Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അപകടങ്ങൾക്ക് കാരണം പ്രേതബാധ..! പരിഹാരമായി കാസർകോഡ് കെഎസ്ആർടിസി ഡിപ്പോയിൽ നടന്നത് 'ബാധ ഒഴിപ്പിക്കൽ പൂജ'; പൂജ നടന്നത് ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസറുടെ സാന്നിധ്യത്തിൽ

അപകടങ്ങൾക്ക് കാരണം പ്രേതബാധ..! പരിഹാരമായി കാസർകോഡ് കെഎസ്ആർടിസി ഡിപ്പോയിൽ നടന്നത് 'ബാധ ഒഴിപ്പിക്കൽ പൂജ'; പൂജ നടന്നത് ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസറുടെ സാന്നിധ്യത്തിൽ

കാസർകോട്: കാസർകോഡ് കെഎസ്ആർടിസി ഡിപ്പോയിൽ പ്രേതബാധ ഒഴിപ്പിക്കാൻ പൂജ'.എം ബാലകൃഷ്ണൻ എന്ന ജ്യോത്സ്യനാണ് കെഎസ്ആർടിസി ഉദ്യോഗസ്ഥർക്ക് വേണ്ടി പൂജ നടത്തിയത്. കഴിഞ്ഞമാസം 22നാണ് പൂജ നടത്തിയത്. ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസറുടെ സാന്നിധ്യത്തിലായിരുന്നു വിചിത്രമായ ഈ പൂജാകർമ്മങ്ങൾ അരങ്ങേറിയത്.

കാസർകോഡ് ഡിപ്പോയിലുള്ള ബസുകൾ അപകടത്തിൽപ്പെടുന്നത് പതിവായ സാഹചര്യത്തിലാണ് ഇത്തരമൊരു പൂജ നടത്തിയത്. പ്രേതബാധ കാരണമാണ് ബസുകൾ അപകടത്തിൽപ്പെടുന്നത് എന്ന നിഗമനത്തിലായിരുന്നു അധികൃതർ ജ്യോത്സ്യനെ സമീപിച്ചതും പൂജ ചെയ്തതും. പൂജയുടെ ദൃശ്യങ്ങൾ ന്യൂസ് ചാനലുകൾ പുറത്തുവിട്ടതോടെയാണ് സംഭവം വിവാദത്തിൽ ആയത്.

കാസർകോഡ് ഡിപ്പോയിലുള്ള ബസുകൾ പതിവായി അപകടത്തിൽപ്പെടുന്നതിന്റെ കാരണം തേടിയാണ് അധികൃതർ ജ്യോത്സ്യനെ സമീപിച്ചത്. പ്രേതബാധ കാരണമാണ് അപകടം നിത്യസംഭവമാകുന്നതെന്നും പൂജ വേണമെന്നും ജോത്സ്യൻ നിർദേശിച്ചു. തുടർന്ന് അർദ്ധരാത്രിയാണ് ഡിപ്പോയിൽ ജോത്സ്യന്റെ നേതൃത്വത്തിൽ അതീവരഹസ്യമായി പ്രേതബാധയൊഴിപ്പിക്കൽ പൂജനടത്തിയത്. സ്ഥലത്തിന്റെ ഉടമസ്ഥൻ വേണമെന്ന നിബന്ധനയെ തുടർന്നാണ് ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ വന്നത്. പൂജയ്ക്ക് ചെലവായ 20000 രൂപ ഇവർ പിരിവിട്ടാണ് ശേഖരിച്ചതെന്നും പറയുന്നു. കർണാടകയിൽ നിന്നുള്ള പൂജാരിമാരാണ് പൂജ നടത്തിയത്.

അതേസമയം ആയുധപൂജയോട് അനുബന്ധിച്ച് നടന്ന ഗണപതി പൂജയാണ് നടന്നതെന്നാണ് കെഎസ്ആർടിസി ഡിപ്പോ അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ, ചാനൽ അധികൃതർ ജ്യോത്സ്യനുമായി ബന്ധപ്പെട്ടപ്പോൾ പറഞ്ഞത് പ്രേതബാധ ഒഴിപ്പിക്കാനാണ് പൂജ നടന്നതെന്നും പ്രേതം ഒഴിഞ്ഞുപോയെന്നുമാണ്. വാർത്തയോട് പ്രതികരിച്ച ബിജെപി നേതാവ് കെ സുരേന്ദ്രൻ സിഐടിയു യൂണിയൻ പ്രവർത്തകരാണ് ഇത്തരമൊരു പൂജയ്ക്ക് പിന്നിലെന്ന് ആരോപിച്ചു. സിപിഎമ്മിന് ഇപ്പോൾ അന്ധവിശ്വാസങ്ങളിലാണ് താൽപ്പര്യമെന്നും അദ്ദേഹ ആരോപിച്ചു.

പ്രേതം ഒഴിപ്പിക്കൽ പൂജ നടന്നിട്ടുണ്ടെങ്കിൽ അത് അപലപനീയമാണെന്നായിരന്നു മുന്മന്ത്രിമാരായ ആർ ബാലകൃഷ്ണ പിള്ളയും മാത്യു ടി തോമസും പ്രതികരിച്ചത്. ഏത് കാലത്താണ് ഇങ്ങനെയുള്ള വിശ്വാസങ്ങൾ നിലനിൽക്കുന്നതെന്ന് ചിന്തിക്കേണ്ടതാണെന്ന് മാത്യു ടി തോമസ് പ്രതികരിച്ചപ്പോൾ ഗണപതി പൂജ നടത്തിയതാണെങ്കിൽ അതിൽ അപാകത ഇല്ലെന്നായിരുന്നു ബാലകൃഷ്ണ പിള്ളയുടെ പ്രതികരണം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP