Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകൻ കള്ളക്കടത്തു കേസിൽ അറസ്റ്റിലാവുമ്പോൾ സെക്രട്ടറിയുടെ കുടുംബ കാര്യമെന്ന് വിധിയെഴുതുന്ന നേതാക്കളുടെയും ന്യായീകരണക്കാരുടെയും നിലപാടിൽ വെറുങ്ങലിച്ചു പോവുന്നുണ്ട് നൂറുകണക്കിന് രക്തസാക്ഷികളുടെ പിന്മുറകൾ; സിപിഎമ്മിനെ കടന്നാക്രമിച്ച് കെ കെ രമ

സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകൻ കള്ളക്കടത്തു കേസിൽ അറസ്റ്റിലാവുമ്പോൾ സെക്രട്ടറിയുടെ കുടുംബ കാര്യമെന്ന് വിധിയെഴുതുന്ന നേതാക്കളുടെയും ന്യായീകരണക്കാരുടെയും നിലപാടിൽ വെറുങ്ങലിച്ചു പോവുന്നുണ്ട് നൂറുകണക്കിന് രക്തസാക്ഷികളുടെ പിന്മുറകൾ; സിപിഎമ്മിനെ കടന്നാക്രമിച്ച് കെ കെ രമ

സ്വന്തം ലേഖകൻ

കണ്ണൂർ: സിപിഎമ്മിനെതിരേ രൂക്ഷ വിമർശനവുമായി കെ.കെ.രമ. മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരി അറസ്റ്റിലായതിന്റെ പശ്ചാത്തലത്തിലാണ് വിമർശനം. ബിനീഷ് കോടിയേരിയുടെ പ്രവൃത്തികൾക്ക് മൗനാനുവാദം നൽകുന്ന പിതാവായ കോടിയേരി ബാലകൃഷ്ണന് പൊതുരംഗത്ത് തുടരാൻ അർഹതയില്ലെന്ന് അവർ പറഞ്ഞു. കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് പൊതുരംഗത്ത് നിന്ന് മാറിനിൽക്കണം. സ്വന്തം ചോരയും വിയർപ്പും ആയുസ്സും ഈ നേതൃ - മാടമ്പിമാർക്ക് ചൂഷണത്തിനായി വിട്ടുകൊടുക്കണോ എന്ന് പാർട്ടി പ്രവർത്തകർ ആലോചിക്കണമെന്നും രമ കൂട്ടിച്ചേർത്തു.

രമയുടെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം

മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ടാണ് ബിനീഷ് കോടിയേരി അറസ്റ്റ് ചെയ്യപ്പെടുന്നത്. തലമുറകളുടെ ബുദ്ധിയും ആരോഗ്യവും കാർന്നുതിന്നുന്ന ക്രൂരമായ മനുഷ്യത്വ വിരുദ്ധതയുടേയും ലാഭേച്ഛയുടെയും കച്ചവട ബന്ധങ്ങളിലേക്ക് മകൻ അപനയിക്കപ്പെടുമ്പോൾ അതിന് മൗനാനുവാദം നൽകുന്ന ഒരു പിതാവിന് പൊതുരംഗത്ത് തുടരാൻ എന്തർഹതയാണുള്ളത്? കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയുകയും പൊതുരംഗത്തു നിന്നും മാറി നിൽക്കുകയും ചെയ്യണം.

സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകൻ കള്ളക്കടത്തു കേസിൽ അറസ്റ്റിലാവുമ്പോൾ സെക്രട്ടറിയുടെ കുടുംബ കാര്യമെന്ന് വിധിയെഴുതുന്ന നേതാക്കളുടെയും ന്യായീകരണക്കാരുടെയും നിലപാടിൽ വെറുങ്ങലിച്ചു പോവുന്നുണ്ട് നൂറുകണക്കിന് രക്തസാക്ഷികളുടെ പിന്മുറകൾ. അവരെ പെറ്റ നാടുകൾ. അവരുടെ ജീവത്യാഗങ്ങളിൽ അനാഥമാക്കപ്പെട്ട കുടുംബങ്ങൾ.

അവരെറിഞ്ഞുടച്ച സ്വകാര്യ ജീവിതത്തിന്റെ വിലയാണ് നിങ്ങൾ വിരാജിക്കുന്ന അധികാരത്തിന്റെയും സുഖലോലുപതയുടേയും മണിമേടകൾ എന്ന വസ്തുത പോലും ഈ നേതൃത്വം മറന്നതായി നടിക്കുകയാണ്. സംസ്ഥാന സെക്രട്ടറിയെന്ന നിലയിൽ കോടിയേരി ബാലകൃഷ്ണന്റെ മേൽവിലാസം മുൻനിർത്തി തന്നെയാണ് മകൻ ബിസിനസ് രംഗത്തെ വൻകിടക്കാരുമായി ബന്ധങ്ങൾ സൃഷ്ടിച്ചതും വികസിപ്പിച്ചതും.

ക്രിമിനൽ പശ്ചാത്തലമുള്ള എത്ര വിവാദ വിഷയങ്ങളിൽ വളരെ ചെറിയ പ്രായത്തിൽ ഈ പേര് കേരളം കേട്ടതാണ്? അവ പലതും അണിയറയിൽ ഒത്തുതീരുകയോ മാഞ്ഞു പോവുകയോ ചെയ്തതും കേരളം കണ്ടതാണ്. അന്നൊന്നും തിരുത്താൻ തയ്യാറാവാത്തവർ ഇന്ന് ഞങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്ന് ഒഴിഞ്ഞു മാറുന്നത് സാമാന്യബുദ്ധിയുള്ളവർക്ക് നേരെയുള്ള വെല്ലുവിളിയാണ്.

പാർട്ടിക്കുവേണ്ടി കുടുംബജീവിതം വേണ്ടെന്നു വച്ച ഗൗരിയമ്മയെ പുറംതള്ളാൻ മടി കാണിക്കാതിരുന്ന പാർട്ടി നേതൃത്വത്തിന് ഇപ്പോൾ കുടുംബവും പാർട്ടിയും രണ്ടാണ്. മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ടാണ് ബിനീഷ് കോടിയേരി അറസ്റ്റ് ചെയ്യപ്പെടുന്നത്. തലമുറകളുടെ ബുദ്ധിയും ആരോഗ്യവും കാർന്നുതിന്നുന്ന ക്രൂരമായ മനുഷ്യത്വ വിരുദ്ധതയുടേയും ലാഭേച്ഛയുടെയും കച്ചവട ബന്ധങ്ങളിലേക്ക് മകൻ അപനയിക്കപ്പെടുമ്പോൾ അതിന് മൗനാനുവാദം നൽകുന്ന ഒരു പിതാവിന് പൊതുരംഗത്ത് തുടരാൻ എന്തർഹതയാണുള്ളത്? കോടിയേരി ബാലകൃഷ്ണൻ ഇജങ സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയുകയും പൊതുരംഗത്തു നിന്നും മാറി നിൽക്കുകയും ചെയ്യണം.

ഈ ആത്മവഞ്ചനയിൽ നിസ്സഹായരായി പോവുന്നുണ്ടാവും ലക്ഷക്കണക്കായ പാർട്ടി പ്രവർത്തകർ. കാരണം നിസ്വാർത്ഥരായ അവർക്കൊന്നും പൊതുജീവിതവും വ്യക്തി ജീവിതവും രണ്ടായിരുന്നില്ല. അങ്ങനെയൊരച്ഛന്റ മകളായതുകൊണ്ട്, അങ്ങനെയൊരു സഖാവിന്റെ പങ്കാളിയായിരുന്നതു കൊണ്ട്, അത്തരം മനുഷ്യർക്കിടയിൽ ജീവിക്കുന്നതു കൊണ്ട്,പാർട്ടിക്കുള്ളിൽ ഇപ്പോഴും വീർപ്പുമുട്ടിക്കഴിയുന്ന ആ സഖാക്കളുടെ നോവ് തിരിച്ചറിയാനാവുന്നുണ്ട്. സ്വന്തം ചോരയും വിയർപ്പും ആയുസ്സും ഈ നേതൃ - മാടമ്പിമാർക്ക് ചൂഷണത്തിനായി വിട്ടുകൊടുക്കണോ എന്നവർ ആലോചിക്കണം.

വിജയൻ മാഷ് അടക്കമുള്ളവർ പാർട്ടിയുടെ പോക്ക് എങ്ങോട്ട് എന്ന് ചൂണ്ടിക്കാട്ടിയതിനാണ് അനഭിമതരായത്. ഒഞ്ചിയത്തിന്റെ ജനതയ്ക്ക് ചെങ്കൊടിയേന്തി പാർട്ടി വിട്ട് പുറത്തേക്ക് ഇറങ്ങേണ്ടി വന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണ ഘട്ടത്തിലെന്ന പോലെ നിരവധി സഖാക്കൾക്ക് കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നത്.

കേരളത്തെ രാജ്യാന്തര കുത്തകകൾക്ക് തീറെഴുതുന്ന കൺസൾട്ടൻസികളും കരാറുകളും. സാധാരണ മനുഷ്യരെ ചോരയിൽ മുക്കി കൊല്ലുകയും പിഞ്ചു കുഞ്ഞുങ്ങളെ പിച്ചി ചിന്തിയവരടക്കമുള്ള കൊടും ക്രിമിനലുകളെ സംരക്ഷിക്കുകയും ചെയ്യുന്ന പൊലീസ്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയടക്കമുള്ളവർ രാജ്യാന്തര സർണ്ണക്കടത്തിന് അറസ്റ്റിൽ. വീട്ടുമുറ്റത്തെ സ്മൃതിമണ്ഡപത്തിലുറങ്ങുന്ന പ്രിയസഖാവേ, കാലം സാക്ഷ്യം പറയുന്നു നമ്മളാണു ശരി. നമ്മുടെ സഹനങ്ങളും സമരങ്ങളുമായിരുന്നു സത്യം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP