Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഭാര്യയുടെ ജന്മദിനത്തിൽ കോവിഡ് അടുക്കളയിൽ എത്തി കുഞ്ചാക്കോ ബോബനും പ്രിയയും; ഇതിലും വലിയ ജന്മദിന സമ്മാനം ലഭിക്കാനില്ലെന്ന് പ്രിയയും

ഭാര്യയുടെ ജന്മദിനത്തിൽ കോവിഡ് അടുക്കളയിൽ എത്തി കുഞ്ചാക്കോ ബോബനും പ്രിയയും; ഇതിലും വലിയ ജന്മദിന സമ്മാനം ലഭിക്കാനില്ലെന്ന് പ്രിയയും

സ്വന്തം ലേഖകൻ

കൊച്ചി: ഭാര്യ പ്രിയയുടെ ജന്മദിനത്തിൽ കോവിഡ് അടുക്കളയിൽ എത്തി സഹായിച്ച് കുഞ്ചാക്കോ ബോബനും പ്രിയയും. ഭാര്യയുടെ ജന്മദിനത്തിൽ ഇത്തവണ എന്തുസമ്മാനം വാങ്ങിക്കണം?... എന്ന ചോദ്യത്തിനാണ് കോവിഡ് അടുക്കളയിൽ ഉത്തരമായത്. സിനിമക്കാർ നടത്തുന്ന കോവിഡ് അടുക്കളയിൽ എത്തിയ ഇരുവരും തങ്ങളാൽ കഴിയുന്ന സഹായം ചെയ്താണ് മടങ്ങിയത്. ലോക്ഡൗണിൽ കുരുങ്ങി വിശന്നു വലഞ്ഞിരിക്കുന്ന ആയിരങ്ങൾക്കു അന്നമേകാൻ ഓരോ പൊതിച്ചോറും കെട്ടുമ്പോൾ പ്രിയ ചാക്കോച്ചനോട് പറഞ്ഞു- ''ഇതിലും വലിയൊരു ജന്മദിന സമ്മാനം ലഭിക്കാനില്ല...''

സമൂഹത്തിന് ചെയ്യേണ്ട കടമയെന്നാണ് കോവിഡ് കിച്ചണിലേക്കുള്ള വരവിനെക്കുറിച്ച് കുഞ്ചാക്കോ ബോബൻ പറഞ്ഞത്. ''നമ്മുടെ നാട് വലിയൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ലോക്ഡൗണിൽ കുടുങ്ങി എത്രയോ പേരാണ് ഭക്ഷണംകിട്ടാതെ നാട്ടിൽ പട്ടിണി കിടക്കുന്നത്. ഈ സമയത്ത് നാടിന് തങ്ങളാൽ കഴിയാവുന്ന സഹായം ചെയ്യാനായിട്ടാണ് കോവിഡ് കിച്ചണിലേക്ക് വന്നത്. ജന്മദിനത്തിൽ മറ്റു സമ്മാനമൊന്നും വേണ്ടെന്നും കോവിഡ് കിച്ചണിൽ പോയി അല്പനേരമെങ്കിലും സഹായിക്കാമെന്നും പ്രിയ തന്നെയാണ് എന്നോടു പറഞ്ഞത്- കുഞ്ചാക്കോ ബോബൻ പറഞ്ഞു.

ലോക്ഡൗൺ പ്രഖ്യാപിച്ചതിന്റെ അടുത്തദിവസം 100 പേർക്കു ഭക്ഷണം നൽകുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച കോവിഡ് അടുക്കള ഹിറ്റിൽ നിന്നും സൂപ്പർ ഹിറ്റിലേക്ക് കുതിക്കുകയാണ്. നിർമ്മാതാക്കളായ മഹാ സുബൈറും ആന്റോ ജോസഫും ആഷിഖ് ഉസ്മാനും ഇച്ചായീസ് മനുവും പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയും നടൻ ജോജു ജോർജും ചേർന്ന് കോവിഡ് അടുക്കള തുടങ്ങിയത്. സുബൈറിന്റെ വീട്ടുമുറ്റത്താണ് പാചകവും പൊതികെട്ടലുമെല്ലാം. കലൂരിലെ വീനസ് ലെയ്ൻ റെസിഡന്റ്സ് അസോസിയേഷന്റെ സഹായം കൂടിയായതോടെ വളരെപ്പെട്ടെന്നാണ് കോവിഡ് അടുക്കള ഹിറ്റായത്. 100 പേർക്കായി തുടങ്ങിയ കിച്ചണിൽനിന്ന് ഇപ്പോൾ വിതരണംചെയ്യുന്നത് 4000-ത്തോളം പേർക്കുള്ള ഭക്ഷണമാണ്.

ഉച്ചയ്ക്കുള്ള പൊതിയിൽ ചോറും സാമ്പാറും തോരനും അച്ചാറും ഉൾപ്പെടുമ്പോൾ രാത്രിയിലെ പൊതിയിൽ ചപ്പാത്തിയും കറിയുമാകും കൊടുക്കുക. ഞായറാഴ്ച ഉച്ചയ്ക്ക് ചിക്കൻ ബിരിയാണിയും ഉൾപ്പെടുത്തിയതോടെ സിനിമാ പ്രവർത്തകരുടെ കോവിഡ് കിച്ചൺ സൂപ്പർ ഹിറ്റായി. റെസിഡന്റ്സ് അസോസിയേഷനിലെ സ്ത്രീകൾ പല നേരത്തായി വന്നാണ് പച്ചക്കറിയും മറ്റും അരിഞ്ഞു കൊടുക്കുന്നത്. സുബൈറിന്റെ സഹോദരൻ ബഷീറിന്റെ കാറ്ററിങ് യൂണിറ്റിന്റെ സഹായത്തോടെയാണ് പാചകം. സുബൈറും സംഘവും തുടങ്ങിയ പദ്ധതിയിലേക്ക് താരങ്ങളും എത്താൻ തുടങ്ങി. നടന്മാരായ ആസിഫ് അലി, രമേഷ് പിഷാരടി, ധർമജൻ ബോൾഗാട്ടി, സുരേഷ് കൃഷ്ണ, സാദിഖ് തുടങ്ങിയവരൊക്കെ കിച്ചണിലെത്തി സഹായിച്ചിരുന്നു.

ഫേസ്‌ബുക്ക് കുറിപ്പിലൂടെയും കുഞ്ചാക്കോ ബോബൻ പ്രിയയ്ക്ക് ജന്മദിനാശംസകൾ നേർന്നു. ഇന്നാണ് നിന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ജന്മദിനം.. ഇന്ന് നിനക്കു കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല സമ്മാനമാണ് നിന്റെ കൈകളിലിരിക്കുന്നത്. ഇസഹാക്ക്.. നീയെന്റെ ബെറ്റർ ഹാഫ് അല്ല, ബെസ്റ്റ് ഹാഫ് ആണ്. സന്തോഷം നിറഞ്ഞ ജന്മദിനവും ചുംബനങ്ങളും..

അടുത്തിടെയാണ് ഇരുവരും പതിനഞ്ചാം വിവാഹവാർഷികം ആഘോഷിച്ചത്. 2005 ഏപ്രിൽ 2നാണ് പ്രിയ ആൻ സാമുവലിനെ കുഞ്ചാക്കോ ബോബൻ വിവാഹം ചെയ്യുന്നത്. 2019 ഏപ്രിൽ 16ന് ആയിരുന്നു ഇസഹാക്കിന്റെ ജനനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP