Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെഎസ്ആർടിസിയുടെ പേരു നഷ്ടമാകുന്നതു കേരളത്തിന്റെ അലംഭാവംകൊണ്ട്; വൈകി നൽകിയ പരാതി ഗുണംചെയ്യുമോ എന്നു കണ്ടറിയണം

കെഎസ്ആർടിസിയുടെ പേരു നഷ്ടമാകുന്നതു കേരളത്തിന്റെ അലംഭാവംകൊണ്ട്; വൈകി നൽകിയ പരാതി ഗുണംചെയ്യുമോ എന്നു കണ്ടറിയണം

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം കെഎസ്ആർടിസിക്ക് ആ പേരു നഷ്ടമാകുന്നത് സംസ്ഥാനത്തിന്റെ അലംഭാവംകൊണ്ട്. കർണാടകത്തിനു നൽകാതെ പേരു തങ്ങൾക്കുതന്നെ കിട്ടാൻ കേരളം സമർപ്പിച്ച പരാതി എന്തുമാത്രം ഫലപ്രദമാകുമെന്നു കണ്ടുതന്നെ അറിയേണ്ടിവരും.

കെഎസ്ആർടിസി എന്ന ചുരുക്കെഴുത്ത് സ്വന്തമാക്കാൻ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ നടത്തിയ നീക്കം മറികടക്കാനാണ് നടപടികളുമായി കേരളം രംഗത്തെത്തിയത്. കെഎസ്ആർടിസി എന്ന് രേഖപ്പെടുത്തി എംബ്ലമുണ്ടാക്കിയതിനുശേഷം 'ബ്രാൻഡ് നെയിം' നേടിയെടുക്കുകയാണ് കർണാടക സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് റോഡ് കോർപ്പറേഷൻ ചെയ്തത് . രണ്ടിന്റെയും ചുരുക്കെഴുത്ത് ഒന്നായതുകൊണ്ടാണിത്.

അതേസമയം, ഇക്കാര്യം സാമ്പത്തിക പരാധീനതയും കെടുകാര്യസ്ഥതയുമാൽ നട്ടം തിരിയുന്ന കേരള കോർപറേഷൻ ശ്രദ്ധിച്ചുമില്ല. പേരു നഷ്ടമാകുമെന്നു ഏറെക്കുറെ ഉറപ്പായിട്ടും വൈകിയെങ്കിലും തിരിച്ചെടുക്കാനുള്ള ശ്രമം കേരളം തുടങ്ങിയിട്ടുണ്ട്.

കർണാടകം കുറച്ചുനാളായി കെഎസ്ആർടിസി എന്ന ബ്രാൻഡ് നെയിം സ്വന്തമാക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും ഇക്കാര്യം അറിഞ്ഞില്ല എന്നതാണ് കേരള അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഏറ്റവും വലിയ പോരായ്മ. കർണാടകം രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചപ്പോൾ തന്നെ ഇതിനെതിരെ കേരളം നിലപാടു സ്വീകരിക്കേണ്ടിയിരുന്നു. കർണാടകത്തിന് അനുകൂലമായി വിജ്ഞാപനം പുറപ്പെടുവിച്ചശേഷം നിശ്ചിത സമയം കഴിഞ്ഞാണ് കേരളം പരാതി സമർപ്പിച്ചിരിക്കുന്നത്. എന്നാൽ സമയം കഴിഞ്ഞതിനാൽ കേരളത്തിന്റെ പരാതി പരിഗണിക്കാൻ സാധ്യതയില്ലെന്നാണ് സൂചന.

അപേക്ഷ ലഭിച്ച് ഒരു വർഷം പരാതി കേൾക്കാനുള്ളതാണ്. ഈ സമയത്തിനുള്ളിൽ തന്നെ ഇതുമായി ബന്ധപ്പെട്ട പരാതികൾ നൽകേണ്ടതുണ്ട്. ആ സമയത്തു പരാതി ലഭിച്ചിരുന്നെങ്കിൽ കെഎസ്ആർടിസി എന്ന ബ്രാൻഡ് നെയിം ആരാണ് ഉപയോഗിക്കുന്നതെന്നു പരിശോധന നടക്കുമായിരുന്നു. അങ്ങനെ വന്നിരുന്നെങ്കിൽ കേരളത്തിനു തന്നെ പേരു ലഭിക്കുമായിരുന്നു. ഈ സാധ്യതയാണ് ഇപ്പോൾ അടഞ്ഞിരിക്കുന്നത്.

നടപടിയെല്ലാം പൂർത്തിയായശേഷം കർണാടകം ഇക്കാര്യം പറഞ്ഞപ്പോൾ മാത്രമാണ് കേരളം അറിഞ്ഞത്. കെഎസ്ആർടിസി തങ്ങൾക്ക് മാത്രം അവകാശപ്പെട്ടതാണെന്നും ആ പേര് കേരളത്തിന്റെ ബസുകളിൽ ഉപയോഗിക്കരുതെന്നും കാണിച്ച് കേരളത്തിന് കർണാടകം നോട്ടീസ് നൽകിയപ്പോഴാണ് കേരളം വിവരം അറിഞ്ഞത്.

കേരളത്തിനുമുമ്പ് ഓൺലൈൻ ബുക്കിങ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ആരംഭിച്ചത് കർണാടക കോർപ്പറേഷനാണ്. ഇന്റർനെറ്റിൽ കെഎസ്ആർടിസി എന്ന് തെരഞ്ഞാൽ ആദ്യം പ്രത്യക്ഷപ്പെടുന്നത് കർണ്ണാടക കോർപ്പറേഷനാണ്. ഏറെ താഴെയാണ് കേരളത്തിന്റെ സ്ഥാനം. കർണാടകം വെബ്‌സൈറ്റ് നന്നായി ശ്രദ്ധിക്കുന്നത് ഇക്കാര്യത്തിൽ കേരളത്തിനു തിരിച്ചടിയായി.

അടുത്ത കാലത്താണ് കേരള കോർപറേഷൻ സ്വന്തം വെബ്‌സൈറ്റിൽ കാര്യമായി ശ്രദ്ധിക്കാൻ തുടങ്ങിയത്. രണ്ടു കോർപ്പറേഷനുകളും കെഎസ്ആർടിസി എന്ന് ബസുകൾക്കുമുകളിൽ കാര്യമായിതന്നെ എഴുതി വച്ചിട്ടുണ്ട്. കേരളമാകട്ടെ എംബ്‌ളത്തിൽ കേരള റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ എന്ന മുഴുവൻ പേരാണ് ഉപയോഗിച്ചിരിക്കുന്നത്. കർണാടകം ചുരുക്കെഴുത്തും. ഇതും കേരളത്തിന് തിരിച്ചടിയായിട്ടുണ്ട്.

അതേസമയം, കെഎസ്ആർടിസി ബ്രാൻഡ് സംരക്ഷിക്കാനായി ദേശീയ ട്രേഡ്മാർക്ക് രജിസ്ട്രിയെ സമീപിക്കുമെന്ന് എംഡി ആന്റണി ചാക്കോ അറിയിച്ചു. രജിസ്ട്രിയിൽ നിന്നും അനുകൂലമായ നടപടിയുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്തത് തിരിച്ചടിയായത് കണക്കിലെടുത്ത് വേണാട്, മലബാർ, തിരുക്കൊച്ചി എന്നീ പേരുകൾ ചേർത്തും രജിസ്റ്റർ ചെയ്യും.

കഴിഞ്ഞ ഡിസംബറിലാണ് വാണിജ്യമുദ്രയ്ക്ക് വേണ്ടി ചെന്നൈയിലെ ട്രേഡ് മാർക്ക് രജിസ്ട്രാർക്ക് കർണാടകം അപേക്ഷ നൽകിയത്. നാല് മാസം മുമ്പ് വാണിജ്യ മുദ്ര സ്വന്തമാക്കിയ കർണാടകം നോട്ടീസ് നൽകി കേരളത്തെ പ്രതിരോധത്തിലുമാക്കി.

കെഎസ്ആർടിസി എന്ന ചുരുക്കെഴുത്ത് ആദ്യം ഉപയോഗിച്ചത് കേരളമാണെന്നും 1953ലാണ് കേരള ആർടിസി. ആരംഭിച്ചതെന്നുമുള്ള വാദങ്ങൾ കേരളത്തിന് എത്രമാത്രം ഗുണകരമാകുമെന്നതു കണ്ടുതന്നെ അറിയണം. 1974 മുതലാണ് കർണാടകം കെഎസ്ആർടിസി സർവീസ് ആരംഭിച്ചത്. കേരളത്തേക്കാൾ കൂടുതൽ ബസുകൾ കർണാടക ആർടിസിക്കുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP