Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സുനന്ദയുടെ മരണത്തിന് ഉത്തരവാദി കിംസ് ആശുപത്രി അധികൃതരോ? ഗുരുതര രോഗങ്ങൾ ഒന്നുമില്ലാതിരിക്കെ പാർശ്വഫലമായി മതിഭ്രമം ഉണ്ടാക്കുന്ന മരുന്ന് നൽകിയത് എന്തിന്?

സുനന്ദയുടെ മരണത്തിന് ഉത്തരവാദി കിംസ് ആശുപത്രി അധികൃതരോ? ഗുരുതര രോഗങ്ങൾ ഒന്നുമില്ലാതിരിക്കെ പാർശ്വഫലമായി മതിഭ്രമം ഉണ്ടാക്കുന്ന മരുന്ന് നൽകിയത് എന്തിന്?

തിരുവനന്തപുരം: തിരുവനന്തപുരം എംപിയും മുൻ കേന്ദ്രമന്ത്രിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദാ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ സംശയങ്ങൾ സജീവമാകുന്നു. തിരുവനന്തപുരത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയായ കിംസിലെ സുനന്ദയുടെ ചികിൽസയും അന്വേഷണ പരിധിയിലെത്തുകയാണ്.

തിരുവനന്തപുരത്തെ ആശുപത്രിയിലെ ചികിൽസയ്ക്ക് ശേഷമാണ് സുനന്ദ ഡൽഹിയിലെത്തിയത്. അവിടെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചതും. സംഭവം വിവാദമായപ്പോൾ തന്നെ കിംസ് ആശുപത്രി അധികൃതർ വാർത്താ സമ്മേളനം നടത്തുകയും കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. രോഗിയുടെയും കുടുംബത്തിന്റെയും സ്വകാര്യത മാനിക്കുന്നതിനാലും നിയമപരമായ വിഷയങ്ങൾ ഉള്ളതിനാലും പരിശോധനകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാവില്ലെന്നും വ്യക്തമാക്കി. എന്നാൽ സുനന്ദയുടെ ഡൽഹി എയിംസിലെ ഫോറൻസിക് പരിശോധനകൾ വിരൽ ചൂണ്ടുന്നത് തിരുവനന്തപുരത്തെ ആശുപത്രിയിലേക്കാണ്.

കിംസ് ആശുപത്രി നൽകിയ മരുന്ന് സുനന്ദ പുഷ്‌കറിന്റെ ആരോഗ്യനിലയെ പ്രതികൂലമായി ബാധിച്ചെന്നാണ് സംശയം. ലുപസ്, ടി.ബി, പ്രമേഹം തുടങ്ങി രോഗങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് എയിംസിലെ ഫോറൻസിക് റിപ്പോർട്ടിൽ വ്യക്തമാണ്. ഈ സാഹചര്യത്തിൽ യതോടെയാണ് എച്ച്.സി.ക്യു എന്ന മരുന്ന് സുനന്ദയ്ക്ക് കിംസ് നൽകിയത് എന്തിനെന്നാണ് ചോദ്യം. മലേറിയ, സിസ്റ്റമിക് ലുപസ് എറിത്തമാറ്റോസസ്, ആർത്തറൈറ്റിസ് എന്നിവയ്ക്ക് നൽകുന്ന എച്ച്.സി.ക്യു 200 എം.ജി (ഹൈഡ്രോക്‌സൈൽക്‌ളോറെക്വിൻ) മരുന്ന് ഏഴു ദിവസം കഴിക്കാനാണ് ആശുപത്രിയിലെ ഡോക്ടർ സുനന്ദയോട് നിർദ്ദേശിച്ചത്. ഈ മരുന്ന് കഴിക്കേണ്ട രോഗാവസ്ഥ സുനന്ദയ്ക്ക് ഉണ്ടായിരുന്നില്ല താനും.

കടുത്ത നടുവ് വേദനയ്ക്കുള്ള എറ്റോഷൈൻ, ഗ്യാസിന് നൽകുന്ന പാന്റോസിഡ്, വിറ്റാമിൻ ഇ മരുന്നായ എവിയോൺ എന്നിവയാണ് ഒപ്പം കുറിച്ച മറ്റു മരുന്നുകൾ. പലശാരീരികാസ്വസ്ഥതകൾ സുനന്ദ പുഷ്‌കറിന് ഉണ്ടായിരുന്നതായി തിരുവനന്തപുരത്തെ ആശുപത്രിയുടെ മെഡിക്കൽ റിപ്പോർട്ട് വ്യക്തമാക്കുന്നു. ലുപസ് രോഗമുണ്ടെന്ന പ്രാഥമിക സൂചനയുമുണ്ട്. എന്നാൽ വിശദ പരിശോധന നടത്തിയിട്ടില്ല. ആശുപത്രിയുടെ റിപ്പോർട്ടിലെ രോഗലക്ഷണങ്ങളധികവും ലുപസ് രോഗത്തിലേക്കാണ് വിരൽചൂണ്ടുന്നത്. കാർഡിയോളജി, റൂമറ്റോളജി, ന്യൂറോളജി വിഭാഗങ്ങളിൽ വിശദ പരിശോധന വേണമെന്ന് റിപ്പോർട്ട് നിർദ്ദേശിക്കുന്നു.

സുനന്ദയ്ക്ക് കുറിച്ചുനൽകിയ എച്ച്.സി.ക്യു എന്ന മരുന്ന് ചിലരിൽ കടുത്ത പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നതാണ്. മതിഭ്രമം, വിഭ്രാന്തി,പെട്ടെന്ന് ദേഷ്യപ്പെടുക തുടങ്ങിയ അവസ്ഥയുമുണ്ടാക്കും. ചിലർ അക്രമാസക്തമാകും. മസിലുകളുടെ തളർച്ച, ഞരമ്പ് കൊളുത്തി വലിക്കൽ, ബാലൻസ് നഷ്ടപ്പെടുക, മങ്ങിയ കാഴ്ച, വെളിച്ചമടിക്കുമ്പോഴുള്ള അസ്വസ്ഥത, ശരീരത്തിൽ പെട്ടെന്ന് മുറിവും ക്ഷതവും ഉണ്ടാവുക, അസാധാരണമായ ചിന്തകളും പെരുമാറ്റവും എന്നിവയെല്ലാം എച്ച്.സി.ക്യു എന്ന മരുന്നിന്റെ പാർശ്വഫലങ്ങളാണ്. മരണത്തിന തൊട്ട് മുമ്പുള്ള ദിവസങ്ങളിൽ സുനന്ദ പുഷ്‌കർ പെട്ടെന്ന് ദേഷ്യപ്പെടുകയും അസ്വസ്ഥമാവുകയും ചെയ്തിരുന്നതായി വ്യക്തമായിയിരുന്നു.

മറ്റു മരുന്നുകൾ ഫലപ്രദമാകാത്ത സാഹചര്യത്തിലാണ് എച്ച്.സി.ക്യു ഡോക്ടർമാർ നിർദ്ദേശിക്കാറുള്ളത്. അത്തരമൊരു സാഹചര്യവുമില്ല. എന്നാൽ എച്ച്.സി.ക്യു ഉപയോഗം ഒരിക്കലും മരണത്തിനിടയാക്കില്ലെന്നും ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. എന്നാൽ കടുത്ത മാനസിക സമ്മർദ്ദത്തിലേക്ക് രോഗികളെത്തുന്നത് ഗുരുതരമായ അവസ്ഥയും ഉണ്ടാക്കാം. സുനന്ദയ്ക്ക് രോഗാവസ്ഥകളാെന്നും ഉണ്ടായിരുന്നില്ലെന്ന് എയിംസ് സെപ്റ്റംബർ 30ന് തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. അപ്പോൾ പിന്നെ എച്ച്.സി.ക്യു 200 എം.ജി മരുന്ന് എന്തിന് നൽകിയെന്ന സംശമാണ് ഉയരുന്നത്.

സുനന്ദ പുഷ്‌കറിന് വളരെ മാരകമായതോ ഗുരുതരമായതോ ആയ രോഗങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് മരണത്തിന് തൊട്ടടുത്ത ദിവസം കിംസ് ആശുപത്രി അധികൃതരും വ്യക്തമാക്കിയിരുന്നു. പരിശോധനകൾക്കു ശേഷം ആശുപത്രിയിൽ നിന്നും വളരെ സന്തോഷവതിയായി നടന്നാണ് സുനന്ദ പോയതെന്നും വിശദീകരിച്ചു. എന്നിട്ടും കുറിപ്പടിയിൽ എച്ച്.സി.ക്യു 200 എം.ജി മരുന്ന് ഉണ്ടായതാണ് ആരോഗ്യ വിദഗ്ധരിലും സംശയമുണ്ടാക്കുന്നത്.

ജനുവര 12നാണ് സുനന്ദ കിംസിൽ ചികിൽസയ്ക്ക് എത്തുന്നത്. 14ന് അവരെ ഡിസ്ചാർജ് ചെയ്തു. പരിശോധനകളുടെ ചില റിസൾട്ടുകൾ അപ്പോൾ തന്നെ നൽകിയിരുന്നു. മരുന്നുകളും നൽകിയിരുന്നു. അവശേഷിക്കുന്ന റിസൾട്ടുകൾക്കും കൂടുതൽ പരിശോധനകൾക്കുമായി 20ന് എത്തണമെന്നും നിർദേശിച്ചിരുന്നു. പുറത്തുവരാനുണ്ടായിരുന്ന രോഗ പരിശോധനകളും മരണകാരണമല്ലായിരുന്നു വെന്നും കിംസ് മെഡിക്കൽ ബോർഡ് മരണത്തിന് ശേഷം വിശദീകരിച്ചിരുന്നു.

അവർ ആശുപത്രിയിൽ കഴിഞ്ഞ സമയത്ത് മിക്കവാറും ശശി തരൂർ ആശുപത്രിയിലുണ്ടായിരുന്നു. സുനന്ദയ്ക്ക് മരണകാരണമായ മാരക രോഗങ്ങൾ ഇല്ലായിരുന്നുവെങ്കിലും ഒരു രോഗവും ഇല്ലായിരുന്നുവെന്ന് പറയുന്നില്ല. ഏതൊരു മധ്യവയസ്‌കയ്ക്കും ഉണ്ടാകുന്ന അസുഖങ്ങൾ കണ്ടെത്തിയിരുന്നു. അതിനുള്ള പ്രാഥമിക ചികിത്സയും നിർദേശിച്ചിരുന്നു. ആരോഗ്യത്തോടെ ആശുപത്രി വിട്ട അവരുടെ മരണം ദുഃഖിപ്പിച്ചുവെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു.

അങ്ങനെ കാര്യമായ രോഗമില്ലെന്ന് ആശുപത്രി മെഡിക്കൽ ബോർഡ് വ്യക്തമാക്കുന്ന സുനന്ദയ്ക്ക് മാരക പാർശ്വഫലമുള്ള എച്ച്.സി.ക്യു 200 എം.ജി മരുന്ന് എന്തിന് നൽകിയെന്നത് വരും ദിവസങ്ങളിൽ ചർച്ചയാകും. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഈ തരത്തിലേക്ക് മാറുമെന്നാണ് സൂചനയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP