Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തന്റെ കെട്ടിടങ്ങളിൽ താമസിക്കുന്ന ഒരതിഥി തൊഴിലാളിയും സർക്കാറിന്റെയോ മറ്റു കമ്യുണിറ്റി കിച്ചണുകളുടെയോ മുന്നിലേക്കുപോകേണ്ടിവരില്ല; നൂറിലധികം വരുന്ന തൊഴിലാളികളുടെ ഭക്ഷണകാര്യം സ്വയം ഏറ്റെടുത്ത് ബിൽഡിങ് ഓണേഴ്‌സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. സബാഹ്; മുഴുവൻ കെട്ടിട ഉടമകൾക്കും മാതൃകയാണീ മനുഷ്യസ്‌നേഹി

തന്റെ കെട്ടിടങ്ങളിൽ താമസിക്കുന്ന ഒരതിഥി തൊഴിലാളിയും സർക്കാറിന്റെയോ മറ്റു കമ്യുണിറ്റി കിച്ചണുകളുടെയോ മുന്നിലേക്കുപോകേണ്ടിവരില്ല; നൂറിലധികം വരുന്ന തൊഴിലാളികളുടെ ഭക്ഷണകാര്യം സ്വയം ഏറ്റെടുത്ത് ബിൽഡിങ് ഓണേഴ്‌സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. സബാഹ്; മുഴുവൻ കെട്ടിട ഉടമകൾക്കും മാതൃകയാണീ മനുഷ്യസ്‌നേഹി

ജംഷാദ് മലപ്പുറം

മലപ്പുറം: തന്റെ കെട്ടിടങ്ങളിൽ താമസിക്കുന്ന ഒരതിഥി തൊഴിലാളിയും സർക്കാറിന്റെയോ മറ്റു കമ്യുണിറ്റി കിച്ചണുകളുടെയോ മുന്നിലേക്കുപോകേണ്ടിവരില്ല. തന്റെ കെട്ടിടത്തിലെ നൂറിലധികം വരുന്ന തൊഴിലാളികളുടെ ഭക്ഷണകാര്യം സ്വയം ഏറ്റെടുത്ത് ബിൽഡിങ് ഓണേഴ്‌സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും മലപ്പുറം ജില്ലാ പ്രസിഡന്റുമായ കെ.പി. സബാഹ്. സംസ്ഥാനത്തെ മുഴുവൻ കെട്ടിട ഉടമകൾക്കും മാതൃകയായി മാറുകയാണീ മനുഷ്യ സ്‌നേഹി. വാടക വാങ്ങി താമസ സൗകര്യം ഒരുക്കി നൽകുന്ന കെട്ടിട ഉടമകൾ വിചാരിച്ചാൽ സംസ്ഥാനത്ത് ഒരുഅതിഥി തൊഴിലാളിയും പട്ടിണി കിടക്കേണ്ടി വരില്ലന്നും സബാഹ് പറയുന്നു. ഇതര സംസ്ഥാന തൊഴിലാളികളിൽനിന്ന് താമസ സൗകര്യത്തിന് വാടക കൈപറ്റുന്നവർക്ക് പ്രതിസന്ധി ഘട്ടങ്ങളിൽ ഭക്ഷണം നൽകാനും ബാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു.

പലയിടത്തും ഒരു മുറിക്കകത്ത് ഉൾകൊള്ളാവുന്നതിലതികം പേരെ കൂട്ടത്തോടെ താമസിപ്പിക്കുകയും തലയെണ്ണി വാടക പിരിക്കുകയും ചെയ്യുന്നവർ കടമ മറക്കരുത്. ഇവർക്ക് ഭക്ഷണം ഉറപ്പു വരുത്തേണ്ട ബാധ്യത പ്രാദേശിക ഭരണകൂടങ്ങളെയോ, സംസ്ഥാന സർക്കാറിനെയോ ഏൽപ്പിക്കുന്നത് ശരിയല്ല എന്നും അദ്ദേഹം പറഞ്ഞു. ഇതരസംസ്ഥാനങ്ങളിൽ നിന്ന് വലിയ തോതിൽ തൊഴിലാളികളെ ഇറക്കി ചെറിയ വേതനത്തിന് തൊഴിലെടുപ്പിക്കുന്ന കരാറുകാരും ഈ പ്രതിസന്ധി ഘട്ടത്തിൽ പഞ്ചായത്തും, സന്നദ്ധ സംഘടനകളുമൊരുക്കുന്ന കമ്യുണിറ്റി കിച്ചനുകളിലേക്ക് തങ്ങളുടെ തൊഴിലാളികളെ പറഞ്ഞു വിട്ട് ആഹാരം കൈപ്പറ്റുന്നത് പ്രതിഷേധാർഹമാണ്. തങ്ങളുടെ ജോലിക്കാർക്ക് പ്രതിസന്ധി ഘട്ടങ്ങളിൽ ഭക്ഷണമെത്തിക്കുക എന്ന ഉത്തരവാദിത്തമെങ്കിലും ഇക്കുട്ടർ ഏറ്റെടുക്കേണ്ടതാണ്.

എട്ടും പത്തും ആളുകളെ വെച്ച് കെട്ടിട നിർമ്മാണമേഖലയിൽ കരാടിസ്ഥാനത്തിൽ പണിയെടുപ്പിക്കുന്നവർ പോലും തങ്ങളുടെ തൊഴിലാളികളെ ലോക്ക് ഡൗണിനു ശേഷം വിളിക്കുക പോലും ചെയ്തില്ലെന്ന് പരിതപിക്കുന്ന നിരവധി തൊഴിലാളികളെയും പ്രദേശത്ത് താമസ കേന്ദ്രങ്ങളിൽ കാണാൻ കഴിയും. ഇതരസംസ്ഥാന തൊഴിലാളികൾക്ക് താമസിക്കുന്നതിന് മാത്രമായി സൗകര്യമൊരുക്കിയിട്ടുള്ള നിരവധി കെട്ടിടങ്ങളാണ് വേങ്ങരയിലും പരിസരത്തുമായുള്ളത്.

ഇവയിൽ ഭൂരിഭാഗവും രണ്ടുപേർക്കു താമസിക്കാവുന്ന മുറികളിൽ പത്തും പതിനഞ്ചും പേർ തിങ്ങിപാർക്കുന്നവയാണ്. മുറികൾക്ക് വാടക നിശ്ചയിക്കാതെ തലയെണ്ണി വാടക ഈടാക്കുകയാണ് ഇത്തരക്കാർ ചെയ്യുന്നത്.തൊഴിലാളികൾ താമസിക്കാൻ തുടങ്ങിയാൽ പിന്നെ വാടക പിരിക്കുകയല്ലാതെ കെട്ടിടത്തിന്റെ അറ്റകുറ്റപണികളോ, പെയ്ന്റിങ്ങോ ചെയ്യുക പതിവില്ല. അതു കൊണ്ട് തന്നെ ഇവരുടെ താമസ കേന്ദ്രങ്ങളിലധികവും വൃത്തിഹീനമായ അവസ്ഥയിലുമാണ്.

എന്നാൽ വളരെ മാന്യമായ തോതിൽ മുറികൾ വാടകക്ക് നൽകി വൃത്തിയും ശുചിത്വ വു മുറപ്പാക്കുന്ന കെട്ടിടമുടമകളും നിരവധിയുണ്ട്. തന്റെ കെട്ടിടങ്ങളിൽ താമസിക്കുന്ന ഒരതിഥി തൊഴിലാളി പോലും പഞ്ചായത്തിന്റേയോ സർക്കാറിന്റേയോ കമ്യുണിറ്റി കിച്ചണുകളുടെ മുമ്പിലേക്ക് പോകേണ്ടി വരില്ലെന്ന് പ്രഖ്യാപിച്ച് തന്റെ കെട്ടിടത്തിലെ നൂറിലധികം വരുന്ന തൊഴിലാളികളുടെ ഭക്ഷണകാര്യം സ്വയം ഏറ്റെടുത്തിരിക്കയാണ്. ബിൽഡിങ് ഓണേഴ്‌സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ പ്രസിഡണ്ടുമായ സബാഹ് കെ.പി. എന്ന ഈ മനുഷ്യ സ്‌നേഹി സംസ്ഥാനത്തെ മുഴുവൻ കെട്ടിടമുടമകൾക്കും മാതൃകയായി.

അതിനിടെ കോവിഡ് 19 വ്യാപനത്തി ന്റെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പും, ത്രിതല പഞ്ചായത്തും നടത്തിയ പരിശോധനയിൽ ഇവർ പലയിടത്തും സാമൂഹിക അകൽച്ചക്ക് പോലും സൗകര്യമില്ലാതെ കുട്ടമായി താമസിക്കുന്നതായി കണ്ടെത്തിയിരുന്നു. മാത്രവുമല്ല ലോക്ക് ഡൗൺപ്രഖ്യാപിച്ച സാഹചര്യത്തിൽ ഒരിടത്ത് നിന്ന്മറ്റിടത്തേക്ക് മാറി താമസിക്കുന്നതിന് നിയന്ത്രണമുണ്ടായിരിക്കെ പലയിടത്ത് നിന്നായി പലരും രഹസ്യമായി ഇത്തരം താമസ കേന്ദ്രങ്ങളിലേക്ക് കുടുമാറിയതായും സംശയമുണ്ട്. ജോലി ഇല്ലാത്തതും, ഭക്ഷണശാലകൾ അടിച്ചിട്ടതും ഇവരിൽ ചിലരെ പട്ടിണിയിലാക്കിയിട്ടുണ്ട്. സർക്കാർ, ഗ്രാമ പഞ്ചായത്തുകൾ, സന്നദ്ധ സംഘടനകൾ എന്നിവർ ഭക്ഷണം വിതരണം ചെയ്യുന്നണ്ടെങ്കിലും യഥാർത്ഥ കൈകളിൽ പൂർണ്ണമായി എത്തുന്നില്ലന്ന ആക്ഷേപവും ഉണ്ട്.ഇതോടൊപ്പം നാടൊന്നാകെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങവെ കടുത്ത സുരക്ഷാ പ്രശ്‌നങ്ങളും ഉയരുകയാണ്.ഇവരുടെ താമസ കേ ന്ദ്രങ്ങളിൽ പലതിലും ഉൾക്കൊള്ളാവുന്നതിലധികം ആളുകൾ താമസിക്കുന്നത് അധികൃതർക്ക് തലവേദതയാവുകയുമാണ്.

അതേ സമയം രാജ്യം മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ നാട്ടിലേക്ക് പോകാനാകാതെ മലപ്പുറം ജില്ലയിൽ വഴിയിൽ കുടുങ്ങിയ ഇതര സംസ്ഥാനക്കാർക്കായി ആറ് ഷെൽട്ടറുകൾ ആരംഭിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീൽ പറഞ്ഞു. ജില്ലയിലെ കോവിഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തി കലക്രേ്ടറ്റിൽ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു മന്ത്രി. വഴിക്കടവ്, പെരിന്തൽമണ്ണ, അരീക്കോട്, കൊണ്ടോട്ടി, തിരൂർ, ചങ്ങരംകുളം എന്നിവിടങ്ങളിലാണ് പുതിയതായി ഇതര സംസ്ഥാനക്കാർക്കായി ഷെൽട്ടറുകൾ ആരംഭിച്ചത്.

പെരിന്തൽമണ്ണയിൽ ഇതര സംസ്ഥാനക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചാരണങ്ങൾ നടത്തിയവരെ പിടികൂടാനായിട്ടുണ്ടെന്നും സംഭവവുമായി ബന്ധപ്പെട്ട് തുടർ നടപടികൾ സ്വീകരിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു. പാകം ചെയ്ത ഭക്ഷണം ആവശ്യമുള്ളവർക്ക് സാമൂഹിക അടുക്കളകൾ വഴിയും പാചകത്തിന് സൗകര്യവും സ്വയം പാകം ചെയ്യാൻ താൽപര്യപ്പെടുന്നവരുമായ ഇതര സംസ്ഥാനക്കാർക്ക് രണ്ടാഴ്ചത്തേക്കുള്ള ഭക്ഷണക്കിറ്റ് തദ്ദേശ സ്ഥാപനങ്ങൾ വഴി നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP