Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇനി സ്വത്തുക്കൾ എഴുതി വച്ചു ദത്തെടുക്കണമെന്നില്ല; അനാഥക്കുട്ടികളെ സ്വന്തം മക്കളായി ആർക്കും വീട്ടിൽ വളർത്താം; പാവപ്പെട്ട കുട്ടികളുടെ പോറ്റമ്മയാകാനും അവസരം: പാശ്ചാത്യ നാടുകളിലെ ഫോസ്റ്റർ കെയർ പദ്ധതിയുമായി പിണറായി സർക്കാരും

ഇനി സ്വത്തുക്കൾ എഴുതി വച്ചു ദത്തെടുക്കണമെന്നില്ല; അനാഥക്കുട്ടികളെ സ്വന്തം മക്കളായി ആർക്കും വീട്ടിൽ വളർത്താം; പാവപ്പെട്ട കുട്ടികളുടെ പോറ്റമ്മയാകാനും അവസരം: പാശ്ചാത്യ നാടുകളിലെ ഫോസ്റ്റർ കെയർ പദ്ധതിയുമായി പിണറായി സർക്കാരും

തിരുവനന്തപുരം: നിരവധി നിയമനൂലാമാലകൾ ഉള്ളതിനാൽ കുട്ടികളെ ദത്തെടുക്കാൻ ആഗ്രഹിക്കുന്നവർ പിന്മാറുന്ന സാഹചര്യം ഇനിയുണ്ടാകില്ല. ദത്തെടുക്കൽ നിയമങ്ങളുടെ കുരുക്കുകൾ ഒഴിവാക്കാൻ അവസരം ഒരുക്കുകയാണ് സർക്കാർ. ശിശുസംരക്ഷണവിഭാഗമാണു 'സനാഥ ബാല്യം' എന്ന പദ്ധതി നടപ്പാക്കുന്നത്.

പാശ്ചാത്യ നാടുകളിലെ ഫോസ്റ്റർ കെയർ പദ്ധതിയുടെ മാതൃകയിലാണു പിണറായി സർക്കാരും പുതിയ പദ്ധതി ഒരുക്കുന്നത്. അനാഥാലയങ്ങളിൽ വളരുന്ന കുട്ടികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'സനാഥ ബാല്യം' ഒരുങ്ങുന്നത്.

അനാഥാലയങ്ങൾ, യത്തീംഖാനകൾ, ചിൽഡ്രൻസ് ഹോം എന്നിവിടങ്ങളിൽ കഴിയുന്ന കുട്ടികളെ വീട്ടിൽ നിർത്തി വളർത്താൻ അവസരം നൽകും. കുട്ടികളെ വളർത്താൻ നിവൃത്തിയില്ലാത്ത മാതാപിതാക്കളുടെ കുട്ടികളെയും ഇങ്ങനെ ഏറ്റെടുത്ത് വളർത്താം. മാതാപിതാക്കളുടെ അവകാശങ്ങൾ നഷ്ടമാകില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. താത്കാലികമായ പോറ്റി വളർത്തലാണ് സനാഥ ബാല്യം പദ്ധതി.

ജില്ലകളിലെ ബാലക്ഷേമ സമിതിയുടെ ഉത്തരവു പ്രകാരം കുഞ്ഞുങ്ങളെ ഹ്രസ്വകാലത്തേക്കോ ദീർഘകാലത്തേക്കോ ഏറ്റെടുക്കാം. ഇത് നടപ്പാക്കുന്ന നോഡൽ അഥോറിറ്റി ജില്ലാ ശിശുസംരക്ഷണ യൂണിറ്റാണ്. ഇന്ത്യൻ പൗരന്മാരായ 35 വയസിനുമേൽ പ്രായമുള്ള ദമ്പതികൾക്കോ ഏക രക്ഷിതാവായ വ്യക്തിക്കോ കുട്ടിയുടെ അടുത്ത ബന്ധുക്കൾക്കോ ഒന്നിലധികം കുട്ടികളുടെ സംരക്ഷണവും ഉത്തരവാദിത്വവും ഏറ്റെടുക്കാൻ താത്പര്യമുള്ള വ്യക്തികൾക്കോ ഈ ചുമതല ഏറ്റെടുക്കാം. ശാരീരികവും മാനസികവും വൈകാരികവുമായി ഒരു കുഞ്ഞിനെ പോറ്റി വളർത്താനുള്ള ശേഷി വേണമെന്നുമാത്രമാണു നിബന്ധന.

ജില്ലാ ശിശുസംരക്ഷണ യൂണിറ്റിലെ പ്രൊട്ടക്ഷൻ ഓഫീസർ വീടും പരിസരവും സന്ദർശിച്ച് ഉറപ്പുവരുത്തിയിട്ടേ കുട്ടിയെ കൈമാറൂ. കുഞ്ഞിന്റെ പൂർണമായ സംരക്ഷണച്ചുമതലയും സുരക്ഷിതത്വവും ഇക്കാലയളവിൽ ഫോസ്റ്റർ രക്ഷിതാവിനായിരിക്കും. കുട്ടിക്ക് നേരെയുള്ള അതിക്രമങ്ങൾ, പീഡനം, ചൂഷണം, അവഗണന, ഉപദ്രവങ്ങൾ എന്നിവയുണ്ടായാൽ ഫോസ്റ്റർ രക്ഷിതാവ് സംരക്ഷണം നൽകാൻ ബാദ്ധ്യസ്ഥനായിരിക്കും.

ജില്ലാ ശിശുക്ഷേമ സമിതികളിൽനിന്ന് നേരിട്ടോ www.swd.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നോ ഇതിനായുള്ള അപേക്ഷാ ഫോറം ലഭിക്കും. അപേക്ഷയോടൊപ്പം തിരിച്ചറിയൽ രേഖയുടെ പകർപ്പും ഹാജരാക്കണം. വിശദവിവരങ്ങൾ: 0471 2345121

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP