Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അയോഗ്യതാ വിധിക്ക് സ്റ്റേ ലഭിച്ചെങ്കിലും ഷാജിക്ക് അന്തിമ വിജയം അകലെയെന്നു നിയമവൃത്തങ്ങൾ; ഹൈക്കോടതിയിൽ വാദം നടന്ന കേസിൽ വർഗീയ പ്രചാരണം തെളിഞ്ഞത് സുപ്രീംകോടതിയിലും തിരിച്ചടിയാകും; തിരഞ്ഞെടുപ്പിന് സജീവമാകാനൊരുങ്ങി അഴീക്കോട്

അയോഗ്യതാ വിധിക്ക് സ്റ്റേ ലഭിച്ചെങ്കിലും ഷാജിക്ക് അന്തിമ വിജയം അകലെയെന്നു നിയമവൃത്തങ്ങൾ; ഹൈക്കോടതിയിൽ വാദം നടന്ന കേസിൽ വർഗീയ പ്രചാരണം തെളിഞ്ഞത് സുപ്രീംകോടതിയിലും തിരിച്ചടിയാകും; തിരഞ്ഞെടുപ്പിന് സജീവമാകാനൊരുങ്ങി അഴീക്കോട്

എം മനോജ് കുമാർ

തിരുവനന്തപുരം: കെ.എം.ഷാജിയെ എംഎൽഎ സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവിനു ഉപാധികളോടെ സുപ്രീംകോടതി സ്റ്റേ നൽകിയെങ്കിലും അന്തിമ വിധിയിൽ എംഎൽഎയ്ക്ക് വിജയം അകലെയെന്നു നിയമവൃത്തങ്ങൾ. ഹൈക്കോടതിയിൽ വാദം നടന്ന കേസാണിത്. നിരന്തര വാദങ്ങൾക്കൊടുവിലാണ് എംഎൽഎ സ്ഥാനം അയോഗ്യനാക്കിയ വിധി വന്നത്. ഇത്തരമൊരു വിധിയിൽ സുപ്രീംകോടതിയിൽ നിന്നും ഷാജിക്ക് അനുകൂലമായ ഒരു വിധി വരാനുള്ള സാധ്യതകൾ അകലെയാണ്.

വർഗീയ പ്രചാരണം നടത്തി വോട്ടു നേടാൻ ഷാജി ശ്രമിച്ചു എന്നാണ് ആരോപണം. ഈ ആരോപണമാണ് ഹൈക്കോടതിയിൽ തെളിയിക്കപ്പെട്ടത്. ഷാജി അറിഞ്ഞോ അറിയാതെയോ ആണെങ്കിലും തിരഞ്ഞെടുപ്പിൽ വർഗീയ പ്രചാരണം നടത്തുകയും അത് ഹൈക്കോടതിയിൽ തെളിയുകയും ചെയ്ത സാഹചര്യത്തിൽ സുപ്രീംകോടതിയും ഇത്തരം ഘടകങ്ങൾ ശക്തമായി പ്രതിഫലിക്കും.

ഹർജിയുമായി എത്തിയാൽ സ്റ്റേ നൽകും. അത്തരമൊരു നടപടിയാണ് സുപ്രീം കോടതിയിൽ നിന്നും വന്നത്. തിരഞ്ഞെടുപ്പ് ഹർജികളിൽ സാധാരണയായി ഉപാധികളോടെ മാത്രമെ സ്റ്റേ അനുവദിക്കാൻ കഴിയുകയുള്ളു. ഷാജിക്ക് സ്റ്റേ നൽകിയ വിധിയിൽ സുപ്രീം കോടതി ജസ്റ്റിസ് എ.കെ. സിക്രി അധ്യക്ഷനായ ബെഞ്ച് ഇതാണ് വ്യക്തമാക്കിയത്. ഇത് പ്രകാരമുള്ള സ്റ്റേയാണ് ഷാജിക്ക് ലഭിച്ചത്.

ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചപ്പോൾ ഉപാധികൾ വച്ചിരുന്നില്ലെന്ന് കെ.എം. ഷാജിയുടെ അഭിഭാഷകൻ കപിൽ സിബൽ വാദിച്ചെങ്കിലും സുപ്രീംകോടതി അത് അംഗീകരിച്ചില്ല. നവംബർ ഒൻപതാം തീയതിയാണ് അഴീക്കോട് എംഎൽഎ സ്ഥാനത്ത് നിന്നും ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി വന്നത്. ഈ വിധിക്കെതിരെയാണ് ഷാജി സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ഹൈക്കോടതിയിൽ വാദം നടന്ന, വിധി വന്ന തിരഞ്ഞെടുപ്പ് കേസുകൾ കൈകാര്യം ചെയ്യുമ്പോൾ സുപ്രീംകോടതി മുൻ കരുതൽ എടുക്കാറുണ്ട്.

ഈ കേസിൽ മെറിറ്റ് നോക്കിയുള്ള ഒരു വിധിയാകും സുപ്രീംകോടതിയിൽ നിന്ന് വരുന്നത്. ഷാജിക്ക് സഭയിൽ വോട്ടവകാശം നിലവിലില്ല. നിയമസഭാ അംഗം എന്ന നിലയിൽ നിയമസഭാ പരിപാടികളിൽ പങ്കെടുക്കാം. ഇത് മാത്രമാണ് സ്റ്റേ കൊണ്ട് ഷാജിക്ക് ഉള്ള നേട്ടം. ഹൈക്കോടതിയുടെ അയോഗ്യതാ വിധിയുടെ അടിസ്ഥാനത്തിൽ അഴീക്കോട് നിയമസഭാ മണ്ഡലത്തിൽ തിരഞ്ഞെടുപ്പിന് അരങ്ങൊരുന്നു എന്ന് തന്നെയാണ് വരുന്ന സൂചനകൾ.

ഇനിയും രണ്ടര വർഷം നിയമസഭാ തിരഞ്ഞെടുപ്പിന് ബാക്കിയുണ്ട്. ഈ ഘട്ടത്തിൽ തിരഞ്ഞെടുപ്പ് അനിവാര്യമാകുക തന്നെ ചെയ്യുമെന്നാണ് നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. അഴീക്കോട് ഷാജിയുടെ എതിരാളിയായി മത്സരിച്ച ഇടതുമുന്നണി സ്ഥാനാർത്ഥി എം വിനികേഷ്‌കുമാറാണ് ഷാജിക്കെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ആറുവർഷം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും ഷാജിക്ക് വിലക്കുണ്ട്. അയോഗ്യതാ വിധിയുടെ പശ്ചാത്തലത്തിൽ സുപ്രീംകോടതി വിധി ലാക്കാക്കി ഇടതുമുന്നണി നിലകൊള്ളുന്നുണ്ടെങ്കിലും അഴീക്കോട് മണ്ഡലം തിരിച്ചു പിടിക്കാൻ സിപിഎം കരുക്കൾ നീക്കിത്തുടങ്ങിയിട്ടുണ്ട്.

സിപിഎമ്മിന്റെ ഉറച്ച മണ്ഡലങ്ങളിലൊന്നായ അഴീക്കോട് ഒരു തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ തന്നെയാണ് അണികൾക്ക് സിപിഎം നൽകിയിരിക്കുന്ന നിർദ്ദേശം. മൂവായിരത്തോളം വോട്ടുകളുടെ വ്യത്യാസത്തിലാണ് അഴീക്കോട് മണ്ഡലത്തിൽ നിന്നും കെ.എം..ഷാജി വിജയിച്ചത്. 1991 മുതൽ സിപിഎം തുടർച്ചയായി കൈവശം വെച്ച മണ്ഡലമായിരുന്നു അഴീക്കോട്.

ഇ.പി.ജയരാജനും, ടി.കെ.ബാലനും, എം.പ്രകാശൻ മാസ്റ്ററുമെല്ലാം അഴീക്കോട് മണ്ഡലം നിരന്തരം കൈവശം വയ്ക്കുകയായിരുന്നു. 2011ലാണ് തന്റെ മൂന്നാം ഊഴം തേടിയുള്ള പോരാട്ടത്തിൽ എം.പ്രകാശൻ മാസ്റ്റർ അന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കെ.എം.ഷാജിയോട് പരാജയപ്പെട്ടത്. തുടർന്ന് 2011 ലും 2016ലും കെ.എം.ഷാജി വിജയിയാകുകയായിരുന്നു. 2016ലെ ഈ വിജയമാണ് എതിർ സ്ഥാനാർത്ഥി നികേഷ് കുമാറിന്റെ ഹർജിയോടെ അയോഗ്യതയിൽ കലാശിച്ചത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP