Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

നിരോധനാജ്ഞ ലംഘിച്ച് മലപ്പുറത്ത് ഹോട്ടൽ തുറന്നു; ആളുകളെ കൂട്ടമായി ഇരുത്തി ഭക്ഷണപാനീയ വിതരണവും; ഹോട്ടലുടമകൾക്കെതിരെ കേസെടുത്ത് പൊലീസ്; മലപ്പുറത്ത് മാത്രം 74 പേർ അറസ്റ്റിൽ

നിരോധനാജ്ഞ ലംഘിച്ച് മലപ്പുറത്ത് ഹോട്ടൽ തുറന്നു; ആളുകളെ കൂട്ടമായി  ഇരുത്തി ഭക്ഷണപാനീയ വിതരണവും; ഹോട്ടലുടമകൾക്കെതിരെ കേസെടുത്ത് പൊലീസ്; മലപ്പുറത്ത് മാത്രം 74 പേർ അറസ്റ്റിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: കോവിഡ് നിരോധനാജ്ഞ ലംഘിച്ച് മലപ്പുറത്ത് ഹോട്ടൽ തുറന്നു പ്രവർത്തിച്ചു. ആളുകളെ കൂട്ടമായി ഇരുത്തി ഭക്ഷണപാനീയ വിതരണവും നടന്നു. ഹോട്ടലുടമകൾക്കെതിരെ കേസെടുത്ത് പൊലീസ്. കോവിഡ് 19 നുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച മാർഗ്ഗ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി ഹോട്ടലുകളിൽ ഇരുത്തി ആളുകൾക്ക് ഭക്ഷണപാനീയങ്ങൾ വിതരണം ചെയ്ത ഹോട്ടലുടമകൾക്കെതിരെയാണ് കേസ് രജിസ്ടർ ചെയ്തത്.

മലപ്പുറം കുറുവ സമൂസപ്പടിയിൽ ഹോട്ടൽ നടത്തുന്ന വറ്റല്ലൂർ കമ്പക്കാടൻ അബ്ദുൽ അസീസ് (55), പടപ്പറമ്പ് പലകപ്പറമ്പിൽ ബേക്കറി നടത്തുന്ന പാങ്ങ് സ്വദേശി പാറയിൽ സുലൈമാൻ (52), പടിഞ്ഞാറെ കൊളമ്പിൽ ഹോട്ടൽ നടത്തിയ വട്ടപറമ്പ് വീട്ടിൽ മുഹമ്മദലി (59) എന്നിവരെയാണ് കൊളത്തൂർ പൊലീസ് ഇൻസ്പെക്ടർ പി.എം ഷമീർ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ സർക്കാർ നിർദ്ദേശങ്ങൾ അവഗണിച്ച് പകർച്ചവ്യാധി വ്യാപിപ്പിക്കുന്നതിനിടയായ ഉദാസീനമായ പ്രവൃത്തി ചെയ്തതിനും അറിഞ്ഞു കൊണ്ട് പൊതു സുരക്ഷക്ക് വിഘാതമായ പ്രവൃത്തി ചെയ്തതിനും കേസെടുത്തതായി പൊലീസ് അറിയിച്ചു. കൊളത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ അനാവശ്യമായി വാഹനങ്ങളിൽ കറങ്ങി നടക്കുന്നവർക്കെതിരെയും പൊതു സ്ഥലങ്ങളിൽ ഇരിക്കുന്നവർക്കെതിരെയും വരും ദിവസങ്ങളിൽ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും അവർ ഉപയോഗിക്കുന്ന വാഹനങ്ങളും മൊബൈൽ ഫോണുകളും കോടതിക്ക് കണ്ടുകെട്ടുമെന്നും ഇതിനായി 24 മണിക്കൂറും ശകതമായ പൊലീസ് പട്രോളിങ് നടത്തുമെന്നും കൊളത്തൂർ പൊലീസ് ഇൻസ്പെക്ടർ അറിയിച്ചു.

മങ്കട കടന്നമണ്ണ പറച്ചോട്ടിൽപ്പടിയിലാണ് സർക്കാരിന്റെ നിർദ്ദേശം അവഗണിച്ച് വൈകുന്നേരം 5 മണിക്ക് ശേഷവും പ്രവർത്തിച്ച യു.പി സ്റ്റോർ എന്ന കട പൂട്ടിക്കുകയും കട ഉടമസ്ഥനായ പട്ടിക്കാട്ട് വീട്ടിൽ ഉമ്മർ (45), എന്നയാളെ മങ്കട ഇൻസ്പെക്ടർ സി.എൻ സുകുമാരൻ, എസ്‌ഐ പ്രദിപ്കുമാർ, എഎസ്ഐ ജോസ് എന്നിവർ അടങ്ങിയ സംഘം അറസ്റ്റ് ചെയ്തു. പ്രതിയുടെ കടയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് മങ്കട ഇൻസ്പെക്ടർ സി. എൻ സുകുമാരൻ അറിയിച്ചു
അതേ സമയം മലപ്പുറത്ത് നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരെ പൊലീസ് കർശന നടപടികൾ തുടരുകയാണ്. ജില്ലയിൽ 56 കേസുകൾ കൂടി രജിസ്റ്റർ ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുൾ കരീം അറിയിച്ചു. വിവിധ കേസുകളിലായി 74 പേരെ അറസ്റ്റു ചെയ്തു. നിയന്ത്രങ്ങൾ ലംഘിച്ചു നിരത്തിലിറക്കിയ 17 വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.

ജില്ലാ വ്യാപകമായി പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. നിരത്തുകളിൽ പ്രത്യേക പരിശോധനകൾക്കു ശേഷം മാത്രമാണ് അവശ്യ യാത്രക്കാരെ കടത്തിവിടുന്നത്. നിരോധനം ലംഘിച്ച് പുറത്തിറക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടുകയും ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്യും. സംഘം ചേരുന്നവർക്കെതിരെയും നിയമ നടപടികൾ സ്വീകരിക്കുന്നുണ്ട്.

കോവിഡ് 19 പ്രതിരോധ നടപടികൾ തുടരുമ്പോൾ വ്യാജ പ്രചരണം നടത്തിയതിനും ആരോഗ്യ ജാഗ്രത ലംഘിച്ച് പൊതു സമ്പർക്കത്തിലേർപ്പെട്ടതിനും ജില്ലയിൽ 58 കേസുകൾ കൂടി രജിസ്റ്റർ ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുൾ കരീം മുഖ്യ സമിതി അവലോകന യോഗത്തിൽ അറിയിച്ചു. ഇതുവരെ ഇത്തരത്തിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 102 ആയി.
എ.ഡി.എം എൻ.എം മെഹറലി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ പി.എൻ പുരുഷോത്തമൻ, ദേശീയ പാത വിഭാഗം ഡെപ്യൂട്ടി കലക്ടർ ഡോ. ജെ.ഒ അരുൺ, മഞ്ചേരി ഗവ. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. കെ. നന്ദകുമാർ, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ. ഷിബുലാൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജി. ബിൻസിലാൽ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും ജില്ലാതല അവലോകന യോഗത്തിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP