Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വകാര്യ പ്രസിനു ലോട്ടറി അച്ചടി നൽകിയെന്ന ആരോപണം അടിസ്ഥാനരഹിതമെന്നു മുഖ്യമന്ത്രി; പ്രതിഷേധം ഉയർന്നതോടെ അച്ചടി കെബിപിഎസിനും സി ആപ്ടിനും നൽകാൻ മന്ത്രിസഭാ തീരുമാനം

സ്വകാര്യ പ്രസിനു ലോട്ടറി അച്ചടി നൽകിയെന്ന ആരോപണം അടിസ്ഥാനരഹിതമെന്നു മുഖ്യമന്ത്രി; പ്രതിഷേധം ഉയർന്നതോടെ അച്ചടി കെബിപിഎസിനും സി ആപ്ടിനും നൽകാൻ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: സ്വകാര്യ പ്രസിനു ലോട്ടറി അച്ചടി നൽകാൻ തീരുമാനിച്ചെന്ന വാർത്ത വിവാദമായതിനു പിന്നാലെ അച്ചടി സർക്കാർ പ്രസിനു തന്നെ നൽകി മന്ത്രിസഭാ തീരുമാനം. അച്ചടി ചുമതല കേരള ബുക്‌സ് ആൻഡ് പബ്ലിഷിങ് സൊസൈറ്റിക്കും സിആപ്ടിനും തന്നെ നൽകാനാണു മന്ത്രിസഭായോഗം തീരുമാനിച്ചത്.

കാലതാമസം കൂടാതെ ടിക്കറ്റ് അച്ചടിച്ച് നൽകാമെന്ന് കെ.ബി.പി.എസും സിആപ്ടും ഉറപ്പ് നൽകിയ സാഹചര്യത്തിലാണ് അച്ചടി ഇവരെ ഏൽപ്പിക്കുന്നതെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ ആഴ്ച മുതൽ നിലവിലുള്ളതിന് പുറമേ 40ലക്ഷം ടിക്കറ്റുകൾ കൂടി കെ.ബി.പി.എസിന് നൽകാനാണു ധാരണ.

സ്വകാര്യ പ്രസിന് ലോട്ടറി അച്ചടി ചുമതല നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിഡ്‌കോയ്ക്ക് പങ്കാളിത്തമുള്ള പ്രസിന് അച്ചടി നൽകിയെന്ന തരത്തിലുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. കെ.ബി.പി.എസിലും സിആപ്ടിലും ലോട്ടറി അച്ചടി വൈകുന്നത് നിമിത്തമാണ് സ്വകാര്യ പ്രസിനെക്കുറിച്ച് ആലോചിച്ചത്. ഇതിന്റെ പ്രായോഗികത പരിശോധിക്കാനായി നികുതി സെക്രട്ടറി അദ്ധ്യക്ഷനായ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച വാർത്തകൾ വന്നതോടെ കാലതാമസമില്ലാതെ ടിക്കറ്റ് അച്ചടിച്ച് നല്കാമെന്ന് കെ.ബി.പി.എസും സിആപ്ടും കഴിഞ്ഞ ദിവസം ഉറപ്പു നൽകി.

60 ലക്ഷം ടിക്കറ്റുകളാണ് ഓരോ ദിവസവും അച്ചടിച്ചിരുന്നത്. ഇത് 90 ലക്ഷം ആക്കാൻ തീരുമാനിച്ചപ്പോഴാണ് സ്വകാര്യ പ്രസിനെക്കുറിച്ച് ചിന്തിച്ചത്. എന്നാൽ സുരക്ഷ അടക്കമുള്ള കാര്യങ്ങൾ കൂടി കണക്കിലെടുക്കേണ്ടതുള്ളതു കൊണ്ട് പഠിക്കാൻ വിദഗ്ധസമിതിയെ നിയോഗിച്ചു. ആഴ്ചയിൽ 3.9 കോടി ടിക്കറ്റുകൾ അച്ചടിക്കുന്നതിൽ 3.5 കോടിയും കെ.ബി.പി.എസിലാണ്. അവർ കാര്യക്ഷമമായതിനാലാണ് 40ലക്ഷം കൂടി നൽകുന്നത്. 75 ലക്ഷമാണ് സിആപ്ടിൽ അച്ചടിക്കുന്നത്. അവർ കാര്യക്ഷമത തെളിയിച്ചാൽ കൂടുതൽ ഓർഡർ നൽകും. ലോട്ടറി വിൽപന സംസ്ഥാനത്ത് കുതിച്ചുയരുകയാണ്.

2010 11 വർഷം 557.6 കോടിയുടെ വാർഷിക വിൽപനയാണ് നടന്നതെങ്കിൽ നടപ്പുവർഷം ഫെബ്രുവരി വരെ മാത്രം 5696 കോടിയാണ് വരവ്. ഇക്കൊല്ലം 6250 കോടിയാണ് വിൽപന ലക്ഷ്യം. ലോട്ടറി വിൽപനയിൽനിന്ന് 1200 കോടിയാണ് കാരുണ്യ പദ്ധതിക്കായി ചെലവഴിക്കുന്നത്. പുതുതായി ആവിഷ്‌കരിക്കുന്ന സ്ത്രീ ശക്തി പദ്ധതിക്കും ലോട്ടറിയിൽ നിന്നാണ് പണം കണ്ടെത്തുന്നത്. ലോട്ടറി വിറ്റുവരവ് വർഷം പതിനായിരം കോടി ആക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ ലോട്ടറി അച്ചടിക്കാനുള്ള ഓർഡർ കെ.ബി.പി.എസിന് നൽകുന്നത് പാഠപുസ്തക അച്ചടിയെ ബാധിക്കില്ലെന്നും ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം ലോട്ടറി അച്ചടി സ്വകാര്യ പ്രസിനു നൽകുന്നതായുള്ള വാർത്തകൾ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണു വിവിധ കോണുകളിൽ നിന്നുയർന്നിരുന്നത്. എന്നാൽ, ഇക്കാര്യങ്ങളെല്ലാം നിഷേധിച്ചാണു മുഖ്യമന്ത്രി ഇന്നു വാർത്താസമ്മേളനം നടത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP