Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202227Sunday

വിവാദങ്ങൾക്ക് അറുതിയില്ല; കെഎസ് ആർ ടി സി ജീവനക്കാർക്കെതിരെ ഒരു മാസം മാനേജ്മെന്റിന് ലഭിക്കുന്നത് 400 ലേറെ പരാതികൾ; 50 സസ്പെൻഷൻ; ശമ്പളമില്ലായ്മയും തൊഴിൽഭാരവും മൂലമുള്ള അസംതൃപ്തിയും ജീവനക്കാരുടെ പെരുമാറ്റദൂഷ്യത്തിലേക്ക് നയിക്കുന്നവോ? കെ എസ് ആർ ടി സിയിലെ പ്രശ്നങ്ങൾ തുടരുമ്പോൾ

വിവാദങ്ങൾക്ക് അറുതിയില്ല; കെഎസ് ആർ ടി സി ജീവനക്കാർക്കെതിരെ ഒരു മാസം മാനേജ്മെന്റിന് ലഭിക്കുന്നത് 400 ലേറെ പരാതികൾ; 50 സസ്പെൻഷൻ; ശമ്പളമില്ലായ്മയും തൊഴിൽഭാരവും മൂലമുള്ള അസംതൃപ്തിയും ജീവനക്കാരുടെ പെരുമാറ്റദൂഷ്യത്തിലേക്ക് നയിക്കുന്നവോ? കെ എസ് ആർ ടി സിയിലെ പ്രശ്നങ്ങൾ തുടരുമ്പോൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മകളുടെ മുന്നിലിട്ട് അച്ഛനെ ക്രൂരമായി മർദ്ദിക്കുന്നു,നിർത്തിയിട്ടിരിക്കുന്ന ബസ്സിൽ കയറിയതിന് സ്ത്രീകളെന്ന പരിഗണന പോലും നൽകാതെ മധ്യവയസ്‌ക ഉൾപ്പെടെയുള്ളവർക്ക് വനിതാ കണ്ടക്ടറുടെ തെറിയഭിഷേകം.ആനവണ്ടി വിശേഷങ്ങൾ അങ്ങനെ പറഞ്ഞുവന്നാൽ ഏറെയാണ്. ഏതായാലും കെ.എസ്.ആർ.ടി.സി. ജീവനക്കാരും യാത്രക്കാരുമായി ഇത്തരത്തിൽ തുടരെത്തുടരെ പ്രശ്നങ്ങളുണ്ടാകുന്നത് മാനേജ്മെന്റിനും ഇത് ദൈനംദിനം കാണേണ്ടിവരുന്ന പൊതുസമൂഹത്തിനും ചില്ലറ തലവേദനയല്ല സൃഷ്ടിക്കുന്നത്.ഒന്ന് കെട്ടടങ്ങി വരുമ്പോഴേക്കും അടുത്തത് സംസ്ഥാനത്ത് എവിടെ നിന്നെങ്കിലും ഉയർന്നുവരും.നിലവിൽ സംസ്ഥാനത്തിന്റെ തെക്കൻ മേഖലയാണ് കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ ഉയരുന്ന പരാതികളിൽ മുൻപന്തിയിൽ നിൽക്കുന്നത്.കൊട്ടാരക്കര, കാട്ടാക്കട സംഭവങ്ങൾക്കുപിന്നാലെ ചിറയിൻകീഴും നടന്ന സംഭവങ്ങൾ ഇതിന് ഉദാഹരണമാണ്.

യാത്രക്കാരോട് മോശമായി പെരുമാറുന്നത് ഉൾപ്പെടെ ജീവനക്കാർക്കെതിരേ ഒരുമാസം മാനേജ്മെന്റിന് 400-ലധികം പരാതികളാണ് ലഭിക്കുന്നത്. കണക്കുകൾ പരിശോധിച്ചാൽ പരാതികളിൽ നടപടിയായി 50 സസ്പെൻഷൻ ഉത്തരവുകൾ ഇറങ്ങിയ മാസങ്ങളുണ്ട്. നിരവധി പ്രശ്നങ്ങൾ ഉണ്ടാവുമ്പോഴും 80 ശതമാനം യാത്രക്കാർമാത്രമാണ് രേഖാമൂലം പരാതിപ്പെടാറുള്ളത്. കൺട്രോൾറൂമിലും സ്റ്റേഷന്മാസ്റ്റർ ഓഫീസിലും പരാതിപ്പെട്ട് മടങ്ങുന്നവരും ഒട്ടേറെ. ഗുരുതരമല്ലാത്തവ ഡിപ്പോതലത്തിൽ താക്കീതുനൽകി ഒഴിവാക്കാറാണ് പതിവ്.

ജോലിയുണ്ട്..കൂലിയില്ല.. തൊഴിൽ മേഖലയിലെ പൂർണ്ണതക്ക് ഏറ്റവും അനിവാര്യമായ കാര്യം കൃത്യമായ വേതന വിതരണമാണ്.എന്നാൽ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഏറിയ നാളുകളിലും ശമ്പളം എന്നാൽ കിട്ടാക്കനിയാണ്. സ്ഥാപനത്തിന്റെ സാമ്പത്തികപ്രതിസന്ധിയും ശമ്പളമുടക്കവും തൊഴിൽ അന്തരീക്ഷത്തിലെ പിരിമുറുക്കവുമൊക്കെ ജീവനക്കാരെ പലപ്പോഴും അസംതൃപ്തരാക്കുന്നുണ്ട്. ഇതും അവരുടെ തൊഴിലിടങ്ങളിലെ നിരുത്തരവാദപരമായ പെരുമാറ്റത്തിലേക്ക് നയിക്കുന്നുണ്ടാവാം. സ്ഥാപനത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് തൊഴിലാളിസംഘടനകളും ജീവനക്കാരും ഒരുപരിധിവരെ കാരണക്കാരാണെന്ന രീതിയിൽ യാത്രക്കാരുടെ ഭാഗത്തുനിന്നുള്ള പരാമർശങ്ങളും ജീവനക്കാരെ പ്രകോപിതരാക്കുന്നുണ്ട്.

മോട്ടോർട്രാൻസ്പോർട്ട് കോർപ്പറേഷനു വേണ്ട ജീവനക്കാരെയല്ല കെ.എസ്.ആർ.ടി.സി. റിക്രൂട്ട് ചെയ്തിട്ടുള്ളത്. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കു ചേർന്ന ജോലിയും തൊഴിൽ അന്തരീക്ഷവുമല്ല ഇന്നുള്ളത്. കണ്ടക്ടർമാരിൽ ഭൂരിഭാഗവും ബിരുദമോ, ബിരുദാനന്തരബിരുദമോ ഉള്ളവരാണ്. നാലും അഞ്ചുംവർഷം കഴിഞ്ഞിട്ടും തൊഴിൽ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ പലർക്കും കഴിഞ്ഞിട്ടില്ല.

സിംഗിൾഡ്യൂട്ടി സംവിധാനത്തിൽ ആഴ്ചയിൽ ആറുദിവസവും ജോലിക്ക് വരേണ്ടിവരുമെന്നുള്ളതും അമർഷത്തിന് കാരണമാകുന്നു. ശാരീരികമായി നല്ല അധ്വാനം വേണ്ടതാണ് കെ.എസ്.ആർ.ടി.സിയിലെ ജോലി. പുലർച്ചെ ജോലിക്ക് കയറേണ്ടിവരുന്നതും രാത്രി വൈകി ഇറങ്ങേണ്ടിവരുന്നതുമൊക്കെ വനിതാ കണ്ടക്ടർമാരിലും പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നു.

തമിഴ്‌നാട്, കർണാടക കോർപ്പറേഷനുകൾ വിദ്യാഭ്യാസ യോഗ്യതയെക്കാളേറെ ബസിലെ ജോലിക്ക് താത്പര്യമുള്ളവരെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. യാത്രക്കാരെ വിളിച്ചുകയറ്റാനും സഹായിക്കാനുമൊക്കെ ഇവർ കാണിക്കുന്ന താത്പര്യം ഇതിന് തെളിവാണ്. ഇതെല്ലാം തിരിച്ചറിഞ്ഞ് മാറ്റങ്ങൾ കൊണ്ടുവരാൻ ആദ്യം വേണ്ടത് നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കെ.എസ്.ആർ.ടി.സി യെ രക്ഷിക്കുക എന്നതാണ്. നിലവിലെ അവസ്ഥയിലും ജീവനക്കാർക്ക് പരിശീലനം നൽകി മാറ്റമുണ്ടാക്കാൻ മാനേജ്‌മെന്റ് ശ്രമിക്കുന്നുണ്ടെങ്കിലും അതൊക്കെയും വെള്ളത്തിൽ വരച്ച വരയായി മാറുന്നത് മാത്രമാണ് ഫലം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP