Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പെരിന്തൽമണ്ണയിൽ പനി ബാധിച്ച യുവതി മരിച്ചത് നിപ്പ ബാധ മൂലമല്ലെന്ന് പ്രാഥമിക നിഗമനം; വിശദ പരിശോധനയ്ക്കായി ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സാമ്പിൾ അയച്ചു; മരിച്ചത് അലിഗഡ് സർവകലാശാലയിലെ ജീവനക്കാരന്റെ ഭാര്യ; ഭയപ്പെടേണ്ട കാര്യമില്ലെന്നും മുന്നൊരുക്കങ്ങൾ ഫലപ്രദമെന്നും മലപ്പുറം ജില്ലാ കലക്ടർ

പെരിന്തൽമണ്ണയിൽ പനി ബാധിച്ച യുവതി മരിച്ചത് നിപ്പ ബാധ മൂലമല്ലെന്ന് പ്രാഥമിക നിഗമനം; വിശദ പരിശോധനയ്ക്കായി ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സാമ്പിൾ അയച്ചു; മരിച്ചത് അലിഗഡ് സർവകലാശാലയിലെ ജീവനക്കാരന്റെ ഭാര്യ; ഭയപ്പെടേണ്ട കാര്യമില്ലെന്നും മുന്നൊരുക്കങ്ങൾ ഫലപ്രദമെന്നും മലപ്പുറം ജില്ലാ കലക്ടർ

ജംഷാദ് മലപ്പുറം

മലപ്പുറം: പെരിന്തൽമണ്ണയിൽ വൈറൽ പനി ബാധിച്ച് ആന്ധ്ര കുർനൂൽ സ്വദേശിനിയായ യുവതി മരിച്ചു. നിപ ബാധയല്ലെന്നാണ് പ്രാഥമിക നിഗമനം. രോഗബാധയ്ക്കിടയാക്കിയത് ഏതു തരം വൈറസ് ആണെന്ന് സ്ഥിരീകരിക്കാൻ ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സാമ്പിൾ അയച്ചിട്ടുണ്ട്. പെരിന്തൽമണ്ണ അലിഗഡ് സർവകലാശാലയിലെ ജീവനക്കാരന്റെ ഭാര്യയാണ് മരിച്ച യുവതി. ഇയാൾ അസുഖം ബാധിച്ച് സ്വകാര്യാശുപത്രിയിൽ ചികിത്സയിലായതിനെ തുടർന്നാണ് നാട്ടിൽനിന്ന് ഭാര്യ പെരിന്തൽമണ്ണയിലെത്തിയത്. അതേ സമയം എറണാകുളം ജില്ലയിൽ നിപ രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യം ജില്ലയിൽ ഇല്ലെന്നും മുന്നൊരുക്കങ്ങൾ ഫലപ്രദമാണെന്നും മലപ്പുറം ജില്ലാകലക്ടർ അമിത് മീണ പറഞ്ഞു.

ആരോഗ്യപ്രവർത്തകരുടേയും വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരുടേയും യോഗത്തിൽ സംസാരിക്കുകയായിരുന്നു കലക്ടർ. അവധി ദിനമായ ഇന്ന് സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഡോക്ടർമാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീന അറിയിച്ചു. ഒ.പി വിഭാഗം തുറന്ന് പ്രവർത്തിക്കും. സാഹചര്യങ്ങൾ നേരിടാൻ ജില്ല സജ്ജമാണ്. മുഴുവൻ ആരോഗ്യപ്രവർത്തകർക്കും പരിശീലനം നൽകിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു.

സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ഫീവർ വാർഡുകൾ പ്രത്യേകം സജ്ജീകരിക്കും. ഐസൊലേഷൻ വാർഡുകൾ അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കും. ആരോഗ്യ  കേന്ദ്രങ്ങളിൽ ചുമയുമായി എത്തുന്നവർക്ക് മാസ്‌ക്ക് വിതരണം ചെയ്യും. കഫ് കോർണർ സജ്ജീകരിക്കും. പനി കൂടുതലാണെങ്കിൽ പ്രത്യേകം പനി വാർഡുകൾ സജ്ജമാക്കും. എല്ലാ ആശുപത്രികളിലും എ.ബി.സി ഗൈഡ്ലൈൻ പതിക്കും. ആശുപത്രികളിൽ രോഗികളെ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് ഡിഎംഒ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണിക്കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി സുധാകരൻ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ ഇസ്മയിൽ തുടങ്ങിയവർ പങ്കെടുത്തു.

പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ

വവ്വാൽ ഭക്ഷിച്ച് ഉപേക്ഷിച്ച പേരക്ക, മാങ്ങ, സപ്പോട്ട, സീതപ്പഴം എന്നിവ ഒരു കാരണവശാലും കഴിക്കരുത്.പനി, തലവേദന, പേശി വേദന തുടങ്ങിയ രോഗലക്ഷണമുള്ളവർ നിർബന്ധമായും പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കണം.

ജാഗ്രത വേണം

കേരളത്തിൽ നിപവൈറസ് സ്ഥിരീകരിച്ചതോടെ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ്. പനിയോടൊപ്പം ശക്തമായ തലവേദന, ഛർദി, ക്ഷീണം, തളർച്ച, ബോധക്ഷയം, കാഴ്ചമങ്ങൽ തുടങ്ങിയവ ഉണ്ടായാൽ ഉടൻ ചികിത്സ തേടണം. കൊതുക്, ഈച്ച എന്നിവയ്ക്ക് നിപ രോഗം പകർത്താൻ കഴിയില്ല. ഭക്ഷണം, വായു, വെള്ളം എന്നിവ വഴിയും പകരില്ല. രോഗികളുമായുള്ള സമ്പർക്കം മൂലം എളുപ്പത്തിൽ രോഗം പകരാൻ സാധ്യതയുണ്ട്. നിപ വൈറസ് വാഹകരായ വവ്വാലുകൾ, പന്നികൾ, രോഗബാധിതരായ മനുഷ്യർ എന്നിവ വഴിയാണ് രോഗം പകരുക. നേരിട്ടുള്ള സമ്പർക്കം, ജീവികളുടെ ഉച്ചിഷ്ടം, ഭക്ഷിച്ച പഴങ്ങളിലുള്ള മൂത്രം, കാഷ്ടം എന്നിവ വഴിയുമാണ് രോഗമുണ്ടാകുന്നത്.

ട്രീറ്റ്മെന്റ് പ്രോടോകോൾ പാലിക്കണം

ആശുപത്രികൾ ട്രീറ്റ്മെന്റ് പ്രോടോകൾ നിർബന്ധമായും പാലിക്കണം. നിപ വൈറസ് ബാധ സംശയിക്കുന്ന കേസുകൾ സംബന്ധിച്ച് പൂർണവിവരങ്ങൾ ആരോഗ്യ വകുപ്പിനെ അറിയിക്കണം. പകർച്ചവ്യാധി ചികിത്സക്ക് പാലിക്കേ എല്ലാ മാനദണ്ഡങ്ങളും പാലിക്കണം. ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകൾ ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഒരുക്കണം. പനിയുമായി വരുന്ന രോഗികൾ ആശുപത്രിയിലെത്തുന്ന മറ്റ് രോഗികളുമായി ഇടപഴകാനുള്ള സാഹചര്യം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണം.

ശ്രദ്ധിക്കുക

വ്യക്തി സുരക്ഷ നടപടികൾ പുലർത്തുക. ഇതിനായി മാസ്‌ക്കുകളും ഗ്ലൗസ് (കൈയുറകൾ), ഗൗൺ, ചെരിപ്പ് ധരിക്കണം. ഇതിനായി പ്രത്യേക തരം എൻ 95 മാസ്‌ക്കുകൾ ലഭ്യമാണ്. രോഗിയോ വിസർജ്യങ്ങളുമായോ സമ്പർക്കമുണ്ടായാൽ കൈകൾ 20 സെക്കന്റോളം അണുനാശിനിയോ സോപ്പുലായനി ഉപയോഗിച്ചോ കഴുകുക, അണുനാശിനിയായി സാവ്ലോൺ, ക്ലോറോ ഹെക്സിഡിൻ തുടങ്ങിയവ ഉപയോഗിക്കാം. ഉപകരണങ്ങൾ ഗ്ലുട്ടറാൾഡിഹൈഡ് ഉപയോഗിച്ച് അണുനാശം വരുത്തേണ്ടതാണ്. കഴിയുന്നതും ഡിസ്പോസിബിൾ വസ്തുക്കൾ ഉപയോഗിക്കണം. പരിശോധനക്കായി രോഗിയുടെ രക്തസാമ്പിളുകൾ ശേഖരിക്കുമ്പോഴും രോഗിയുടെ വിസർജ്യങ്ങൾ കൈകാര്യം ചെയ്യുമ്പോഴും സാർവത്രിക മുൻകരുതൽ എടുക്കണം. ഡ്യൂട്ടി സമയത്തിനുശേഷം വസ്ത്രങ്ങൾ മാറി കുളിക്കണം. പനി ലക്ഷണമുണ്ടായാൽ ഉടൻ ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതുമാണ്.

കൺട്രോൾ റൂം തുറന്നു

നിപയെക്കുറിച്ചുള്ള ആശങ്കയകറ്റാനും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപിക്കാനും ജില്ലാമെഡിക്കൽ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജെൻസി കൺട്രോൾ റൂം തുറന്നു. 0483- 2737857, 9544060973 എന്ന നമ്പറിൽ വിളിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP