Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202119Tuesday

കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിലെ പമ്പുകളിൽ നിന്നുംഇനി മുതൽ പൊതു ജനങ്ങൾക്കും ഇന്ധനം നിറയ്ക്കാം; ധാരണാ പത്രം ഒപ്പിട്ടു; കോർപറേഷന്റെ മുടങ്ങിക്കിടന്ന ഷോപ്പിങ് കോംപ്ലക്‌സുകൾ പ്രവർത്തന സജ്ജമാകുന്നു; പത്തനംതിട്ട കോംപ്ലക്‌സ് നാളെ നാടിന് സമർപ്പിക്കും

കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിലെ പമ്പുകളിൽ നിന്നുംഇനി മുതൽ പൊതു ജനങ്ങൾക്കും ഇന്ധനം നിറയ്ക്കാം; ധാരണാ പത്രം ഒപ്പിട്ടു; കോർപറേഷന്റെ മുടങ്ങിക്കിടന്ന ഷോപ്പിങ് കോംപ്ലക്‌സുകൾ പ്രവർത്തന സജ്ജമാകുന്നു; പത്തനംതിട്ട കോംപ്ലക്‌സ് നാളെ നാടിന് സമർപ്പിക്കും

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം; കെഎസ്ആർടിസിയുടെ 67 ബസ് സ്റ്റേഷനുകളിൽ ആരംഭിക്കുന്ന പെട്രോൾ ഡീസൽ പമ്പുകളിൽ നിന്നും ഇനി മുതൽ പൊതു ജനങ്ങൾക്കും ഇന്ധനം നിറയ്ക്കുന്നതിനുള്ള ധാരണപത്രത്തിൽ ഒപ്പ് വെച്ചു. കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകർ ഐഎഎസും, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചീഫ് ജനറൽ മാനേജർ എസ്. ധനപാണ്ഡ്യനും ചേർന്നാണ് ധാരണാ പത്രം ഒപ്പു വെച്ചത്. ഇതോടെ കെഎസ്ആർടിസിയുടെ 67 ഡിപ്പോകളിൽ സ്ഥാപിക്കുന്ന ഐഒസിയുടെ പമ്പുകളിൽ നിന്നാണ് ഇന്ധനം നിറയ്ക്കാൻ കഴിയുക. ഇത്രയും കാലം കെഎസ്ആർടിസിയുടെ കൺസ്യൂമർ പമ്പുകളിൽ നിന്നും കെഎസ്ആർടിസിക്ക് മാത്രമായിരുന്നു ഇന്ധനം നിറയ്ക്കാൻ കഴിഞ്ഞിരുന്നത്. കെഎസ്ആർടിസിയിൽ ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്.

ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ ജ്യോതിലാൽ ഐഎഎസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഈ പദ്ധതി നടപ്പിലാകുന്നതോടെ കെഎസ്ആർടിസി ഓയിൽ വിപണ രംഗത്തേക്കും കടക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഫലമായി കെഎസ്ആർടിസിക്ക് അധിക വരുമാനം ലഭിക്കുന്നത് ഇപ്പോഴത്തെ സ്ഥിതിയിൽ സഹായകരമാണ്. 150 കോടി രൂപ ചിലവഴിച്ചാണ് ഐഒസി കെഎസ്ആർടിസിയുമായി സഹകരിക്കുന്നത്. കെഎസ്ആർടിസി സാമ്പത്തിക ഞെരുക്കത്തിൽ നിന്നപ്പോഴെല്ലാം സഹായിച്ച കമ്പനി കൂടിയാണ് ഐഒസി എന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ ഐഒസി ജനറൽ മാനേജർ ഇൻ ചാർജ് ദീപക് ദാസ് മുഖ്യപ്രഭാഷണം നടത്തി, കെഎസ്ആർടിസി ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡോ. സാംസൺ മാത്യു, ടി. ഇളങ്കോവൻ, എസ്. അനിൽകുമാർ, യൂണിയൻ പ്രതിനിധികളായ സി. കെ. ഹരികൃഷ്ണൻ( കെഎസ്ആർടിഇഎ, സിഐടിയു), ആർ. ശശിധരൻ. (ടിഡിഎഫ്), കെ.എൽ രാജേഷ് ( കെഎസ്ടിഇഎസ്, ബിഎംഎസ്), തുടങ്ങിയവർ പങ്കെടുത്തു. സിഎംഡി ബിജുപ്രഭാകർ ഐഎഎസ് സ്വാഗതവും, എക്‌സിക്യൂട്ടീവ് ഡയറക്ടർ എം ടി സുകുമാരൻ നന്ദിയും പറഞ്ഞു.

പെട്രോൾ - ഡീസൽ പമ്പു കൂടാതെ അഞ്ച് കിലോഗ്രാമിന്റെ സിലിണ്ടർ , ടോയിലറ്റ്, കഫ്‌റ്റേരിയ എന്നിവയുടെ അധിക വരുമാനവും കെഎസ്ആർടിസിയും ഐഒസിയും പങ്കിട്ടെടുക്കും. 67 പമ്പിൽ നിന്നും ഇന്ത്യൻ സർക്കാർ നിശ്ചയിച്ചിട്ടുള്ള ഡീലർ കമ്മീഷനു പുറമെ സർക്കാർ സ്ഥലത്തിലുള്ള കെഎസ്ആർടിസി നിശ്ചയിക്കുന്ന സ്ഥലവാടകയുൾപ്പെടെ എല്ലാ ചിലവുകളും കഴിഞ്ഞ് ഒരു വർഷം 70 കോടിയോളം രൂപ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

ആദ്യഘട്ടത്തിൽ ചേർത്തല, മാവേലിക്കര, മൂവാറ്റുപുഴ, അങ്കമാലി, മൂന്നാർ, കണ്ണൂർ, കോഴിക്കോട്, ചാത്തന്നൂർ, ചാലക്കുടി, ഗുരുവായൂർ, തൃശ്ശൂർ, ആറ്റിങ്ങൽ, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ ഇപ്പോൾ നിലവിലുള്ള ഡീസൽ പമ്പുകളോടൊപ്പം പെട്രോൾ പമ്പുകൾ കൂടി ചേർത്താണ് ആദ്യ ഘട്ടത്തിൽ പദ്ധതി ആരംഭിക്കുക. അതിന് ശേഷമാണ് വിപുലീകരിച്ച പമ്പുകൾ മറ്റു സ്ഥലങ്ങളിൽ തുറക്കുന്നത്. അതിനുള്ള മുഴുവൻ ചിലവും ഐഒസി തന്നെ വഹിക്കും. കൂടാതെ ഓരോ ബസ് സ്റ്റേഷനുകളിലും ഐഒസി യാത്രക്കായി മികച്ച ടോയിലറ്റ് സൗകര്യവും, കഫ്‌റ്റേരിയ സൗകര്യവും ഒരുക്കും.

കെഎസ്ആർടിസിയുടെ മുടങ്ങിക്കിടന്ന ഷോപ്പിങ് കോംപ്ലക്‌സുകൾ പ്രവർത്തന സജ്ജമാകുന്നു

വർഷങ്ങളായി മുടങ്ങിക്കിടന്ന കെഎസ്ആർടിസിയുടെ ഷോപ്പിങ് കോംപ്ലക്‌സുകൾ പണി പൂർത്തിയാക്കി പ്രവർത്തന സജ്ജമാകുന്നു. പത്തനംതിട്ട, തൊടുപുഴ, മലപ്പുറം, ഹരിപ്പാട്, മൂവാറ്റുപുഴ, നിലമ്പൂർ എന്നിവിടങ്ങളിലെ ഷോപ്പിങ് കോംപ്ലക്‌സുകളാണ് പണി പൂർത്തിയാകുന്ന മുറയ്ക്ക് പ്രവർത്തന സജ്ജമാക്കുന്നത്.

ഇതിൽ നിർമ്മാണം പൂർത്തിയായ പത്തനംതിട്ട ബസ് സ്റ്റേഷനിലെ ഷോപ്പിങ് കോംപ്ലക്‌സ് നാളെ ( ഫെബ്രുവരി 16 ) നാടിന് സമർപ്പിക്കും. മൂന്ന് നിലകളിലായി 95,000 സ്‌ക്വയർ ഫീറ്റാണ് ബിൽഡിംഗിലുള്ളത്. താഴത്തെ രണ്ട് നിലകളിലായുള്ള 49 കടമുറികൾ ഉദ്ഘാടനത്തിന് ശേഷം ലേലം ചെയ്തു വാടകയ്ക്ക് നൽകും. മൂന്നാം നിലയിലെ 5400 സ്‌ക്വയർ ഫീറ്റിൽ ശബരിമലയിൽ ഉൾപ്പെടെയുള്ള തീർത്ഥാടകർക്കായി എ.സി, നോൺ എ.സി ഡോർമെറ്ററിയും, യാത്രക്കാരായ സ്ത്രീകൾക്കായുള്ള താമസസൗകര്യവും ഒരുക്കും. വീണാ ജോർജ് എംഎൽഎയുടെ ആസ്ഥിവികസന ഫണ്ടിൽ നിന്നുള്ള ഒരു കോടി രൂപ ഉപയോഗിച്ചാണ് ഭക്തർക്കുള്ള ഡോർമെറ്ററിയും, വനിതാ യാത്രക്കാർക്കുള്ള താമസ സ്ഥലവും ഒരുക്കുന്നത്.

2015 സെപ്റ്റംബറിൽ നിർമ്മാണം ആരംഭിച്ച പത്തനംതിട്ടയിലെ ഷോപ്പിങ് കോംപ്ലക്‌സ് കെഎസ്ആർടിസിയുടെ തനത് ഫണ്ടിൽ നിന്നും ആറ് കോടി രൂപയും, മുൻ എം എൽ എ ശിവദാസൻ നായരുടെ ആസ്ഥിവികസന ഫണ്ടിൽ നിന്നും അനുവദിച്ച 2.17 കോടി രൂപയും, വീണ ജോർജ് എം എൽ എയുടെ തനത് വികസന ഫണ്ടിൽ നിന്നും അനുവദിച്ച 2.45കോടി രൂപയും ചിലവഴിച്ചാണ് നിർമ്മിച്ചത്. തൊടുപുഴ, മലപ്പുറം, ഹരിപ്പാട്, മൂവാറ്റുപുഴ, നിലമ്പൂർ എന്നിവിടങ്ങളിൽ സിവിൽ വർക്കുകൾ പൂർത്തിയായിട്ടുണ്ട്. ഇലക്ട്രിസിറ്റി, ഫയർ, എസ്.ടി.പി വർക്കുകൾ നടക്കുന്ന മുറയ്ക്ക് തന്നെ ഈ കോംപ്ലക്‌സുകളും പ്രവർത്തനം ആരംഭിക്കും. .

നാളെ വൈകിട്ട് 5 മണിക്ക് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പത്തനംതിട്ടയിൽ നിർമ്മിച്ച ഷോപ്പിങ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. വീണാ ജോർജ് എംഎൽഎ, ആന്റോ ആന്റണി എംപി, കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ ഐഎഎസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, മുൻസിപ്പൽ ചെയർമാൻ സക്കീർ ഹുസൈൻ, കൗൺസിലർ എസ്. ഷമീർ , കെഎസ്ആർടിസി എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ എം ടി. സുകുമാരൻ , ജി. അനിൽ കുമാർ തുടങ്ങിയവരും പങ്കെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP