Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊടിമരച്ചുവട്ടിൽ മെർക്കുറി ഒഴിക്കുന്ന ആചാരം ആന്ധ്രയിലോ തെലങ്കാനയിലോ ഇല്ലെന്ന് കുമ്മനം; ഇക്കാര്യം തിരുപ്പതിയെ തന്ത്രിമുഖ്യരുമായി ചർച്ചചെയ്തു; സ്വർണക്കൊടിമരം തകർക്കാനുള്ള നീക്കത്തെ സംസ്ഥാന സർക്കാർ ലാഘവത്തോടെ കാണുന്നെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ

കൊടിമരച്ചുവട്ടിൽ മെർക്കുറി ഒഴിക്കുന്ന ആചാരം ആന്ധ്രയിലോ തെലങ്കാനയിലോ ഇല്ലെന്ന് കുമ്മനം; ഇക്കാര്യം തിരുപ്പതിയെ തന്ത്രിമുഖ്യരുമായി ചർച്ചചെയ്തു; സ്വർണക്കൊടിമരം തകർക്കാനുള്ള നീക്കത്തെ സംസ്ഥാന സർക്കാർ ലാഘവത്തോടെ കാണുന്നെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ

തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ സ്വർണക്കൊടിമരം മെർക്കുറി ഒഴിച്ച് കേടുവരുത്തിയത് ആന്ധ്രാപ്രദേശിലെ ആചാരത്തിന്റെ ഭാഗമായാണെന്ന പൊലീസ് വാദത്തെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. വിഷയത്തിൽ ആസൂത്രിത നീക്കമില്ലെന്ന നിലപാടിലേക്ക് സംസ്ഥാന പൊലീസ് എത്തുന്നതിനിടെ ഇക്കാര്യത്തിൽ നക്‌സൽബന്ധം ഉണ്ടെന്ന സംശയത്തിൽ കേന്ദ്ര ഇന്റലിജൻസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കുമ്മനത്തിന്റെ പ്രതികരണം വരുന്നത്.

ആന്ധ്രാപ്രദേശിലോ തെലങ്കാനയിലോ ഇത്തരമൊരു ആചാരം നിലവിലില്ലെന്ന് പൊലീസ് വാദത്തെ തള്ളി കുമ്മനം വ്യക്തമാക്കി. ഇക്കാര്യത്തെപ്പറ്റി തിരുപ്പതിയിലെ തന്ത്രിമുഖ്യന്മാർ അടക്കമുള്ള ആന്ധ്രാപ്രദേശിലെ പുരോഹിതന്മാരോട് താൻ ചർച്ച നടത്തിയെന്നും കുമ്മനം പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ അവിടെയെങ്ങും ഇത്തരമൊരു ആചാരം ഉള്ളതായി അവർക്കാർക്കും അറിവില്ല. ഈ വിവരം പിന്നെ എവിടെ നിന്ന് കിട്ടിയതാണെന്ന് ഐജി മനോജ് ഏബ്രഹാം വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സംഭവത്തെ ലഘൂകരിച്ച് തള്ളിക്കളയാനാണ് ദേവസ്വം മന്ത്രി അടക്കമുള്ളവർ തുടക്കം മുതലേ ശ്രമിച്ചത്. അതിന്റെ ചുവടു പിടിച്ചാണ് ഐജിയും ഇപ്പോൾ ഇത്തരമൊരു വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ശബരിമല ക്ഷേത്രത്തിന് തീവ്രവാദ ഭീഷണി ഉണ്ടെന്ന് കഴിഞ്ഞവർഷവും കേന്ദ്ര രഹസ്യാന്വേഷണ എജൻസികൾ മുന്നറിയിപ്പ് നൽകിയതാണ്.

കോടിക്കണക്കിന് ഭക്തജനങ്ങൾ ആശ്രയ കേന്ദ്രമായി കരുതുന്ന ശബരിമലയ്ക്കുനേരെ ഉണ്ടാകുന്ന ഏതൊരു ചെറിയ നീക്കം പോലും അതീവ ഗൗരവമായി അന്വേഷിക്കേണ്ടതാണ്. സ്വർണ്ണക്കൊടിമരം തകർക്കാനുള്ള നീക്കത്തെ ലാഘവത്തോടെ കാണുന്ന സർക്കാർ- പൊലീസ് നിലപാട് അപകടരമാണ്. ശബരിമലയിൽ കേന്ദ്ര സുരക്ഷാ ഏജൻസികളെ വിന്യസിക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംഭവത്തിൽ ശക്തമായി പ്രതികരിച്ച് കഴിഞ്ഞദിവസം കുമ്മനം ഫേസ്‌ബുക്ക് പോസ്റ്റും നൽകിയിരുന്നു. ശബരിമലയുടെ സുരക്ഷ സായുധ സേനയെ ഏൽപിക്കണമെന്നും സ്വർണ കൊടിമരം നശിപ്പിച്ചത് ചെറിയ കാര്യമായി കാണാൻ പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ലക്ഷക്കണക്കിന് വിശ്വാസികളിൽ അത് വേദനയുണ്ടാക്കിയിട്ടുണ്ട്.

സംഭവം ഞെട്ടലോടെയാണ് കാണുന്നതെന്നും കുമ്മനം രാജശേഖരൻ പ്രതികരിച്ചു. ഓരോ വർഷം കഴിയുന്തോറും ശബരിമലയിലെ സുരക്ഷാപ്രശ്നം വർധിച്ച് വരികയാണ്. ഓരോ വർഷവും ലക്ഷക്കണക്കിന് വിശ്വാസികളാണ് ശബരിമലയിൽ ദർശനത്തിനായി എത്തുന്നത്. അതുകൊണ്ട് തന്നെ സുരക്ഷാ വീഴ്ചയെ ഗൗരവത്തോടെ കാരണമെന്നും കുമ്മനം പറഞ്ഞു. കൊടിമരം നശിപ്പിച്ച സംഭവത്തിൽ ശാസ്ത്രീയമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP