Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാത്രി എട്ടുമണിവരെ കാത്തിരുന്നാലും ഇനി തന്റെ അമ്മ തിരികെയെത്തില്ലെന്നറിയാതെ രണ്ടു വയസുകാരൻ; വിധി ഈ കുഞ്ഞിനോട് കരണയില്ലാതെ പെരുമാറുമ്പോൾ ഇന്നലെ കവർന്നെടുത്തത് പെറ്റമ്മയുടെ ജീവൻ; അപകടത്തിൽ പരിക്കേറ്റ് അച്ഛൻ കിടപ്പിലായതിന് പിന്നാലെ അമ്മയും യാത്രയായി; സ്‌കാനിയ ബസിന്റെ പാഴ്‌സൽ ഡോർ തട്ടി മരിച്ച മിഥുവിന്റെ മകൻ ഒരു നാടിന്റെ നൊമ്പരമാകുന്നു

രാത്രി എട്ടുമണിവരെ കാത്തിരുന്നാലും ഇനി തന്റെ അമ്മ തിരികെയെത്തില്ലെന്നറിയാതെ രണ്ടു വയസുകാരൻ; വിധി ഈ കുഞ്ഞിനോട് കരണയില്ലാതെ പെരുമാറുമ്പോൾ ഇന്നലെ കവർന്നെടുത്തത് പെറ്റമ്മയുടെ ജീവൻ; അപകടത്തിൽ പരിക്കേറ്റ് അച്ഛൻ കിടപ്പിലായതിന് പിന്നാലെ അമ്മയും യാത്രയായി; സ്‌കാനിയ ബസിന്റെ പാഴ്‌സൽ ഡോർ തട്ടി മരിച്ച മിഥുവിന്റെ മകൻ ഒരു നാടിന്റെ നൊമ്പരമാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

സുൽത്താൻ ബത്തേരി: രണ്ടു വയസ്സുകാരൻ അംഗിത് ഇന്നലെ രാത്രി എട്ടുമണിവരെ കാത്തുനിന്നത് അമ്മയെത്തും എന്ന പ്രതീക്ഷയിൽ- രാവിലെ ചക്കരമുത്തം നൽകി ഇറങ്ങിയ അമ്മ ഇന്നെന്നല്ല, ഇനിയൊരിക്കലും തിരികെ എത്തില്ലെന്നറിയാതെ. ഒരു മാസമായി അവന്റെ ശിലം അതായിരുന്നു. പക്ഷേ, കാലം ഈ രണ്ടുവയസുകാരനോട് കാട്ടുന്ന ക്രൂരതകൾ തുടരുമ്പോൾ കണ്ണീരണിഞ്ഞല്ലാതെ നാട്ടുകാർക്കുപോലും അവന്റെ കാര്യം പറയാനാകുന്നില്ല. ഇന്നലെ രാവിലെയാണ് അവന്റെ അമ്മ കല്ലൂർ നഗരംചാൽ വാഴക്കണ്ടി വീട്ടിൽ പ്രവീണിന്റെ ഭാര്യ മിഥു (24) കെഎസ്ആർടിസി സ്‌കാനിയ ബസിന്റെ പാഴ്‌സൽ ഡോർ തട്ടി മരിച്ചത്. തിരുവനന്തപുരത്തു നിന്നു ബെംഗളൂരുവിലേക്കു പോവുകയായിരുന്നു ബസ്.

ഇന്നലെ രാവിലെ ഒമ്പതിന് കല്ലൂരിന് സമീപമായിരുന്നു അപകടം. മിഥു ബത്തേരിയിലെ ലുലു വെഡിങ് സെന്ററിലെ ജീവനക്കരിയാണ് മിഥു. കാലത്തിന്റെ ക്രൂരത രണ്ടു വയസുകാരനോട് യാതൊരു കരുണയും കാട്ടാതെ തുടരുകയാണെന്ന് നാട്ടുകാരും പറയുന്നു. മിഥുവിന്റെ ഭർത്താവ് പ്രവീൺ 6 മാസം മുൻപാണ് കാറപകടത്തിൽ പെട്ട് കിടപ്പിലായത്. വീൽചെയറിലായിരുന്ന പ്രവീൺ അടുത്തിടെ വാക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെ നടന്നു തുടങ്ങിയതേയുള്ളു. വീട്ടിലെ ബുദ്ധിമുട്ടുകൾ നിമിത്തമാണ് ബത്തേരിയിലെ പുതിയ വസ്ത്രശാലയിൽ ഒരു മാസം മുൻപ് ജോലിക്കു പോയിത്തുടങ്ങിയത്. ജോലി കഴിഞ്ഞ് രാത്രി 8 ആകുമ്പോഴാണ് മടങ്ങിയത്തെുക. രണ്ടു വയസുകാരൻ അംഗിത് രാത്രി എട്ടുവരെ എന്നും അമ്മയെയും കാത്ത് വരാന്തയിൽ തന്നെ നിൽക്കുന്നതും പതിവായിരുന്നു.

രണ്ടു വയസ്സുള്ള മകനോടും അപകടത്തിൽ പരുക്കേറ്റ് വാക്കറിന്റെ സഹായത്തോടെ നടക്കുന്ന ഭർത്താവിനോടും യാത്ര പറഞ്ഞാണ് പതിവുപോലെ മിഥു ഇന്നലെയും ജോലിക്കിറങ്ങിയത്. ബത്തേരിയിലെ സ്വകാര്യ വസ്ത്രശാലയിൽ ജോലി ചെയ്യുന്ന മിഥു ബസ് കാത്തിരിപ്പു കേന്ദ്രത്തിലെത്തും മുൻപ് വഴിയരികിലൂടെ നടന്നു പോവുകയായിരുന്നു. വീട്ടിൽ നിന്ന് 200 മീറ്ററോളം നടന്നാണ് മിഥു എന്നും ബത്തേരിയിലേക്ക് ബസ് കയറാൻ രാവിലെ കാത്തിരിപ്പു കേന്ദ്രത്തിലെത്താറ്. കല്ലൂർ ഭാഗത്തേക്ക് നടക്കുമ്പോൾ മിഥുവിന്റെ വീടും ബസ്‌കാത്തിരിപ്പു കേന്ദ്രവും റോഡിന്റെ വലതു വശത്താണ്. എന്നാൽ ഇന്നലെ മിഥു ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ എത്തുന്നതിന് മുൻപ് റോഡ് മുറിച്ചു കടന്ന് ഇടതു വശത്തു കൂടി നടക്കുകയായിരുന്നു. ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ എതിർവശത്തുള്ള കടയിലേക്ക് എന്തെങ്കിലും വാങ്ങാൻ പോയതായിരിക്കുമെന്നാണ് നിഗമനം.

റോഡിന്റെ ഏറെ അരികു ചേർന്നു നടന്ന മിഥുവിനെയാണ് അശ്രദ്ധമായി തുറന്നിട്ട വാതിൽ അടിച്ചു തെറിപ്പിച്ചത്. ഒന്നര മീറ്ററോളം പുറത്തേക്ക് തള്ളിയ നിലയിലാണ് വാതിൽ തുറന്നു കിടന്നത്. സാധാരണ ദിവസങ്ങളിലേതു പോലെ മിഥു ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് നടന്നിരുന്നെങ്കിൽ അപകടത്തിൽ പെടില്ലായിരുന്നു എന്ന് ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു. പിന്നിൽ നിന്നെത്തിയ ബസിന്റെ തുറന്നു കിടന്ന ലഗേജ് വാതിൽ ഇടിച്ചു തെറിച്ചു വീണ യുവതിയെ ഉടൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ബത്തേരി നഗരസഭയിലെ ശുചീകരണത്തൊഴിലാളി രാജന്റെയും ഷൈലയുടെയും മകളാണ് മിഥു. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി. വാതിൽ തുറന്നു കിടന്നത് എങ്ങനെയെന്നു പരിശോധിക്കും. ബത്തേരി വരെ വാതിൽ അടഞ്ഞു കിടന്നിരുന്നുവത്രെ. പിന്നീട് കൊളുത്ത് വീഴാതിരുന്നതാണോ ഗട്ടറിലോ മറ്റോ വീണപ്പോൾ തുറന്നു വന്നതാണോ അപകടകാരണമെന്നും പരിശോധിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP