനം കേരളത്തിലേക്കു പുറപ്പെട്ടു.

ഉച്ചയ്ക്കു 12.55നു ബംഗളൂരുവിൽനിന്നു പുറപ്പെട്ട ഇൻഡിഗോ 6ഇ 407 വിമാനത്തിൽ യാത്രചെയ്യാൻ എത്തിയപ്പോഴാണ് വ്യോമയാന വകുപ്പിനു കീഴിൽ ഹൈദരാബാദിലുള്ള ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്)യുടെ പ്രത്യേക അനുമതിയില്ലാതെ യാത്രചെയ്യാനാകില്ലെന്നു വിമാനക്കമ്പനി അധികൃതർ അറിയിച്ചത്. വൈകിട്ടു നാലരയോടെ ബിസിഎഎസ് റീജനൽ ഡപ്യൂട്ടി കമ്മിഷണർ ഒപ്പിട്ട അനുമതി ഇൻഡിഗോ വിമാനക്കമ്പനിക്കു ലഭിച്ചതോടെയാണു യാത്രാതടസ്സം നീങ്ങിയത്. വിചാരണക്കോടതി ആവശ്യപ്പെട്ടതുപ്രകാരം രണ്ടു പൊലീസ് ഉദ്യോഗസ്ഥർ വിമാനത്തിൽ മദനിയെ അനുഗമിച്ചു. 10 പേർ അടങ്ങുന്ന മറ്റൊരു പൊലീസ് സംഘം നേരത്തേ കൊച്ചിയിലെത്തിയിട്ടുണ്ട്. രാവിലെ 9.45നു ലാൽബാഗ് റോഡിലുള്ള സൗഖ്യ ആശുപത്രിയിൽനിന്നു പൊലീസ് അകമ്പടിയോടെ തിരിച്ച മഅദനി 10.45നു വിമാനത്താവളത്തിൽ എത്തിയിരുന്നു. തുടർന്നു ചക്രക്കസേരയും ബാഗേജും ചെക്ക്ഇൻ ചെയ്തശേഷം ശരീരപരിശോധനാ കൗണ്ടറിൽ എത്തുംമുൻപേയാണ് ഇൻഡിഗോ സുരക്ഷാ വിഭാഗത്തിൽനിന്നുള്ള രണ്ടു മാനേജർമാരെത്തി യാത്രചെയ്യാനാകില്ലെന്ന് അറിയിച്ചത്.

ബിസിഎഎസ് 42/2005 ചട്ടപ്രകാരം, ഏതെങ്കിലും കേസിൽ വിചാരണ നേരിടുന്നവർക്കു വിമാനത്തിൽ സഞ്ചരിക്കാൻ പ്രത്യേക അനുമതി വേണമെന്ന് അവർ വിശദീകരിച്ചു. പൊലീസ് അകമ്പടിയോടെ മദനി എത്തിയതിനെ തുടർന്നാണു പ്രോട്ടക്കോൾ പ്രകാരമുള്ള അനുമതി രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടതെന്നും ഇൻഡിഗോ അധികൃതർ പറഞ്ഞു. സുപ്രീം കോടതി ഇടപെട്ടു ജാമ്യം അനുവദിച്ച വിവരം മദനി അറിയിച്ചെങ്കിലും, കർണാടക പൊലീസിന്റെ സുരക്ഷാ പരിധിയിലാണ് ഇപ്പോഴും മഅദനിയെന്നു ചൂണ്ടിക്കാട്ടി ഇൻഡിഗോ അധികൃതർ ബിസിഎഎസിന്റെ അനുമതി വേണമെന്നു ശഠിക്കുകയായിരുന്നു. മഅദനിക്കു പ്രത്യേക സുരക്ഷാ സംവിധാനം ഒരുക്കാനായി കൂടെ യാത്രചെയ്തിരുന്ന ബെംഗളൂരു സിറ്റി പൊലീസിലെ എസിപി ശാന്തകുമാറിനെയും ഇൻസ്‌പെക്ടർ കരിയപ്പയെയും ആയുധസമേതം കയറ്റാൻ ഇൻഡിഗോ അധികൃതർ വിസമ്മതിച്ചെന്നും ഇതിനിടെ അഭ്യൂഹങ്ങൾ പരന്നിരുന്നു.

2008 ജൂലൈയിൽ നടന്ന ബെംഗളൂരു സ്‌ഫോടനവുമായി ബന്ധപ്പെട്ടു 31ാം പ്രതിയാക്കപ്പെട്ടതിനെ തുടർന്ന് 2010 ഓഗ്റ്റ് 17നാണു മദനിയെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തത്. പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ വിചാരണത്തടവിലിരിക്കെ, 2013 മാർച്ച് ഒൻപതിന് മകൾ ഷമീറാ ജൗഹറിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി നാട്ടിലേക്കു പോകാൻ ബംഗളൂരു വിമാനത്താവളത്തിൽ എത്തിയപ്പോഴും മഅദനി സമാനമായ തടസ്സം നേരിട്ടിരുന്നു. അന്നു 10 മണിക്കൂറോളം നീണ്ട കാത്തിരിപ്പിനുശേഷമാണ് അദ്ദേഹത്തിനു തിരുവനന്തപുരത്തേക്കു പോരാനായത്.

അതിനിടെ, മദനിയെ വിമാനത്തിൽ കയറ്റാൻ അനുവദിക്കാത്തതിനെത്തുടർന്ന് പിഡിപി പ്രവർത്തകർ നെടുമ്പാശേരി വിമാനത്താവളത്തിലെ ഇൻഡിഗോ എയർലൈൻസ് ഓഫിസിനു മുന്നിൽ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. വിമാനത്താവളത്തിലെ ചില്ല് തകർന്നു. സംഘർഷത്തെ തുടർന്ന് പൊലീസ് ലാത്തിവീശി. ഒടുവിൽ മദനിക്ക് യാത്ര ചെയ്യാൻ വിമാനക്കമ്പനി ബദൽ മാർഗ്ഗം ഒരുക്കിയെന്നു പിഡിപി വർക്കിങ് ചെയർമാൻ പൂന്തുറ സിറാജ് അറിയിച്ചതോടെ പ്രവർത്തകർ പ്രതിഷേധ പ്രകടനം അവസാനിപ്പിച്ചു. അർബുദബാധിതയായ മാതാവിനെ സന്ദർശിക്കാൻ സുപ്രീം കോടതി അനുമതി നൽകിയതിനെ തുടർന്നാണു മദനി നാട്ടിലെത്തുന്നത്. 12വരെ കേരളത്തിൽ തങ്ങും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP