Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആശ്വാസം: കോഴിക്കോട് കോവിഡ് മുക്ത ജില്ല; നാല് പേർക്ക് കൂടി രോഗമുക്തി; 11 ദിവസമായി പുതിയ പോസിറ്റീവില്ല

ആശ്വാസം: കോഴിക്കോട് കോവിഡ് മുക്ത ജില്ല; നാല് പേർക്ക് കൂടി രോഗമുക്തി; 11 ദിവസമായി പുതിയ പോസിറ്റീവില്ല

മറുനാടൻ മലയാളി ബ്യൂറോ

 കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന നാല് പേർ കൂടി ഇന്ന് രോഗമുക്തി നേടിയതോടെ കോഴിക്കോട് ജില്ല പൂർണ കോവിഡ് മുക്ത ജില്ലയായി. കോടഞ്ചേരി മൈക്കാവ് സ്വദേശിനി ആരോഗ്യ പ്രവർത്തക (31), വടകര (23), കണ്ണൂർ (23) സ്വദേശിനികളായ ഹൗസ് സർജന്റ്സ്, തമിഴ്‌നാട് സ്വദേശി (67) എന്നിവരാണ് ഇന്ന് രോഗമുക്തരായത്.

ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന എല്ലാവരും രോഗമുക്തരായി. എല്ലാവരെയും രോഗമുക്തരാക്കാനായത് കോഴിക്കോട് മെഡിക്കൽ കോളേജിന് മികച്ച നേട്ടമായി. ഇതുകൂടാതെ കഴിഞ്ഞ 11 ദിവസമായി ജില്ലയിൽ ഒരു പോസിറ്റീവ് കേസും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നതും കോഴിക്കോടിന് ആശ്വാസമായി.

ഇന്ന് 70 പേർ കൂടി വീടുകളിൽ നിരീക്ഷണം പൂർത്തിയാക്കി. ജില്ലയിൽ ഇതുവരെ 22,465 പേർ നിരീക്ഷണം പൂർത്തിയാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ വി. അറിയിച്ചു. ഇപ്പോൾ ജില്ലയിൽ 1029 പേർ നിരീക്ഷണത്തിൽ ഉണ്ട്. പുതുതായി വന്ന 6 പേർ ഉൾപ്പെടെ 30 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്.

ഇന്ന് 103 സ്രവ സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 2015 സ്രവ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 1867 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 1833 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളിൽ 178 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

ആരോഗ്യവകുപ്പ് ഡയറക്ടർ വീഡിയോ കോൺഫറൻസിലൂടെ ജില്ലാ കൊറോണ കൺട്രോൾ സെല്ലിന്റെ പ്രവർത്തനം വിലയിരുത്തി. ജില്ലാ പ്രോഗ്രാം ഓഫീസർമാർ വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കുകയും പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. കൂടാതെ ലോക്ഡൗണിനു ശേഷം നടപ്പിലാക്കേണ്ട കർമ്മ പദ്ധതികൾ ആസൂത്രണം ചെയ്യാൻ ജില്ലാ മെഡിക്കൽ ഓഫീസറുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു.

മാനസിക സംഘർഷം കുറയ്ക്കുന്നതിനായി മെന്റൽ ഹെൽത്ത് ഹെൽപ്പ് ലൈനിലൂടെ 16 പേർക്ക് ഇന്ന് കൗൺസലിങ് നൽകി. 113 പേർക്ക് മാനസിക സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെയും സേവനം നൽകി. ജില്ലയിൽ 1911 സന്നദ്ധ സേന പ്രവർത്തകർ 6029 വീടുകൾ സന്ദർശിച്ച് ബോധവൽക്കരണം നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP