Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സോഷ്യൽ മീഡിയ ട്രോളിൽ പകച്ചു പോയ സർക്കാറിന്റെ ബാല്യം! മീറ്റർ റീഡിംഗിന് എത്തുമ്പോൾ ആളില്ലെങ്കിൽ പിഴ ഈടാക്കാനുള്ള തീരുമാനം മരവിപ്പിച്ചു

സോഷ്യൽ മീഡിയ ട്രോളിൽ പകച്ചു പോയ സർക്കാറിന്റെ ബാല്യം! മീറ്റർ റീഡിംഗിന് എത്തുമ്പോൾ ആളില്ലെങ്കിൽ പിഴ ഈടാക്കാനുള്ള തീരുമാനം മരവിപ്പിച്ചു

തിരുവനന്തപുരം: സോഷ്യൽ മീഡിയ കാര്യങ്ങൾ നിയന്ത്രിക്കുന്ന കാലത്താണ് ഇന്ന് നമ്മൾ ജീവിക്കുന്നത്. എന്ത്ര വലിയ തീരുമാനം ആയാലും അതിനെ ട്രോൾമഴ പെയ്യിച്ച് നിസ്സാരവൽക്കരിക്കും സോഷ്യൽ മീഡിയ. ഇങ്ങനെ പരിഹാസ ശരങ്ങൾ പെരുമഴ പോലെ വന്നപ്പോൾ പകച്ചുപോയത് സംസ്ഥാന വൈദ്യുതി ബോർഡാണ്. ഇത്ര രൂക്ഷമായ ട്രോളിംഗിന് കാരണമായതാകട്ടെ മീറ്റർ റീഡിംഗിന് എത്തുമ്പോൾ ആളില്ലെങ്കിൽ പിഴ ഈടാക്കാനുള്ള തീരുമാനമാണ്. അതിവേഗമാണ് ഈ തീരുമാനം ഫേസ്‌ബുക്ക് ട്രോളിംഗിന് ഇരയായത്.

പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് രണ്ട് തവണ തുടർച്ചയായി മീറ്റർ റീഡിങ് എടുക്കാനായില്ലെങ്കിൽ പിഴ ഈടാക്കാനുള്ള തീരുമാനം തിരക്കിട്ട് നടപ്പാക്കേണ്ടെന്ന് കെഎസ്ഇബി ലിമിറ്റഡ് തീരുമാനിച്ചു. വ്യാപക പ്രതിഷേധം ഉയരുകയും ആശങ്കകൾ ദൂരീകരിച്ചശേഷം നടപ്പാക്കിയാൽ മതിയെന്ന് മന്ത്രി ആര്യാടൻ മുഹമ്മദ് നിർദ്ദേശിക്കുകയും ചെയ്തതിനെ തുടർന്നാണ് കെഎസ്ഇബി ഇക്കാര്യമറിയിച്ച് ഇന്നലെ വാർത്താക്കുറിപ്പ് ഇറക്കിയത്.

ഉപഭോക്താവിന് അറിയിപ്പ് നൽകും. സ്‌പെഷ്യൽ മീറ്റർ റീഡിംഗിനും ഡോർ ലോക്ക്ഡ് ഉപഭോക്താക്കൾക്ക് അവരുടെ വിവരം സെക്ഷനിൽ അറിയിക്കാനും സൗകര്യം ഉറപ്പാക്കിയശേഷമേ ഉത്തരവ് നടപ്പാക്കൂവെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്.
മീറ്റർ റീഡിങ് നടത്താനായില്ലെങ്കിൽ പിഴ ഈടാക്കാമെന്ന വ്യവസ്ഥ വൈദ്യുതി റഗുലേറ്ററി കമ്മിഷനാണ് കൊണ്ടുവന്നത്. ഇതിന് മുന്നോടിയായി കമ്മിഷൻ ഉപഭോക്താക്കളിൽ നിന്ന് വാദം കേട്ടിരുന്നു. എറണാകുളത്ത് നടന്ന വാദംകേൾക്കലിൽ ഉപഭോക്താക്കളുടെ പ്രതിനിധികളാരും പങ്കെടുത്തില്ല. തുടർന്നാണ് കെഎസ്ഇബിയുടെ ശുപാർശ അംഗീകരിച്ചത്. ഇതനുസരിച്ച് സെപ്റ്റംബർ ഒന്ന് മുതൽ നടപ്പിൽവരുത്തിക്കൊണ്ടുള്ള ഉത്തരവ് കെഎസ്ഇബി പുറപ്പെടുവിച്ചു.

തീരുമാനത്തിൽ പ്രതിഷേധിച്ച് ഇന്നലെ ഡിവൈഎഫ്‌ഐ പ്രവർത്തകർ റഗുലേറ്ററി കമ്മിഷൻ ആസ്ഥാനത്തേക്ക് തള്ളിക്കയറി. തുടർന്ന്, വിഷയം പരിശോധിക്കാമെന്ന ഉറപ്പ് സമരക്കാർക്ക് ലഭിച്ചു. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ പ്രശ്‌നത്തിൽ പ്രായോഗിക സമീപനം കൈക്കൊള്ളുമെന്ന് റഗുലേറ്ററി കമ്മിഷൻ അംഗം എസ്. വേണുഗോപാൽ പറഞ്ഞു. ചെയർമാൻ ടി.എം. മനോഹരൻ സ്ഥലത്തില്ലാത്തതിനാൽ അദ്ദേഹം എത്തിയശേഷം തുടർനടപടി കൈക്കൊള്ളും. അതിനിടെ, വൈദ്യുതി മീറ്റർ പിഴ ഉത്തരവ് ശരിയായ നടപടിയല്ലെന്നും ഇക്കാര്യം പരിശോധിക്കാമെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വ്യക്തമാക്കിയിരുന്നു.

ഗേറ്റ് പൂട്ടിയതിനാൽ തുടർച്ചയായി രണ്ടുതവണ റീഡിങ് എടുക്കാൻ കഴിയാതെ വന്നാൽ ആദ്യം നോട്ടീസ് നൽകും. പിഴയീടാക്കി മീറ്റർ റീഡിങ് എടുക്കാൻ സൗകര്യമൊരുക്കാൻ ഏഴുദിവസം അനുവദിക്കും. ഈ സമയത്തിനുള്ളിൽ സൗകര്യം ചെയ്തില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കും. ഇങ്ങനെ വിച്ഛേദിച്ചാൽ റീ കണക്ഷൻ നൽകുന്നത് കുടിശിക തീർത്ത ശേഷമായിരിക്കും.

കേരളത്തിൽ എട്ടു ലക്ഷത്തിലധികം വീടുകൾ ദീർഘനാളായി പൂട്ടിക്കിടക്കുന്നതായാണ് ആധികാരികമായ കണക്കുകൾ. ഇവയിൽ മിക്കതിലും വൈദ്യുതി ഉപഭോഗവും നടക്കുന്നുണ്ട്. എന്നാൽ കോമ്പൗണ്ട് പൂട്ടിക്കിടക്കുന്നതിനാൽ റീഡിങ് എടുക്കാനാകാറില്ല.
മീറ്റർ റീഡിങ് സാധാരണയായി 60 ദിവസം കൂടുമ്പോഴാണ് രേഖപ്പെടുത്തുന്നത്. അതിനാൽ റീഡിങ് എടുക്കാൻ ആൾ വരുന്ന സമയത്തെക്കുറിച്ച് ഏകദേശ ധാരണ മിക്ക ഉപഭോക്താക്കൾക്കുമുണ്ടാവും. ജോലിക്ക് പോകുന്നതു മൂലം ഗേറ്റ് തുറന്നിടാൻ കഴിയാത്തവർക്ക് താത്പര്യമുള്ള ദിവസം അമ്പതു രൂപ ഫീ ഒടുക്കി സ്‌പെഷ്യൽ മീറ്റർ റീഡിങ് എടുപ്പിക്കാനുള്ള സൗകര്യമുണ്ട്. ഇത് സെക്ഷനിൽ നേരത്തേ അറിയിക്കണമെന്നുമാത്രം. ദീർഘകാലം വീടുപൂട്ടി പോകുന്നവർക്ക് ശരാശരി ഉപഭോഗം മനസിലാക്കി അത്രയും കാലത്തെ മിനിമം തുക മുൻകൂറായി അടച്ചാൽ പിഴയിൽ നിന്നൊഴിവാകാമെന്നാണ് കെഎസ്ഇബി പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP