Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രിൻസിപ്പൽ സ്ഥാനത്തുനിന്നു വേണമെങ്കിൽ മാറി നിൽക്കാം; അദ്ധ്യാപികയായി തുടരും; രാജിവയ്ക്കാൻ ഇല്ലെന്നും ലക്ഷ്മി നായർ; ലോ അക്കാദമി പ്രിൻസിപ്പലിന്റെ കടുംപിടിത്തത്തിൽ ചർച്ച പൊളിഞ്ഞു; രാജി വയ്ക്കാതെ പിന്നോട്ടില്ലെന്നു വിദ്യാർത്ഥികൾ; പ്രിൻസിപ്പലിനെ മാറ്റണമെന്നതായിരുന്നു തങ്ങൾ ഉന്നയിച്ച ആവശ്യമെന്ന് എസ്എഫ്‌ഐ

പ്രിൻസിപ്പൽ സ്ഥാനത്തുനിന്നു വേണമെങ്കിൽ മാറി നിൽക്കാം; അദ്ധ്യാപികയായി തുടരും; രാജിവയ്ക്കാൻ ഇല്ലെന്നും ലക്ഷ്മി നായർ; ലോ അക്കാദമി പ്രിൻസിപ്പലിന്റെ കടുംപിടിത്തത്തിൽ ചർച്ച പൊളിഞ്ഞു; രാജി വയ്ക്കാതെ പിന്നോട്ടില്ലെന്നു വിദ്യാർത്ഥികൾ; പ്രിൻസിപ്പലിനെ മാറ്റണമെന്നതായിരുന്നു തങ്ങൾ ഉന്നയിച്ച ആവശ്യമെന്ന് എസ്എഫ്‌ഐ

തിരുവനന്തപുരം: പേരൂർക്കട ലോ അക്കാദമി വിഷയത്തിൽ സർക്കാരിന്റെ സമ്മർദത തന്ത്രത്തിലും വിട്ടുവീഴ്ചയ്ക്കു തയാറാകാതെ പ്രിൻസിപ്പൽ ലക്ഷ്മി നായർ. മൂന്നാഴ്ചയായി തുടരുന്ന സമരം അവസാനിപ്പിക്കാൻ വിദ്യാർത്ഥി പ്രതിനിധികളും കോളജിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്‌സും തമ്മിൽ നടത്തിയ ചർച്ച ലക്ഷ്മി നായരുടെ കടുംപിടുത്തത്തെ തുടർന്ന് പരാജയപ്പെട്ടു. പ്രിൻസിപ്പൽ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ലക്ഷ്മി നായർ വ്യക്തമാക്കി. രാജിയിൽക്കുറഞ്ഞൊന്നിനും തങ്ങൾ തയാറല്ലെന്ന് വിദ്യാർത്ഥികളും നിലപാട് എടുത്തതോടെ ചർച്ച പൊളിയുകയായിരുന്നു. രാത്രി എട്ടു മുതൽ രണ്ടു വട്ടമാണ് വിദ്യാർത്ഥികളും കോളജ് മാനേജ്‌മെന്റും തമ്മിൽ ചർച്ച നടത്തിയത്.

വൈസ് പ്രിൻസിപ്പലിനു ചുമതല നല്കി ലക്ഷ്മി നായരെ പ്രിൻസിപ്പൽ സ്ഥാനത്തുനിന്നു മാറ്റി നിർത്താമെന്നായിരുന്നു കോളജ് മാനേജ്‌മെന്റിന്റെ നിലപാട്. പക്ഷേ കോളജിൽ അവർ അദ്ധ്യാപികയായി തുടരുമെന്നും വ്യക്തമാക്കി. വേണമെങ്കിൽ ഈ അധ്യായന വർഷത്തിൽ ലക്ഷ്മി നായരെ മാറ്റി നിർത്താമെന്നും കോളജ് മാനേജ്‌മെന്റ് പറഞ്ഞു. എന്നാൽ പ്രിൻസിപ്പലിന്റെ രാജിയിൽ കുറഞ്ഞ ഒരു ഒത്തുതീർപ്പിനും തങ്ങൾ തയാറല്ലെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി. കേസിൽ പ്രതിയായ ലക്ഷ്മി നായർ അദ്ധ്യാപികയായി തുടരുന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു വിദ്യാർത്ഥികളുടെ നിലപാട്. രാത്രി എട്ടിന് ആരംഭിച്ച ചർച്ചയിൽനിന്ന് തുടർന്നു വിദ്യാർത്ഥികൾ ഇറങ്ങിപ്പോയി. എന്നാൽ മാനേജ്‌മെന്റ് പ്രതിനിധികൾ വിദ്യാർത്ഥികളെ രണ്ടാം ഘട്ട ചർച്ചയ്ക്കു വിളിച്ചു. രണ്ടാം ഘട്ട ചർച്ചയിലും ഇരു വിഭാഗവും നിലപാടുകളിൽ മാറ്റം വരുത്താൻ തയാറായില്ല. എസ്എഫ്‌ഐ ഒഴികെയുള്ള വിദ്യാർത്ഥി പ്രതിനിധികൾ രണ്ടാം ഘട്ട ചർച്ചയിൽനിന്ന് ഇറങ്ങിപ്പോരുകയും സമരം തുടരുമെന്ന് വ്യക്തമാക്കുകയും ചെയ്തു.

തുടർന്ന് പുറത്തുവന്ന എസ്എഫ്‌ഐ പ്രതിനിധികൾ ഒരു ഒത്തുതീർപ്പ് ഫോർമുലയ്ക്കും തങ്ങൾ വഴങ്ങിയില്ലെന്ന് അവകാശപ്പെട്ടു. മാനേജ്‌മെന്റിനു പറയാനുള്ളതു കേൾക്കാനാണ് തങ്ങൾ ചർച്ച തുടർന്നത്. പ്രിൻസിപ്പലിനെ മാറ്റണമെന്നതായിരുന്നു തങ്ങളുടെ ആവശ്യം. അത് അംഗീകരിക്കാൻ മാനേജ്‌മെന്റ് തയാറായിരിക്കുന്നു. എന്നാൽ എത്ര നാളത്തേക്കാണ് മാറ്റുന്നതെന്നകാര്യത്തിൽ വ്യക്തതയില്ല. സിസിടിവി കാമറകൾ മാറ്റണമെന്നതടക്കമുള്ള ആവശ്യങ്ങൾ മാനേജ്‌മെന്റ് അംഗീകരിച്ചിട്ടുണ്ട്. തങ്ങൾ ഉന്നയിച്ച 90 ശതമാനം ആവശ്യങ്ങളും അംഗീകരിക്കപ്പെട്ടു. സമരം തുടരുകയെന്നതാണ് എസ്എഫ്‌ഐയുടെ ഇപ്പോഴത്തെ തീരുമാനമെന്നും നാളെ സംസ്ഥാന കമ്മിറ്റി ചേർന്ന് തുടർ നടപടികൾ തീരുമാനിച്ചശേഷം വീണ്ടും മാദ്ധ്യമപ്രവർത്തകരെ കാണുമെന്നും നേതാക്കൾ അറിയിച്ചു. എസ്എഫ്‌ഐയുമായുള്ള ചർച്ച ക്രിയാത്മകമായിരുന്നെന്നും ചർച്ച തുടരുമെന്നും കോളജ് മാനേജ്‌മെന്റും അറിയിച്ചു.

സർക്കാർ ശക്തമായ നിലപാടെടുത്തോടെ ഇന്നുതന്നെ ലോ അക്കാദമി പ്രശ്‌നത്തിൽ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. നേരത്തേ കോളജ് ഡയറക്ടറും ലക്ഷ്മി നായരുടെ പിതാവുമായ നാരായണൻ നായരും സമരം ഇന്നുതന്നെ അവസാനിപ്പിക്കാൻ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നു. ലക്ഷ്മി നായരെ മാറ്റുന്ന കാര്യം ആലോചനയിലുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിദ്യാർത്ഥി സംഘടനകളുടെ പ്രതിനിധികളുമായി കോളജ് മാനേജ്‌മെന്റ് ചർച്ച നടത്തിയത്. ചർച്ച പൊളിഞ്ഞ സാഹചര്യത്തിൽ ഇനി സർക്കാരിന്റെ ഭാഗത്തുനിന്നുള്ള നടപടികളാണ് കേരള സമൂഹം ഉറ്റുനോക്കുന്നത്. ലോ അക്കാദമിക്കെതിരേ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് സർക്കാരിനു ലഭിച്ചതായി വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചിട്ടുണ്ട്. തുടർ നടപടികൾ ഒട്ടും വൈകാതെ ഉണ്ടാകുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരേ ദളിത് വിദ്യാർത്ഥിനി നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ പേരൂർക്കട പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് സമരം അവസാനിപ്പിക്കാൻ ശക്തമായ സമ്മർദം കോളജ് മാനേജ്‌മെന്റിനു മേൽ സർക്കാർ ഉയർത്തിയിരുന്നു. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള നിർദ്ദേശത്തെ തുടർന്നാണ് ജാമ്യമില്ലാ വകുപ്പു ചുമത്തി കേസ് എടുത്തതെന്നാണ് അറിയാൻ കഴിയുന്നത്.

നേരത്തേ പ്രിൻസിപ്പൽ പദവിയിൽ നിന്നും ലക്ഷ്മി നായരെ മാറ്റണമെന്ന് അക്കാദമി ചെയർമാൻ നാരായണൻ നായരോട് സിപിഐ(എം) ആവശ്യപ്പെട്ടിരുന്നു. എന്നാൽ ലക്ഷ്മി നായർ വഴങ്ങുന്നില്ലെന്നാണ് നാരായണൻ നായർ മറുപടി നല്കിയത്. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് സിപിഐ(എം) സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇത്തരമൊരു ചർച്ച നടത്തിയത്. മകളുടെ രാജി ചോദിച്ച് വാങ്ങിക്കണമെന്നായിരുന്നു നാരായണൻ നായരോട് കോടിയേരി ആവശ്യപ്പെട്ടത്. ഇത് തള്ളിയതോടെയാണ് ജാമ്യമില്ലാ വകുപ്പു ചുമത്തി കേസെടുക്കാനുള്ള നപടികളിലേക്ക് സർക്കാർ കടന്നത്.

ദലിത് പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പേരൂർക്കട പൊലീസ് കേസെടുത്തിരിക്കുന്നത്. ദലിത് വിദ്യാർത്ഥിയെ ലക്ഷ്മി നായരുടെ ഹോട്ടലിൽ പണിയെടുപ്പിച്ചതായി പരാതിയിൽ ആരോപിച്ചിരുന്നു. പരാതി പരിഗണിച്ചു രണ്ടു ദിവസം മുൻപാണു കേസെടുത്തതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഇത് ഇന്നാണ് സംഭവിച്ചതെന്നാണ് മറുനാടന് ലഭിച്ച വിവരം. കേസെടുത്തെങ്കിൽ തന്നെ അത് പുറം ലോകത്ത് അറിയിക്കാതെ പ്രശ്നം ഒതുക്കി തീർക്കാനും ശ്രമിച്ചു.

സമരത്തെ നേരിടാൻ മാനേജ്‌മെന്റും സമരം ശക്തമാക്കാൻ വിദ്യാർത്ഥികളും തയ്യാറെടുക്കുന്നതിനിടയിലാണ് പൊലീസ് കേസ് ഉണ്ടായത്. കേസിൽ ലക്ഷ്മി നായരെ അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയാൽ അവരെ സസ്പെണ്ട് ചെയ്യേണ്ട ബാധ്യത മാനേജ്മെന്റിനുണ്ടാകും. കോളേജുമായി ബന്ധപ്പെട്ട കേസാണിതെന്നതും ഇതിന് കാരണമാകും. എന്നിട്ടും മാനേജ്മെന്റ് ലക്ഷ്മി നായരെ മാറ്റിയില്ലെങ്കിൽ സർവ്വകലാശാലയ്ക്ക് നടപടിയെടുക്കാനാകുമെന്നും വിലയിരുത്തുന്നു.

കേസ് എടുത്തതോടെ ലക്ഷ്മി നായർ രാജി വയ്ക്കുമെന്നായിരുന്നു സർക്കാരിന്റെ പ്രതീക്ഷ. ലക്ഷ്മി നായർ രാജിവയ്ക്കാൻ തയാറായാൽ വിദ്യാർത്ഥിനിയെക്കൊണ്ട് പരാതി പിൻവലിപ്പിച്ച് കേസ് ഒഴിവാക്കാനുള്ള സാഹചര്യവും ഉണ്ടാക്കുമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.

ഇതിനിടെ ലോ അക്കാദമിക്ക് മുന്നിലെ സമരപ്പന്തലുകൾ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മി നായർ ഹൈക്കോടതിയിൽ ഹർജി നൽകി. കോളേജിലേക്കുള്ള സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കണം എന്നാവശ്യപ്പെട്ടാണ് ഹർജി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP