Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അമിത് ഷായുടേത് സുപ്രീം കോടതിയോടുള്ള വെല്ലുവിളി; സംസ്ഥാന സർക്കാരിനെ താഴെയിറക്കുമെന്ന പ്രസ്താവന ഫെഡറൽ തത്വത്തിന് നിരക്കാത്തത്: ബിജെപി അധ്യക്ഷനെതിരെ കോടിയേരി ബാലകൃഷ്ണൻ

അമിത് ഷായുടേത് സുപ്രീം കോടതിയോടുള്ള വെല്ലുവിളി; സംസ്ഥാന സർക്കാരിനെ താഴെയിറക്കുമെന്ന പ്രസ്താവന ഫെഡറൽ തത്വത്തിന് നിരക്കാത്തത്: ബിജെപി അധ്യക്ഷനെതിരെ കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ താഴെയിറക്കുമെന്ന അമിത്ഷായുടെ പ്രസ്താവന ഫെഡറൽ തത്വത്തിന് നിരക്കാത്തതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേന്ദ്രസംസ്ഥാന ബന്ധങ്ങളെ സംബന്ധിച്ചും ഭരണഘടനയെ സംബന്ധിച്ചും സംഘപരിവാർ വെച്ചുപുലർത്തുന്ന തെറ്റായ കാഴ്ചപ്പാടാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്. തങ്ങളുടെ ഇംഗിതങ്ങൾക്കെതിരായി നിൽക്കുന്ന സർക്കാരുകളെ പിരിച്ചുവിടുമെന്ന പ്രഖ്യാപനം അവർ മുന്നോട്ടു വെയ്ക്കുന്ന ഫാസിസ്റ്റ് പ്രവണതയുടെ ദൃഷ്ടാന്തവുമാണെന്ന് അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

സുപ്രിം കോടതി ശബരിമലയിലെ സ്ത്രീപ്രവേശനം പോലുള്ള വിധികൾ പുറപ്പെടുവിക്കരുത് എന്നാണ് അമിത്ഷാ പറഞ്ഞിരിക്കുന്നത്. ഇത് കോടതിയെയും ഭരണഘടനയെയും നിയമവ്യവസ്ഥയേയും വെല്ലുവിളിക്കുന്ന പരാമർശമാണ്. സുപ്രിം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ വിധി സംസ്ഥാന സർക്കാർ നടപ്പിലാക്കാൻ ശ്രമിച്ചാൽ പിരിച്ചുവിടുമെന്ന ഭീഷണി സുപ്രിം കോടതിയേക്കാൾ മുകളിലാണ് തങ്ങളുടെ സ്ഥാനമെന്ന പ്രഖ്യാപനത്തിന്റെ ഭാഗമായേ കാണാൻ സാധിക്കുകയുള്ളു.

കേന്ദ്രസർക്കാർ മുന്നോട്ടുവെയ്ക്കുന്ന ആഗോളവത്ക്കരണ നയങ്ങൾക്കും വർഗ്ഗീയവത്ക്കരണ സമീപനത്തിനും ബദലുയർത്തിക്കൊണ്ട് പ്രവർത്തിക്കുകയാണ് സംസ്ഥാന സർക്കാർ. ഓഖി, നിപ്പ, പ്രളയക്കെടുതികൾ ഉയർത്തിയ പ്രതിസന്ധിയുടെ ഘട്ടത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച സംസ്ഥാന സർക്കാരിന് രാഷ്ട്രീയാതീതമായ അംഗീകാരമാണ് എല്ലാ മേഖലകളിൽ നിന്നും ലഭിച്ചിട്ടുള്ളത്. സംസ്ഥാന സർക്കാരിന്റെ ഈ പ്രവർത്തനം രാജ്യത്താകമാനം വലിയ ജനപിന്തുണ നേടിക്കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിനെ താഴെയിറക്കി തങ്ങൾക്കെതിരെ വരുന്ന പ്രതിരോധങ്ങളെ ദുർബലമാക്കാനുള്ള സംഘപരിവാർ അജണ്ടയാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്.

സംസ്ഥാന സർക്കാരിനെ താഴെയിറക്കാനുള്ള ബിജെപിയുടെ പദ്ധതി പ്രായോഗികമാക്കുന്നതിനുള്ള ശ്രമമാണ് ശബരിമലയുമായി ബന്ധപ്പെട്ട് അരങ്ങേറിക്കൊണ്ടിരിക്കുന്ന അക്രമങ്ങളെന്നും ഇതിലൂടെ വ്യക്തമാവുകയാണ്. വിശ്വാസികളുടെ പേര് പറഞ്ഞ് തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനുള്ള ബിജെപിയുടെ നീക്കങ്ങളെ കേരള ജനത തിരിച്ചറിയേണ്ടതുണ്ട്. അമിത്ഷായുടെ പ്രസ്താവനയെ സംബന്ധിച്ച് യുഡിഎഫ് തങ്ങളുടെ അഭിപ്രായം വ്യക്തമാക്കണം എന്നും കോടിയേരി പറഞ്ഞു.

ശബരിമലയിലെ സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട സുപ്രിം കോടതി വിധി നടപ്പിലാക്കുക എന്ന ഭരണഘടനാപരമായ ബാധ്യതയാണ് സംസ്ഥാന സർക്കാർ നിറവേറ്റിക്കൊണ്ടിരിക്കുന്നത്. ഭരണഘടനാ ബഞ്ചിന്റെ വിധി മറികടന്ന് സംസ്ഥാന സർക്കാർ പ്രവർത്തിക്കണമെന്ന കാഴ്ചപ്പാട് ഇന്ത്യയുടെ ഭരണഘടനയെയും പൗരസ്വാതന്ത്ര്യത്തെയും അംഗീകരിക്കാത്ത സംഘപരിവാർ കാഴ്ചപ്പാടിന്റെ ഭാഗമായിത്തന്നെയാണ് കാണേണ്ടത്. സ്ത്രീപുരുഷ സമത്വത്തിന്റെ കാര്യത്തിൽ ശബരിമലയിലെ ദർശനത്തിന്റെ പ്രശ്നം വരുന്നില്ല എന്നാണ് അമിത്ഷാ അഭിപ്രായപ്പെട്ടിരിക്കുന്നത്. സമത്വം എല്ലാ മേഖലയിലും സ്ഥാപിക്കാൻ ഉതകുന്ന നിയമങ്ങൾ ഉണ്ടാവുക എന്നത് ഏറെ പ്രധാനമാണ്. അത്തരം നിയമങ്ങൾക്കെതിരെയുള്ള കടന്നാക്രമണത്തിന്റെ ഭാഗമായി കൂടി ഇതിനെ കാണേണ്ടതുണ്ട്.

കേരളം നവോത്ഥാന മുന്നേറ്റങ്ങളിലൂടെയും കർഷക, തൊഴിലാളി പ്രസ്ഥാനങ്ങളുടെ ഇടപെടലിലൂടെയും നേടിയെടുത്ത ജനാധിപത്യപരമായ മുന്നേറ്റങ്ങളെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത് എന്നു തിരിച്ചറിയണം. എതിർശബ്ദങ്ങളെ ഇല്ലാതാക്കുക എന്ന അജണ്ട കേരളത്തിലും നടപ്പാക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. അതിന്റെ ഉദാഹരണങ്ങളിൽ ഒന്നാണ് സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെ നടന്ന ആക്രമണവും തീവെയ്‌പ്പും. മതനിരപേക്ഷതയുടെ മഹത്തായ പാരമ്പര്യമുള്ള നമ്മുടെ സംസ്ഥാനത്ത് വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് വർഗ്ഗീയവത്ക്കരണം നടപ്പിലാക്കാനാണ് സംഘപരിവാർ ഇപ്പോൾ പരിശ്രമിക്കുന്നത്. ഇത് മനസ്സിലാക്കി പ്രതിരോധമുയർത്താൻ എല്ലാ ജനാധിപത്യവിശ്വാസികളും തയ്യാറാകണം എന്നും കോടിയേരി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP