Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭർത്താവ് ആഗ്രഹിച്ചതു പോലെ വാർദ്ധക്യത്തിന്റെ ഒറ്റപ്പെടലിൽ ലക്ഷ്മി അമ്മാൾക്ക് കൂട്ടായി കൊച്ചനിയൻ മേനോൻ എത്തും; തൃശ്ശൂർ കോർപറേഷൻ വൃദ്ധസദനത്തിൽ ഇനി കല്ല്യാണ മേളം: ഡിസംബർ 30ന് 67 വയസ്സായ കൊച്ചനിയൻ മേനോൻ 66 വയസ്സായ പി.വി.ലക്ഷ്മി അമ്മാളുടെ കഴുത്തിൽ താലികെട്ടും

ഭർത്താവ് ആഗ്രഹിച്ചതു പോലെ വാർദ്ധക്യത്തിന്റെ ഒറ്റപ്പെടലിൽ ലക്ഷ്മി അമ്മാൾക്ക് കൂട്ടായി കൊച്ചനിയൻ മേനോൻ എത്തും; തൃശ്ശൂർ കോർപറേഷൻ വൃദ്ധസദനത്തിൽ ഇനി കല്ല്യാണ മേളം: ഡിസംബർ 30ന് 67 വയസ്സായ കൊച്ചനിയൻ മേനോൻ 66 വയസ്സായ പി.വി.ലക്ഷ്മി അമ്മാളുടെ കഴുത്തിൽ താലികെട്ടും

സ്വന്തം ലേഖകൻ

തൃശൂർ: പഴകും തോറും സ്വാദു കൂടുന്ന വീഞ്ഞു പോലെയാണ് പ്രണയം. കാലമെത്ര കഴിഞ്ഞാലും അതിന്റെ മധുരം കൂടുന്നതല്ലാതെ തെല്ലും കുറയില്ല. പ്രത്യേകിച്ചും രണ്ടുപേരും വൃദ്ധസദനത്തിലെ അന്തേവാസികളായി കഴിയുമ്പോൾ. 22 വർഷം മുൻപ് ജി.കെ.കൃഷ്ണയ്യർ മരിക്കുമ്പോൾ ഭാര്യ ലക്ഷ്മി അമ്മാളിനെയും അനുചരൻ കൊച്ചനിയൻ മേനോനെയും അടുത്തു വിളിച്ചു, 'കാലശേഷം നീ അമ്മാളിനെ നോക്കണം' എന്ന് ആവശ്യപ്പെടുകയും കൈപിടിച്ച് ഏൽപ്പിക്കുകയും ചെയ്തു. എന്നാൽ കൃഷ്ണയ്യർ മരിച്ചതോടെ അമ്മാൾ തനിച്ചാകുകയും താമസം രാമവർമപുരത്തെ കോർപറേഷൻ വൃദ്ധമന്ദിരത്തിലേക്കു താമസം മാറുകയും ചെയ്തു.

കൊച്ചനിയൻ പാചകവുമായി നാടു ചുറ്റി. സദ്യയും പലഹാരമുണ്ടാക്കലുമായി അഗ്രഹാരങ്ങളിൽനിന്നു അഗ്രഹാരങ്ങളിലേക്കുള്ള യാത്ര. മനസ്സിലെ സ്‌നേഹം എന്തുകൊണ്ടോ ഇരുവരും തുറന്നു പറഞ്ഞില്ല. ഗുരുവായൂരിൽവച്ചു കൊച്ചനിയൻ പക്ഷാഘാതം വന്നു തളർന്നുവീണു. പിന്നീടു വയനാട്ടിലെ ഒരു സന്നദ്ധ സംഘടന അങ്ങോട്ടു കൊണ്ടുപോയി. അവിടെവച്ചു കൊച്ചനിയൻ തന്റെ മനസ്സിൽ അമ്മാളിനോടുള്ള പ്രണയം ഉദ്യോഗസ്ഥരോടു പറഞ്ഞു.

അവർ കൊച്ചനിയനെ തൃശൂർ സാമുഹിക നീതി വകുപ്പ് വൃദ്ധ സദനത്തിലേക്കു മാറ്റി . അപ്പോഴേക്കും അമ്മാളും കോർപറേഷൻ വൃദ്ധസദനത്തിൽനിന്നു അവിടെയെത്തിയിരുന്നു. ശരീരം തളർന്നു ഒരു കാലും കയ്യും അനക്കാൻ പ്രയാസപ്പെടുന്ന സമയമായതിനാൽ അമ്മാൾ കൊച്ചനിയനു താങ്ങാകാൻ തീരുമാനിച്ചു ചികിത്സയിലൂടെ കൊച്ചനിയന്റെ കൈകാലുകളുടെ ചലന ശേഷി ഭാഗികമായി തിരിച്ചു കിട്ടിത്തുടങ്ങിയിട്ടുണ്ട്.

ഈ മാസം 30നു ഇവരുടെ വിവാഹം നടത്താൻ വൃദ്ധസദനം മാനേജുമെന്റ് കമ്മറ്റി തീരുമാനിച്ചു. ആദ്യ വിവാഹത്തിന്റെ അൻപതാം വർഷം അമ്മാളിന്റെ രണ്ടാം വിവാഹം. 'മനസ്സിൽ സ്‌നേഹം കെട്ടിവച്ചിട്ടുകാര്യമില്ല. അദ്ദേഹത്തിനു വയ്യാതായി. ഇപ്പോൾ കൂടെ നിന്നില്ലെങ്കിൽ പിന്നെ എപ്പോൾ നിൽക്കാനാ'.അമ്മാൾ ചോദിക്കുന്നു. 67 വയസ്സായി കൊച്ചനിയൻ മേനോന്. ലക്ഷ്മി അണ്മാൾക്ക് പ്രായം 66ഉം. നഗരത്തിലെ നല്ല ബ്രാഹ്മണ പാചകത്തിന്റെ ആളായിരുന്നു ലക്ഷമി അമ്മാളുടെ ഭർത്താവ്. അദ്ദേഹത്തിന്റെ നിഴലായി നിന്നിരുന്നയാളാണ് ഇരിങ്ങാലക്കുടക്കാരൻ കൊച്ചനിയൻ.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP