Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202030Wednesday

'സംരക്ഷിക്കാൻ കോർപ്പറേറ്റ് സഹായം തേടുന്ന കേന്ദ്ര ഭരണാധികാരികൾ എങ്ങനെ ഇന്ത്യയെ രക്ഷിക്കും? അടുത്ത സ്വാതന്ത്ര്യ പുലരി മുതൽ ചെങ്കോട്ടയിൽ ദേശീയ പതാക കോർപ്പറേറ്റ് തണലിൽ ഉയരും. ദേശാഭിമാനികളാകെ ഒന്നിച്ചെതിർക്കേണ്ട മാപ്പർഹിക്കാത്തൊരു പണയപ്പെടുത്തലാണിത്: വിമർശനവുമായി എം ബി രാജേഷ്

'സംരക്ഷിക്കാൻ കോർപ്പറേറ്റ് സഹായം തേടുന്ന കേന്ദ്ര ഭരണാധികാരികൾ എങ്ങനെ ഇന്ത്യയെ രക്ഷിക്കും? അടുത്ത സ്വാതന്ത്ര്യ പുലരി മുതൽ ചെങ്കോട്ടയിൽ ദേശീയ പതാക കോർപ്പറേറ്റ് തണലിൽ ഉയരും. ദേശാഭിമാനികളാകെ ഒന്നിച്ചെതിർക്കേണ്ട മാപ്പർഹിക്കാത്തൊരു പണയപ്പെടുത്തലാണിത്: വിമർശനവുമായി എം ബി രാജേഷ്

തിരുവനന്തപുരം: ചരിത്ര സ്മാരകമായ ചെങ്കോട്ട അഞ്ച് വർഷത്തേക്ക് ഡാൽമിയ ഗ്രൂപ്പിന് പാട്ടത്തിന് നൽകിയ കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ച് എം ബി രാജേഷ് എംപി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് രാജേഷ് ഈ വിമർശനം ഉന്നയിച്ചത്. 25 കോടിക്ക് ഡാൽമിയ ചെങ്കോട്ട കൈവശപ്പെടുത്തുമ്പോൾ നാടിന്റെ അഭിമാനവും പൈതൃകവും വിറ്റ് എത്ര ശതം കോടികൾ കൊള്ളലാഭമുണ്ടാക്കുമെന്ന് അറിയുക. അടുത്ത സ്വാതന്ത്ര്യ പുലരി മുതൽ ചെങ്കോട്ടയിൽ ദേശീയ പതാക കോർപ്പറേറ്റ് തണലിൽ ഉയരും- രാജേഷ് പറഞ്ഞു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

Stories you may Like

ചെങ്കോട്ട ഒരു നെടുങ്കോട്ടയാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യ അഭിവാഞ്ചയുടെയും മതനിരപേക്ഷമായ ജനകീയ ഐക്യത്തിന്റേയും നെടുങ്കോട്ട. അത് നമ്മുടെ നാടിന്റെ പൈതൃക സ്മാരകവുമാണ്.

1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ ബ്രിട്ടീഷുകാരെ തോൽപ്പിച്ച ശേഷം ഡൽഹിയിൽ ചക്രവർത്തിയായി അവരോധിക്കപ്പെട്ട ബഹദൂർ ഷാ സഫർ ബ്രിട്ടീഷുകാരിൽ നിന്നുള്ള നാടിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന വിജ്ഞാപനം വായിച്ചത് ഈ ചെങ്കോട്ടയിൽ നിന്നാണ്. ഝാൻസിയിലെ റാണി ലക്ഷ്മിഭായിയും നാനാ സാഹിബും താൻ തിയാതോപ്പിയുമടക്കമുള്ള 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമര നേതാക്കൾ ഡൽഹി പിടിച്ചപ്പോൾ ചക്രവർത്തിയായി അവരോധിച്ചത് മുഗൾ സാമ്രാജ്യത്തിലെ അവസാന ചക്രവർത്തിയായിരുന്ന ബഹദൂർ ഷാ സഫറിനെയായിരുന്നു. മതപരവും വർഗീയവുമായ ചേരിതിരിവുകൾ ആ പോരാളികളെ ഭരിച്ചില്ലെന്നു സാരം.

ഒടുവിൽ തിരിച്ചടിച്ച ബ്രിട്ടീഷ് സൈന്യം സ്വാതന്ത്ര്യ സമരത്തെ അടിച്ചമർത്തുകയും സമരനേതാക്കളെ പലരെയും വധിക്കുകയും ബഹദൂർ ഷാ സഫറിനെ ഇതേ ചെങ്കോട്ടയിൽ വച്ച് വിചാരണ ചെയ്ത് ബർമ്മയിലേക്ക് നാടുകടത്തുകയും ചെയ്തു. ഒന്നാം സ്വാതന്ത്ര്യസമരത്തിലെ ഈ മതനിരപേക്ഷ ജനകീയ ഐക്യമാണ് ഭിന്നിപ്പിച്ച് ഭരിക്കുക എന്ന കുതന്ത്രത്തെ ആശ്രയിക്കാൻ ബ്രിട്ടീഷുകാരെ പ്രേരിപ്പിച്ചത്.(തുടർന്ന് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ബംഗാൾ വിഭജനവും സർവ്വേന്ത്യാ മുസ്ലിം ലീഗ് ഹിന്ദുമഹാസഭ, ആർ.എസ്.എസ്. എന്നിവയുടെ രൂപീകരണവും ബ്രിട്ടീഷുകാരുടെ ആശീർവാദത്തോടെ നടന്നു ) ഇന്ത്യയിലെ ജനങ്ങളുടെ ഐക്യത്തിന്റെ മഹാദുർഗ്ഗമായിരുന്ന ചെങ്കോട്ടയുടെ ഉടമസ്ഥാവകാശത്തിൽ നിന്ന് ജനങ്ങൾ അന്യവത്ക്കരിക്കപ്പെടുകയാണ്.

ഇതേ ചെങ്കോട്ടയിലാണ് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഉജ്വല അധ്യായമായ ഐ.എൻ.എ ഭടന്മാരുടെ വിചാരണ നടക്കുന്നത്. അവർ മൂന്നു പേരായിരുന്നു.പ്രേം കുമാർ സൈഗാൾ, ഗുരു ബക്ഷ്സിങ് ധില്ലൻ, ഷാനവാസ് ഖാൻ. മതനിരപേക്ഷ ജനകീയ ഐക്യത്തിന്റെ മറ്റൊരു ഉജ്വല പ്രതീകം! 1945 ലെ തണുപ്പ് കാലത്ത് ചെങ്കോട്ടയിലെ കൽതുറുങ്കിലടക്കപ്പെട്ട ഇവരെ കാണാൻ ഗാന്ധിജിയെത്തി. ഗാന്ധിജിയോട് അവർക്കുണ്ടായിരുന്ന പരാതി ഇതായിരുന്നു.'ഐ.എൻ.എ.യിൽ മതഭേദമില്ലാതെ സ്വാതന്ത്ര്യത്തിന്പൊരുതിയ തങ്ങൾക്ക് ജയിലിൽ ബ്രിട്ടീഷുകാർ ഹിന്ദു ചായയും മുസ്ലിം ചായയും പ്രത്യേകമായി നൽകുന്നു. ഭിന്നിപ്പിക്കാനുള്ള കുടിലതയെ ഞങ്ങൾ ചെറുക്കുന്നത് മൂന്ന് ഗ്ലാസിൽ പ്രത്യേകമായി നൽകുന്ന ചായ കൂട്ടിചേർത്ത് വീണ്ടും മൂന്നായി പങ്ക് വച്ചു കുടിച്ചാണ് ' ഗാന്ധിജി അവരെ അഭിനന്ദിച്ചാണ് മടങ്ങിയത്. അക്കാലത്ത് ഇന്ത്യയിലാകെ പതിനായിരങ്ങൾ തെരുവിലുയർത്തിയ മുദ്രാവാക്യം ഇതാണ്.
' ലാൽ കിലേ സേ ആയേ ആവാസ്
സൈഗാൾ ധില്ലൻ ഷാനവാസ് '
സ്വാതന്ത്ര്യ പോരാളികളുടെ ചോരക്ക് തീപിടിപ്പിച്ച മുദ്രാവാക്യം.

ചെങ്കോട്ടയുടെ നിറം ചുവപ്പായത് മാത്രമല്ല, ജനകീയ ഐക്യത്തിന്റെ മഹാപ്രതീകമെന്ന അതിന്റെ ചരിത്രപരമായ പ്രാധാന്യവും ഭിന്നിപ്പിക്കലിന്റെ കുടില തന്ത്രങ്ങൾ ഇന്നും പ്രയോഗിക്കുന്നവർക്ക് അലോസരമാകുമെന്നുറപ്പ്. എല്ലാ സ്വാതന്ത്ര്യ പുലരിയിലും പ്രധാന മന്ത്രിമാർ ദേശീയ പതാക ഉയർത്തുന്ന ചെങ്കോട്ട പോലും 'സംരക്ഷിക്കാൻ കോർപ്പറേറ്റ് സഹായം തേടുന്ന ' കേന്ദ്ര ഭരണാധികാരികൾ എങ്ങനെ ഇന്ത്യയെ രക്ഷിക്കും? 25 കോടിക്ക് ഡാൽമിയ ചെങ്കോട്ട കൈവശപ്പെടുത്തുമ്പോൾ നാടിന്റെ അഭിമാനവും പൈതൃകവും വിറ്റ് എത്ര ശതം കോടികൾ കൊള്ളലാഭമുണ്ടാക്കുമെന്ന് അറിയുക. അടുത്ത സ്വാതന്ത്ര്യ പുലരി മുതൽ ചെങ്കോട്ടയിൽ ദേശീയ പതാക കോർപ്പറേറ്റ് തണലിൽ ഉയരും. ദേശാഭിമാനികളാകെ ഒന്നിച്ചെതിർക്കേണ്ട മാപ്പർഹിക്കാത്തൊരു പണയപ്പെടുത്തലാണിത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP