Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

കോട്ടയം മെഡിക്കൽ കോളേജ്: കാർഡിയോളജി ബ്ലോക്കിന് 36.42 കോടി അനുവദിച്ചു; 42.69 കോടിയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും 137.45 കോടിയുടെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി

കോട്ടയം മെഡിക്കൽ കോളേജ്: കാർഡിയോളജി ബ്ലോക്കിന് 36.42 കോടി അനുവദിച്ചു; 42.69 കോടിയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും 137.45 കോടിയുടെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോട്ടയം സർക്കാർ മെഡിക്കൽ കോളേജിൽ 200 കിടക്കകളുള്ള പുതിയ കാർഡിയോളജി, കാർഡിയോ തൊറാസിക് ബ്ലോക്കിന്റെ നിർമ്മാണത്തിന് നബാഡിന്റെ ധനസഹായത്തോടെ 36.42 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഹൃദ്രോഗ ചികിത്സയ്ക്കായി പ്രത്യേകമായൊരു ബ്ലോക്ക് വരുന്നത് മെഡിക്കൽ കോളേജിലെ കാർഡിയോളജി, കാർഡിയോ തൊറാസിക് വിഭാഗങ്ങളുടെ വികസനത്തിന് വഴിയൊരുക്കും. ഇതിലൂടെ ഈ വിഭാഗങ്ങളിലെത്തുന്ന രോഗികൾക്ക് കൂടുതൽ മികച്ച സേവനം ലഭ്യമാകുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോട്ടയം മെഡിക്കൽ കേളേജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മധ്യകേരളത്തിലെ മികച്ച പൊതുജനാരോഗ്യ കേന്ദ്രമായ കോട്ടയം മെഡിക്കൽ കോളജിന്റെ വികസനത്തിനുതകുന്ന ചില പദ്ധതികളാണ് ഉദ്ഘാടനം ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൂർത്തീകരിച്ച അഞ്ച് പദ്ധതികളുടെ ഉദ്ഘാടനവും പുതുതായി ആരംഭിക്കുന്ന രണ്ട് പദ്ധതികളുടെ നിർമ്മാണോദ്ഘാടനവുമാണ് നടന്നത്. പുതിയ വാർഡുകളും ഐസിയുവും, നെഗറ്റീവ് പ്രഷർ ഐസിയു, മെഡിക്കൽ വിദ്യാർത്ഥിനികൾക്കുള്ള ഹോസ്റ്റൽ, പിജി വിദ്യാർത്ഥികൾ ക്കായി നിർമ്മിച്ച റസിഡന്റ് ക്വാർട്ടേഴ്സ്, ടോയ്ലറ്റ് കോംപ്ലക്സ് എന്നിവയുമാണ് ഉദ്ഘാടനം ചെയ്തത്.

രണ്ട് പൂതിയ നിർമ്മാണ പ്രവത്തനങ്ങൾക്കാണ് തുടക്കം കുറിച്ചത്. 134.45 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന സർജിക്കൽ ബ്ലോക്ക്, മൂന്ന് കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന മെഡിക്കൽ ആൻഡ് സർജിക്കൽ സ്റ്റോർ എന്നിവയാണവ. ഈ മെഡിക്കൽ കോളേജിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി തയ്യാറാക്കിയ മാസ്റ്റർപ്ലാനിൽ ഉൾപ്പെട്ടതാണ് സർജിക്കൽ ബ്ലോക്ക്. 564 കോടി രൂപ മുതൽമുടക്കുള്ള ഈ ബ്ലോക്കിന്റെ ആദ്യഘട്ട നിർമ്മാണത്തിനാണ് കിഫ്ബി വഴി 134.45 കോടി രൂപയുടെ സാമ്പത്തികാനുമതി നൽകിയത്. രണ്ടുവർഷം കൊണ്ട് പണി പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

ആശുപത്രിയിലേക്കാവിശ്യമായ മരുന്നുകളും മറ്റു സാധനങ്ങളും സൂക്ഷിച്ചുവെയ്ക്കാനായി വാക്ക്-ഇൻ-കൂളർ ഉൾപ്പെടെയുള്ള സംവിധാനങ്ങളോടു കൂടിയാണ് മെഡിക്കൽ ആൻഡ് സർജിക്കൽ സ്റ്റോർ കെട്ടിടം നിർമ്മിക്കുന്നത്. ഇതിന്റെ നിർമ്മാണവും സമയബന്ധിതമായി പൂർത്തിയാക്കുന്നതാണ്.

കഴിഞ്ഞ അമ്പതാണ്ടുകളായി മധ്യകേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയുടെ നട്ടെല്ലായി പ്രവർത്തിക്കുന്ന ഈ സ്ഥാപനം സേവന വഴികളിലൂടെയും അക്കാദമിക് നിലവാരത്തിലൂടെയും വ്യത്യസ്തത പുലർത്തുന്ന ഒന്നാണെന്നത് പരക്കെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. കോവിഡിന്റെ ആരംഭ കാലത്ത്, കേരളം ഭയന്നുനിന്ന സമയത്ത് തൊണ്ണൂറ്റിമൂന്നും എൺപത്തിയെട്ടും വയസുള്ള വൃദ്ധദമ്പതികളെ പ്രത്യേക പരിചരണം നൽകി ചികിത്സിച്ച് ഭേദമാക്കിയത് ഈ സ്ഥാപനമാണ്. ലോകത്തിനു മുന്നിൽ കേരളത്തിന്റെ യശസുയർത്തിയ കാര്യമായിരുന്നു ഇത്.

കേരളത്തിൽ ആദ്യമായി സർക്കാർ തലത്തിൽ ടെസ്റ്റ് ട്യൂബ് ശിശു പിറന്ന ആശുപത്രി, സംസ്ഥാനത്ത് ഏറ്റവുമധികം ട്രോമ സർജറികൾ നടത്തുന്ന അസ്ഥിരോഗ വിഭാഗം, 37 ഡയാലിസിസ് മെഷീനുകളുള്ള ഏറ്റവും വലിയ ഡയാലിസിസ് സെന്റർ, സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും ആധുനിക രീതിയിൽ സജ്ജീകരിച്ച അത്യാഹിത വിഭാഗം, കേരളത്തിൽ ഏറ്റവും അധികം മൈക്രോ വാസ്‌കുലാർ സർജറി നടത്തുന്ന പ്ലാസ്റ്റിക് സർജറി വിഭാഗം തുടങ്ങി നിരവധി പൊൻതൂവലുകളുള്ള ഒരു സ്ഥാപനമാണിത്.

ഹൃദയമാറ്റ ശസ്ത്രക്രിയാരംഗത്തും ദേശീയതലത്തിൽ അറിയപ്പെടുന്ന സ്ഥാപനമാണിത്. സർക്കാർ മേഖലയിൽ ഏഴ് ഹൃദയമാറ്റ ശസ്ത്രക്രിയ ചെയ്ത മറ്റൊരു സ്ഥാപനമില്ല. ഇന്ത്യയിൽ ഏറ്റവും അധികം പ്രൈമറി ആൻജിയോപ്ലാസ്റ്റി ചെയ്യുന്ന കാർഡിയോളജി വിഭാഗവും ഇവിടെയാണ്. അതുകൊണ്ടുതന്നെ ഈ വിഭാഗത്തെ ശക്തിപ്പെടുത്തുന്ന കാര്യത്തിൽ സർക്കാർ വലിയ പരിഗണനയാണ് നൽകിവരുന്നത്. ഈ സൗകര്യങ്ങളെല്ലാം ഉപയോഗിച്ച് നമ്മുടെ നാട്ടിലെ സാധാരണക്കാർക്ക് മികച്ച സേവനം നൽകുന്ന കാര്യത്തിലാകണം ശ്രദ്ധയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിന് അഭിമാനസ്തംഭമായി മാറുകയാണ് കോട്ടയം മെഡിക്കൽ കോളേജെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ പറഞ്ഞു. ഏറ്റവും അഭിമാനകരമായ ഒട്ടേറെ പ്രവർത്തനങ്ങളാണ് ഇവിടെ നടന്നുവരുന്നത്. ഓരോ വിഭാഗങ്ങളും അന്താരാഷ്ട്ര ശ്രദ്ധ പുലർത്താൻ കഴിയുന്ന പ്രവർത്തനങ്ങളാണ് കാഴ്ചവയ്ക്കുന്നത്. കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ വലിയ ശ്രദ്ധാപൂർവമായ പ്രവർത്തനങ്ങൾ നടത്തുവാൻ മെഡിക്കൽ കോളേജിന് സാധിച്ചു. പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, സൂപ്രണ്ട്, ഡെപൂട്ടി സൂപ്രണ്ടുമാർ, ആർ.എം.ഒ., എ.ആർ.എം.ഒ. തടുങ്ങിയവരുടെ നല്ലൊരു ടീം വർക്കാണ് കോട്ടയം മെഡിക്കൽ മെഡിക്കൽ കോളേജിന്റെ വിജയത്തിന് പിന്നിൽ. ഇവർ മറ്റുള്ളവർക്ക് മാതൃകയാണ്. സാധാരണക്കാർ കൂടുതലെത്തുന്ന സർക്കാർ ആശുപത്രികളെ ഏറ്റവും ആധുനികവും മികച്ച സൗകര്യങ്ങളൊരുക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്. മെഡിക്കൽ കോളേജുകളുടെ വികസന പ്രവവർത്തനങ്ങളിൽ ആദ്യഘട്ടമായി ഏറ്റവും അധികം തുക അനുവദിച്ച് കിട്ടിയത് കോട്ടയം മെഡിക്കൽ കോളേജിനാണ്. അതിനായി പരിശ്രമിച്ച സൂപ്രണ്ട് ജയകുമാറിനേയും ടീമിനേയും അഭിനന്ദിക്കുന്നു. സർജിക്കൽ ബ്ലോക്ക് പ്രവർത്തനസജ്ജമാകുന്നതോടെ കോട്ടയം മെഡിക്കൽ കോളേജിന്റെ മുഖഛായ തന്നെ മാറുമെന്ന് മന്ത്രി വ്യക്തമാക്കി.

കോട്ടയം ജില്ലാ കളക്ടർ എം. അഞ്ജന സ്വാഗതമാശംസിച്ച ചടങ്ങിൽ ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ റിപ്പോർട്ടവതരിപ്പിച്ചു. സുരേഷ് കുറുപ്പ് എംഎ‍ൽഎ., തോമസ് ചാഴിക്കാടൻ എംപി. എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, മുൻ എംഎ‍ൽഎ.യും എച്ച്.ഡി.എസ്. സ്പെഷ്യൽ നോമിനിയുമായ വി.എൻ. വാസവൻ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എ. റംല ബീവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ ജസ്റ്റിൻ തോമസ്, ലിസി ടോമി, പി.ഡബ്ല്യു.ഡി. എക്സി. എഞ്ചിനീയർ അനിത മാത്യു, ജില്ലാ പഞ്ചായത്ത് മെമ്പർ മഹേഷ് ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.വി. മൈക്കൾ, ഗ്രാമപഞ്ചായത്ത് മെമ്പർ എൽസമ്മ വേളാശേരിൽ, വൈസ് പ്രിൻസിപ്പൽ ഡോ. കെ.പി. ജയകുമാർ, ഡി.പി.എം. ഡോ. വ്യാസ് സുകുമാരൻ എന്നിവർ ആശംസകളർപ്പിച്ചു. പ്രിൻസിപ്പൽ ഡോ. പി.പി. മോഹനൻ കൃതജ്ഞത രേഖപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP